VAZHITHARAKAL

ശശിധരൻ നായർ: പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വം

Blog Image
'ആന്തരിക വെളിച്ചം, ആന്തരിക കാഴ്ച,  ആന്തരിക ശക്തി എന്നീ മൂന്ന് കാര്യങ്ങളാണ് ഒരു യഥാര്‍ത്ഥ  നേതൃത്വത്തിന്‍റെ ലക്ഷണം'

അമേരിക്കയില്‍ ഒരു ശശിധരന്‍ നായരെ ഉള്ളു. അത് മലയാളികള്‍ക്ക് പ്രിയപ്പെട്ട ശശിയേട്ടന്‍, ശശിയണ്ണന്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ശശിധരന്‍ നായരാണ്. ഇപ്പോഴും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിദ്ധ്യമായ, കര്‍മ്മനിരതനായ വ്യക്തിത്വവുമാണ്. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ റിട്ടയര്‍മെന്‍റില്ല എന്ന് വിശ്വസിക്കുന്ന ശശിധരന്‍ നായര്‍ പിന്നിട്ട വഴികള്‍ പുതുതലമുറയ്ക്ക് പാഠമാകേണ്ട വഴിത്താരകളാണ്. നിശ്ചയ ദാര്‍ഢ്യവും, അര്‍പ്പണ മനോഭാവവും, കഷ്ടപ്പെടാനുള്ള മനസ്സും, ക്ഷമയും ജീവിതത്തില്‍ അനുവര്‍ ത്തിച്ചാല്‍ ജീവിതത്തിന്‍റെ ഏത് പടവും നിഷ്പ്രയാസം നടന്ന് കീഴ്പ്പെടുത്താം എന്ന് പഠിപ്പിക്കുന്ന വിജയപാഠം.
അതെ, ശശിധരന്‍ നായര്‍ ഒരു വഴികാട്ടിയാണ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്... ഒരു സംരംഭകന്... ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്... ഒരു വിദ്യാര്‍ത്ഥിക്ക്... ഒരു മനുഷ്യന്...
കോഴഞ്ചേരി മേലുകര കാഞ്ഞിരമണ്‍ മനയ്ക്കല്‍ തറവാട് പുരാതന വൈദ്യര്‍ കുടുംബമാണ്. ഏതു സമയവും നാട്ടുകാര്‍ക്ക് തങ്ങളുടെ രോഗ വിവരങ്ങള്‍ ബോധിപ്പിക്കുവാനും, മരുന്നുകള്‍ വാങ്ങുവാനും ആശ്രയിക്കുന്ന മേലുകരയിലെ ഏക വൈദ്യര്‍ കുടുംബം. ധന്വന്തരി ദേവന്‍, ലാടഗുരു തുടങ്ങിയ ദൈവിക സാന്നിദ്ധ്യങ്ങള്‍ ഈ വീട്ടില്‍ കുടികൊള്ളുന്നു എന്ന് ഐതീഹ്യം. നാനൂറ് വര്‍ഷത്തില്‍പ്പരം പഴക്കമുള്ള വലിയ കാഞ്ഞിരമണ്‍ കുടുംബത്തിലെ മനയ്ക്കല്‍ വീട്ടിലാണ് ശശിധരന്‍ നായരുടെ ജനനം. അച്ഛന്‍ ഗോപാലപിള്ള വൈദ്യന്‍, അമ്മ രോഹിണിയമ്മ. സഹോദരന്‍ പരേതനായ രവീന്ദ്രനാഥന്‍ നായര്‍, സഹോദരി ജയകുമാരി.


പഠനവും, ജീവിതത്തിലെ വഴിത്തിരിവുകളും
ചെറുപ്പകാലം മുതലെ ശശിധരന്‍ നായര്‍ക്ക് മുതല്‍ക്കൂട്ടായി ലഭിച്ച ഒരു ഭാവം ആണ് സൗമ്യത. തന്‍റെ ജീവിത വഴികളില്‍ ഒപ്പമുള്ള ഈ ലാളിത്യം അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കുന്നു. സ്കൂള്‍ കാലങ്ങള്‍ എല്ലാം ഏതെങ്കിലും തരത്തില്‍ വഴിത്തിരിവുകള്‍ ഉണ്ടായ പഠന കാലങ്ങള്‍ ആയിരുന്നു ശശിയേട്ടന്.
