VAZHITHARAKAL

ഫൊക്കാനയുടെ മാധ്യമ മുഖം:ശ്രീകുമാർ ഉണ്ണിത്താൻ-എഴുത്ത്,ജീവിതം,സംഘാടനം

Blog Image
" ഒരു നേതാവിന്റെ യഥാർത്ഥ അടയാളം ധീരമായ പ്രവർത്തന രീതിയിൽ ഉറച്ചു നിൽക്കാനുള്ള സന്നദ്ധതയാണ്. "

എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. എന്നാൽ വലിയ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച മനുഷ്യർ ലോകത്ത് കുറച്ചു മാത്രമെ ഉണ്ടാവുകയുള്ളു. അവർ ഏറ്റെടുക്കുന്ന എന്തും ആത്മാർത്ഥതയോടെ ചെയ്തു തീർക്കും. അവരുടെ ജീവിത വഴികൾ നമുക്ക് നൽകുന്ന സന്ദേശവും വ്യത്യസ്തമാകും. അങ്ങനെ ഒരാളാണ് ഇത്തവണത്തെ വഴിത്താരയിൽ
ശ്രീകുമാർ ഉണ്ണിത്താൻ..
ഫൊക്കാനയുടെ 2024-2026 ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി

ഒരു ഓർഗനൈസേഷനെ സ്വാധീനിക്കാനുള്ള ഏറ്റവും വലിയ മാർഗ്ഗം നേതൃത്വ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. നല്ല വ്യക്തിത്വങ്ങളെ റിക്രൂട്ട് ചെയ്യുകയും അവരെ നേതാക്കളായി ഉയർത്തുകയും, അവരെ നിരന്തരം വികസിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെ സാധ്യതകൾ സമർത്ഥമായി ഉപയോഗിക്കുന്ന സംഘാടകനാണ് ശ്രീകുമാർ ഉണ്ണിത്താൻ. കാരണം ഒരു സംഘടനാ പ്രവർത്തകൻ മാത്രമല്ല. എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ , സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിത്വം നിലനിർത്തുന്ന അദ്ദേഹം ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് വളരെ നേരത്തെ തന്നെ അടയാളപ്പെടുത്തേണ്ട സംഘാടകനാണ്. ശ്രീകുമാർ ഉണ്ണിത്താന്റെ ജീവിതത്തിലൂടെ .

