സാൻ ഹോസെ , കാലിഫോർണിയ: അമേരിക്കയിലാകമാനം റീജിയണല്‍ അടിസ്ഥാനത്തിൽ നടന്ന പുൽക്കൂട് മത്സരത്തിൽ സാൻ ഹോസയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി ഇടവകയിലെ സ്റ്റീഫൻ വേലിക്കെട്ടേലും കുടുംബവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇടവക വികാരി ഫാദർ ജെമി പുതുശ്ശേരി ഓശാന തീരുകർമങ്ങൾക്കു ശേഷം പള്ളിയിൽ വച്ചു സമ്മാനം നല്‍കി ആദരിച്ചു .
ഇതോടൊപ്പം തന്നെ മിഷൻ ലീഗിലെ കുട്ടികൾ ഫുഡ് ഫെസ്റ്റിലൂടെ തങ്ങൾ സമാഹരിച്ച തുക പഞ്ചാബിലെ ക്നാനായ മിഷനു ദാനം ചെയ്യുന്നതായി അറിയിച്ചു . മിഷൻ ലീഗ് കുട്ടികളുടെ ഈ പ്രവർത്തനം എല്ലാവർക്കും ഒരു മാതൃകയും പ്രചോദനവും ആകട്ടെ എന്ന് ആശംസിച്ചു അതോടൊപ്പം തന്നെ കുട്ടികളുടെ ഈ പ്രയത്നത്തിനു എല്ലാ വിധ നന്ദിയും പ്രോത്സാഹനവും ജെമി അച്ചൻ നേർന്നു .
കുരിശുമരണത്തിനു മുമ്പായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്‍റെ അനുസ്മരണമായമാണ് ക്രൈസ്തവദേവാലയങ്ങളിലെങ്ങും ഓശാനയാച്ചരിക്കുന്നത്. ഈ പ്രത്യേക ദിനം തന്നെ സന്തോഷകരമായ രണ്ടു കാര്യങ്ങൾക്കു സാക്ഷ്യം വഹിക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നതിനോടൊപ്പം ഇടവകയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രത്യേകമായ ഒരു ഓശാന ദിനമായി ഭവിക്കുകയും ചെയ്തതിൽ ഒരു ഇടവക വികാരി എന്ന നിലയിൽ താൻ ഏറെ അഭിമാനിക്കുന്നു എന്നും ജെമി അച്ചൻ കൂട്ടിച്ചേർത്തു . ഇടവകാംഗങ്ങളുടെ പേരിൽ അച്ചൻ മത്സര വിജയികളായ സ്റ്റീഫൻ വേലിക്കെട്ടേൽ ഭാര്യ അനു സ്റ്റീഫൻ മക്കളായ ഹെയ്‌സൽ , ഇസബെൽ , കെയില എന്നിവർക്കും മിഷൻ ലീഗിലെ കുട്ടികൾക്കും എല്ലാ വിധ ആശംസകളും നേർന്നു .
പുൽക്കൂട് മത്സരത്തിൽ സമ്മാന ജേതാക്കളായ സ്റ്റീഫൻ വേലിക്കെട്ടേൽ , ഭാര്യ അനു സ്റ്റീഫൻ , മക്കളായ ഇസബെൽ , ഹെയ്‌സൽ , കെയ്‌ല എന്നിവരെ ജെമി അച്ചൻ ആദരിക്കുന്നു .