മേലുകര മാര്‍ത്തോമ എല്‍പി സ്കൂള്‍ , സെന്‍റ് തോമസ് ഹൈസ്കൂള്‍ കോഴഞ്ചേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു കോളേജ് അഡ്മിഷന്‍ കിട്ടുവാന്‍ സഹായിച്ചത് മണ്ടലത്തില്‍ ജോണ്‍ സാറായിരുന്നു. കോഴഞ്ചേരി സെന്‍റ് തോമസ് കോളജില്‍ പ്രീഡിഗ്രിയും, ബി.എസ്.സി. കെമിസ്ട്രിയും  പൂര്‍ത്തിയാക്കി. പഠനകാലത്ത് മികച്ച വിദ്യാര്‍ത്ഥി ആയിരുന്നില്ല താന്‍ എന്ന് ശശിധരന്‍ നായര്‍ തന്നെ പറയുന്നു. പക്ഷെ തന്‍റെ എല്ലാ വളര്‍ച്ചയിലും, ജീവിത ഘട്ടങ്ങളിലും തന്നെ നയിക്കാന്‍ ഒരു വഴികാട്ടി ഉണ്ടായിരുന്നു. ബിഎസ്സിക്ക് പഠിക്കുന്ന സമയത്ത് ദാനിയേല്‍സാര്‍ ആയിരുന്നു ആദ്യത്തെ വഴികാട്ടി. സാറിന്‍റെ നിര്‍ദ്ദേശങ്ങളും പഠനരീതികളും തന്നില്‍ വലിയ സ്വാധീനമുണ്ടാക്കി. ബി.എസ്സി പാസായി നില്‍ക്കുമ്പോള്‍ 1965ല്‍ അച്ഛന്‍റെ സ്നേഹിതന്‍ കയ്യാലക്കല്‍ ഗോപാലപിള്ള വഴി ബറോഡയ്ക്ക് പോകാന്‍ വഴി തുറന്നു. മകന്‍ ബാലപ്പന്‍ നായരും ഭാര്യ വത്സലയുമാണ് ബറോഡാ ജീവിതത്തില്‍ ഏറ്റവുമധികം സഹായിച്ചത്. തുടക്കത്തില്‍ ഒരു കമ്പനിജോലിയാണ് ലഭിച്ചതെങ്കിലും വളരെ വേഗം ബറോഡ മെഡിക്കല്‍ കോളജില്‍ ലാബ് ടെക്നീഷ്യനായി ജോലികിട്ടി. അവിടെ വെച്ച് ജോസഫ് സാറിനെ പരിചയപ്പെടുന്നു. അദ്ദേഹം അവിടെ ഡീന്‍ ആയിരുന്നു. ചില ബന്ധങ്ങള്‍ നമുക്കൊക്കെ വഴിത്തിരിവാകുന്നു എന്ന് പറയും പോലെ ജോസഫ് സാറുമായുള്ള ബന്ധം കോളജ് വൈസ് ഡീന്‍ ഡോ. നിയോഗിയുമായും നല്ല ബന്ധമുണ്ടാക്കുവാന്‍ ഉപകരിച്ചു. ഡോ. നിയോഗിയുടെ  സഹകരണവും പ്രോത്സാഹനവും കൊണ്ട് ബയോകെമിസ്ട്രിയില്‍ മാസ്റ്റേഴ്സ് കരസ്ഥമാക്കി. ഉടന്‍ അവിടെത്തന്നെ ലക്ചററായി ജോലിയും ലഭിക്കുന്നു. ജീവിതത്തിലെ ഒരു ടേണിംഗ് പോയിന്‍റ് ആയിരുന്നു അദ്ധ്യാപക ജോലി.  അതുകൊണ്ടാണ്  തന്‍റെ വളര്‍ച്ചയില്‍ താങ്ങും തണലുമാകുന്ന ചില വഴികാട്ടികളെ ശശിധരന്‍ നായര്‍ ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതും, അവരെ ഈശ്വരനു തുല്യം സ്മരിക്കുന്നതും.
