VAZHITHARAKAL

നിലപാടുകളുടെ സഹയാത്രികൻ ;സന്തോഷ് നായർ (ചിക്കാഗോ )

Blog Image
"വിജയത്തെക്കുറിച്ച് മറ്റൊരാളുടെ പുസ്തകം വായിക്കുന്നതിന് പകരം നിങ്ങളുടെ സ്വന്തം പുസ്തകം എഴുതുക എന്നതാണ് ശരി "

നിലപാടുകളാണ് ആത്മാര്‍ത്ഥതയുള്ള നേതാക്കന്മാരുടെ ആത്മബലം. ആ ആത്മബലം ലോകത്തിന്‍റെ ഏതറ്റത്തു വരെ പോയാലും കരുത്താകും. അവര്‍ ഇടപെടുന്ന ഇടങ്ങളിലെല്ലാം ആ നന്മ തിളങ്ങിനില്‍ക്കും. സ്വന്തം നിലപാടുകളാണ് എക്കാലത്തേയും തന്‍റെ വിജയത്തിനാധാരം എന്ന് അഭിമാനത്തോടെ പറയുന്ന ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയില്‍ പരിചയപ്പെടാം. സന്തോഷ് നായര്‍, ചിക്കാഗോ...


സംഗീത കുടുംബവും പഠനവും
പാലാ ടൗണ്‍  ചൊള്ളാനിക്കല്‍ ബാലകൃഷ്ണന്‍ നായരുടെയും, ലക്ഷ്മിക്കുട്ടിയമ്മയുടെയും അഞ്ചാമത് പുത്രന്‍. അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ ബിസിനസ്സുകാരനായിരുന്നു. അതിലുപരി അദ്ദേഹം ഒരു കലാകാരന്‍ കൂടിയായിരുന്നു. അറിയപ്പെടുന്ന വയലിനിസ്റ്റ്.  ശാസ്ത്രീയ സംഗീത അദ്ധ്യാപകനായിരുന്ന അദ്ദേഹം പാലാ പള്ളിയിലെ വയലിന്‍ അദ്ധ്യാപകനും ആയിരുന്നു. സമ്പൂര്‍ണ്ണ കലാകാരന്‍ ആയിരുന്നു എങ്കിലും ജീവിതത്തിന്‍റെ ചിട്ടകളെ കുറിച്ചും കുടുംബത്തെക്കുറിച്ചും തികഞ്ഞ ബോധവാനായിരുന്നു അദ്ദേഹം. കുട്ടികളെ പഠിപ്പിക്കുക, ഒപ്പം കലാവാസനകള്‍ പരിപോഷിപ്പിക്കുവാനുള്ള അവസരവും അദ്ദേഹം നല്‍കിയിരുന്നു. പക്ഷെ പഠനമായിരുന്നു മുഖ്യം. അഞ്ചാം ക്ലാസ് വരെ പാലാ  ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍, 6 മുതല്‍ 10 വരെ സെന്‍റ് തോമസ് ഹൈസ്കൂള്‍, പ്രീഡിഗ്രിയും ഡിഗ്രിയും സെന്‍റ് തോമസ് കോളേജ് പാലായിലും പഠനം. ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും നേടി. പൂന യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബിക്ക് പഠനം. രണ്ടാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ അമേരിക്കയില്‍ ജോലിയുള്ള ഗീതാ നായരുമായി വിവാഹം. 1997-ല്‍ അമേരിക്കയിലേക്ക്.


