VAZHITHARAKAL

പീറ്റർ മാത്യു കുളങ്ങര : ആത്മാക്കൾക്ക് തുണ

Blog Image
'മരണപ്പെട്ടവര്‍ക്ക് ഭൂമിയില്‍ വച്ച് നല്‍കാവുന്ന ഏറ്റവും വലിയ ആദരവാണ് അവരുടെ ഭൗതിക ശരീരത്തെ കൃത്യമായി സംസ്കാരം ചെയ്യുക എന്നുള്ളത്'

ഴിത്താര ഒരു മനുഷ്യനെക്കുറിച്ചല്ല, ഒരുപാട് മനുഷ്യരെക്കുറിച്ചാണ്. അവരൊന്നും ഇന്ന് ജീവിച്ചിരിക്കുന്നവരല്ല, പക്ഷേ അവര്‍ക്ക് പറയാനുള്ള കഥകള്‍ ജീവനുള്ളവയാണ്. ആ കഥയിലെ നായകന് നാട്ടുകാര്‍ നല്‍കിയ ഒരു വിളിപ്പേരുണ്ട്, ചിലരൊക്കെ 'കാലന്‍ പത്രോസ്' എന്നും മറ്റുചിലര്‍ 'കുഴിവെട്ടു പത്രോസ്' എന്നും പറയും. മരിച്ചവര്‍ക്ക് കുഴി വെട്ടുക എന്നുള്ളത് ഒരു മോശം കാര്യം അല്ലാത്തതുകൊണ്ട് തന്നെ പത്രോസ് ആ വിളി അങ്ങ് ഏറ്റെടുത്തു. മരണപ്പെട്ടവരുടെ കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളികളെക്കാള്‍ വലുതല്ലല്ലോ നാട്ടുകാരുടെ ഇരട്ടപ്പേര് വിളികള്‍ എന്ന് അയാള്‍ മനസ്സില്‍ ഉരുവിട്ടു. അതെ ഈ കഥ അയാളെക്കുറിച്ചുള്ളതാണ്, മരിച്ചവരുടെ സംസ്കാരം കഴിയുന്നതുവരെ ആത്മാവിനും ശരീരത്തിനും കൂട്ടിരുന്ന ഒരു കോട്ടയംകാരന്‍ പീറ്റര്‍ കുളങ്ങരയുടെ കഥ.
എത്രയെത്ര ജീവനില്ലാത്ത മനുഷ്യരെയാണ് അയാള്‍ കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ ഭൂമിയില്‍ നിന്ന് തിരികെ യാത്രയയച്ചിരിക്കുന്നത്. എത്ര രാത്രികളിലാണ് അയാള്‍ മഞ്ഞും തണുപ്പും വകവയ്ക്കാതെ ചില മനുഷ്യര്‍ക്ക് വേണ്ടി ഇറങ്ങി നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ പീറ്റര്‍ കുളങ്ങരയുടെ കഥ ഒരുപറ്റം ആത്മാക്കളുടേത് കൂടിയാണ്. മരണശേഷം അനാഥരാക്കപ്പെട്ടവരുടേത് കൂടിയാണ്.


ഒരു പൊതുനിരത്തില്‍ ആരും ഏറ്റെടുക്കാന്‍ ഇല്ലാതെ നമ്മുടെ മൃതദേഹം കിടക്കുന്നത് സ്വപ്നത്തില്‍പോലും ആലോചിക്കാന്‍ പേടി ഉള്ളവരാണ് നമ്മള്‍ മലയാളികള്‍. പീറ്റര്‍ കുളങ്ങരയുടെ ജീവിതം കേള്‍ക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ മാനുഷിക പരിഗണനയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ അത്തരത്തിലൊരു മനുഷ്യനുള്ള ഭൂമിയില്‍ നമ്മള്‍ ആരും അനാഥരായി മടങ്ങേണ്ടി വരില്ല എന്ന ഒരു ഉറപ്പുണ്ട്. അതുതന്നെയാണ് ഈ ഭൂമിയില്‍ തന്‍റേതെന്ന് കരുതി മാറ്റിവയ്ക്കാന്‍ അദ്ദേഹത്തിന് ബാക്കിയുള്ളത്. മരണത്തിലും കൂട്ടിരിക്കുന്നതിനേക്കാള്‍ മനോഹരമായി മറ്റെന്തുണ്ട് ഭൂമിയില്‍.

