VAZHITHARAKAL

രാധാ ഗോമതി: ചിത്രകാരി,നടി,സംരംഭക

Blog Image
'മാനുഷിക ശേഷിയോടുള്ള അഭിനിവേശം നമുക്ക്  ഓര്‍മ്മിക്കാന്‍ കഴിയുന്ന സമയം മുതല്‍,  ഉയര്‍ന്ന മനോഭാവത്തോടെയും മത്സരരഹിതവും സഹാനുഭൂതിയോടെയും ഉള്‍ക്കൊള്ളുക എന്നതാണ് കലയുടെ ഉദ്ദേശം'

മധുരമുള്ള  ജീവിതത്തെ ഭംഗിയായി സൂക്ഷിക്കുന്ന, ഉപയോഗിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് നമുക്കൊപ്പം. അവരില്‍ ഒരാളാണ് രാധ ഗോമതി. കൊച്ചി സ്വദേശിയായ രാധ ചില സ്വപ്നങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. നിറങ്ങള്‍ തുന്നിപ്പിടിപ്പിച്ച ഒരു തൂവാലയുടെ ഭംഗി ചോര്‍ന്നു പോകാതെ കാക്കാന്‍. അഭിനയത്തിന്‍റെ ആദ്യ പാഠങ്ങളില്‍ തന്‍റേതായ അടയാളങ്ങള്‍ നിലനിര്‍ത്താന്‍. തന്‍റെ ചായങ്ങളില്‍ ചില ജീവിതങ്ങളെ അടയാളപ്പെടുത്താന്‍, അങ്ങനെ ജീവിതത്തിന് ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയ രാധ ഗോമതിയുടെ കഥ യഥാര്‍ത്ഥത്തില്‍ ഒരു സിന്‍ഡ്രല്ല ജീവിതം പോലെയാണ്. അതിന് നിറയെ നിറങ്ങള്‍ ഉണ്ട്. അതിന് നിറയെ നിലപാടുകളുടെ തുടര്‍ച്ചയുണ്ട്. ഒരു പക്ഷെ ഈ കഥ മറ്റാര്‍ക്കും പറയാനുണ്ടാവില്ല. രാധാ ഗോമതി നടന്നുതീര്‍ത്ത വഴികള്‍, കണ്ടുതീര്‍ന്ന ജീവിതങ്ങള്‍. കൈപിടിച്ച മനുഷ്യര്‍.


സിനിമയും ജീവിതവും 
സിനിമയെ തേടിച്ചെന്നവരില്‍ നിന്നും വ്യത്യസ്തമായി സിനിമ തേടിയെത്തിയ ഒരു കലാകാരി രാധ ഗോമതി. നിരവധി സിനിമകളില്‍ അഭിനയിക്കുന്നതില്‍ അല്ല ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുക എന്നതാണ് ഒരു മികച്ച അഭിനേതാവിന്‍റെ ലക്ഷണം. ഈയിടെ റിലീസായ പൂക്കാലം എന്ന സിനിമയില്‍ വിജയരാഘവന്‍റെ മകളായി അഭിനയിച്ച രാധ ഗോമതി മലയാള സിനിമയുടെ ക്യാരക്ടര്‍ റോളുകളിലേക്ക് കടന്നുവരും എന്നതില്‍ സംശയമില്ല. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, പാച്ചുവും അത്ഭുതവിളക്കും, വണ്ടര്‍വുമണ്‍ തുടങ്ങിയ സിനിമകളിലും ജോസ് ആലുക്കാസിന്‍റെ പരസ്യത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ രാധാ ഗോമതി അഭിനേത്രിക്കപ്പുറം ഇന്ത്യയിലെ അറിയപ്പെടുന്ന ചിത്രകാരി കൂടിയാണ്. അതിലുപരി നിരാലംബരായ നിരവധി സ്ത്രീകള്‍ക്ക് അത്താണിയായ സംരംഭക കൂടിയാണ്.


