VAZHITHARAKAL

മലയാളികൾക്ക് അഭിമാനമായി മിസ്സൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്

Blog Image
ഒരു മനുഷ്യന്‍ രാവിലെ എഴുന്നേറ്റ് രാത്രി ഉറങ്ങുകയും, അതിനിടയില്‍ അയാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുകയും ചെയ്താല്‍ അയാള്‍ വിജയിക്കുന്നു.

വിജയിച്ച വ്യക്തിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ശക്തിയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിലാണ്. തന്‍റെ ഇച്ഛാശക്തികൊണ്ട് മാത്രം ആഗ്രഹിച്ചതൊക്കെ നേടാന്‍ കഴിഞ്ഞ, ഇനിയും പല പടവുകളും കയറേണ്ടതുണ്ടെന്ന് ലോകമലയാളികള്‍ക്ക് കാണിച്ചുകൊടുത്ത ഒരാളുണ്ട്. അദ്ദേഹം ഇന്ന് അമേരിക്കയിലെ ഒരു സിറ്റിയുടെ മേയറാണ്. മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്.
ഒരു പച്ച മനുഷ്യന്‍. താന്‍ നേടുന്ന സന്തോഷങ്ങള്‍ തന്‍റെ ചുറ്റുമുള്ളവര്‍ക്കും കൂടി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍. അദ്ദേഹം നടന്നു വന്ന വഴികള്‍ പുതുതലമുറയ്ക്കും, ഇനിയും കടന്നുവരുന്ന തലമുറയ്ക്കും ഒരു പാഠപുസ്തകമാണ്. കോട്ടയം കുറുമുള്ളൂരില്‍ നിന്ന് അമേരിക്കയിലെ മിസ്സൂറി സിറ്റിയുടെ മേയറായി മാറിയ ഒരു മലയാളിയുടെ കഥ ഈ വഴിത്താരയിലെ വ്യത്യസ്തമായ അനുഭവ സാക്ഷ്യമാണ്.


കുറുമുള്ളൂരില്‍ നിന്ന് അമേരിക്കയിലേക്ക്
കോട്ടയം കുറുമുള്ളൂര്‍ ഇലക്കാട്ട് പട്ടാള ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പിന്‍റേയും നേഴ്സായ ഏലിയാമ്മയുടെയും മൂത്തമകനായ റോബിന്‍ ഇലക്കാട്ട് ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ സെന്‍റ് ആന്‍സ് സ്കൂളിലും, അഞ്ചാം ക്ലാസില്‍ കോട്ടയം എം.റ്റി. സെമിനാരിയിലും പഠനം. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ബെസ്റ്റ് നേഴ്സിനുള്ള പുരസ്കാര ജേതാവ് കൂടിയായ അമ്മ ഏലിയാമ്മ ഫിലിപ്പ് 1981-ല്‍ ഡയറക്ട് റിക്രൂട്ട് മെന്‍റിലൂടെ അമേരിക്കയിലേക്ക് പോകുന്നതോടെയാണ് ഇലക്കാട്ട് ഫാമിലിയുടെ അമേരിക്കന്‍ പ്രവേശം സാധ്യമാകുന്നത്. 1982-ല്‍ റോബിനും, അനുജന്‍ റെസിനും, പിതാവ് ഫിലിപ്പും ചിക്കാഗോയിലേക്ക് ചേക്കേറിയത്. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ചിക്കാഗോയില്‍  പഠനം തുടര്‍ന്നു. പിന്നീട് റേഡിയോളജി പ്രോഗ്രാമില്‍ ബിരുദം നേടി. ചിക്കാഗോയില്‍ തന്നെ പല ഹോസ്പ്പിറ്റലിലും റേഡിയോളജി ടെക്നോളജിസ്റ്റായി  ജോലി നോക്കി. മൂന്ന് വര്‍ഷം ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും റേഡിയോളജി ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്റായും സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഹൂസ്റ്റണില്‍ സ്ഥിരതാമസം.


സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക്
എന്തിനും ഏതിനും ഒരു മികച്ച തുടക്കം നമ്മള്‍ എല്ലാവരും ആഗ്രഹിക്കും. അതുപോലെ അപ്രതീക്ഷിതമായി കടന്നുവന്ന ഒരു അവസരത്തില്‍ നിന്നാണ് റോബിന്‍ ഇലക്കാട്ട് എന്ന ചെറുപ്പക്കാരനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 1994-ല്‍ കെ.സി.വൈ.എല്‍ ചിക്കാഗോ യൂണിറ്റ് തുടങ്ങിയ സമയം. മാദ്ധ്യമ പ്രവര്‍ത്തകനും അന്നത്തെ സാമുദായിക നേതാവ് കൂടിയായ ജോസ് കണിയാലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  കെ.സി.വൈ.എല്‍ ചിക്കാഗോയുടെ പ്രസിഡന്‍റായി. തുടര്‍ന്ന് നാഷണല്‍ തലത്തില്‍ കെ. സി.വൈ.എല്‍.എന്‍.എ ആരംഭിച്ചു. റോബിന്‍ ഇലക്കാട്ട് നാഷണല്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ചടങ്ങില്‍ പ്രസംഗിക്കുവാന്‍ ജോസ് കണിയാലി നല്ല പരിശീലനം  നല്‍കിയെങ്കിലും നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റിയില്ല. പക്ഷെ അദ്ദേഹത്തിന് മുന്നില്‍ ഒരു പ്രസംഗകന്‍ ആകണം എന്ന് തെളിയിക്കാന്‍ വാശി ഉണ്ടായി. അടുത്ത ഒരു പരിപാടിയില്‍ നന്നായി പെര്‍ഫോം ചെയ്തു. 'സൂപ്പര്‍ സ്പീച്ച്' എന്ന് അദ്ദേഹം അഭിപ്രായം പറഞ്ഞ നിമിഷം ഇന്നും ഓര്‍മ്മിക്കുന്നതായി റോബിന്‍ പറയുന്നു. കെ.സി.വൈ.എല്‍ നാഷണല്‍ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച സമയത്താണ് കെ.സി.വൈ.എല്‍.എന്‍.എയുടെ റീജിയണല്‍  വൈസ് പ്രസിഡന്‍റായ ടീനയെ പരിചയപ്പെടുന്നത്. ആ പരിചയപ്പെടല്‍ പിന്നീട് വിവാഹത്തിലേക്ക് മാറിയതും നിയോഗം. ജീവിതം ആകസ്മികതകളുടേതു കൂടിയാണല്ലോ.


അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക്
വിജയം എന്നത് നിങ്ങള്‍ എത്ര ഉയരത്തില്‍ കയറി എന്നല്ല, മറിച്ച് നിങ്ങള്‍ ലോകത്തിന് ഒരു നല്ല മാറ്റമുണ്ടാക്കുവാന്‍ ശ്രമിച്ചുവോ എന്നതാണ് രാഷ്ട്രീയമായ തന്‍റെ വിഷന്‍ എന്ന് പറയുന്ന റോബിന്‍ ഹൂസ്റ്റണില്‍ ഹോം ഓണേഴ്സ് അസ്സോസിയേഷന്‍ അംഗമാവുകയും സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു. ഏതാണ്ട് ഇരുന്നൂറോളം അംഗങ്ങള്‍ ഉള്ള ഹോം ഓണേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകുവാന്‍ പൊതുവില്‍ ഒരു നിര്‍ദ്ദേശം വന്നു. ഹോം അസ്സോസിയേഷന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാതിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അസ്സോസിയേഷന്‍റെ  പ്രസിഡന്‍റായത് ജീവിതത്തിന്‍റെ വഴിത്തിരിവ്.


