PRAVASI

വെറും വെറുതേ

Blog Image
പണ്ടൊക്കെ ചില ഡോഗ്സ്, മാര്‍ക്കറ്റില്‍ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കാര്യമൊന്നുമില്ല, വെറുതേ ഒന്നു കറങ്ങിയടിച്ചു പോരാന്‍-ഇടയ്ക്ക് മീന്‍ ചന്തയിലും ഇറച്ചിക്കടയിലും ഒന്നു തല കാണിക്കും. ഒരു മീന്തലയോ എല്ലിന്‍ കഷണമോ കിട്ടിയാല്‍ കിട്ടി. അത്രതന്നെ!

പണ്ടൊക്കെ ചില ഡോഗ്സ്, മാര്‍ക്കറ്റില്‍ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കാര്യമൊന്നുമില്ല, വെറുതേ ഒന്നു കറങ്ങിയടിച്ചു പോരാന്‍-ഇടയ്ക്ക് മീന്‍ ചന്തയിലും ഇറച്ചിക്കടയിലും ഒന്നു തല കാണിക്കും. ഒരു മീന്തലയോ എല്ലിന്‍ കഷണമോ കിട്ടിയാല്‍ കിട്ടി. അത്രതന്നെ!
'പട്ടിക്കൊരു ജോലിയുമില്ല, നില്‍ക്കാനൊട്ടു നേരവുമില്ല' എന്നു പറയുന്നതു പോലെയാണ് ചില സ്വയം പ്രഖ്യാപിത അമേരിക്കന്‍ മലയാളി നേതാക്കന്മാര്‍. ഇടയ്ക്കിടെ കേരളത്തില്‍ പോയി മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയെടുത്ത് അമേരിക്കന്‍ മലയാളികളുടെ ചില അടിയന്തര പ്രശ്നങ്ങള്‍ വനംവകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി; ഈ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടും എന്ന് അദ്ദേഹം ഉറപ്പു നല്കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് സായൂജ്യമടയുന്നത്.
'ലോക കേരളസഭയില്‍' പങ്കെടുക്കുവാന്‍ പോകുമ്പോള്‍ ഫോട്ടോയോടൊപ്പം തങ്ങളുടെ എന്തെല്ലാം ക്വാളിഫിക്കേഷന്‍സിന്‍റെ വിവരണങ്ങളാണ് ചേര്‍ക്കുന്നത്. തിരിച്ചു വരുമ്പോള്‍ എല്ലാത്തിന്‍റെയും അണ്ണാക്കില്‍ പഴം തിരുകി വെച്ചിരിക്കുകയാണ്. ഒന്നിനും മിണ്ടാട്ടമില്ല.
പക്ഷേ, അമേരിക്കന്‍ മലയാളികള്‍ നിരാശപ്പെടരുത്. കേരളീയ തനതു കലകളുടെ പ്രചരണാര്‍ത്ഥം ഉടന്‍തന്നെ മന്ത്രിമാരുടെ ലോകപര്യടനം ഉണ്ട്.
ആദ്യത്തെ നറുക്ക് വീണത് ന്യൂയോര്‍ക്കിനാണ്. കഥകളി, പുലികളി, കസേരകളി തുടങ്ങിയ വിവിധ കളികള്‍ ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ പൗരപ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടും. അസംബ്ലിയിലെ ഡെസ്ക്ക് നൃത്തം, കസേര മറിച്ചിടല്‍ തുടങ്ങിയ അഡീഷണല്‍ അറ്ററാക്ഷന്‍സും ഉണ്ടാകും. ഇതു കഴിയുമ്പോള്‍ കേരളത്തിന്‍റെ വിനോദമേഖല വീണ്ടും വികസിക്കും. ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ സായിപ്പന്മാര്‍ കേരളത്തിലേക്കു കുതിക്കും.
(കഥകളിയെന്ന കലാരൂപത്തിന് ഇന്നും കേരളത്തില്‍പ്പോലും കാണികളില്ല. കുറേ ശുംഭന്മാര്‍ പണ്ഡിതരാണെന്ന ഭാവേന അവിടെ ഉറക്കം തൂങ്ങിയിരിക്കുന്നതു കാണാം)
