VAZHITHARAKAL

പുതുതലമുറയ്ക്ക് ഒരു വഴികാട്ടി :പോൾസൺ കുളങ്ങര

Blog Image
'കുടുംബം വ്യക്തിയെ സഹായിക്കുന്ന കോമ്പസ് ആണ്. വലിയ ഉയരങ്ങളിലെത്താനുള്ള പ്രചോദനമാണ്. ഇടയ്ക്ക് തളരുമ്പോള്‍ നമ്മുടെ ആശ്വാസവും'

കുടുംബം  പ്രകൃതിയുടെ എക്കാലത്തേയും വലിയ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ്. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ കുടുംബം വഹിക്കുന്ന പങ്ക് ചെറുതല്ല. ഓരോ കാലഘട്ടങ്ങളില്‍ താങ്ങും തണലുമായി ഒപ്പമുള്ള സ്നേഹക്കൂടാരം. എന്നാല്‍ അത്തരമൊരു കൂടാരത്തിന്‍റെ തണലില്‍ വളര്‍ന്ന് കുടുംബത്തിനും, ഒപ്പമുള്ളവര്‍ക്കും തണലായി മാറിയ ഒരു കുടുംബ സ്നേഹിയുണ്ട് ചിക്കാഗോയില്‍. പോള്‍സണ്‍ കുളങ്ങര.
സ്വജീവിതം കൊണ്ട് മറ്റുള്ളവര്‍ക്കും ധന്യത സമ്മാനിക്കുവാന്‍ സാധിക്കുന്ന ചില മനുഷ്യരില്‍ ഒരാള്‍. ഒരു ജീവിതത്തിന്‍റെ കെട്ടുറപ്പിന് വേണ്ട എല്ലാ ഘടകങ്ങളും ഒരാളിലേക്ക് വന്നു ചേര്‍ന്ന ഒരാള്‍.
'എനിക്ക് അധികം കാര്യങ്ങള്‍ പറയാനില്ല' എന്ന് പറഞ്ഞു തുടങ്ങിയ ഒരാള്‍ പറഞ്ഞു തീരുമ്പോഴേക്കും ജീവിത വിജയത്തിന്‍റെ മറുകരകള്‍ നീന്തുന്നവര്‍ക്ക് വലിയ പാഠവും അനുഭവവും ആകുന്ന കഥകളുടെ കേന്ദ്രം കൂടിയാകുന്നു പോള്‍സണ്‍ കുളങ്ങര.