കോടംവിളയിൽ  തറവാടും
ബാല്യ കൗമാരവും


അടൂർ മണക്കാല കോടംവിളയിൽ സുകുമാരൻ ഉണ്ണിത്താന്റേയും, ശാന്തമ്മ ഉണ്ണിത്താന്റെയും മകനായി ജനനം.ഏക സഹോദരി ശീലത രമേഷ് . കേരളത്തിലെ വളരെ പ്രസിദ്ധമായ മൗട്ടത്തു  തറവാട്ടിലെ കുടുംബാംഗമാണ്.  ശ്രീകുമാർ എന്ന കൊച്ചു കുട്ടി വളർന്നതും ഓടിച്ചാടി നടന്നതും ഒരു  സാധാരണ നാട്ടിൽപുറത്തിൽ ആണ് . വലിയ കൃഷിയിടവും മറ്റും ഉണ്ടായിരുന്ന തറവാട്ടിൽ എപ്പോഴും ജോലിക്കാരും അവരുടെ മക്കളും ഒക്കെയായി നിരവധി പേർ. അവർക്കിടയിലുള്ള ജീവിതവും അനുഭവും  ശ്രീകുമാർ ഉണ്ണിത്താനെ ഒരു ബഹുമുഖ വ്യക്തിത്വമായി വളർത്തിയെടുത്തു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അച്ഛന്റെ കസിൻ സഹോദരനായ   അടൂർ ഗോപാലകൃഷ്ണൻ മുതൽ നിരവധി പേർ കുടുംബക്കാർ. ചെറുപ്പം മുതലുള്ള സാമൂഹ്യ പ്രവർത്തനം കൊണ്ടു തന്നെ എപ്പോഴും  നാടിന്റേയും നാട്ടാരുടേയും പ്രിയപ്പെട്ടവനായിരുന്നു ശ്രീകുമാർ ഉണ്ണിത്താൻ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പന്തളം എൻ. എസ്. എസ് കോളേജിൽ പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസം.അപ്പോഴേക്കും കെ. എസ്.യുവിന്റെ സജീവ പ്രവർത്തകൻ.കോളേജിലും ഏവരുടെയും  കണ്ണിലുണ്ണിയായി സംഘടനാ പ്രവർത്തനം  ,ഒപ്പം നല്ല  വിദ്യാർത്ഥിയുമായി പഠനവും മുന്നോട്ട്. എം.കോം മാസ്റ്റേഴ്സ് എടുക്കുമ്പോൾ യൂത്ത് കോൺഗ്രസിന്റ മണ്ഡലം, ബ്ലോക്ക് ഭാരവാഹിയായി പന്തളം , അടൂർ മേഖലകളിൽ മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറിയിരുന്നു ശ്രീകുമാർ ഉണ്ണിത്താൻ. കെ. കരുണാകാരൻ, എ.കെ. ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി തുടങ്ങി നേതാക്കന്മാരുമായുള്ള ബന്ധങ്ങൾ. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് എല്ലാം വേഗത്തിലായി. 1994 ൽ വിവാഹത്തോടെ ശ്രീകുമാർ ഉണ്ണിത്താൻ അമേരിക്കയിലെത്തി. ഒരു പക്ഷേ അമേരിക്കയിൽ എത്തിയില്ലായിരുന്നു എങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവായി, എം.എൽ. യും മന്ത്രിയുമൊക്കെയായി മാറിയേനെ അദ്ദേഹം. അമേരിക്കയിൽ വന്ന ശേഷം കമ്പ്യൂട്ടറിൽ ബിരുദം നേടി 2000 മുതൽ ന്യൂയോർക്ക് സ്റ്റേറ്റ് സർവ്വീസിൽ ജോലിക്ക് കയറി. 2008 മുതൽ കൗണ്ടിയിലേക്ക് മാറി. എവിടെ ആയിരുന്നാലും വളരെ ആത്മാർത്ഥമായി പ്രവർത്തിക്കുക എന്നതാണ് ശ്രീകുമാർ ഉണ്ണിത്താന്റെ മുഖമുദ്ര.

വെസ്റ്റ് ചെസ്റ്റർ മുതൽ ഫൊക്കാന വരെ

അമേരിക്കയിൽ എത്തിയ ശേഷവും ശ്രീകുമാർ ഉണ്ണിത്താൻ തന്റെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ തുടർന്നു. വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷനിൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടനയുടെ വിവിധ പദവികൾ തന്നെ തേടി വരുന്നതിന് ഇടയാക്കി. കമ്മറ്റി മെമ്പർ, സെക്രട്ടറി , വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങി സംഘടനയുടെ വിവിധ പദവികളിൽ പ്രവർത്തിക്കുമ്പോഴും എല്ലാവരേയും ഒപ്പം കൂട്ടി ഹൃദയത്തോട് ചേർത്ത് പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരാളെയും അകറ്റി നിർത്താനല്ല ഒപ്പം നിർത്താനാണ് തന്റെ മാതാപിതാക്കളും, താൻ വിശ്വസിക്കുന്ന സാംസ്കാരിക ബോധവും പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു തവണ അസ്സോസിയേഷൻ പ്രസിഡന്റ് ആയ ശ്രീകുമാർ  ഈ സമയത്തു സംഘടനയുടെ പ്രവർത്തനം വിപുലീകരിക്കുകയും സംഘടനയെ ഒരു മാതൃക സംഘടനയാക്കി മാറ്റാനും കഴിഞ്ഞത് പ്രവർത്തന മികവ് ഒന്നുകൊണ്ട് മാത്രമാണ്.


 
വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷനിൽ തുടങ്ങിയ സംഘടനാ പ്രവർത്തനങ്ങൾ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഫൊക്കാനയിലേക്കാണ്. അമേരിക്കൻ മലയാളികളുടെ അമേരിക്കയിലെ ഏറ്റവും വലിയ കൂട്ടായ്മയിൽ പ്രവർത്തിക്കുവാനായത് അഭിമാനമായി കരുതുന്ന ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാന കമ്മിറ്റി മെമ്പർ, ഓഡിറ്റർ, റീജിയണൽ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഓരോ പദവികൾ ഫൊക്കാനയിൽ ഏറ്റെടുക്കുമ്പോഴും സത്യസന്ധമായി അതിനൊപ്പം യാത്ര ചെയ്യുകയാണ് അദ്ദേഹം.