സമ്പൂര്‍ണ്ണ കലാകാരി 
കലാകാരി എന്ന് വിശേഷിപ്പിച്ചതിന് പിന്നിലും ഒന്നിലധികം വിജയകഥകളുണ്ട് രാധാ ഗോമതിക്ക്. വാക്കുകള്‍ കൊണ്ടും വരികള്‍ കൊണ്ടും വായനക്കാരനെ പിടിച്ചിരുത്താന്‍ കെല്‍പ്പുള്ള മികവുറ്റ എഴുത്തുകാരിയായും വരയും വര്‍ണ്ണവും കൊണ്ട് കാണികളില്‍ വിസ്മയം തീര്‍ക്കുന്ന ചിത്രകാരിയായും രാധ ഗോമതി അടയാളപ്പെടുത്തുന്നു. അറിയുന്നവരെ അസൂയാവഹമാക്കും വിധം വരയും  വര്‍ണ്ണവും പിന്നെ താരത്തിളക്കവും ഉള്ളം കയ്യില്‍ തീര്‍ത്ത ഈ അതുല്യ പ്രതിഭയുടെ ജീവിത യാത്രയുടെ ലക്ഷ്യം  സ്വന്തം വളര്‍ച്ച മാത്രമല്ല. ഒപ്പം ഒരു സമൂഹത്തെക്കൂടി കൈപിടിക്കുവാനുള്ള വലിയ ശ്രമം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ പഠനത്തിനായി വരയിലേക്ക് തിരിഞ്ഞ രാധ ഗോമതി ചിത്രകലാ ലോകത്ത് പിന്നീട് അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.


വഴിത്തിരിവായി ഇന്‍ഡ്യന്‍ സംസ്കാരം
കൊച്ചിയില്‍ മര്‍ച്ചന്‍റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന രാമകൃഷ്ണ അയ്യരുടെയും  അലമേലു രാമകൃഷ്ണന്‍റെയും മകളായി ജനിച്ച രാധാ ഗോമതി എറണാകുളം ചിന്മയ സ്കൂളിലും കേന്ദ്രീയ വിദ്യാലയത്തിലും തുടര്‍പഠനം. പിന്നെ ഒറീസ്സയിലേക്ക്. പിന്നീട് 1978-ല്‍ അച്ഛന്‍ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റില്‍ പൈലറ്റായി തിരികെയെത്തി. തുടര്‍പഠനം നേവല്‍ബേസ് സ്കൂളില്‍. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍. അവരോടൊത്തുള്ള ജീവിതം. ഇന്‍ഡ്യന്‍ സംസ്കാരം ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചതുപോലെയുള്ള അനുഭവം. ഫോര്‍ട്ട് കൊച്ചിയിലെ ക്വാര്‍ട്ടേഴ്സില്‍ ആംഗ്ലോ ഇന്‍ഡ്യന്‍സിനൊപ്പവും വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലും കൂടിയായപ്പോള്‍ മലയാളം വഴുതിപ്പോയി. പിന്നീടാണ് മലയാളം പഠിച്ചെടുത്തത്. സ്കൂളായിരുന്നു എല്ലാം. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് അന്നേ ക്ലാസ്സുകള്‍ എടുത്തുകൊടുത്തു. നമുക്കു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ സജീവമാകുക എന്നതായിരുന്നു അന്നുമുതലേ രാധയുടെ ലക്ഷ്യം. നാടകം, കഥയെഴുത്ത്, ഡിബേറ്റ്, ചിത്രംവര എന്നിവയായിരുന്നു ഹോബി. ആര് കാണുന്നു എന്നതിലല്ല, നമ്മള്‍ ചെയ്യുന്നതിലെ നന്മയിലാണ് അവര്‍ ശ്രദ്ധിച്ചിരുന്നത്. ഒന്‍പതാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കലാധരന്‍ മാസ്റ്ററെ പരിചയപ്പെട്ടത് ജീവിതത്തിലെ വഴിത്തിരിവായി. മാസ്റ്ററുടെ അര്‍പ്പണബോധമുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. ക്ഷണിക്കപ്പെട്ട സാംസ്കാരിക പ്രമുഖരുമായി ചില  സെഷനുകള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹത്തെ സഹായിച്ചു. ടി. കലാധരന്‍റെ കീഴില്‍ എം.വി. ദേവന്‍ സ്ഥാപിച്ച കേരള കലാപീഠം, ദേശീയ തലത്തിലെ പ്രീമിയര്‍ ആര്‍ട്ട് & ഡിസൈന്‍ സ്ഥാപനങ്ങളിലേക്ക് പിന്നീട് പ്രവേശനം ലഭിച്ചു. നമ്മുടെ ചിന്തകളിലേക്കും പ്രയോഗങ്ങളിലേക്കും നമ്മുടെ കണ്ണുതുറന്ന ഒരു മികച്ച സര്‍വകലാശാല പോലെയായിരുന്നു കലാപീഠവും കലാധരന്‍മാസ്റ്ററും. 1985-ല്‍ 12-ാം ക്ലാസിന്‍റെ അവസാനത്തില്‍ ജഅടടഅഏഋ എന്ന പേരില്‍ ഒരു പാത്ത് ബ്രേക്കിംഗ് ആര്‍ട്ട്ഷോ നടത്തി,  വീഡിയോ അഭിനയ വര്‍ക്ക്ഷോപ്പിലും പങ്കെടുത്തു.