വലിയ കുടുംബം ചെറിയ ജീവിതം
ഒരു കുടുംബത്തിന്‍റെ കെട്ടുറപ്പാണ് പലപ്പോഴും ജീവിത വിജയത്തിന്‍റെ നല്ല പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് എന്നതിന്‍റെ നേര്‍ക്കാഴ്ചകളാണ് 'കുളങ്ങര' കുടുംബം നമ്മെ പഠിപ്പിക്കുന്നത്. കോട്ടയം താഴത്തങ്ങാടി കുളങ്ങര കെ. ജെ. മാത്യുവിന്‍റേയും, ചിന്നമ്മ മാത്യുവിന്‍റേയും എട്ടുമക്കളില്‍ ഇളയ മകനായിട്ടാണ് പോള്‍സണ്‍ കുളങ്ങരയുടെ ജനനം. വീട്ടിലെ ഇളയ ആണ്‍തരി എന്ന എല്ലാ പരിഗണനയും പോള്‍സണ് ലഭിക്കുമ്പോഴെല്ലാം ഒരു വലിയ കുടുംബത്തിന്‍റെ കരുതല്‍ പോള്‍സണ്‍ അനുഭവിച്ചിരുന്നു.
പിതാവ് കെ.ജെ. മാത്യുവിന് പലചരക്ക് കടയായിരുന്നു. എന്നാല്‍ പിന്നീട് തടിക്കച്ചവടത്തിലേക്ക് മാറി. നല്ല രീതിയില്‍ കച്ചവടത്തിന്‍റെ തിരക്കിനിടയിലും ആ പിതാവ് തന്‍റെ മക്കള്‍ക്ക് പകര്‍ന്നുനല്‍കിയ ജീവിത പാഠം വലുതായിരുന്നു. അതിന് വളക്കൂറുള്ള മണ്ണ് ഒരുക്കിയതാവട്ടെ മാതാവ് ചിന്നമ്മയും ആയിരുന്നു. 'അമ്മാമ്മ' എന്നായിരുന്നു ചിന്നമ്മയ്ക്ക് മക്കള്‍ ഇട്ട വിളിപ്പേര്. സ്നേഹത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ,സ്നേഹത്തില്‍ കുറഞ്ഞൊന്നും കൊടുക്കാതെ ആ അമ്മ നല്‍കിയ സ്നേഹ സാന്ത്വനത്തിന്‍റെ പൊരുള്‍ തന്‍റെ വളര്‍ച്ചയുടെ താങ്ങുപടിയായിരുന്നു എന്ന് പോള്‍സണ്‍ അടിവരയിടുന്നു.
പുത്തനങ്ങാടി സെന്‍റ് മേരീസ് സ്കൂളില്‍ നാലാം ക്ലാസ് വരെ. പിന്നീട് സി.എം.എസ്. ഹൈസ്കൂളില്‍ പത്താം ക്ലാസ് വരെ. പ്രൈവറ്റായി പ്രീഡിഗ്രിക്ക് ചേര്‍ന്നവര്‍ഷം 1982-ല്‍ അമേരിക്കയിലേക്ക്.


അമേരിക്കന്‍ ജീവിതം

അമേരിക്കയെന്ന വലിയ ജീവിത സാമ്രാജ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് രണ്ടാമത്തെ ജേഷ്ഠന്‍റെ ഭാര്യ ലിസാമ്മ ആയിരുന്നു. അമ്മാമ്മയ്ക്കൊപ്പം ഹൃദയത്തില്‍ എന്നും സൂക്ഷിക്കുന്ന ഒരു രൂപം ജേഷ്ഠത്തിയമ്മയുടേതു കൂടിയാണ്. തന്‍റെ ആത്മീയ വഴികള്‍ക്ക് വഴിവിളക്കായതും ഈ ജേഷ്ഠത്തി തന്നെ.
പ്രീഡിഗ്രി പഠനം പാതിവഴിയില്‍ നിര്‍ത്തിയിട്ടാണ് അമേരിക്കയിലേക്ക് വന്നത്. പക്ഷെ പഠിക്കുവാനും അറിയുവാനുമുള്ള ആഗ്രഹത്തിന് അവസാനവും ഉണ്ടായിരുന്നില്ല. വളരെ ജോലി സാധ്യതയുള്ള റേഡിയോളജിയില്‍ ഡിഗ്രി എടുത്തു. ചിക്കാഗോ സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍ ടെക്ക്നോളജിസ്റ്റായി ജോലിക്ക് കയറി. രണ്ട് വര്‍ഷം അവിടെ ജോലി തുടര്‍ന്നു. അപ്പോഴാണ് മറ്റൊരു ആശുപത്രിയില്‍ പുതിയ ജോലി ലഭിക്കുന്നത്. പക്ഷെ അപ്പോഴും പഴയ ജോലി ഉപേക്ഷിച്ചിരുന്നില്ല. പാര്‍ട്ട്ടൈമായി അവിടെയും ജോലിയില്‍ തുടര്‍ന്നു. രണ്ട് ജോലി, രണ്ട് ശമ്പളം. ജീവിത വിജയത്തിലേക്കുള്ള സാമ്പത്തിക സുരക്ഷയുടെ പാഠങ്ങള്‍ പതിയെ ജീവിതത്തിന്‍റെ ഭാഗമായ നിമിഷങ്ങളായിരുന്നു അത്.
മെഡിക്കല്‍ സെന്‍ററില്‍ ഒരു വര്‍ഷത്തെ സേവനം കഴിഞ്ഞപ്പോള്‍ സൂപ്പര്‍വൈസറായി പ്രമോഷന്‍ ലഭിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മാനേജരായി സ്ഥാനക്കയറ്റം. തുടര്‍ന്ന് ഡയറക്ടറായി. മുപ്പത്വര്‍ഷം ആ ജോലിയില്‍ തുടര്‍ന്ന് 2020ല്‍ റിട്ടയര്‍ ചെയ്തു. തുടര്‍ന്ന് ഫാമിലി ബിസിനസ്സ് കൂടിയായ ഗ്യാസ് സ്റ്റേഷനിലേക്ക് കടന്നു. അതിപ്പോഴും തുടരുന്നു.