സിറ്റിയുമായും, മേയറുടെ ഓഫീസുമായി നല്ല ബന്ധം സ്ഥാപിച്ചെടുത്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം കൂടെ നിന്നുള്ള പ്രവര്‍ത്തനം. തുടര്‍ന്ന് മിസ്സൂറി സിറ്റിയുടെ പാര്‍ക്സ് ബോര്‍ഡിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. പിന്നീട് വൈസ് ചെയര്‍മാനായി. തുടര്‍ന്ന് പാര്‍ക്ക് ബോര്‍ഡ് ചെയര്‍മാനായി. ഈ സമയത്തൊക്കെ തന്‍റെ നയം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുക എന്നതായിരുന്നു. അതുകൊണ്ട് സമൂഹത്തില്‍ വലിയ വിശ്വാസ്യത  നേടിയെടുക്കുവാന്‍ സാധിച്ചു. തുടര്‍ന്ന് സിറ്റിംഗ് കൗണ്‍സിലറായി മത്സരിച്ചു. എതിരാളി ബാര്‍ബറ ഗിബ്സണ്‍ എന്ന വെള്ളക്കാരിയെ തോല്‍പ്പിച്ച് 36-ാമത്തെ വയസില്‍ 2009-ല്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി. ഈ കാലം വികസനക്കുതിപ്പിന്‍റെ കാലമാക്കി മാറ്റാന്‍ റോബിന്‍ ഇലക്കാട്ടിന് സാധിച്ചു. ഒരു ഫോണ്‍ കോളിനപ്പുറത്ത് ലഭിക്കുന്ന നാട്ടിലെ രാഷ്ട്രീയ നേതാക്കന്‍മാരുടെ ശൈലിയാണ്  അവിടെ പ്രയോഗിച്ചത്. അതുകൊണ്ടുതന്നെ 2011-ലും, 2013-ലും എതിരില്ലാതെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം സമയബന്ധിതമായി നടപ്പിലാക്കുവാന്‍ സാധിച്ചു. പക്ഷെ 2015-ല്‍ വീണ്ടും മത്സരിക്കുവാന്‍ അവസരം ലഭിച്ചു എങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളോടും താല്ക്കാലികമായി വിട പറഞ്ഞു. ബിസിനസിലേക്ക് തിരിഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകനായ കുടുംബനാഥനെ തങ്ങള്‍ക്ക് നന്നായി മിസ്സ് ചെയ്യുന്നു എന്ന കുടുംബത്തിന്‍റെ പരാതിയായിരുന്നു പൊതുപ്രവര്‍ത്തനത്തില്‍ നിന്നും ഒരു ഇടവേളയ്ക്ക് തീരുമാനമെടുക്കാന്‍ കാരണം.


ബിസിനസിലേക്ക്
സാമൂഹ്യ പ്രവര്‍ത്തനം ഉപേക്ഷിച്ച് പൂര്‍ണ്ണമായും കുടുംബത്തോടൊപ്പം, അവരുടെ സന്തോഷങ്ങള്‍ക്കൊപ്പം കൂടിയപ്പോള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി ബിസിനസ് സംരംഭം ആരംഭിച്ചു. ചെറിയ സമയം കൊണ്ട് വലിയ തലങ്ങളില്‍ ഉയരുവാന്‍ സാധിച്ച ബിസിനസ് സംരംഭം. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ബിസിനസ് പുതിയ തലങ്ങളിലേക്ക് വളര്‍ന്നു എന്ന് പറയുമ്പോള്‍ റോബിന്‍ ഇലക്കാട്ട് എന്ന വ്യക്തി താന്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തം.


വീണ്ടും രാഷ്ട്രീയത്തിലേക്ക്,  ഇത് ചരിത്ര നിയോഗം
രാഷ്ട്രീയത്തില്‍നിന്നും എത്ര മാറി നിന്നാലും നിയോഗം എന്ന വാക്കിന് മറ്റൊരു ശക്തി കൂടിയുണ്ട്. അതില്‍ ദൈവികതയും അടങ്ങിയിരിക്കുന്നു എന്ന സത്യം. 2019-ല്‍ സിറ്റിയുടെ മേയറായിരുന്ന യൊലാന്‍ഡ ഫോര്‍ഡിന്‍റെ കെടുകാര്യസ്ഥതയില്‍ സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നിരുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. ഈ സമയത്ത് റോബിന്‍ ഇലക്കാട്ടിന് ഓഫര്‍ വരുന്നു. മേയറെ മാറ്റണം എന്ന ഇഷ്യുവും നിലവിലുള്ള സാഹചര്യവും ഉണ്ടായി. അങ്ങനെ മത്സര രംഗത്തേക്ക് കടന്നു. അപ്പോഴാണ് ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകം നടക്കുന്നത്. ബ്ലാക്ക് വിഭാഗത്തിലെ വോട്ടുകള്‍ ഞാണില്‍മേല്‍ കയറുമെന്ന് ഉറപ്പായ സമയം. പക്ഷെ ട്രമ്പിന്‍റെ പരാജയം ബ്ലാക്കുകള്‍ക്ക് സന്തോഷമായത് തുണയായി. ആ സമയത്ത് ഒരാള്‍ കൂടി സ്ഥാനാര്‍ത്ഥിയായി വന്നു. പിന്നെ ത്രികോണ മത്സരമായിരുന്നു. 2020 നവംബര്‍ 3-ന് ഇലക്ഷന്‍ നടന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. റണ്‍ ഓഫ് ഇലക്ഷനിലേക്ക് പോയി. റോബിന്‍ ഇലക്കാട്ട് നന്നായി വര്‍ക്ക് ചെയ്തു. മുന്‍പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ചു. ട്രമ്പിനെതിരെ ബ്ലാക്കുകളുടെ രോക്ഷം അദ്ദേഹത്തിന്‍റെ പരാജയത്തോടെ മാറിക്കിട്ടി. ഡിസംബര്‍ പന്ത്രണ്ട് 2020 തെരഞ്ഞെടുപ്പ് നടന്നു. ഇന്ത്യന്‍ സമൂഹവും, വിശിഷ്യ മലയാളി സമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു 52% വോട്ട് നേടി റോബിന്‍ ഇലക്കാട്ട് വിജയിച്ചു. ചരിത്രത്തിലെഴുതപ്പെട്ട വിജയം.