കെ.എസ്.യുവില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം; സമ്പൂര്‍ണ്ണ കോണ്‍ഗ്രസ്സുകാരന്‍
ചെറുപ്പത്തിലെ സിരകളില്‍ വേരൂന്നിയ പ്രസ്ഥാനമാണ് സന്തോഷിന് കോണ്‍ഗ്രസ്. കെ. എസ്.യുവിലൂടെ തുടങ്ങിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം ഇടവേളകളില്ലാതെ ഇപ്പോഴും തുടരുന്നു. അമേരിക്കയിലെത്തിയപ്പോഴും നാട്ടിലെ സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കഴിയുന്നത് കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള ആദരവും സ്നേഹവും കൊണ്ട് മാത്രം. കെ.എസ്.യുവിന്‍റെ പാലാ സെന്‍റ് തോമസ് സ്കൂള്‍ പ്രവര്‍ത്തകനില്‍ നിന്ന് താലൂക്ക്, ജില്ലാ ഭാരവാഹിത്വങ്ങളിലേക്കുള്ള വളര്‍ച്ച യൂത്ത് കോണ്‍ഗ്രസ്സിലേക്ക് എത്തി. പാലാ മണ്ഡലം  സെക്രട്ടറി, ബ്ലോക്ക് പ്രസിഡന്‍റ് 1983-ല്‍ ഡി.സി.സി. മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, 1997-ല്‍ അമേരിക്കയിലേക്ക് പോകുന്ന സമയത്ത് ഈ പദവിയില്‍ത്തന്നെ സജീവം. കോളേജ് കാലം കഴിഞ്ഞ് പാലാ മുന്‍സിപ്പാലിറ്റിയിലേക്ക് മത്സരിച്ചുവെങ്കിലും ചെറിയ വ്യത്യാസത്തിന് പരാജയപ്പെട്ടു. കോണ്‍ഗ്രസ് പിളര്‍ന്ന സമയത്ത് മുതല്‍ എ ഗ്രൂപ്പിലേക്ക് മാറി. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആന്‍റോ ആന്‍റണി തുടങ്ങിയ ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കന്മാരുമായി ഇപ്പോഴും ഇഴമുറിയാത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു. കോണ്‍ഗ്രസിലെ ആദര്‍ശധീരന്‍ വി.എം. സുധീരനുമായി ഉള്ള ബന്ധം ആദര്‍ശങ്ങള്‍ക്ക് അപ്പുറത്തേക്കുള്ള കരുതലായി ഇന്നും സൂക്ഷിക്കുന്നു.


സൗഹൃദം, സമ്പത്ത്
എക്കാലത്തേയും തന്‍റെ  ബലം സുഹൃത്തുക്കളാണെന്ന് സന്തോഷ് നായര്‍ പറയും. ചെറുപ്പകാലത്ത് ഒപ്പം പഠിച്ച സുഹൃത്തുക്കള്‍ മുതല്‍ ഒരു യാത്രയില്‍ ലഭിക്കുന്ന ചെങ്ങാതി വരെ പ്രിയതരം.
ഒരു പൊതുപ്രവര്‍ത്തകന്‍ എപ്പോഴും എല്ലാവരുടേയും നല്ല സുഹൃത്തായിരിക്കണം. സാധാരണ ജനങ്ങളുടെ ന്യായമായ ആഗ്രഹവും, ആവശ്യങ്ങളും സാധിച്ചു കൊടുക്കാന്‍ ഒരു പൊതുപ്രവര്‍ത്തകന്‍ സദാ ബാദ്ധ്യസ്ഥനാണ്. ഒപ്പം നില്‍ക്കുന്നവര്‍ക്കൊപ്പം ഹൃദയം കൊണ്ട് കൂട്ടുനില്‍ക്കണം. പാലായിലായാലും അമേരിക്കയിലായാലും. അത് അക്ഷരം പ്രതി പാലിക്കുന്നു അദ്ദേഹം.


അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തനം
കേരളത്തിന്‍റെ മണ്ണില്‍നിന്ന് അമേരിക്കന്‍ മണ്ണിലേക്ക് പറിച്ചുനടപ്പെട്ട സന്തോഷ് നായര്‍ക്ക് പൊതുപ്രവര്‍ത്തനം തന്‍റെ രക്തത്തോടൊപ്പമുണ്ട്. ഫൊക്കാനയുടെ റീജിയണല്‍ സെക്രട്ടറി. റീജിയണല്‍ വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെയാണ് അമേരിക്കയിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓവര്‍സീസ് കോണ്‍ഗ്രസിന് തുടക്കമാകുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ നാഷണല്‍ സെക്രട്ടറി, ഇപ്പോള്‍ ഐ.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ വിവിധ സമയങ്ങളായി പ്രവര്‍ത്തനം. ഒപ്പം ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ബോര്‍ഡ് മെമ്പര്‍  ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 