1973-ല്‍ വിവാഹം. ഇലന്തൂര്‍ സ്വദേശിയായ പൊന്നമ്മയാണ് ജീവിതസഖിയായി കടന്നു വന്നത്. ഇംഗ്ലണ്ടില്‍ നേഴ്സായ ഭാര്യയ്ക്കൊപ്പം കടല്‍ കടക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അമേരിക്കയിലേക്ക് നേഴ്സ് വേക്കന്‍സി വരുന്നു എന്നറിയിച്ചത്. പൊന്നമ്മ ജോലിക്ക് അപേക്ഷിക്കുന്നു. അങ്ങനെ അമേരിക്കയിലേക്ക്. പക്ഷെ വിയറ്റ്നാം യുദ്ധം വന്നതോടെ ശശിധരന്‍ നായര്‍ക്ക് പൊന്നമ്മയ്ക്കൊപ്പം അമേരിക്കയ്ക്ക് പോകാന്‍ വിസ ലഭിച്ചില്ല. 1977 വരെ കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിന് അമേരിക്കയിലെത്താന്‍.


മെഡിക്കല്‍ ടെക്നൊളജിസ്റ്റില്‍ നിന്നും ബിസിനസ് സാമ്രാജ്യത്തിലേക്കുള്ള വളര്‍ച്ച
അമേരിക്കയില്‍ പോര്‍ട്ട് ആര്‍തര്‍ എന്ന സ്ഥലത്ത് പൊന്നമ്മയ്ക്കൊപ്പം ജീവിതം തുടങ്ങുമ്പോഴും ശശിയേട്ടനെയും കുടുംബത്തേയും തേടി സുഹൃത്ബന്ധങ്ങള്‍ വന്നുതുടങ്ങി. മലയാളികള്‍ വളരെ കുറവുള്ള സ്ഥലം. അവിടെ ഒ.സി. ഏബ്രഹാമും ഭാര്യ മനോരമയും, വര്‍ഗീസും കുടുംബവും ഒക്കെ പരസ്പരം സഹായികളായി. അപ്പോഴേക്കും മെഡിക്കല്‍ ടെക്നോളജിസ്റ്റായി  ജോലി ലഭിച്ചു. അപ്പാര്‍ട്ട്മെന്‍റിലെ താമസത്തിനിടയ്ക്ക് ജോലിയുടെ ഇടവേളയില്‍ ഇരുവര്‍ക്കും ആശ്വാസം ടിവി കാണലായിരുന്നു. ഭാഷയുടെ പ്രശ്നം, അധികം മലയാളികളും ഇല്ല. അറിയാവുന്നവര്‍ അല്പം അകലെ താമസിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ ടിവിയില്‍ ഒരു പരസ്യം വരുന്നു.
'കാശില്ലാതെ വീട് വാങ്ങാം'. ക്രെഡിറ്റ് കാര്‍ഡ് പോലുമില്ലാത്ത ഒരാള്‍ക്ക് സ്വന്തമായി ഒരു വീട് വാങ്ങുക അന്നത്തെ സാഹചര്യത്തില്‍ സാദ്ധ്യതയില്ലാത്തതാണ്. എങ്കിലും പരസ്യത്തിന്‍റെ നിജസ്ഥിതി അറിയാന്‍ അപേക്ഷ അയച്ചു. ഒപ്പം  അവരുടെ സര്‍വ്വീസ് ചാര്‍ജ് ആയ നൂറ്റിയന്‍പത് ഡോളറും. പക്ഷെ ആ നൂറ്റിയന്‍പത് ഡോളര്‍ ശശിധരന്‍ നായരേയും കുടുംബത്തേയും വഴിതിരിച്ചു വിട്ടത് ഒരു പുതിയ യുഗത്തിലേക്കായിരുന്നു. എങ്ങനെയാണ് ഒരു ബിസിനസ് തുടങ്ങുക,  കയ്യില്‍ കാശൊന്നും ഇല്ലാതെ തന്നെ എങ്ങനെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങാം എന്നൊക്കെ പരസ്യം നല്‍കിയ കമ്പനി അയച്ചു തന്ന വിവരങ്ങളില്‍ ഉണ്ടായിരുന്നു.