മേയറായ ശേഷം റോബിന്‍ ഇലക്കാട്ട് സിറ്റിയില്‍ കൊണ്ടു വന്ന ഒരു പ്രധാന രാഷ്ട്രീയ തീരുമാനം ടേം ലിമിറ്റ് കൊണ്ടുവന്നു എന്നതാണ്. ഒരു മേയര്‍ നാല് തവണയില്‍ കൂടുതല്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ പാടില്ല എന്ന് സിറ്റി പാസാക്കിയെടുത്തു. മൂന്ന് വര്‍ഷം വീതം നാല് തവണ മേയറായി തുടരാം. 7:0 വോട്ടിംഗിലാണ് റോബിന്‍ ഇലക്കാട്ട് ഈ നിയമം പാസാക്കിയെടുത്തത്. ചരിത്രപരമായ ഒരു തീരുമാനമായിരുന്നു ഇത്.
നാട്ടില്‍ നിന്ന് പഠിച്ച രാഷ്ട്രീയ പാഠം 
വിളിപ്പുറത്ത് ഒരു മേയര്‍

കേരളത്തിന്‍റെ മണ്ണില്‍നിന്നും പഠിച്ച രാഷ്ട്രീയ പാഠം തന്‍റെ അമേരിക്കന്‍ രാഷ്ട്രീയ ജീവിതത്തിന് ഏറെ ഗുണംചെയ്തു എന്ന് റോബിന്‍ ഇലക്കാട്ട് പറയുന്നു. കാരണം രസകരമാണ്. നാട്ടിലെ എം.എല്‍.എമാരും, എം.പിമാരുമൊക്കെ ജനങ്ങളോട് ബന്ധപ്പെടുന്നതുപോലെ ഒരു സംവിധാനം അമേരിക്കയില്‍ ഇല്ല. റോബിന്‍ തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നാട്ടിലെ വോട്ടുപിടുത്ത രീതിയായിരുന്നു ഉപയോഗിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നിലകൊണ്ടു. 'വിളിപ്പുറത്ത് ഒരു മേയര്‍' അവര്‍ക്കുണ്ട് എന്ന് മിസ്സൂറിയിലെ ജനങ്ങള്‍ക്ക് കാണിച്ചു അദ്ദേഹം കൊടുത്തു.
മേയറായതിന് ശേഷം സിറ്റിയില്‍ നടപ്പില്‍ വരുത്തിയ പദ്ധതികള്‍ക്ക് കണക്കില്ല. ഒരു സിറ്റിക്ക് ആവശ്യമായതെല്ലാം നടപ്പിലാക്കാന്‍ ജനങ്ങള്‍ക്കൊപ്പം എപ്പോഴും റോബിന്‍ ഇലക്കാട്ട് എന്ന ജനകീയ മേയര്‍ ഉണ്ട്.