സംഘടനാ രംഗത്ത് സജീവമാകുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളും പാര്‍ട്ടിയെ ബാധിക്കുമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. 1977-ലെ കോണ്‍ഗ്രസ് പിളര്‍പ്പ് മുതല്‍ ഇപ്പോള്‍ വരെയും എ ഗ്രൂപ്പ് പ്രവര്‍ത്തകനാണെന്ന് പറയുന്നതില്‍ സന്തോഷ് നായര്‍ക്ക് മടിയില്ല. കാരണം നിലപാടില്‍ ഉറച്ചുനില്‍ക്കുക എന്നതാവണം ഒരു യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകന്‍റെ അടിസ്ഥാന ധര്‍മ്മം.
മതേതരത്വവും, ജനാധിപത്യവും കോണ്‍ഗ്രസും
ഇന്ത്യാമഹാരാജ്യത്തില്‍ കോണ്‍ഗ്രസിന് മാത്രമേ മതേതരത്വവും, ജനാധിപത്യവും അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കാത്തുസൂക്ഷിക്കാനാവു എന്ന് തുറന്നു പറയുന്നതിന് അദ്ദേഹത്തിന് മടിയില്ല. മനുഷ്യന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് കളങ്കമില്ലാതെ കടന്നുചെല്ലുവാന്‍  ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് സാധിക്കുന്നതു പോലെ മറ്റൊരാള്‍ക്ക് കഴിയില്ല. ഇപ്പോഴും നാട്ടിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് ചില പ്രയാസങ്ങള്‍ ഉണ്ടായാല്‍ സൗഹൃദത്തിന്‍റെ പുറത്ത് വിളിക്കും. അവര്‍ക്കെല്ലാം സഹായവുമായി സന്തോഷ് നായരുണ്ടാകും. സൗഹൃദം നല്‍കുന്ന ഒരു ഉറപ്പു കൂടിയാണ് അദ്ദേഹത്തിന്‍റെ ഓരോ ഇടപെടലുകളും.


രാഷ്ട്രീയക്കാരനില്‍ നിന്ന് ഔദ്യോഗിക ജീവിതത്തിലേക്ക്
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനവും പാതിയാക്കിയ എല്‍.എല്‍.ബിയും കൈമുതലായി അമേരിക്കയിലെത്തിയപ്പോഴാണ് ഔദ്യോഗികമായി ജീവിതത്തെ കരുപിടിപ്പിക്കാന്‍ അമേരിക്കന്‍ സിസ്റ്റത്തിലേക്ക് മാറണം എന്ന് മനസിലായത്. കമ്പ്യൂട്ടര്‍ പഠിച്ചു. നെറ്റ്വര്‍ക്ക് അസിസ്റ്റന്‍റായി 2003 വരെ ജോലി. തുടര്‍ന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ മൂന്ന് വര്‍ഷം. തുടര്‍ന്ന് ബിസിനസ്സിലേക്ക് തിരിഞ്ഞു. ഇപ്പോഴും അത് തുടരുന്നു.