ആത്മീയ സാമൂഹ്യ പ്രവര്‍ത്തനം
ചെറുപ്പം മുതല്‍ക്കേ മാതാപിതാക്കള്‍ നല്‍കിയ ജീവിതവഴിയുടെ മെഴുകുതിരിവെട്ടം ആത്മീയതയുടേയും ഈശ്വര വിശ്വാസത്തിന്‍റേതും ആയിരുന്നു. അത് അമേരിക്കയില്‍ എത്തിയപ്പോഴേക്കും ഒന്നുകൂടി ബലപ്പെടുത്തി. ചിക്കാഗോ സെന്‍റ്മേരീസ് ക്നാനായ കാത്തലിക്ക് ചര്‍ച്ചിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2010-ല്‍ പള്ളിക്ക് സ്വന്തമായി ഒരു ആസ്ഥാനം ഉണ്ടാക്കുവാനുള്ള ശ്രമത്തിന് ഒപ്പം നിന്നു. പള്ളി പണിയുവാനുളള സ്ഥലം വാങ്ങുവാന്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനം. ഫണ്ട് റേസിംഗ് കോ-ഓര്‍ഡിനേറ്റര്‍ ആയി. ഒടുവില്‍ പള്ളിക്കായി വസ്തു കരാര്‍ ആക്കുമ്പോള്‍ പോള്‍സന്‍റെ നേതൃത്വപാടവം സമൂഹം തിരിച്ചറിഞ്ഞു. പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ അതോടെ സജീവമാവുകയും ചെയ്തു. 2011 മുതല്‍ മൂന്ന് ടേമില്‍ പള്ളി ട്രസ്റ്റി. രണ്ട് ടേം  ട്രസ്റ്റി കോ-ഓര്‍ഡിനേറ്റര്‍, 2018-2020-ല്‍ വീണ്ടും ട്രസ്റ്റിയായി. ഈ സമയങ്ങളിലൊക്കെ സാമ്പത്തികമായി പള്ളിയെ ശക്തിപ്പെടുത്തുവാന്‍ നിരവധി സ്റ്റാര്‍ഷോകള്‍ സംഘടിപ്പിച്ചു. ഇന്നസെന്‍റ്- ജഗതി ഷോ, സുരേഷ്ഗോപി ഷോ, ജയറാം - പിഷാരടി ഷോ എന്നിവ കോര്‍ഡിനേറ്റ് ചെയ്തു. സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, തമ്പി വിരുത്തക്കുളങ്ങര എന്നിവര്‍ അന്ന് ഒപ്പംനിന്ന് പ്രവര്‍ത്തിച്ചവരാണെന്ന് പോള്‍സണ്‍ ഓര്‍മ്മിക്കുന്നു 12 വര്‍ഷം പാരിഷ് കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തനം. കെ.സി.എസ്. ലെജിസ്ലേറ്റീവ് ബോര്‍ഡ് മെമ്പര്‍, കെ.സി.എസ്. ലെയ്സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ആയും സജീവ പ്രവര്‍ത്തനങ്ങള്‍. ഇവിടെയെല്ലാം തന്‍റേതായ ഒരു പ്രവര്‍ത്തന ശൈലി വികസിപ്പിക്കുവാന്‍ പോള്‍സണ് കഴിഞ്ഞതിന് പിന്നില്‍ തന്‍റെ സ്ഥിരോത്സാഹവും അര്‍പ്പണ ബോധവും കോണ്ടുമാത്രമാണ്.


രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനം
ചിട്ടയായ ജീവിതക്രമങ്ങളും ജീവിതത്തിലുണ്ടാക്കിയ സാമൂഹ്യബന്ധങ്ങളും പോള്‍സണ് മോര്‍ട്ടന്‍ ഗ്രോവ് വില്ലേജിന്‍റെ പ്ലാനിംഗ് കമ്മറ്റി അംഗം, ഇക്കണോമിക് ഡെവലപ്പ്മെന്‍റ് കമ്മീഷന്‍ അംഗം എന്നീ നിലകളിലേക്ക് ഉയരുവാനും സാധിച്ചു. അമേരിക്കയിലെത്തുന്ന പലരേയും കൈപിടിച്ചുയര്‍ത്തുവാനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുവാനും എപ്പോഴും മുന്‍പന്തിയിലുള്ള പോള്‍സണ്‍ കുളങ്ങര നിരവധി ആളുകള്‍ക്ക് നിരവധി മേഖലകളില്‍ ജോലി വാങ്ങി നല്‍കിയിട്ടുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ അദ്ദേഹം അത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് ഉചിതമായ കാര്യമല്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും പോള്‍സന്‍റെ സഹായത്തോടു കൂടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നു. അതിന് നേതൃത്വം കൊടുക്കുന്നത് കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം തന്നെ മാറ്റിവെച്ച സുനില്‍ ടീച്ചറിനെ പോലെയുള്ളവരാണെന്ന് തിരിച്ചറിയുമ്പോഴാണ് പോള്‍സണ്‍ കുളങ്ങര ഈ രംഗത്തും തന്‍റേതായ ഒരു ശൈലി തുടരുന്നു എന്ന് മനസിലാക്കേണ്ടത്.


സംഘടനാ പ്രവര്‍ത്തനം
മിഡ്വെസ്റ്റ് മലയാളി അസ്സോസിയേഷനില്‍ തുടങ്ങിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അസ്സോസിയേഷന്‍റെ വൈസ് പ്രസിഡന്‍റ് പദവിവരെ എത്തിച്ചു. കൂടാതെ ഫോമയുടെ കള്‍ച്ചറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍, നാഷണല്‍ കണ്‍വന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍ സെലക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍ തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിക്കുവാന്‍ പോള്‍സണ് സാധിച്ചു. മലയാളി റേഡിയോളജി അസ്സോസിയേഷന്‍ പ്രസിഡന്‍റായി 2020-22 കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്നു. ഏറ്റെടുക്കുന്നതും ഏല്‍പ്പിക്കുന്നതുമായ എല്ലാ ജോലികളും ഉത്തരവാദിത്വത്തോടെ ചെയ്യുക എന്നതാണ് പോള്‍സണ്‍ കുളങ്ങരയുടെ രീതി. തനിക്കു ചുറ്റുമുള്ള മനുഷ്യരോട് പ്രതിബദ്ധതയുളള വ്യക്തിത്വമായി നിലകൊള്ളുന്നതാണ് സംഘടനാപ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു.