ജീവിതത്തിന്‍റെ ജൈത്രയാത്ര
റബ്ബര്‍ മരങ്ങളുടെ ഇലകള്‍ പുറപ്പെടുവിക്കുന്ന മര്‍മ്മരം കേട്ടുണരുന്ന കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയില്‍ കുളങ്ങര കെ.ജെ. മാത്യുവിന്‍റെയും ചിന്നമ്മ മാത്യുവിന്‍റെയും എട്ട് മക്കളില്‍ ഏഴാമനായാണ് പീറ്റര്‍ കുളങ്ങര ജനിച്ചത്. അച്ചാച്ചന്‍റെ നന്മയും സ്നേഹവും  കൊണ്ടാണ് പീറ്റര്‍ കുളങ്ങര തന്‍റെ ബാല്യകാലം പൂര്‍ത്തിയാക്കിയത്.  പലചരക്ക് കടയും  തടിക്കച്ചവടവും തുടങ്ങി ജീവിതം പിടിച്ചുകെട്ടാനുള്ള തത്രപ്പാടില്‍ കെ.ജെ മാത്യു ഓടിക്കൊണ്ടിരിക്കുമ്പോഴും തന്‍റെ മക്കളിലേക്ക് നന്മ പകരാനും, തന്‍റെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്താനും അദ്ദേഹം മറന്നില്ല. കുട്ടികള്‍ എപ്പോഴും പഠിച്ചു വളരണം എന്നായിരുന്നു കെ.ജെ മാത്യുവിന്‍റെ പക്ഷം. അതുകൊണ്ടുതന്നെ പീറ്റര്‍ കുളങ്ങരയ്ക്കടക്കം സഹോദരങ്ങള്‍ക്കും അദ്ദേഹം നല്ല വിദ്യാഭ്യാസം തന്നെ നല്‍കി.
നല്ല മനുഷ്യരെ ഭൂമിയില്‍ സൃഷ്ടിക്കുന്നത് നല്ല മാതാപിതാക്കളാണ്. അതുകൊണ്ടുതന്നെ കെ ജെ മാത്യുവിന്‍റെ കൃത്യമായ ശിക്ഷണത്തില്‍ പീറ്റര്‍ കുളങ്ങര തന്‍റെ സഹോദരങ്ങളെ പോലെ തന്നെ മനുഷ്യ നന്മയുള്ളവനും സ്നേഹമുള്ളവനുമായി വളര്‍ന്നു. പുത്തനങ്ങാടി സെന്‍റ് മേരീസ് സ്കൂളില്‍ നാലാംക്ലാസ് വരെ പഠിച്ച പീറ്റര്‍ പിന്നീട് കോട്ടയം സി.എം.എസ് സ്കൂളിലേക്ക് മാറുകയും എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കുകയും ചെയ്തു. സി.എം.എസ്  കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. കാലങ്ങള്‍ കടന്നു പോയിട്ടും, അനേകം മനുഷ്യര്‍ വന്നുപോയിട്ടും കെ. ജെ. മാത്യു രൂപപ്പെടുത്തിയ നന്മയുള്ള ഒരു വ്യക്തിത്വം പീറ്ററില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ നഷ്ടപ്പെട്ടു പോയിരുന്നില്ല. അവര്‍ പലപ്പോഴും സഹജീവി സ്നേഹത്തിന്‍റെ ഉദാഹരണങ്ങളായി മാറി. മറ്റുള്ളവരെ സഹായിക്കാന്‍ ലഭിക്കുന്ന ഒരവസരവും പീറ്റര്‍ കുളങ്ങര പാഴാക്കിയില്ല.