പാലായും കോണ്‍ഗ്രസും രക്തത്തിലലിഞ്ഞ വികാരം
ജന്മനാട് അമ്മയ്ക്ക് തുല്യമെന്നാണല്ലോ. പാലാക്കാര്‍ ലോകത്തെവിടെ എത്തിയാലും ഒരു കൂട്ടായ്മയുണ്ടാക്കും. ചിക്കാഗോയിലെ പാലാ കൂട്ടായ്മയില്‍ 1989 മുതല്‍ സജീവം. പാലാ കുരിശുപള്ളിക്കവല ഇപ്പോഴും ഓരോ പാലാക്കാരനും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഇടം. മാതാവിന്‍റെ മണ്ണില്‍ നിന്ന് എവിടേക്ക് പോയാലും ആ അമ്മയുടെ കരുതല്‍ തണലാകുന്നു. പാലായുടെ ഏറ്റവും വലിയ പ്രത്യേകത മതസൗഹാര്‍ദ്ദമാണ്. ജാതി മത വര്‍ഗ്ഗ വ്യത്യാസമില്ലാതെ പാലാക്കാരുടെ കൂടിച്ചേരലുകള്‍ ഒരു നാടിന്‍റെ സൗഹൃദത്തിന്‍റെ നിറസാന്നിദ്ധ്യമാകുന്നു. അതുകൊണ്ടു തന്നെ സന്തോഷ് നായര്‍ എല്ലാ വര്‍ഷവും നാട്ടിലെത്തും. നാട്ടിലെത്തിയാലുടന്‍ പഴയ പൊതുപ്രവര്‍ത്തകനായി ജനങ്ങള്‍ക്കൊപ്പം. അവര്‍ക്ക് സഹായമായി ഒപ്പം കൂടുമ്പോള്‍ ഒരു സന്തോഷം. പാര്‍ലമെന്‍റ്, നിയമസഭ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വേണ്ടി വോട്ടു പിടുത്തവുമായി സജീവം.


കോണ്‍ഗ്രസ് തിരികെ വരും
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇല്ലാത്ത ഒരു ഭാരതത്തെക്കുറിച്ച് ഒരു ഇന്ത്യന്‍ പൗരനും ചിന്തിക്കാനാവില്ല. അത്രത്തോളം ജനമനസ്സില്‍ വേരുറച്ച പ്രസ്ഥാനമാണത്. രാജ്യത്തിന്‍റെ മതേതരത്വം കാത്തുസൂക്ഷിക്കുവാന്‍, പ്രധാനമായും വര്‍ഗ്ഗീയതയെ ചെറുക്കുവാന്‍ കോണ്‍ഗ്രസിനെ കഴിയു. 'ഇന്ത്യയില്‍ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിക്കും  ഭരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ പണാധിപത്യവും, മതാധിപത്യവും, അവസരവാദികളും ഇന്ത്യ ഭരിക്കുന്നു. ഇത് ഇന്ത്യയിലെ ജനങ്ങള്‍ ക്രമേണ തിരിച്ചറിയും. ഇവയെ ചെറുക്കാന്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകും. കാലം അത് ആവശ്യപ്പെടുന്ന സമയം വിദൂരമല്ല. കാരണം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രം. പണാധിപത്യവും മതാധിപത്യവും ഒരു രംഗത്തും ശരിയല്ല എന്ന ഉറച്ച നിലപാടാണ് സന്തോഷ് നായര്‍ക്ക് ഉള്ളത്.


വായന, യാത്ര, സൗഹൃദങ്ങള്‍
ജീവിതത്തിലെ എത്ര തിരക്കിനിടയിലും പത്ര, പുസ്തകവായനകള്‍ സജീവം. ഒരു പൊതുപ്രവര്‍ത്തകന് സമൂഹവുമായി സംവദിക്കണമെങ്കില്‍ സമകാലികമായ പ്രശ്നങ്ങളെക്കുറിച്ച് തികഞ്ഞ ധാരണയുണ്ടാവണമെന്നാണ് സന്തോഷ് നായരുടെ പക്ഷം. രാഷ്ട്രീയത്തിനപ്പുറത്ത് മനുഷ്യനായി നില്‍ക്കാന്‍ പുസ്തകവായന കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും സാധിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് വേണ്ട മാന്യത, സത്യസന്ധത, നേരും നെറിയും എന്നിവയാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ കൈമുതല്‍.
യാത്ര, സൗഹൃദങ്ങള്‍ ഒക്കെ സമൃദ്ധമായി ആഘോഷിക്കുവാന്‍ സന്തോഷ് നായര്‍ക്ക് കഴിയുന്നത് ഈ നന്മയും, സാമൂഹ്യ ബോധവും ഉള്ളില്‍ സൂക്ഷിക്കുന്നതു കൊണ്ടാണ്.