അമ്മയുടെ സഹോദരന്മാര്‍ അമേരിക്കയിലായിരുന്നതിനാല്‍ ടൈം മാഗസിന്‍, നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ അമ്മയ്ക്ക് അവര്‍ അയച്ചുകൊടുക്കുമായിരുന്നു. രാധ അങ്ങനെ പരിപൂര്‍ണ്ണ വായനക്കാരിയുമായി. 11-ാം ക്ലാസ്സ് കഴിഞ്ഞ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ എന്‍ട്രന്‍സ് എഴുതി. ഫൈനല്‍ ഇരുപത്തിനാല് പേരില്‍ രാധയ്ക്കും സെലക്ഷന്‍ കിട്ടി. ഇന്നു കാണുന്ന ഒരു ചട്ടക്കൂടില്‍ ഒതുങ്ങുന്ന അഭിമുഖമായിരുന്നില്ല അന്നത്തേത്. ജീവിതത്തെ അറിയുവാനുള്ള അഭിമുഖങ്ങള്‍, ഗ്രൂപ്പ് ടാസ്കുകള്‍, പൂരിബെജി എങ്ങനെയുണ്ടാക്കാം അങ്ങനെ വ്യത്യസ്തമായ അഭിമുഖം. പക്ഷെ അവിടെ തുടരുവാന്‍ രാധ ശ്രമിച്ചില്ല. തുടര്‍ന്ന് തിരിച്ചെത്തി എറണാകുളം മഹാരാജാസ് കോളേജില്‍ ബി. എ. ഇഗ്ലീഷിന് ചേര്‍ന്നു. അങ്ങനെയിരിക്കെ ബറോഡ യൂണിവേഴ്സിറ്റി പ്രൊഫ. ഗുലാം മുഹമ്മദ് ഷെയ്ക്ക് കലാധരന്‍ മാഷിന്‍റെ പിന്തുണയോടെ വീട്ടിലേക്ക് വിളിക്കുന്നു. ബറോഡയിലേക്ക് ചിത്രകല പഠിക്കാന്‍ ക്ഷണം. ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിലെ ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദവും, അഹമ്മദാബാദിലെ എന്‍.ഐ.ഡിയില്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം, തത്ത്വശാസ്ത്രത്തില്‍ ഗവേഷണ പരിചയവും തുടര്‍ന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഇന്ത്യന്‍ റാഡിക്കല്‍ സ്കള്‍പ്റ്റേഴ്സ് ആന്‍ഡ് പെയിന്‍റേഴ്സ് അംഗമായി തന്‍റെ കരിയര്‍ ആരംഭിച്ചു, കവിതയെഴുത്ത് ചിത്രകലയ്ക്കും ശില്പകലയ്ക്കും പുറമെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ഉള്‍പ്പെടെ രാധ ഗോമതി കൈവയ്ക്കാത്ത മേഖലകള്‍ ഇല്ല. എറണാകുളത്ത് ചത്രകല അദ്ധ്യാപികയായും ഏറെനാള്‍ ജോലി ചെയ്തു. കുട്ടികളുടെ മനസ്സറിഞ്ഞ അദ്ധ്യാപിക എന്ന ഖ്യാതിയും രാധ നേടി. മാധ്യമരംഗത്തും അധ്യാപനരംഗത്തും വ്യത്യസ്തമായ അനുഭവ പരിചയമുള്ള രാധ തന്‍റെ  കവിതകള്‍ രണ്ട് സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ('ഠവൃീൗഴവ ങീീിഹലൈ ചശഴവ'േെ, 'കാാീൃമേഹ ടീൃ്യേ'). കേരള ലളിതകലാ അക്കാദമി അംഗീകാരവും കൊച്ചി മുസിരിസ് ബിനാലെയില്‍ പങ്കെടുക്കുവാനും കഉഅങ എന്ന പ്രത്യേക വിഭാഗത്തെ ക്യൂറേറ്റ് ചെയ്യുവാനും രാധാഗോമതിക്ക് സാധിച്ചു. ഒരു ക്യൂറേറ്റര്‍ എന്ന നിലയില്‍, ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്കായി 2012-ല്‍ മാരാരി ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ഇന്ത്യയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലും നിന്നുള്ള 26 കലാകാരന്മാര്‍ ഉള്‍പ്പെട്ട ഒരു അന്താരാഷ്ട്ര ആര്‍ട്ട് ക്യാമ്പിനൊപ്പവും സജീവമായി. ബെല്‍ജിയത്തിലെ ബ്രസല്‍സിലെ സേക്രഡ് ആര്‍ട്ട് മ്യൂസിയത്തിലും രാധയുടെ പെയിന്‍റിംഗുകള്‍ കാണാം. 