1979-ല്‍ ആദ്യകാല സുഹൃത്തുക്കളായ ഏബ്രഹാമും മനോരമയോടും 8000 ഡോളര്‍ കടം വാങ്ങി  ഹൂസ്റ്റണില്‍  ഒരു വീടുവാങ്ങുന്നു. ഇരുവര്‍ക്കും ഹൂസ്റ്റണില്‍ ജോലിയും ലഭിക്കുന്നു. അമേരിക്കയിലെ ജീവിതം തുടങ്ങുമ്പോള്‍ ജി.കെ. പിള്ള, ഭാര്യ പരേതയായ കനകവല്ലിയമ്മ, മാധവന്‍ പിള്ള, ഭാര്യ സുമംഗലാമ്മ, പരേതരായ സോമനാഥക്കുറുപ്പ് ഭാര്യ പൊന്നമ്മ എന്നിവരായിരുന്നു ആദ്യകാല സുഹൃത്തുക്കള്‍. ഹൂസ്റ്റണില്‍ പുതിയ വീട് വാങ്ങി മാറിയപ്പോള്‍ ഗൃഹപ്രവേശ സമയത്ത് വിളക്ക് കത്തിച്ച് നാമജപം കഴിഞ്ഞപ്പോള്‍ അന്ന് ഈ നാല് കുടുംബങ്ങള്‍ ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. അങ്ങനെ കേരളാ ഹിന്ദു സൊസൈറ്റി ഓഫ് ഹൂസ്റ്റണ്‍ എന്ന സംഘടനയ്ക്ക് ആരംഭം കുറിച്ചു. അത് വളര്‍ന്നാണ് ഇന്നത്തെ കെ.എച്ച്.എന്‍.എയും, മന്ത്രയും ഒക്കെയായി മാറിയത്. എം.ഡി. ആന്‍ഡേഴ്സണ്‍ ക്യാന്‍സര്‍ സെന്‍ററിലേക്കുള്ള ജോലി മാറ്റവും, ഒപ്പം ബിസിനസ് ലൈസന്‍സും ലഭിക്കുന്നു. പതിനഞ്ച് വര്‍ഷത്തോളം ജോലി. അപ്പോഴേക്കും പാര്‍ട്ട്ണര്‍ഷിപ്പില്‍ നൂറോളം വീടുകള്‍ വാങ്ങി. 1993-ല്‍ സ്വന്തമായി ബിസിനസിന് തുടക്കം കുറിച്ചു. ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് കൂടി തുടങ്ങാന്‍ തീരുമാനിക്കുന്നു. ഏതാണ്ട് 22 വര്‍ഷം ആ ബിസിനസില്‍ തുടര്‍ന്നു. ഗ്രാനൈറ്റ് ബിസിനസ്, ട്രാവല്‍ ഏജന്‍സി, സീനിയര്‍ അസിസ്റ്റന്‍സ് ലിവിങ്, ഫുഡ് ഇറക്കുമതി തുടങ്ങിയ പല ബിസിനസുകളിലും ഏര്‍പ്പെട്ടു.