കുട്ടിക്കാലം മുതല്‍ക്കേ കണ്ടും കേട്ടും വളര്‍ന്ന ശീലം ആയതുകൊണ്ട് തന്നെ പരസ്പരസഹായം കുളങ്ങര കുടുംബത്തിലെ കുട്ടികളുടെ മുഖമുദ്രയായി മാറി. അങ്ങനെ പീറ്റര്‍ കുളങ്ങരയും ഏറ്റവുമധികം സമൂഹത്തോടും മനുഷ്യരോടും സംവദിച്ചു തുടങ്ങി. പലര്‍ക്കും പല സഹായങ്ങളും ചെയ്തു പോന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ സേവനത്തിലും പീറ്റര്‍ എപ്പോഴും മുന്നിട്ടിറങ്ങി. ഒരു കുട്ടി എന്നതിനുമപ്പുറം പീറ്റര്‍ മനുഷ്യന്‍റെ മാനസികാവസ്ഥകളെയും സങ്കടങ്ങളെയും കൂടുതല്‍ ഉള്‍ക്കൊണ്ടിരുന്നു.

മരണമില്ലാത്ത മനുഷ്യത്വം
1982-ല്‍ അമേരിക്കയിലേക്ക് ചേക്കേറുമ്പോഴും മാതാപിതാക്കള്‍ പഠിപ്പിച്ചുതന്ന നന്മയും നേരിന്‍റെ  വഴികളും പീറ്റര്‍ കുളങ്ങരയുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന  തോന്നല്‍ അയാളെ ജന്മനാട് മുതല്‍ പിന്തുടര്‍ന്നിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷം ഡിവറായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന്  ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ അസോസിയേറ്റ് ഡിഗ്രിയെടുത്ത പീറ്റര്‍ സഹപാഠികളുടെ എല്ലാം പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരോടും അയാള്‍ ഏറ്റവും ഭംഗിയില്‍തന്നെ പെരുമാറി, തന്‍റെ മനസ്സിലുള്ള നന്മ അയാള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊണ്ടിരുന്നു. കേബിള്‍ ടിവി ഏരിയാ മാനേജരായി പീറ്റര്‍ അഞ്ചു വര്‍ഷത്തോളം ജോലി ചെയ്തു. ജോലിയിലും തന്‍റെതായ  നന്മകള്‍ അയാള്‍ അനുവര്‍ത്തിച്ചു പോന്നു. 1991-ല്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങി.


അമേരിക്ക ഒരു വലിയ ദൗത്യമായിരുന്നു പീറ്റര്‍ കുളങ്ങരയെ ഏല്‍പ്പിച്ചത്. ജോലിക്കൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങേണ്ടതിന്‍റെ ഒരു ആവശ്യകത കൂടി അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉടലെടുത്തത് അമേരിക്കയില്‍ വച്ചായിരുന്നു. തന്‍റെ കസിന്‍ മരിച്ച സമയത്ത് ഫ്യൂണറല്‍ ഹോമില്‍ പോയി സംസ്കാര ചടങ്ങുകള്‍ക്ക് വേണ്ട കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അതൊരു ഉത്തരവാദിത്വം ആണെന്ന്  പീറ്റര്‍ കുളങ്ങരയ്ക്ക് മനസിലായത്. മരിച്ചവരെ സമാധാനമായി യാത്രയാക്കാന്‍ ഉള്ള ഒരു സാമൂഹിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ നല്ല മനസ്സുണ്ടാവണം. മരിച്ചവരെ സമാധാനത്തോടെ മടക്കി അയയ്ക്കുക എന്നുള്ളത് കുടുംബാംഗങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് . അന്നുമുതല്‍ക്കാണ് പീറ്റര്‍ കുളങ്ങര മരിച്ചവര്‍ക്ക് ഇടയിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങിയത്. ജീവിച്ചിരിക്കുന്നവരെക്കാള്‍ നമ്മളെ ആവശ്യമുള്ളത് മരിച്ചവര്‍ക്കാണെന്ന് പീറ്റര്‍ കുളങ്ങര തിരിച്ചറിഞ്ഞു.
സംസ്കാര ചടങ്ങുകള്‍ക്ക് പള്ളി ഇല്ലാതിരുന്ന സമയത്തും മരിച്ച ആളുകള്‍ക്ക് വേണ്ടി പീറ്റര്‍ കുളങ്ങര പ്രവര്‍ത്തിച്ചു. അവരുടെ സംസ്കാരത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അവരെ പ്രാപ്തരാക്കി. ദൈവത്തിന്‍റെ നിശ്ചയം അതായിരുന്നിരിക്കാം. മരിച്ചവര്‍ക്കും വേണ്ടെ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ആരെങ്കിലും.