18th Elephant -3 Monologues
മീഡിയ പീപ്പിള്‍ ആള്‍ട്ടര്‍നേറ്റ് നെറ്റ്വര്‍ക്ക് ഓഫ് മീഡിയ പീപ്പിള്‍ നിര്‍മ്മിച്ച ഒരു ഡോക്യു-ഫിലിമിന്‍റെ (18th Elephant -3 Monologues) തിരക്കഥ പി.പി. രാമചന്ദ്രനൊപ്പം എഴുതി ചലച്ചിത്ര രംഗത്തും രാധ സജീവമായി. പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്‍റെ  മനോഭാവത്തിന്‍റെയും വികസനത്തെക്കുറിച്ചുള്ള അവന്‍റെ നരവംശ കേന്ദ്രീകൃത സങ്കല്‍പ്പത്തിന്‍റെയും ശക്തമായ വിമര്‍ശനമാണ് ഈ സിനിമ. ആനയുടെ വന്യമായതും അതിനെ വളര്‍ത്തുന്നതുമായ ദയനീയമായ അവസ്ഥ ചിത്രീകരിക്കപ്പെട്ട ഈ സിനിമ  മറ്റ് ജീവജാലങ്ങളുടെ ജീവിതത്തിലും ആവാസവ്യവസ്ഥയിലും നാശം വിതയ്ക്കുന്നുവെന്നും വ്യക്തമായി തുറന്നുകാട്ടുന്നു. പി. ബാലന്‍ ആയിരുന്നു സംവിധായകന്‍. മികച്ച ചിത്രത്തിനുള്ള രാം ബഹദൂര്‍ ട്രോഫി ഉള്‍പ്പെടെ ഏഴ് പ്രധാന അവാര്‍ഡുകള്‍ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.


ലോക്ക് ഡൗണ്‍ മാറ്റിമറിച്ച ജീവിതം  
ലോക ജനതയ്ക്ക് അതിജീവന പാഠം നല്‍കിയ കോവിഡ് കാലം രാധ ഗോമതിക്ക് പരീക്ഷണകാലം ആയിരുന്നു. ഏതു സാഹചര്യത്തെയും പുതുമയോടെ സമീപിക്കുന്ന രാധ ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത കലാപ്രദര്‍ശനമായ ലോകമേ തറവാട് ചിത്ര പ്രദര്‍ശനത്തില്‍ മൊബൈല്‍ ആപ്പില്‍ വിരല്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2018-ല്‍  എച്ച്.ഡബ്ലിയു. മെമ്മോ എന്ന ആപ്ലിക്കേഷന്‍ വഴി രാധ ചിത്രം വരച്ചു ചിത്രങ്ങള്‍ വരച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് പതിവാക്കിയ രാധ ചിത്രത്തിനോടൊപ്പം രണ്ടുവരി കവിതയും അടിക്കുറിപ്പായി നല്‍കിക്കൊണ്ടിരുന്നു. ഈ ചിത്രങ്ങള്‍ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ആര്‍ട്ട് ആന്‍ഡ് വൈന്‍' എക്സിബിഷനില്‍ രാധാ ഗോമതിയുടെ ഫൈബര്‍ഗ്ലാസ് ശില്‍പം ശ്രദ്ധേയമായിരുന്നു. 