ഏതാണ്ട് നേരത്തെ സൂചിപ്പിച്ച ശ്വാനന്മാരുടെ ഗതികേടാണ് കേരളത്തിലെ എംപിമാര്‍ക്ക്. ഹിന്ദിയുമറിയില്ല, ഇംഗ്ലീഷുമറിയില്ല. വെറുതെ വായും പൊളിച്ചിരിക്കും. രാഹുല്‍ ഗാന്ധി ചിരിക്കുമ്പോള്‍ കൂടെ ചിരിക്കും. ചിലപ്പോള്‍ വെറുതേ കാര്യമറിയാതെ ഡെസ്ക്കിലടിക്കും.
'മേം' കര്‍ത്താവായി വരുമ്പോള്‍ 'ഹും' മാലഖയായി വരും, തുമാര നാം ക്യാഹൈ? അഛാ, അരേ സാലേ തുടങ്ങിയ ബേസിക്ക് ഹിന്ദിയെങ്കിലും പഠിച്ചിട്ടു വേണ്ടേ പോകാന്‍?
അല്ലെങ്കില്‍ നല്ല മണിമണി പോലെ ഇംഗ്ലീഷ് കാച്ചി വിടുന്ന ചിന്താ ജെറോമിനെയോ, ബിന്ദു ടീച്ചറെയോ, ശ്രീമതി ടീച്ചറെയോ പാര്‍ലമെന്‍റിലേക്ക് അയയ്ക്കണമായിരുന്നു. ഇവരുടെയൊക്കെ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍, ഹിന്ദിക്കാരന്‍റെ ചെവിയില്‍ അമിട്ടു പൊട്ടിയേനെ!
യാതൊരുവിധ ആരോപണങ്ങളും ഇന്നുവരെ കേള്‍പ്പിച്ചിട്ടില്ലാത്ത, മാന്യനും മര്യാദക്കാരനും മുന്‍മന്ത്രിയും സ്പീക്കറുമായ കെ. രാധാകൃഷ്ണനെ മന്ത്രിസ്ഥാനം രാജിവെപ്പിച്ചിട്ട് ആലത്തൂരില്‍ നിന്നും വടക്കോട്ടു വണ്ടി കയറ്റി വിട്ടിട്ടുണ്ട്. മാന്യനും മര്യാദക്കാരനെന്നുമുള്ളതൊന്നും ഒരു പാര്‍ലമെന്‍റ് അംഗമാകാനുള്ള ക്വാളിഫിക്കേഷനൊന്നുമല്ല. ആ പാവത്തിന് ഹിന്ദിയുമറിയില്ല, ഇംഗ്ലീഷുമറിയില്ല. നേരത്തെ പറഞ്ഞതുപോലെ രാഹുല്‍ ഗാന്ധി ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാം. അസംബ്ലിയില്‍ അവര്‍ കീരിയും പാമ്പുമാണെങ്കില്‍ത്തന്നെ പാര്‍ലമെന്‍റില്‍ അവര്‍ മച്ചാനും മച്ചാനുമാണല്ലോ.
ഇതിനിടെ, ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന ഐഎഎസുകാരി ദിവ്യാ അയ്യര്‍, പിന്നോക്ക സമുദായത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ സാറിനെ കെട്ടിപ്പിടിച്ച് സ്നേഹപ്രകടനം നടത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. നിര്‍ദ്ദോഷമായ ഒരു സ്നേഹപ്രകടനം. എന്നാല്‍, മറിച്ച് രാധാകൃഷ്ണന്‍ ദിവ്യ അയ്യരെ കെട്ടിപ്പിടിച്ച് സ്നേഹപ്രകടനം നടത്തിയിരുന്നെങ്കില്‍ കാണാമായിരുന്നു കളി. പാവം സുരേഷ് ഗോപി, ഒരു പെണ്‍കൊച്ചിന്‍റെ തോളത്തൊന്നു തൊട്ടതിനു പെട്ട പങ്കപ്പാട്; എന്‍റമ്മോ! ഒന്നും ഓര്‍മ്മിപ്പിക്കരുതേ!
(ഒരു 'നര്‍മ്മ സാഹിത്യകാരന്‍' എന്ന ലേബല്‍ എനിക്കു നല്കാന്‍ പ്രമുഖ പങ്കു വഹിച്ചിട്ടുള്ള ജോര്‍ജ് ഏബ്രഹാമുമായുള്ള ബന്ധം 'ലോക കേരളസഭയ്ക്ക് സാധ്യതകള്‍ ഏറെ' എന്ന് അദ്ദേഹം പ്രസ്താവിച്ചതോടു കൂടി ഞാന്‍ ഉപേക്ഷിക്കുകയാണ്. ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജയുമായുള്ള ബന്ധം മുരളിയേട്ടന്‍ മുറിച്ചതുപോലെ!)

രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.