കുടുംബം
കുടുംബം വളര്‍ന്നാണ് സമൂഹമുണ്ടാകുന്നത്. കുടുംബത്തിന്‍റെ നന്മയാണ് ഒരു പൊതുപ്രവര്‍ത്തകന്‍റെ ജീവനാഡി. സന്തോഷ് നായര്‍ക്ക് കുടുംബം എല്ലാവരേയും പോലെ തന്നെ ഒരു കരുതലാണ്. ചിട്ടയായി വളര്‍ന്ന് ചിട്ടയായി ജീവിച്ച ഒരു കുടുംബത്തില്‍ നിന്ന് അമേരിക്കയിലെത്തി പുതിയ ജീവിതത്തിന് ഹരിശ്രീ കുറിച്ചപ്പോഴും നാട്ടുനന്മയുടെ സന്തോഷം സ്വന്തം വീട്ടിലും ഉണ്ടാക്കിയെടുത്തു. അതിന് കാരണക്കാരി ഭാര്യയും മൂന്ന് മക്കളുമാണ്. ഭാര്യ ഗീതാ നായര്‍ റെസ്പിറേറ്ററി തെറാപ്പിസ്റ്റാണ്. മക്കളായ സംഗീത നായര്‍ അക്കൗണ്ടിംഗ് കഴിഞ്ഞ് സി.പി.എയ്ക്ക് പഠിക്കുന്നു. ലക്ഷ്മി നായര്‍ ഡിഗ്രി പഠനം കഴിഞ്ഞ് ഉപരിപഠനത്തിലേക്ക്, പാര്‍വ്വതി നായര്‍ അച്ഛന്‍റെ മാതൃക പിന്തുടര്‍ന്ന് ഇക്കണോമിക്സില്‍ ഡിഗ്രി മൂന്നാം വര്‍ഷം. മൂന്ന് മക്കളും സംഗീതത്തിലും, നൃത്തത്തിലും പ്രതിഭ തെളിയിച്ചവര്‍. മുത്തച്ഛന്‍റെ സംഗീത പാരമ്പര്യം മക്കള്‍ക്ക് ലഭിച്ചതില്‍ സന്തോഷ് നായര്‍ ഈശ്വരനോട് നന്ദി പറയുന്നു. സന്തുഷ്ട കുടുംബവുമായി അദ്ദേഹം മുന്നോട്ട് നീങ്ങുമ്പോഴും ഒരു പൊതു പ്രവര്‍ത്തകന് ഉറച്ച നിലപാടും, കരുതലുമെല്ലാം ഉണ്ടാകുന്നത് കുടുംബത്തിന്‍റെ പിന്തുണ കൊണ്ടാണ് എന്ന് തിരിച്ചറിയുന്നു.
അതെ, സന്തോഷ് നായര്‍ ഒരു മാതൃകയാണ്. നിലപാടുകള്‍ ഉള്ള ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ധൈര്യസമേതം ചൂണ്ടുവിരല്‍ ഉയര്‍ത്താവുന്ന ഒരു മാതൃക. താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയും അതിനായി വാദിക്കുകയും അത് സമൂഹ നന്മയ്ക്ക് വേണ്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകര്‍ക്ക്, സാധാരണ ജനങ്ങള്‍ക്ക്, വിദ്യാര്‍ത്ഥികള്‍ക്ക്, കുടുംബങ്ങള്‍ക്ക്, സമൂഹത്തിന് കളങ്കമില്ലാത്ത ഒരു മാതൃക. പൊതുപ്രവര്‍ത്തനം നേരും നെറിയും ആത്മാര്‍ത്ഥതയും നിറഞ്ഞതാകണമെന്ന ആദര്‍ശത്തില്‍ സന്തോഷ് നായര്‍ ഉറച്ചു നില്‍ക്കുന്നു. അദ്ദേഹം തന്‍റെ നിലപാടില്‍ ഉറച്ചുനില്‍ക്കട്ടെ. അത് എപ്പോഴും നന്മയുടെ നിലപാട് ആണെന്ന് അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ തിരിച്ചറിയട്ടെ. ആശംസകള്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.