SlingIt  
ഒരു പറ്റം സ്ത്രീകളെ മുന്നില്‍ കണ്ടുകൊണ്ട് ഉപയോഗശൂന്യമായ തുണിത്തരങ്ങളില്‍നിന്നും ബാഗ് പോലുള്ള നിത്യോപയോഗ സാധനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഒരു ശ്രമം നടത്തിയത് 2009-ലാണ് വന്‍ വിജയം കണ്ട ഒരു പ്രോജക്ടായിരുന്നു അത്. അങ്ങനെയാണ് സംഘമിത്ര എന്ന വനിതാ സംരംഭത്തിന്‍റെ തുടക്കം. പിന്നീട് SlingIt  എന്നപേരില്‍ അറിയപ്പെട്ടു. വ്യവസ്ഥാപിതമായി പുറന്തള്ളപ്പെട്ട, കുടിയിറക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട, 'യോഗ്യമല്ലാത്തത്' അല്ലെങ്കില്‍ 'വിലയില്ലാത്തത്' എന്ന് പ്രഖ്യാപിക്കപ്പെട്ട എല്ലാറ്റിന്‍റെയും  സഹാനുഭൂതിയോടെ കാണുവാനും അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുവാനും കൂടിയായിരുന്നു ടഹശിഴകേ ശ്രമിച്ചത്. തയ്യല്‍ കടകളില്‍ ലഭിക്കുന്ന കട്ട്പീസുകള്‍ ശേഖരിച്ച് അവകൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ കണ്ണുകള്‍ക്ക് ഒരു വിരുന്നായിരുന്നു. വേസ്റ്റ് തുണിക്കഷണങ്ങളില്‍നിന്നും നിര്‍മ്മിച്ച ഗാര്‍ബി ഡോള്‍സും ഏറെ ശ്രദ്ധ നേടി. പെന്‍സില്‍ കേയ്സുകള്‍, മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍, എണ്ണമറ്റ വലിപ്പത്തിലുള്ള സ്ലിംഗ് ബാഗുകള്‍ എല്ലാം വ്യത്യസ്തങ്ങളായിരുന്നു. കൊറോണക്കാലത്ത് രാധയും സുഹൃത്തുക്കളായ ഓണസ്റ്റ് പൗലോസ്, സാറാ ഹുസ്സൈന്‍, പ്രീതി എന്നിവര്‍ ചേര്‍ന്ന് മൂലമ്പിള്ളി സ്കൂളിന്‍റെ ഭിത്തിയും, ഡസ്കും ബഞ്ചുമെല്ലാം വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്തതും ശ്രദ്ധിക്കപ്പെട്ടു. ചിത്രകാരിയായ ഒരു സംരംഭകയാവാന്‍ വളരെപ്പെട്ടെന്ന് തന്നെ രാധക്ക് കഴിഞ്ഞു. ഹരിതകേരള മിഷനും സ്വച്ഛ് മിഷനും സംഘടിപ്പിച്ച എക്സ്പോകളില്‍ പഴയതില്‍ നിന്നുണ്ടായ പുതിയ സാധനങ്ങളെ അവതരിപ്പിച്ച രാധയ്ക്ക് മികച്ച പ്രോത്സാഹനമാണ് ലഭിച്ചത്. ടഹശിഴകേ ഓര്‍ഗാനിക് ആയി മുന്നോട്ട് കൊണ്ടുപോകാന്‍ രാധ  ആഗ്രഹിക്കുന്നു. വര്‍ധിച്ച വിപണികളോടെ, കൂടുതല്‍ വനിതാ ഗ്രൂപ്പുകളെയും സംരംഭകരെയും എങ്ങനെ രംഗത്തിറക്കാം, നമ്മുടെ സ്വന്തം സംസ്ഥാനത്ത് നമുക്ക് നഷ്ടപ്പെട്ടതായി തോന്നുന്ന സര്‍ഗ്ഗാത്മക അധ്വാനത്തില്‍ കലാകാരന്മാരുടെ ഒരു കൂട്ടായ്മയെ തിരികെ കൊണ്ടുവരുവാന്‍ ആഗോള മലയാളികളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് അവര്‍.