ഫൊക്കാന പി. ആർ.ഒ
മാദ്ധ്യമ പ്രവർത്തനം
കഥാകൃത്ത്
എഴുത്തുകാരൻ


കഴിഞ്ഞ എട്ട് വർഷമായി ഫൊക്കാനയുടെ വാർത്തകൾ ലോകത്തുള്ള മലയാള മാദ്ധ്യമങ്ങളിൽ എത്തിക്കുന്നതിൽ ശ്രീകുമാർ ഉണ്ണിത്താൻ വഹിക്കുന്ന പങ്ക് ചെറുതല്ല. ഫൊക്കാനയുടെ വിവിധ പദവികളിൽ ഇരിക്കുമ്പോഴും ഫൊക്കാനയുടെ ഏതൊരു പരിപാടിയെ കുറിച്ചും എഴുതി പത്രമാധ്യമങ്ങളിൽ എത്തിക്കുവാൻ അദ്ദേഹം കൃത്യമായി ശ്രമിക്കുന്നു.

എഴുത്ത് ജീവിതത്തിന് തുടക്കമിട്ടത് പന്തളം എൻ എസ് എസ് കോളേജിൽ നിന്നാണ്. കോൺഗ്രസിന്റെ പ്രവർത്തകൻ ആയതിനാൽ നിരന്തരമായ പരിപാടികളുടെ വാർത്തകൾ തയ്യാറാക്കി പത്രങ്ങൾക്ക് നൽകണമായിരുന്നു. അന്നത്തെ കാലത്ത് ഒരു ദിവസത്തെ പരിപാടികളുടെ വാർത്ത അന്നുതന്നെ പത്രങ്ങളുടെ ഓഫീസിൽ എത്തിക്കണം. അതും ഫോട്ടോ സഹിതം. അന്ന് തുടങ്ങിയ എഴുത്ത് ജീവിതം ഇപ്പോഴും തുടരുന്നു. അമേരിക്കയിൽ വന്നപ്പോൾ അത് വേറെ ഒരു തലത്തിൽ ആയി എന്നു മാത്രം.
 ലളിതമായ ശൈലിയിൽ എഴുതുകയും സംഘടനയുടെ യശസ്സ് നിലനിർത്തുന്ന തരത്തിൽ വാർത്തകളെ സമീപിക്കുകയും ചെയ്യുന്ന ശ്രീകുമാർ ഉണ്ണിത്താൻ നല്ലൊരു ചെറുകഥാകൃത്തു കൂടിയാണ്. ജീവിതാനുഭവങ്ങളിൽ നിന്നും കോറിയിടുന്ന അദ്ദേഹത്തിന്റെ കഥകൾക്ക് നിറയെ വായനക്കാരുമുണ്ട്. അനുഭവക്കുറിപ്പുകൾ, സമകാലിക സംഭവങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ലേഖനമായും, ഫീച്ചർ ആയും വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ ഏകാന്ത നിമിഷങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ഒന്നായി മാറുന്നു എഴുത്തെന്ന് അദ്ദേഹം അടിവരയിടുന്നു.

വിവിധ അമേരിക്കൻ മലയാളി സംഘടനകൾക്കും പ്രിയപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹം. അമേരിക്കയിലെ പല സംഘടനകളുടേയും വാർഷിക സൂവനീറുകളുടെ പിന്നിലും ശ്രീകുമാർ ഉണ്ണിത്താൻ പ്രവർത്തിക്കാറുണ്ട്. അവിടെയെല്ലാം പുലർത്തുന്ന സത്യസന്ധതയാണ്  അദ്ദേഹത്തെ ജനകീയനാക്കുന്നത്.അതു കൊണ്ടാണ് അദ്ദേഹത്തെ അവർ ഹൃദയത്തോട് ചേർക്കുന്നത്.

