മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ 46-മത് ഇടവകദിനാഘോഷവും ഓശാന ഞായർ ശുശ്രൂഷകളും മാർച്ച് 24-ന് ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പാ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ ഓശാന ഞായാറാഴ്ച രാവിലെ 9:30-ന് വിശുദ്ധ കുർബ്ബാന അനുഷ്ഠിക്കും. തദവസരത്തിൽ സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി 13 കുട്ടികൾക്കു ഡോ. എബ്രഹാം മാർ പൗലോസ് ആദ്യകുർബ്ബാന നൽകും. അതേതുടർന്ന് ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ 46-മത് ഇടവകദിനാഘോഷവും സ്വീകരണ സമ്മേളനവും നടക്കും. നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം ആദ്യമായി ഇടവക സന്ദർശനം നടത്തുന്ന ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പായിക്ക് ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ആദരവുകളും ആശംസകളും അർപ്പിക്കും.
ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. സന്തോഷ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ഷോൺ തോമസ്, സെക്രട്ടറി ജോൺ മാത്യൂസ്, ട്രസ്റ്റീസ് ജേക്കബ് തോമസ്, അലൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് എക്സിക്യൂട്ടിവ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങൾ ചെയ്യുന്നു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ഗായകസംഘങ്ങളും മറ്റു പോഷക സംഘടനകളും വിവിധ പരിപാടികളിൽ പങ്കാളിത്തം വഹിക്കും.