ഏകരസ
കേരളത്തിലെ പ്രതിബദ്ധതയുള്ള കലാകാരന്‍മാരില്‍ നിന്ന് മിതമായ വിലയ്ക്ക് യഥാര്‍ത്ഥ കലാസൃഷ്ടികള്‍ സ്വന്തമാക്കി ക്യാമ്പുകള്‍ സംഘടിപ്പിക്കുക, അവയ്ക്കുള്ള വില്‍പ്പന സാദ്ധ്യതകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ഏകരസ എന്ന സംരംഭത്തിന് സുഹൃത്ത് തോമസ് അഗസ്തിയുമായി ചേര്‍ന്ന് തുടക്കമിട്ടു. ഇത്തരം കലാകാരന്മാര്‍ക്ക് അന്താരാഷ്ട്ര തലത്തിലും ഒരു വേദിയൊരുക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ഈ ആവശ്യത്തിനായി ചെറിയ ഗ്രൂപ്പ് ഷോകള്‍, സോളോഷോകള്‍ മുതലായവ ക്യൂറേറ്റ് ചെയ്യുന്നുണ്ട്.


ന്യൂയോര്‍ക്ക് ജനജീവിതം - അനുഭവങ്ങള്‍
രാധ ഗോമതിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു ന്യൂയോര്‍ക്കിലെ ജീവിതം പഠിച്ച് ഒരു ജേര്‍ണല്‍ എഴുതുവാന്‍ അവസരം ലഭിച്ചത്. അപ്പക്സ് ആര്‍ട്ട്സ് ഫൗണ്ടേഷന്‍ ആയിരുന്നു അതിനായി അവസരം ഒരുക്കിയത്. ഒരു മാസം ന്യൂയോര്‍ക്കില്‍ താമസിച്ചു അവിടുത്തെ ജന ജീവിതത്തെക്കുറിച്ച് പഠനം നടത്തി. 
ആഡംബരത്തിന്‍റെയും പ്രൗഢിയുടെയും ലോകത്തിനപ്പുറത്തത് ഒരു സാധാരണ ജീവിതവും അവിടെയും കാണാനും അവര്‍ക്കൊപ്പം ചിലവഴിക്കാനായതും വ്യത്യസ്ത അനുഭവങ്ങള്‍ ആയിരുന്നു. കലാകാരന്മാരെ മാത്രം തേടിയെത്തുന്ന ചില നിമിഷങ്ങള്‍.
രാധ ഗോമതി ഒരു സമ്പൂര്‍ണ്ണ കലാകാരിയാണ്. അവരുടെ വിരലുകള്‍ ചലിക്കുന്നത് സമൂഹത്തിനു വേണ്ടിയാണ്. അതിനായി സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആണ് അവര്‍ പ്ലാന്‍ ചെയ്യുന്നത്. സിനിമ അഭിനയത്തില്‍ നിന്നും കലാപ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന പണം ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുന്നു എങ്കിലും പണം ലഭിച്ചാല്‍, ഈ മേഖലയില്‍ പണം മുടക്കാന്‍ താല്പര്യമുള്ള സംഘടനകള്‍, വ്യക്തികള്‍, സംരംഭകര്‍ ഒക്കെ തയാറായാല്‍ രാധാ ഗോമതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് കടന്നുചെല്ലും. പ്രയാസങ്ങളില്‍ അകപ്പെട്ടുപോയ സ്ത്രീകള്‍ക്കും, നിരാലംബര്‍ക്കും അതൊരു സഹായമാകും.
ഒരു സ്ഥലത്തും വിജയങ്ങളുടെ കഥ പറയാനല്ല, മറിച്ച് വിജയ പരാജയങ്ങള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെയും അര്‍പ്പണ മനോഭാവത്തിന്‍റെയും മഹത്വത്തെക്കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് രാധാ ഗോമതി. വരയും എഴുത്തും സംരംഭവും ഒപ്പം സിനിമയും ഒരേ താഴികകുടത്തില്‍! ദൈവത്തിന്‍റെ ചില കയ്യൊപ്പുകളാണിവ എന്ന് പറഞ്ഞവസാനിപ്പിക്കാന്‍ വരട്ടെ, രാധ ഗോമതി നമുക്കൊരു പാഠമാണ്. ഒപ്പം ദൈവത്തിന്‍റെ സമ്മാനവും..!


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.