തന്‍റെ പ്രവര്‍ത്തികളെ കുറിച്ച് ഏറ്റവും നിഷ്കളങ്കമായി പീറ്റര്‍ കുളങ്ങര പറയുന്നത് ഇങ്ങനെയാണ്: "അമേരിക്കയില്‍ സംസ്കാരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നാം അഭിമുഖീകരിക്കുന്നുണ്ട്. നല്ലൊരു ഫ്യൂണറല്‍ ഹോം കണ്ടെത്തണം. അതിനായി നമുക്ക് അവരുമായി വിലപേശണം. മാന്യമായ രീതിയില്‍ അവ നടത്തിക്കൊടുക്കണം. പള്ളി എന്ന് മാത്രമല്ല. ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കും സഹായം എത്തിച്ചു നല്‍കും",
ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ് അദ്ദേഹം എത്രത്തോളം നിഷ്കളങ്കനായ മനുഷ്യനാണെന്ന്. തനിക്ക് സ്വന്തമായിട്ടുള്ള ബിസിനസ് രണ്ടു മൂന്നു ദിവസത്തേക്ക് മാറ്റി വെച്ച്, ആരാണ് മരണപ്പെട്ടത് അവര്‍ക്ക് വേണ്ടിയും അവരുടെ കുടുംബത്തിന് വേണ്ടിയും ഓടിനടക്കാന്‍ പീറ്റര്‍ കുളങ്ങര കാണിക്കുന്ന ആത്മാര്‍ത്ഥത ഇന്ന് ഒരു മനുഷ്യരിലും നമുക്ക് കണ്ടെത്താന്‍ കഴിയില്ല.

ആളുകള്‍ കളിയാക്കട്ടെ, എനിക്കറിയാം എന്നെ, പിന്നെ മരിച്ചവരുടെ ആത്മാക്കള്‍ക്കും
ടൂറിസ്റ്റ് വിസയില്‍ വന്ന് അമേരിക്കയില്‍ വെച്ച്  മരണപ്പെട്ട ഒരു സ്ത്രീയുടെ മൃതശരീരം നാട്ടിലേക്കയയ്ക്കാന്‍ പീറ്റര്‍ സഹായിച്ചിരുന്നു. അന്നെല്ലാം അവര്‍ക്ക് പ്രിയപ്പെട്ടവരുടെ തേങ്ങല്‍ പീറ്ററിന്‍റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അവസാനമായി തനിക്കു പ്രിയപ്പെട്ട ആളെ ഒരിക്കല്‍ കൂടി കാണാന്‍ മനുഷ്യന്‍റെ ആത്മാവിനും അവര്‍ക്ക് ചുറ്റും ഉള്ള മനുഷ്യര്‍ക്കും വഴിയൊരുക്കി കൊടുത്തതില്‍ അന്ന് പീറ്റര്‍ ആദ്യമായി സന്തോഷിച്ചു. പിന്നീട് മറ്റ് അനേകം പേരെ ഇതുപോലെ അവരെ അര്‍ഹിക്കുന്ന ഇടങ്ങളിലേക്ക് എത്തിക്കാന്‍ പീറ്റര്‍ അഹോരാത്രം പരിശ്രമിച്ചു. മരിച്ചയാളെ ഏറ്റവും മനോഹരമായി ഭൂമിയില്‍നിന്ന് പറഞ്ഞയയ്ക്കാന്‍ പലപ്പോഴും പീറ്റര്‍ തന്‍റെ ജോലിയില്‍ നിന്ന് മാറിനിന്നു.