സ്പോര്‍ട്സ് ക്ലബില്‍ നിന്നും ഫോമാ പ്രസിഡന്‍റ് പദത്തിലേക്ക്
ഹ്യൂസ്റ്റണില്‍ സ്ഥിരതാമസമായതോടെ ഒരു സ്പോര്‍ട്ട്സ് ക്ലബിന് രൂപം നല്‍കി. പിന്നീടത് സ്പോര്‍ട്ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ് ആയി മാറി. ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം. ഓണം, വിഷു, ഈസ്റ്റര്‍, ക്രിസ്തുമസ് ആഘോഷങ്ങളില്‍ മലയാളികള്‍ ഒത്തുകൂടുന്നു. 1995-ല്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുത്തതോടെ ഫൊക്കാനയുമായി ചേര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചു. 1995 മുതല്‍ ഫൊക്കാനയില്‍ സജീവം. 2002, 2004 എന്നീ വര്‍ഷങ്ങളില്‍ ഫൊക്കാന കമ്മറ്റി അംഗം. 2006-ല്‍ ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. അപ്രതീക്ഷിതമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കേസില്‍ വരെയെത്തി. മേരിലാന്‍റ് കോടതിയില്‍ കേസ്. വിധി എതിരായി. ഫൊക്കാനയില്‍ നിന്ന് മാറേണ്ടിവന്നു. അങ്ങനെയാണ് ഫോമയുടെ തുടക്കം. 2008-ല്‍ ഫോമാ  നിലവില്‍ വന്നു. ശശിധരന്‍ നായരുടെ സഹധര്‍മ്മിണി പൊന്നമ്മയാണ് 'ഫോമാ' എന്ന പേര് പുതിയ സംഘടനയ്ക്ക് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ ഫോമയുടെ സ്ഥാപക പ്രസിഡന്‍റായി മാറിയ ശശിധരന്‍ നായര്‍ ഒരുപക്ഷെ ചിന്തിച്ചിരിക്കില്ല അമേരിക്കയിലെ പല മലയാളി കൂട്ടായ്മകളേയും പിന്തള്ളി ഫോമ ഒരു വലിയ പ്രസ്ഥാനമായി വളരുമെന്ന്. ഇതിനു കാരണം തങ്ങളുടെ പ്രിയപ്പെട്ട ശശിയണ്ണന്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം മാത്രമാണെന്ന് ഫോമയിലെ ഒട്ടുമിക്ക നേതാക്കന്‍മാരും പരസ്യമായും സമ്മതിക്കും. കാരണം ഒരു നിര്‍ണ്ണായകഘട്ടത്തില്‍ തങ്ങളെ ചേര്‍ത്തു നിര്‍ത്തിയ കൈകളുടെ കരുത്ത്, ആ ഹൃദയത്തിന്‍റെ ചേര്‍ത്തുനിര്‍ത്തല്‍ എല്ലാം അവര്‍ ആവോളം മനസിലാക്കിയതാണ്.


ഫോമയുടെ കാരണവര്‍
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ്. ഫോമയുടെ തുടക്കവും ഗംഭീരമായിരുന്നു. ഇപ്പോള്‍ ഫോമ നടപ്പിലാക്കുന്ന പല പദ്ധതികള്‍ക്കും തുടക്കം കുറിച്ച വ്യക്തിയായിരുന്നു ശശിധരന്‍ നായര്‍. കേസിന്‍റെ വിധി വരുന്നതിനു മുന്‍പ് ഫൊക്കാനയുടെ ബാനറില്‍  കോട്ടയത്ത് രണ്ട് വേദികളിലായി സംഘടിപ്പിച്ച കേരളാ കണ്‍വന്‍ഷന്‍ വളരെ ശ്രദ്ധേയമായി. ശശിധരന്‍ നായര്‍, സെക്രട്ടറി അനിയന്‍ ജോര്‍ജ്, ട്രഷറര്‍ എം.ജി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ 2008 ഫെബ്രുവരി 5, 6, 7, 8 എന്നീ തീയതികളില്‍ കോട്ടയം മാമ്മന്‍  മാപ്പിള ഹാള്‍, വിന്‍ഡ്സര്‍ കാസില്‍ എന്നിവിടങ്ങളിലായി നടന്ന പരിപാടികളില്‍ ഇരുപത്തിയഞ്ചിലധികം വീടുകളുടെ താക്കോല്‍ ദാനം, പാമ്പാടി, കാരിത്താസ് തുടങ്ങി വിവിധ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍, ചലച്ചിത്ര അവാര്‍ഡ് വിതരണം തുടങ്ങി നിരവധി പദ്ധതികള്‍ക്കാണ് ശശിധരന്‍ നായരും സംഘവും തുടക്കമിട്ടത്. തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നല്‍കിയ സ്വീകരണത്തില്‍ മന്ത്രിമാരും മാധ്യമകുലപതികളും പങ്കെടുത്തു. ഡല്‍ഹിയില്‍ ഫൊക്കാന നേതാക്കന്മാര്‍ക്ക് നല്‍കിയ സ്വീകരണത്തിലും അന്നത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ നേരിട്ട് കാണുവാനും അവസരം ലഭിച്ചു. അങ്ങനെ ഫൊക്കാനയുടെ പേര് ശശിധരന്‍ നായര്‍ വാനോളമുയര്‍ത്തി. സാമൂഹ്യ പ്രവര്‍ത്തകയായ കോമളം നായരായിരുന്നു ഡല്‍ഹി പ്രോഗ്രാമിന്‍റെ സംഘാടക.