 മിസ്സൂറി സിറ്റിയുടെ രണ്ടാമൂഴം 
വീണ്ടും മിസ്സൂറി സിറ്റിയുടെ മേയറായി റോബിന്‍ ഇലക്കാട്ട്  മത്സരിക്കാന്‍  2022 ആഗസ്റ്റ് ഒന്നിന് രണ്ടാം ടേമിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ തന്‍റെ പിതാവ് ഫിലിപ്പ് ഇലക്കാട്ട് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 2021 ൽ  നിര്യാതയായ അമ്മ ഏലിയാമ്മയുടെ അദൃശ്യ സാന്നിദ്ധ്യം കൂട്ടായി ഉണ്ടായിരുന്ന ഒരു ചടങ്ങുകൂടിയായി അത്. സിറ്റിയിലെ ഓരോ പൗരന്മാരെയും നേരിട്ടു കണ്ടു .മുൻ വർഷങ്ങളിലെ ഭാരന്മാരമായ നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു .വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടു . എല്ലാ പൗരന്മാര്‍ക്കും ജീവിക്കാനും ജോലി ചെയ്യാനുമുള്ള ഇടമാക്കി സിറ്റിയെ മാറ്റുമെന്ന് ജനങ്ങൾക്ക് കൊടുത്ത വാക്ക് അക്ഷരം പ്രതി അദ്ദേഹം നടപ്പിലാക്കുന്നു . സിറ്റി കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയാണ്  തന്‍റെ രണ്ടാം ടേമിലൂടെ .സിറ്റിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു . ഒരു പക്ഷെ അമേരിക്കന്‍ സിറ്റികളുടെ ചരിത്രത്തില്‍ റോബിന്‍ ഇലക്കാട്ടിനോളം ജനകീയനായ ഒരു മേയര്‍ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്


കെ.ആര്‍. നാരായണന്‍ ഒരു മാതൃക
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തുടക്കം കുറിക്കുവാന്‍ റോബിന്‍ ഇലക്കാട്ടിന് സാധിച്ചുവെങ്കിലും അതിന് മാതൃകയായ ഒരു വ്യക്തിത്വം മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ശ്രീ. കെ. ആര്‍. നാരായണന്‍ ആണ്. കോട്ടയത്തിന്‍റെ മണ്ണില്‍നിന്ന് വിവിധ രാജ്യങ്ങളില്‍ അംബാസഡറായി പ്രവര്‍ത്തിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വന്ന് മന്ത്രിയായി, ഒടുവില്‍ ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ ജീവിതം ഓരോ മലയാളികളും ഓര്‍മ്മിക്കണം. ഏത് നാട്ടിലായിക്കോട്ടെ, എവിടെ നിന്നു വന്നു എന്നുള്ളതല്ല, നമുക്ക് എന്തെല്ലാം ഇനിയും ചെയ്യാനുണ്ട് എന്ന് ചിന്തിക്കുക. മുന്‍പേ പോയവരുടെ പുസ്തകത്താളുകളുടെ ബാക്കിയായി നമുക്കും ചരിത്രം എഴുതേണ്ടതുണ്ട്. അതിനായി ശ്രമിക്കാം. പുതുവഴികള്‍ നമ്മള്‍ തന്നെ തുറക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.


റോബിന്‍ എന്ന സിനിമക്കാരന്‍
മലയാളിക്ക് സിനിമ ഒരു ഹരമാണ്. അതിപ്പോള്‍ അമേരിക്കയിലെത്തിയാലും മാറ്റമില്ല. റോബിന്‍ നല്ലൊരു സിനിമാ പ്രേമിയാണ്. അതു മാത്രമല്ല നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യും. നമ്പി നാരായണന്‍റെ  കഥ സിനിമയായ റോക്കറ്റ് ട്രീ എന്ന സിനിമയ്ക്കായി  ഒരു പ്രൊമോഷന്‍ വെച്ചിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ മാധവന്‍, നമ്പിനാരായണന്‍ തുടങ്ങിയവര്‍ക്ക് സിറ്റി നല്‍കിയ ആദരവും ശ്രദ്ധേയമായിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ ഇഷ്ട നടന്‍മാര്‍ ആണെങ്കിലും പൃഥ്വിരാജിനോടാണ് കൂടുതല്‍ ഇഷ്ടം. മലയാളി കീഴടക്കിയ ഇടങ്ങളെക്കുറിച്ച് ആത്മകഥാംശമുള്ള ഒരു സിനിമ തന്‍റെ മനസിലും ഉണ്ടെന്ന് റോബിന്‍ പറയുന്നു.
തന്‍റെ സിറ്റിയിലെത്തുന്ന പ്രഗത്ഭരായ മലയാളികള്‍ക്കെല്ലാം സിറ്റിയുടെ ആദരവ് നല്‍കാന്‍ റോബിന്‍ ഇലക്കാട്ട് ശ്രമിക്കാറുണ്ട്. എവിടെയെത്തിയാലും മലയാളി എന്ന വികാരം നമ്മോടൊപ്പം ഉള്ളതല്ലേ. തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മറ്റും മലയാളി സാന്നിദ്ധ്യം ജന്മനാടിന്‍റെ അംഗീകാരമായി കാണുന്നു.