രണ്ട് ദിവസമാണ് അമേരിക്കയില്‍ ഫ്യൂണറല്‍ സര്‍വീസ്. ഒരു ദിവസം വേക്ക് സര്‍വ്വീസും രണ്ടാം ദിവസം ഫ്യൂണറല്‍ സര്‍വ്വീസും. അതുകൊണ്ടുതന്നെ ആരെങ്കിലും മരിച്ചാല്‍ രണ്ടു ദിവസത്തേക്ക് ആണ് പീറ്റര്‍ ബിസിനസില്‍ നിന്ന് അവധിയെടുക്കാറുള്ളത്. ജീവിച്ചിരിക്കുന്നവരെക്കാള്‍ ബഹുമാനം നമ്മള്‍ നല്‍കേണ്ടത് മരിച്ചവര്‍ക്കാണെന്നു  പീറ്റര്‍ കുളങ്ങര വിശ്വസിക്കുന്നു. ഒരാളുടെ മരണവാര്‍ത്ത അറിഞ്ഞാലുടന്‍ രണ്ട് ദിവസത്തേക്ക് അദ്ദേഹം ബിസിനസില്‍ നിന്നും അവധി എടുക്കും. അന്ന് മഴയാണെങ്കിലും, തണുപ്പാണങ്കിലും, മഞ്ഞുവീഴ്ചയാണെങ്കിലും ആ ശരീരത്തെ ശാന്തിയോടെ ഭൂമിയില്‍ നിന്ന് പറഞ്ഞയയ്ക്കാന്‍ പീറ്റര്‍ അവസാനം വരെ കൂട്ടുനില്‍ക്കും.


ഒരിക്കലും പീറ്റര്‍ ഇതിനൊന്നും യാതൊരു പ്രതിഫലവും കൈപ്പറ്റിയിട്ടില്ല. കാരണം ഇതൊന്നും ഒരിക്കലും പ്രതിഫലത്തിനു വേണ്ടിയല്ല അയാള്‍ ചെയ്തത്. മരിച്ചവരെ ഏറ്റവും ഭംഗിയില്‍ ഭൂമിയില്‍ നിന്ന് മടക്കി അയയ്ക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന സന്തോഷത്തിലും സമാധാനത്തിലുമാണ് അയാള്‍ പ്രതിഫലം കണ്ടിരുന്നത്. കോവിഡിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ അഞ്ചോളം ശവസംസ്കാരങ്ങള്‍ പീറ്ററിന്‍റെ നേതൃത്വത്തില്‍ നടത്തി. അന്ന് വളരെ കഷ്ടപ്പെട്ട് ആര്‍ക്കും കോവിഡ് പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും പീറ്റര്‍ സ്വീകരിച്ചിരുന്നു.
ശവസംസ്കാര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനാല്‍ കുഴിവെട്ട് പത്രോസ്, കാലന്‍ പത്രോസ് എന്നൊക്കെ ആളുകള്‍ തമാശയ്ക്കോ കളിയാക്കിയോ പീറ്ററിനെ വിളിക്കാറുണ്ട്, അതില്‍ ഒരിക്കലും അയാള്‍ക്ക് ജാള്യതയോ, കുറച്ചിലോ തോന്നിയിട്ടില്ല.
ഒരു മനുഷ്യ ജീവന്‍ ഭൂമിയില്‍ കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന, ചുറ്റുമുള്ള മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായി രൂപാന്തരപ്പെടാതിരിക്കാന്‍ കുഴിവെട്ടുകാര്‍ ഭൂമിയില്‍ ഉണ്ടാവണം. നാളെ നിങ്ങളും ഞാനും മരിച്ചാലും ആരോ വെട്ടുന്ന കുഴിയിലാണ് നമ്മളുടെ ശിഷ്ട ജീവിതമെന്നു ഓര്‍ത്താല്‍ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. അതുകൊണ്ടുതന്നെ ഈ വിളിപ്പേരുകള്‍ എല്ലാം തനിക്കുള്ള അംഗീകാരമായാണ് അദ്ദേഹം കേള്‍ക്കുന്നത്.