അച്ചാച്ചനും, അമ്മാമ്മയും, സഹോദരങ്ങളും ജീവിത നന്മകള്‍
കുളങ്ങര കുടുംബത്തിന്‍റെ വളര്‍ച്ചയുടെ പിന്നില്‍ തങ്ങളുടെ മാതാപിതാക്കളായ കെ.ജെ. മാത്യുവിന്‍റേയും, ചിന്നമ്മ മാത്യുവിന്‍റേയും നന്മയും കരുതലും ആണെന്ന് പോള്‍സണ്‍ ഓര്‍മ്മിച്ചെടുക്കുന്നു. 1986-ലായിരുന്നു പിതാവിന്‍റെ മരണം. അപ്രതീക്ഷിതമായി വന്ന ആ വേര്‍പാട് വലിയ ഷോക്കായിരുന്നു എങ്കിലും അമ്മാമ്മ മക്കള്‍ക്ക് നല്‍കിയ സ്നേഹം ആ വേര്‍പാടിന്‍റെ കാഠിന്യം കുറച്ചു.
35 വര്‍ഷക്കാലം എല്ലാ മക്കള്‍ക്കുമൊപ്പം മാറിമാറി താമസിച്ചു. 2019-ല്‍ അമ്മാമ്മയുടെ മരണം കുളങ്ങര കുടുംബത്തിന് മറ്റൊരു തീരാവേദനയായി. സഹോദരങ്ങളായ ബോബി കുളങ്ങര, രാജു കുളങ്ങര എന്നിവരും ഇപ്പോള്‍ കുളങ്ങര കുടുംബത്തോടൊപ്പം ഇല്ല. ഓരോ വേര്‍പാടുകളും വലിയ വേദനകളാണ് നല്കുന്നതെങ്കിലും അവരുടെ നന്മകള്‍ എപ്പോഴും  ഞങ്ങളുടെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും ഉണ്ടെന്നു വിശ്വസിക്കുന്നു. അദൃശ്യ സാന്നിദ്ധ്യമായി ഇപ്പോഴും ആ സ്നേഹം തുടരുമ്പോള്‍ സഹോദരങ്ങളായ കുഞ്ഞച്ചന്‍ കുളങ്ങര, കുഞ്ഞുമോന്‍ കുളങ്ങര, ഡെയ്സി കണിയാംപറമ്പില്‍, ജെയ്ബു കുളങ്ങര, പീറ്റര്‍ കുളങ്ങര എന്നിവര്‍ കൂടുതല്‍ കരുത്തായി പോള്‍സണ്‍ കുളങ്ങരയ്ക്കൊപ്പമുണ്ട്.


 വി.യൂദാശ്ലീഹയുടെ നൊവേനയുടെ ധന്യത
എല്ലാവരുടേയും ജീവിതത്തില്‍ ആദ്യത്തെ ഭവനം സ്വന്തം വീടു തന്നെയാണ്. പക്ഷെ പോള്‍സണ്‍ കുളങ്ങരയ്ക്ക് ആദ്യവീട് പള്ളിയാണ്. ഈശ്വരനെ ആരാധിക്കുന്ന ഇടം. എന്തൊക്കെ നാം നേടിയാലും അത് ഈശ്വരന്‍റെ ദാനമാണെന്ന് കരുതാന്‍ നമുക്കാവണം. ചെറുപ്പം മുതല്‍ക്കേ പള്ളിയും നിത്യസഹായ മാതാവിന്‍റെ നൊവേനയും, ശനി, ഞായര്‍ കുര്‍ബാനയും മുടക്കിയിട്ടില്ല. ചെറുപ്പത്തില്‍ തന്നെ മൂത്ത ജേഷ്ഠത്തി ജോളിയാണ് വി. യൂദാശ്ലീഹായുടെ പ്രാര്‍ത്ഥന നല്‍കി അനുഗ്രഹിച്ചത്. അത് ഇപ്പോഴും തുടരുന്നു. ദൈവത്തിന്‍റെ അനുഗ്രഹത്തെ എപ്പോഴും ഓര്‍മ്മിക്കാന്‍, ദൈവത്തിന്‍റെ സ്തുതികളെ ലോകം എങ്ങും അറിയിക്കുവാന്‍ നാം ദൈവത്തിന് നല്‍കുന്ന വാഗ്ദാനത്തോളം മറ്റൊരു കാര്യവും ഭൂമിയില്‍ ഇല്ല എന്ന് പോള്‍സണ്‍ കുളങ്ങര വിശ്വസിക്കുന്നു. ദൈവം നമുക്ക് നല്‍കുന്ന ഉറപ്പാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അനുതാപം, മാനസാന്തരം, ദൈവത്തിനായുള്ള സമര്‍പ്പണം എന്നിവയെ ഉള്‍ക്കൊണ്ട നൊവേനയാണ് തന്‍റെയും കുടുംബത്തിന്‍റേയും സമാധാനത്തിന്‍റെ നെടുംതൂണ്‍ എന്ന് പോള്‍സണ്‍ അടിവരയിടുന്നു.