ആറന്‍മുള വിമാനത്താവളം എന്ന ആശയത്തിന് തുടക്കം.
ഫോമയുടെ ചരിത്രത്തില്‍ പൊന്‍തൂവലായി അറിയപ്പെടേണ്ടിയിരുന്ന ആറന്മുള  വിമാനത്താവള പദ്ധതി എന്ന ആശയത്തിന് തുടക്കമിട്ടത് ശശിധരന്‍ നായരാണ്. കെ-റെയില്‍ വിവാദം കത്തിനില്‍ക്കുന്ന ഈ സമയത്ത് ചുരുങ്ങിയ സമയംകൊണ്ട് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വളരെ വേഗത്തില്‍ യാത്ര ചെയ്യുവാന്‍ സാധിക്കുന്ന, ജനങ്ങളെ പ്രത്യക്ഷമായും, പരോക്ഷമായും ബാധിക്കാത്ത ഒരു പദ്ധതി കൂടിയായിരുന്നു ഇത്. കേരളത്തിന് അഭിമാനമായി വരേണ്ട ഒരു പ്രോജക്ട് ആയിരുന്നു ആറന്മുള പദ്ധതി. ഫോമാ മുന്‍പ്രസിഡന്‍റ് കൂടിയായ ജോണ്‍ ടൈറ്റസ് തുടങ്ങി പല വ്യവസായ പ്രമുഖരുടേയും പിന്തുണയോടുകൂടി തുടക്കം കുറിച്ച പദ്ധതി. പക്ഷെ ചില സാങ്കേതിക കാരണങ്ങളാല്‍ മുന്നോട്ട് പോയില്ല. പക്ഷെ ശശിധരന്‍ നായര്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുതയുണ്ട്.
'ഫോമ ഈ പ്രോജക്ടുമായി വരുമ്പോള്‍ നാട്ടുകാരില്‍നിന്നും, ചില സംഘടനകളില്‍നിന്നും ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. അന്ന് പരിഹസിച്ചവര്‍ ഏറെയാണ്. പക്ഷെ ആ ഉദ്യമം ഭംഗിയായി നടപ്പാക്കുവാന്‍ സാധിച്ചിരുന്നു എങ്കില്‍ മധ്യതിരുവിതാംകൂറിന്‍റെ വികസനവും ഫോമയുടെ നെറ്റിയില്‍ ഒരു പൊന്‍തൂവലും  ആകുമായിരുന്നു ആറന്മുള വിമാനത്താവളം'


സാമൂഹ്യ പ്രവര്‍ത്തനവും, ആദ്ധ്യാത്മിക പ്രവര്‍ത്തനവും
ഏതൊരു വ്യക്തിയുടേയും വളര്‍ച്ചയ്ക്ക് പിന്നില്‍ ആത്മീയമായ ഒരു സാന്നിദ്ധ്യം ഉണ്ടാകും. ശശിധരന്‍ നായര്‍ എന്ന വ്യക്തിത്വം വളരുന്നതിന് പിന്നില്‍ കുടുംബ ദേവതകളും, ധന്വന്തരി ദേവനും, എന്തിനും ഏതിനും താങ്ങായും തണലായും നില്‍ക്കുന്ന സാക്ഷാല്‍ തിരുവാറന്‍മുളയപ്പനും ആണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അമേരിക്കയിലെത്തിയപ്പോഴും, നാടുമാറിയെന്ന് അദ്ദേഹം തത്വത്തില്‍ വിശ്വസിക്കുന്നില്ല.  ഹൂസ്റ്റണില്‍ തിരുവാറന്‍മുളയപ്പന്‍റെ സാന്നിദ്ധ്യത്തിനായി ഒരു ശ്രമം. ഹൂസ്റ്റണില്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സാധ്യമാക്കിയതിന് പിന്നിലും ശശിധരന്‍ നായരുടെ മനസ്സിനും, ശരീരത്തിനും വലിയ പങ്കുണ്ട്. ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്‍റെ പ്രസിഡന്‍റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം വിവിധ കമ്മിറ്റികളില്‍ നിസ്തുലമായ സേവനമാണ് അനുഷ്ഠിക്കുന്നത്. കെ.എച്ച്.എന്‍.എ. ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ചരിത്ര സംഭവമാക്കി  മാറ്റിക്കൊണ്ട് സംഘടനയ്ക്ക് ശശിധരന്‍ നായര്‍ പുതുജീവന്‍ പകര്‍ന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടതും ശശിധരന്‍ നായരാണ്. ഇതിനെല്ലാം തന്നെ പ്രാപ്തനാക്കുന്നത് തന്‍റെ ആത്മീയ സാന്നിദ്ധ്യങ്ങളാണെന്ന് അദ്ദേഹം തുറന്ന് പറയുന്നു. ക്ഷേത്രനിര്‍മ്മാണത്തിന് ഏറ്റവുമധികം സാമ്പത്തിക സഹായം നല്‍കിയത് ശശിധരന്‍ നായരായിരുന്നു.