സംഘടനാ പ്രവര്‍ത്തനവും സാമൂഹ്യ ജീവിതവും
എല്ലാത്തിലുമുപരി അമേരിക്കയിലെ മലയാളി സംഘടനകളില്‍ നിറസാന്നിധ്യമാണ് പീറ്റര്‍ കുളങ്ങര. ചിക്കാഗോ കെ. സി. എസിന്‍റെ ട്രഷറര്‍, വൈസ്പ്രസിഡന്‍റ്, കെ.സി.സി.എന്‍.എ, ആര്‍ വി. പി, മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ ആദ്യകാല ചെയര്‍മാന്‍, പിന്നീട് പ്രസിഡന്‍റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ഫോമ ആര്‍.വി.പി. നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, ഫോമ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പര്‍, ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്രഥമ കൈക്കാരന്‍ (ട്രസ്റ്റി) 2010 മുതല്‍ പള്ളിയുടെ ഫ്യൂണറല്‍ കോ- ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും തന്‍റെ വൈധഗ്ദ്യം അദ്ദേഹം പ്രകടിപ്പിച്ചു. അമേരിക്കന്‍ ജീവിതത്തില്‍ മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ പോരുന്ന ഒന്നാണ് സംഘടനാ ജീവിതം. അതുകൊണ്ടുതന്നെ സംഘടനയിലൂടെ മനുഷ്യരുടെ കണ്ണുനീരിലേക്ക് സ്നേഹത്തിന്‍റെ വഞ്ചിയിറക്കുകയായിരുന്നു പീറ്റര്‍ കുളങ്ങര.
അമേരിക്കയിലെത്തിയ ആദ്യ കാലം മുതല്‍ തന്നെ പീറ്റര്‍ കുളങ്ങര ശവസംസ്കാര ചടങ്ങുകളില്‍ സഹായി ആയിരുന്നുവെങ്കിലും 2010 മുതലാണ് ഔദ്യോഗികമായി പള്ളിയുടെ  ചുമതല ഏറ്റെടുത്തത്. തുടര്‍ന്ന് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ സജീവ പ്രവര്‍ത്തകനും 2018-20 കാലഘട്ടത്തിലെ പ്രസിഡന്‍റുമായി മാറി. തന്‍റെ എല്ലാ തിരക്കുകള്‍ക്കിടയിലും സംഘടനയ്ക്ക് വേണ്ടിയും, തന്നെ വിശ്വസിച്ച മനുഷ്യര്‍ക്കുവേണ്ടിയും പീറ്റര്‍ കുളങ്ങര ജീവിച്ചു. സോഷ്യല്‍ ക്ലബിന്‍റെ നേതൃത്വത്തില്‍ 25 വീടുകള്‍ കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുവാന്‍ അദ്ദേഹം മുന്നിട്ട് പ്രവര്‍ത്തിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ സുനില്‍ ടീച്ചറുമായി ചേര്‍ന്ന് ഇവയില്‍ 11 വീടുകള്‍ പീറ്റര്‍ കുളങ്ങര മറ്റുള്ളവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വടംവലി മത്സരം നടത്തുമ്പോള്‍ അതിന്‍റെ അമരത്ത് പീറ്റര്‍ കുളങ്ങരയുണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിനൊപ്പം അദ്ദേഹം മനുഷ്യരുടെ സന്തോഷങ്ങള്‍ക്കും വിനോദങ്ങള്‍ക്കും ഇടം കൊടുത്തിരുന്നു. അങ്ങനെയാണ്, ആദ്യത്തെ കോവിഡ് കാലത്ത് വീട്ടിലകപ്പെട്ട സമയത്ത് സുഹൃത്തുക്കളുമായി സൂമില്‍ വൈകിട്ട് സംസാരിക്കുന്നതിനിടെ 'ചിയേഴ്സ് ക്ലബ്ബ്' എന്ന ഒരു പ്രസ്ഥാനത്തിന് പീറ്റര്‍ കുളങ്ങരയും കൂട്ടുകാരും തുടക്കമിട്ടത്. തുടര്‍ന്ന്  ചിയേഴ്സ് ക്ലബ്ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് മാറുകയായിരുന്നു. ഒരു വിനോദം വലിയൊരു നന്മയായി മാറുന്നത് അങ്ങനെയാണ്. തുടര്‍ന്ന് ഈ കൂട്ടായ്മയ്ക്ക് കീഴില്‍ കോവിഡ് കാലത്ത് നാട്ടില്‍ ഭക്ഷണം വിതരണം ചെയ്യുകയും, 10 ആധുനിക തയ്യല്‍ മെഷീനുകള്‍ സ്ത്രീകള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു.