ഫൊക്കാന ജനറൽ സെക്രട്ടറിയായി
മത്സര രംഗത്ത്


1994 മുതൽ അമേരിക്കൻ മലയാളി സംഘടനാ രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യമായ ശ്രീകുമാർ ഉണ്ണിത്താൻ 2024: 2026 കാലയളവിൽ ഫൊക്കാന ജനറൽ സെക്രട്ടിയായി മത്സര രംഗത്ത് ഉണ്ട്. ഡോ. സജിമോൻ ആന്റണി പ്രസിഡന്റായ  പാനലിലാണ്  മത്സരിക്കുന്നത്. കൃത്യമായ കാഴ്ചപ്പാടുകളോടെയാണ് അദ്ദേഹം മത്സര രംഗത്ത് ഉള്ളത്. ഫൊക്കാന പോലെ ആഗോള തലത്തിൽ ജനകീയമായ ഒരു സംഘടനയുടെ സുപ്രധാനമായ ഒരു പദവിയിൽ മത്സരിക്കുമ്പോൾ ശ്രീകുമാർ ഉണ്ണിത്താൻ എന്ന വ്യക്തി സൗഹൃദങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ഫൊക്കാന തെരഞ്ഞെടുപ്പുകൾ എക്കാലവും ഒരു സൗഹൃദ മത്സരമാണ്. തോൽക്കുന്നവരും ജയിക്കുന്നവരുമെല്ലാം ഫൊക്കാന പ്രവർത്തനങ്ങളിൽ സജീവമാകുന്ന നിമിഷങ്ങൾ. അതുകൊണ്ട് ജയ പരാജയങ്ങൾ ഒരു വിഷയം അല്ല. പക്ഷെ വിജയിച്ചു കഴിഞ്ഞാൽ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക്, സാംസ്കാരിക, സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിരവധി കാര്യങ്ങൾ ഫൊക്കാനയ്ക്ക് ചെയ്യാൻ കഴിയും. പലപ്പോഴും പല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം ആണ് പ്രശ്നം. ഫൊക്കാനയെ സംബന്ധിച്ചും അമേരിക്കൻ മലയാളികളെ സംബന്ധിച്ചും പണം വലിയ വിഷയമായി വരില്ല. അതുകൊണ്ട് സാധാരണക്കാരന് ഗുണമാകുന്ന പദ്ധതികൾക്ക് ഒപ്പം സജിമോനൊപ്പം ഞാനും ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. മറ്റൊന്ന് ഫൊക്കാനയുടെ നെടും തൂൺ അംഗസംഘടനകളാണ്. അവയെ കൂടുതൽ ശാക്തീകരിക്കും. അവരിലൂടെ മാത്രമെ ഫൊക്കാനയ്ക്ക് എക്കാലവും വളരുവാൻ സാധിക്കുകയുള്ളു. എല്ലാ അംഗ സംഘടനകളേയും പ്രവർത്തന നിരതമാക്കും. പുതിയ തലമുറയുടെ കലാ സാംസ്കാരിക താല്പര്യങ്ങൾ ഫൊക്കാനയുടെ ഭാഗമാക്കി വളർത്തും. കൂടാതെ അമേരിക്കൻ രാഷ്ട്രീയത്തിൽ മലയാളി യുവതലമുറയുടെ സാന്നിദ്ധ്യത്തിനായി വേണ്ടതെല്ലാം ചെയ്യും. സംസാരത്തില്ല പ്രവൃത്തിയിലാണ് കാര്യം എന്നാണ് ചെറുപ്പം മുതൽക്കേ ശീലിച്ചത്. അത് തുടരുന്നു. എന്നും.