പദവികള്‍ അലങ്കാരമാക്കാത്ത നേതൃത്വം
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഹൂസ്റ്റണ്‍, നോര്‍ത്ത് ഷോര്‍ മലയാളി സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹൂസ്റ്റണ്‍ തുടങ്ങി നിരവധി സംഘടനകളുടെ പ്രസിഡന്‍റ് സ്ഥാനം വഹിച്ച അദ്ദേഹം ഫോമ, കെ. എച്ച്. എസ് എന്നിവയുടെ സ്ഥാപക പ്രസിഡന്‍റ്, മന്ത്രയുടെ സ്ഥാപക ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, കൂടാതെ ഫോമയില്‍ നാളിതുവരെ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം അധികാരത്തിന്‍റെ ഗര്‍വ്വ് അദ്ദേഹത്തെ സ്വാധീനിച്ചിട്ടില്ല. എല്ലാവരുടെയും കാരണവരായി, ശശിയേട്ടനായി, ശശിയണ്ണനായി അങ്ങനെ അദ്ദേഹം നില്‍ക്കും. 'ഫോമയെ പുച്ഛിച്ച് തള്ളിയവരുണ്ട്. എങ്ങും എത്തുകയില്ല എന്ന് പറഞ്ഞവരുണ്ട്. ഇവര്‍ക്കെല്ലാം മറുപടിയായി ഫോമ വളര്‍ന്നു. ഓരോ നിമിഷവും ഫോമയിലേക്ക് പുതിയ തലമുറ കടന്നുവരുന്നു. ശക്തമായ വനിതാ ഫോറത്തെ ലോകമാതൃകയായി ഉയര്‍ത്തിക്കാട്ടാം. ഫോമയുടെ തുടക്കം മുതല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ സഹായങ്ങളുടെ കണക്കെടുപ്പിനെക്കാള്‍ പ്രസക്തി, ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് സഹായകമാക്കി മാറ്റാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്' ശശിധരന്‍ നായര്‍ പറയുന്നു.
കണക്കു വയ്ക്കാത്ത സഹായങ്ങള്‍ക്കായി ഒരു മനുഷ്യന്‍
സംഘടനകളുടെ ലേബലുകള്‍ ഇല്ലാതെ ശശിയേട്ടനെ പലസ്ഥലങ്ങളിലും സഹായിയായി നമുക്ക് കാണാം. ഏതെങ്കിലും പദവി ഉണ്ടെങ്കിലും സ്വന്തം കയ്യില്‍ നിന്നും പണമെടുത്ത് സംഘടനയുടെ പേരില്‍ നിരവധി സഹായങ്ങളാണ് ശശിധരന്‍ നായര്‍ എത്തിച്ചു നല്‍കുന്നത്. നാളിതുവരെ നല്‍കിയ സഹായങ്ങളുടെ കണക്ക് വയ്ക്കാത്തത് എന്തേ എന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒരുത്തരമേ ഉള്ളു. 'പ്രതിസന്ധികള്‍ നിരവധി കണ്ടവനാണ്. അതില്‍ സാമ്പത്തിക പ്രതിസന്ധി, ആരോഗ്യ പ്രതിസന്ധി, വിദ്യാഭ്യാസ പ്രതിസന്ധി ഇവയൊക്കെ പണത്തെ തന്നെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കിട്ടേണ്ട സഹായം അത് കിട്ടേണ്ട സമയത്ത് ലഭിക്കണം. അതിനാണ് എന്‍റെ ശ്രമം.'