നന്മകളില്‍ നിന്ന് നന്മകളിലേക്ക് പാലായനം
ചെയ്യുന്നവര്‍

പീറ്റര്‍ കുളങ്ങരയും അയാള്‍ക്ക് ചുറ്റുമുള്ളവരും മറ്റൊരാളെ സഹായിക്കുവാന്‍ കിട്ടുന്ന സമയം നഷ്ടപ്പെടുത്താറില്ല. 'സഹായം അത് എന്ത് വന്നിട്ടാണെങ്കിലും അര്‍ഹിക്കുന്ന സമയത്ത് എത്തിച്ച് നല്‍കണ'മെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. കഴിഞ്ഞ 12 വര്‍ഷക്കാലം തന്നോടൊപ്പം  ഫ്യൂണറല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച ജോണിക്കുട്ടി പിള്ളവീട്ടില്‍, റോയി നെടുംചിറ, ജോണ്‍ പാട്ടപ്പതി എന്നിവരുടെ സഹായവും, സേവനവും തനിക്ക് വിലപ്പെട്ടതാണന്ന് പീറ്റര്‍ കുളങ്ങര അനുസ്മരിക്കുന്നു.
ഇരുപത് വര്‍ഷമായി ചിക്കാഗോയില്‍ എല്‍. ഡി.എഫ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന മനുഷ്യനാണ് പീറ്റര്‍ കുളങ്ങര. അതുകൊണ്ട് തന്നെ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ കാമ്പയിന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് വേണ്ട സഹായങ്ങളെല്ലാം തന്നെ കേരളത്തില്‍ എത്തിക്കുവാന്‍ ആവശ്യമായതെല്ലാം അദ്ദേഹം ചെയ്തിരുന്നു. കുടുംബത്തിന്‍റെ പിന്തുണയാണ് ഇന്നത്തെ പീറ്ററിനെ വാര്‍ത്തെടുത്തത്. അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പുറകില്‍ ചിക്കാഗോയില്‍ നേഴ്സായി സേവനം അനുഷ്ഠിക്കുന്ന ഭാര്യ ചിങ്ങവനം മൂഴിപ്പറമ്പില്‍ സാലിക്കുട്ടിയുണ്ട്. ചുറ്റിലും സഹോദരന്‍മാരുടേയും, സഹോദരിയുടെയും പൂര്‍ണ്ണ പിന്തുണയുണ്ട്.


രണ്ട് മക്കളായ ഷെറിലും, മിഷേലും അപ്പന്‍റെ നന്മകള്‍ക്കൊപ്പം തന്നെ ചുവടുവയ്ക്കുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത വളര്‍ച്ചയ്ക്കായി ഷെറില്‍ സേവനം നടത്തുന്നു. ഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥനായ ടോണി പടിയറ ചങ്ങനാശേരി.
മിഷേല്‍ സ്പീച്ച് പാത്തോളജിസ്റ്റാണ്. ഭര്‍ത്താവ് റ്റോബിന്‍  ഇണ്ടിക്കുഴി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ മാനേജരായി ജോലി ചെയ്യുന്നു. പീറ്ററിന്‍റെ വഴികളില്‍ താങ്ങായും തണലായും ഒരു കുടുംബം മുഴുവനുമുണ്ട്. അവരുടെ നിലയ്ക്കാത്ത പ്രാര്‍ഥനകളുണ്ട്.
മരണപ്പെട്ടവരുടെ മരുപ്പച്ചയാണ് പീറ്റര്‍ കുളങ്ങര, ഭൂമിയില്‍ എല്ലായിടത്തു നിന്നും സ്നേഹം വറ്റിയാലും ആ മരുപ്പച്ചയില്‍ മാത്രം സ്നേഹവും മനുഷ്യത്വവും നിറയും.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.