അമ്മയും ഭാര്യയും

ശ്രീകുമാർ ഉണ്ണിത്താൻ എന്ന മനുഷ്യൻ പുഞ്ചിരിക്കുമ്പോഴും സംഘടനകൾക്ക് വേണ്ടി ഓടി നടക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു കനൽ നീറി പുകയുന്നുണ്ട്. തന്നെയും മക്കളേയും കുടുംബത്തേയും അത്രമേൽ ഇഷ്ടപ്പെട്ട രണ്ട് പേരുടെ വിയോഗമാണത്. അമ്മ ശാന്തമ്മയുടേയും, ഭാര്യ ഉഷയുടേയും മരണം. തന്റെ ഹൃദയത്തിന്റെ ചൂടറിഞ്ഞ രണ്ട് പേർ. ഭാര്യ ഉഷ കാൻസർ ബാധിതയാണന്ന് അറിഞ്ഞപ്പോഴും , ചികിത്സിച്ചപ്പോഴും തളർന്നില്ല. പക്ഷെ പോയപ്പോൾ ഹൃദയം അടർന്ന് പോകുന്നതുപോലെയായി. അല്പം ആശ്വാസമായിരുന്ന അമ്മ കൂടി ഉടൻ പോയപ്പോൾ ആകെ തളർന്നു പോയി. ഏതൊരു പുരുഷന്റേയും സൗഭാഗ്യം അമ്മയും നല്ല ഒരു ഭാര്യയുമാണെന്ന് താൻ വിശ്വസിക്കുന്നു. രക്തബന്ധത്തിന്റെ നൂലിഴകൾ ഇല്ലാത്ത ബന്ധമാണ് ഭാര്യ. അച്ഛന്റെയും അമ്മയുടേയും പരിമിതികളിൽ നിന്ന് പിടിച്ചു വലിച്ച് ഒരു പരിധിയും പരിമിതിയുമില്ലാതെ സ്നേഹിച്ച ഉഷ ഉണ്ണിത്താൻ , പ്രസവിച്ച നാൾ മുതൽ ഏകമകന്റെ വാത്സല്യം നൽകിയ അമ്മ രണ്ടു പേരും ഇപ്പോഴും എന്നെ സങ്കടപ്പെടുത്തുന്നു. സംഘടനാ പ്രവർത്തനവും, ജോലിയുമൊക്കെ കഴിഞ്ഞ് വീടെത്തുമ്പോൾ ആ മുഖങ്ങൾ ഇന്നില്ല... അവയെ മറികടക്കാനുള്ള ശ്രമങ്ങൾ ആണ് എഴുത്തും സംഘടനാ പ്രവർത്തനവും .തന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിന്ന ഭാര്യ  ഉഷയുടെ ആഗ്രഹമായിരുന്നു ഭർത്താവ് ഇപ്പോഴും ആക്ടീവായി നിൽക്കുക എന്നത് .പൊതു പ്രവർത്തന രംഗത്ത് കുടുംബത്തിന്റെ പിന്തുണ ലഭിക്കാതെ വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്ന നിരവധി ആളുകളെ അറിയാം എന്ന് അദ്ദേഹം പറയുമ്പോൾ തന്റെ സൗഭാഗ്യത്തിൽ അദ്ദേഹം എക്കാലവും സന്തോഷിക്കുന്നു .ശ്രീകുമാർ ഉണ്ണിത്താന്റെ ജീവിതത്തിന് താങ്ങും തണലുമായി ഇപ്പോൾ രണ്ട് ആൺമക്കൾ ഒപ്പമുണ്ട്. ശിവ ഉണ്ണിത്താൻ, വിഷ്ണു ഉണ്ണിത്താൻ.

ഭാര്യ ഉഷയെക്കുറിച്ച് ഒരിക്കൽ ശ്രീകുമാർ ഉണ്ണിത്താൻ ഇങ്ങനെ എഴുതി."
പരിചയപ്പെടുന്നവരുടെ മനസ്സില്‍‍ വിനയം കൊണ്ട് ഇതിഹാസം തീര്‍ത്തിരുന്ന  നല്ല സുഹൃത്തായി  ഉഷ എന്നോടൊപ്പം യാത്രയിൽ കൂടെ കുടി ജീവിക്കുന്ന  ഒരു നക്ഷത്രമായി. എന്റെ  എറ്റവും അടുത്ത കൂട്ടുകാരിയായി. എപ്പോഴും ഒരു ചെറു പുഞ്ചിരിയും,  മനസ്സില്‍ സ്നേഹവും, കാരുണ്യവും നിറച്ച്  ചിത്രശലഭങ്ങളെ പോലെ  ഞങ്ങൾ പാറി  പറന്നു നടന്നു.   ദേശാടനകിളികളെ പോലെ സ്‌ഥല കാലങ്ങള്‍ താണ്ടി ., അനുഭവങള്‍ തൊട്ടറിഞ്ഞ് ജീവിതത്തിനായി പരക്കം പായുമ്പോള്‍ ജീവിതം  ഒരിക്കലും  അവസാനിക്കില്ല  എന്നാണ് ധരിച്ചത്. ഇനിയും  ഒത്തിരി  കാലം  ബാക്കിയുള്ളതുപോലെ  ചിന്തിച്ചു പോയത് ബുദ്ധിശൂന്യം. അങ്ങനെ  എന്റെ നക്ഷത്രവും ഒത്തിരി ആഗ്രഹങ്ങൾ ബാക്കിവെച്ചു എന്നേന്നേക്കുമായി    എന്നിൽ നിന്നും വേർപിരിഞ്ഞു.  