കുടുംബം: വിജയത്തിന്‍റെ വഴിവിളക്ക്
എല്ലാവര്‍ക്കും താമസിക്കാന്‍ ഒരു വീട് ആവശ്യമാണ്. പക്ഷെ പരസ്പര പിന്തുണ ഉണ്ടാകുമ്പോഴാണ് ഒരു വീട് ശരിക്കും നിര്‍മ്മിക്കപ്പെടുന്നത്. പോള്‍സണ്‍ കുളങ്ങരയുടെ വിജയത്തിന് കുടുംബം നല്‍കുന്ന പിന്തുണയുടെ ആഴം വളരെ വലുതാണ്. ഭാര്യ ജയ കുളങ്ങര തിരുവല്ല വള്ളംകുളം കറ്റോട് നടുവിലേട്ട് മൈക്കിള്‍ സാറിന്‍റേയും ഹെലനിയുടേയും മകളാണ്. ങലറശരമഹ ജവ്യശെരശെേ ആയി ജോലി നോക്കുന്ന ജയ തന്‍റെ വിജയങ്ങളുടെ അവകാശിയാണെന്ന് പോള്‍സണ്‍ പറയും. കാരണം കുടുംബത്തിന്‍റെ നിലനില്‍പ്പ് എക്കാലവും കുടുംബിനിയിലാണെന്ന് അമ്മ നല്‍കിയ പാഠമായിരുന്നു. അത് ജയയിലൂടെ തുടരുന്നു. മക്കള്‍: ഡെയ്ന പാറയ്ക്കല്‍ (ഛരരൗുമശേീിമഹ ഠവലൃമുശെേ, ഉശൃലരീൃേ,ഞലവമയ ഇലിൃലേ,ജഅ), അല്ലു (ഛരരൗുമശേീിമഹ ഠവലൃമുശെേ), അലീന (12വേ ഏൃമറല ടലിശീൃ) മരുമകന്‍: അപ്പു (ജസ്റ്റിന്‍ പാറയ്ക്കല്‍) (ങമലെേൃെ ശി ജൗയഹശര ഒലമഹവേ , കിൗൃമെിരല ഇീാുമി്യ ങമിമഴലൃ) കൊച്ചുമകന്‍: ജാക്സണ്‍ എന്നിവരോടൊപ്പം സന്തോഷത്തോടെ മുന്നോട്ടു പോകുമ്പോള്‍ സഹോദരങ്ങള്‍ എല്ലാവരും തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി ഒപ്പമുണ്ട്. പോകാന്‍ ഉള്ള ഒരു സ്ഥലം ഉള്ളത് ഒരു വീടാണ്. സ്നേഹിക്കുവാന്‍ ഒരാളുള്ളത് ഒരു കുടുംബമാണ്. രണ്ടും ഉള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ എന്നാണ് പോള്‍സണ്‍ കുളങ്ങര നമുക്ക് നല്‍കുന്ന പാഠം. പോള്‍സണ്‍ കുളങ്ങരയുടെ ജീവിതം പുതുതലമുറയ്ക്ക് ഒരു വഴിവിളക്കാണ്. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് ചുറ്റും കൈകള്‍ വിരിക്കുകയും അവരെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യുക. നിങ്ങള്‍ സ്നേഹത്തിന്‍റേയും കരുതലിന്‍റേയും അത്യാനന്ദം അനുഭവിക്കും... പോള്‍സണ്‍ കുളങ്ങര തന്‍റെ യാത്ര തുടരട്ടെ...
'അങ്ങയുടെ വചനം എന്‍റെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവുമാണ്' (സങ്കീ: 119:105)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.