രണ്ട് പ്രളയം വന്നപ്പോഴും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി, ക്യാമ്പുകളില്‍ എല്ലാം ലക്ഷങ്ങളുടെ സഹായവുമായിട്ടാണ് ശശിയേട്ടന്‍ ഓടിയെത്തിയത്. നിരവധി പദ്ധതികളുടെ സ്പോണ്‍സറായും അദ്ദേഹം ഇപ്പോഴും സജീവം. നാട്ടില്‍ സാമ്പത്തിക സഹായം   ആവശ്യമുള്ള മേഖലകളില്‍ എല്ലാം ശശിധരന്‍ നായര്‍ ഇപ്പോഴും  സഹായമെത്തിക്കുന്നു.


സന്തുഷ്ട കുടുംബം - നേരത്തെയുള്ള സ്വര്‍ഗ്ഗം
കുടുംബം സ്വാതന്ത്ര്യങ്ങളുടെയും, അനുഭവങ്ങളുടേയും പരീക്ഷണ കേന്ദ്രം കൂടിയാണ്. കാരണം സ്വതന്ത്രനായ മനുഷ്യന്‍ തനിക്കുവേണ്ടി ഉണ്ടാക്കുന്ന ഒരു ഇടമാണ് കുടുംബം. അവിടെ അയാള്‍ സന്തോഷവാനാകണമെങ്കില്‍ അവിടെ സന്തോഷവും നന്മയും കളിയാടണം. എല്ലാ ഓണത്തിനും നാട്ടിലെത്തി ഉതൃട്ടാതി വള്ളംകളിയും കണ്ട്, വള്ളസദ്യ നടത്തിയും, കഴിച്ചും, ചുണ്ടന്‍ വള്ളങ്ങളുടെ അമരത്ത് കയറിയും നില്‍ക്കുമ്പോള്‍ ഒരു നാടിന്‍റെ കൂടി കാരണവരാകും അദ്ദേഹം. അപ്പോഴെല്ലാം തന്‍റെ നിഴലായി ഒപ്പമുള്ള പൊന്നമ്മയുടെ മുഖത്ത് വിടരുന്ന ചിരി. ആ ചിരിയാണ് ശശിധരന്‍ നായരുടെ മറ്റൊരു ഐശ്വര്യം.
ശശിധരന്‍ നായര്‍ പകരം വയ്ക്കാനില്ലാത്ത സൗമ്യസാന്നിദ്ധ്യമാണ്. അദ്ദേഹം എത്തുന്ന ഇടങ്ങളിലെല്ലാം ഇത് നമുക്ക് അനുഭവിച്ചറിയാം. കാരണം അദ്ദേഹം കടന്നു വന്ന വഴിത്താരകള്‍ അദ്ദേഹം സ്വയം തെളിച്ചതാണ്. അവയെ സ്വയം പരിലാളിച്ചതാണ്. പിന്നെയെങ്ങനെയാണ് അദ്ദേഹം ഒരു നല്ല മനുഷ്യനല്ലാതാകുന്നത്.
അദ്ദേഹം തന്‍റെ യാത്ര തുടരട്ടെ. ആ ഊര്‍ജ്ജം പിന്നില്‍ വരുന്നവര്‍ക്കെല്ലാം കരുത്താവട്ടെ. ഏത് പ്രതിസന്ധിയിലും ഒരു പിടിവള്ളിയായി മുന്നില്‍ നില്‍ക്കട്ടെ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.