നമ്മള്‍ എല്ലാവരും പിരിയണം, അകലണം എന്നത്    കാലത്തി൯റെ തീരുമാനം ആയിരിക്കാം .ആ വേര്‍പാടി൯റെ ദു:ഖത്തില്‍ നാം ഓര്‍ക്കും എന്തിന്‌ നാം ഇത്രയും അടുക്കുകയും പരസ്പരം സ്നേഹിക്കുകയും  ചെയ്തത്  എന്ന്.  ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന്‌ വിശ്വസിക്കുവാൻ ശ്രമിക്കുബോഴും  ആ വേര്‍പാടി൯റെ സങ്കടം ഒരിക്കലും  നികത്താൻ കഴിയില്ല. അത് അനുഭവിക്കുന്നവർക്ക്  മാത്രമേ മനസിലാവുകയുള്ളു. നഷ്‌ടപ്പെടുംവരെ നമുക്ക്  എന്താണ് നഷ്‌ടപ്പെടുന്നത്‌  എന്ന് നമുക്ക് മനസിലാകില്ല. നഷ്‌ടപ്പെട്ട്‌  കഴിയുമ്പോൾ  മാത്രമേ  അതിന്റെ കാഠിന്യം നമുക്ക് മനസിലാവുകയുള്ളു."

" നൊമ്പരങ്ങളുടെ പുസ്തകം "

ശ്രീകുമാർ ഉണ്ണിത്താന്റെ എഴുത്തുകളുടെ സമാഹാരമാണ് " നൊമ്പരങ്ങളുടെ പുസ്തകം ". ജീവിതത്തിലെ സന്തോഷകരമായ ഓർമ്മകളെ പുനരാനയിക്കുന്ന പുസ്തകമാണിത് . കാലത്തെ പ്രത്യാശാഭരിതമായി നേരിടുന്നു. വിഷാദത്തിന്റെ തിരകളല്ല സ്നേഹത്തിന്റെ ശീതളഛായയാണ് വേണ്ടതെന്ന് അദ്ദേഹം കണ്ടെത്തുന്നു.അതാണ് ഈ കുറിപ്പുകളുടെ പ്രേരണ. പതിനാല് കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഓരോന്നും രൂപപെടുത്തിയിരിക്കുന്നത്.സ്നേഹവും കാരുണ്യവും കരുതലും ഓരോ കുറിപ്പിലുമുണ്ട്. അതിൽ പ്രസന്നതയും പ്രകാശവുമുണ്ട്. യഥാർത്ഥത്തിൽ അതാണ് ഈ കുറിപ്പുകൾ വായിക്കാൻ പ്രേരിപ്പിക്കുന്നത്. ജീവിതത്തിലൂടെ കടന്നുപോയ നിരവധി പേരെ ഓർക്കുന്നുണ്ട് ഈ പുസ്തകത്തിൽ .

ശ്രീകുമാർ ഉണ്ണിത്താൻ നമുക്കൊരു പാഠവും മാതൃകയുമാണ്. പൊതുരംഗം , എഴുത്ത്, സംഘാടനം, സാമൂഹ്യ ജീവിതം, ജീവകാരുണ്യ പ്രവർത്തനം, അതിലുപരി നമ്മെ നാമാക്കുന്ന കുടുംബം എന്ന വലിയ സമ്പത്തിന്റെ ഉടമ. ഇത്തരം നന്മയുള്ള മനുഷ്യരുടെ കൈയ്യിലാവണം ഫൊക്കാന പോലെയുള്ള സംഘടനകളുടെ ഭാവി . കാരണം ജീവിതത്തെ അടുത്തറിയുന്നവന് മാത്രമെ കണ്ണുനീരണിയുന്നവന്റെ മനസ്സറിയു....

പ്രിയപ്പെട്ട ശ്രീകുമാറേട്ടാ... നിങ്ങൾ നിങ്ങളുടെ യാത്ര തുടരുക. അമ്മയുടെയും ഭാര്യയുടെയും ഓർമ്മകൾ ഈ പ്രവർത്തനങ്ങൾക്ക് കരുത്താവട്ടെ... അമേരിക്കൻ മലയാളികൾ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം ഉണ്ടാകും...
പ്രാർത്ഥനകൾ...

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.