കുടുംബം, ശക്തി
അമ്മ ഏലിയാമ്മ അമേരിക്കയിലെത്തിയതാണ് തനിക്ക് ഈ വളര്‍ച്ചയുണ്ടാകാനുണ്ടായ അടിസ്ഥാന കാരണം. അമ്മ നല്‍കിയ ഊര്‍ജ്ജമാണ് ഓരോ മക്കളുടേയും വളര്‍ച്ചയുടെ ആണിക്കല്ല്. പിതാവ് ഇലക്കാട്ട് ഫിലിപ്പാണ് തന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ പ്രചോദനം. അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ 20 വര്‍ഷം ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം നല്‍കിയ പട്ടാളച്ചിട്ടയും, നാടിനു വേണ്ടി നടത്തിയ സേവനവുമാണ് ജീവിതത്തിന്‍റെ മറ്റൊരു ധന്യതയ്ക്ക് കാരണം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പൂര്‍ണ്ണമായും സത്യസന്ധനായിരിക്കണം എന്ന പിതാവിന്‍റെ സാക്ഷ്യമാണ് തന്നെ നയിക്കുന്നതെന്ന് റോബിന്‍ ഇലക്കാട്ട് പറയുന്നു.
ചങ്ങനാശേരി കുമരങ്കരി ചെമ്മഴിക്കാട്ട് തോമസ് തങ്കച്ചന്‍, ചിന്നമ്മ ദമ്പതികളുടെ മകള്‍ ടീനയാണ് ഭാര്യ (ഫിസിഷ്യന്‍  അസിസ്റ്റന്‍റ്). മക്കള്‍ ലിയ (പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി), കെയ്റ്റിലിന്‍ (ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി) എന്നിവരുടെ പിന്തുണയാണ് ഈ ജീവിത വഴിത്താരയുടെ വിജയത്തിന്‍റെ ചാലക ശക്തിയെന്ന് നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം പറയുന്നു.


റോബിന്‍ ഇലക്കാട്ട് ഒരു ലോകമാതൃകയാണ്. യുവാക്കള്‍ മാതൃകയാക്കേണ്ട വ്യക്തിത്വം. തനിക്ക് ഒരാഗ്രഹം ഉണ്ടെങ്കില്‍, അതില്‍ നന്മയുണ്ടെങ്കില്‍ അത് സാധിച്ചെടുക്കാന്‍ ലോകത്തിന്‍റെ ഏതറ്റം വരെ പോകണമെങ്കിലും പോകാം എന്ന ദൃഢനിശ്ചയമുള്ള ഒരു മനുഷ്യന്‍റെ മാതൃക. ഈ മാതൃക അമേരിക്കയിലെ പുതുതലമുറകള്‍ക്ക് നമുക്ക് പകര്‍ന്നു കൊടുക്കാം. ഭാവിയില്‍ അമേരിക്കയുടെ ഭരണചക്രം തിരിക്കുന്നത് ഒരു മലയാളിയായിരിക്കും എന്ന് നമുക്ക് പറയാന്‍ സാധിക്കണമെങ്കില്‍ റോബിന്‍ ഇലക്കാട്ടിനെ പോലെയുള്ള യുവസമൂഹം രംഗത്ത് വരണം. വിജയത്തിലേക്കുള്ള പാത അത്ര വേഗത്തില്‍ തുറന്നു കിട്ടും എന്ന് കരുതണ്ട. മറ്റൊരു രാജ്യത്ത് ജീവിക്കുന്നു എന്നും കരുതണ്ട. പുതിയ സ്വപ്നങ്ങള്‍ കാണുക. അത് സാധൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍  തേടുക. അവിടെയാണ് റോബിന്‍ ഇലക്കാട്ട്  എന്ന കുറുമുള്ളൂര്‍ക്കാരന്‍റെ പ്രസക്തി...
മേയര്‍ റോബിന്‍ ഇലക്കാട്ട് യാത്ര തുടരുന്നു. അദ്ദേഹത്തിന്‍റെ ലക്ഷ്യത്തിലേക്ക്. നമുക്ക് അദ്ദേഹത്തിനൊപ്പം കൂടാം ഈ വഴിത്താരകള്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്താകട്ടെ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.