മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. മാത്രമല്ല പരാശ്രയം എപ്പോഴും ആവശ്യമാണ്. ഇങ്ങനെ ഒരു മൊഴി കെട്ടിട്ടുണ്ട്. പൊന്നിന്‍ തൂമ്പ ഉള്ളവര്‍ക്കും ഇരുമ്പു തൂമ്പ ആവശ്യമായി വരുമെന്ന്. ഈ നഗ്നസത്യം മനുഷജീവിതത്തിന് ഏറ്റവും അനുയോജ്യമാണ്. ഇന്ന് പലരും പറഞ്ഞുകേള്‍ക്കാറുണ്ട് എനിക്ക് ആരുടെയും സഹായം ആവശ്യമില്ല. എനിക്ക് എന്റെ കാര്യം നോക്കുവാന്‍ സാധിക്കുമെന്ന്. മൂഢാ! ദൈവം അനുവദിക്കാതെ എങ്ങനെയാണ് നിനക്ക് പറയുവാന്‍ സാധിക്കുന്നത്. ഓരോരുത്തര്‍ക്കും പല വിഷയങ്ങള്‍ക്കും പലരെ ആശ്രയിച്ചേ സാധിക്കൂ. അതാണ് മനുഷ്യന്‍ ഒരു ആശ്രയജീവിയെന്ന് പറയപ്പെടുന്നത്. ഈ അടുത്ത സമയത്ത് ഒരു വീഡിയോ കാണുവാന്‍ സാധിച്ചു. ഒരു പശുക്കിടാവിനെ അതിന്റെ തള്ളപ്പശുവിന്റെ അടുക്കല്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറ്റി എവിടേക്കോ കൊണ്ടുപോകയാണ്. എന്നാല്‍ ആ ഓട്ടോയുടെ പിറകെ തള്ളപ്പശു ചില കിലോമീറ്ററോളം അനുഗമിക്കുന്നത് കാണുവാന്‍ സാധിച്ചു. ഈ കാഴ്ച എന്നെ വളരെ ചിന്തിപ്പിച്ചു. അതായത് നൊന്തുപെറ്റതിന് അതിന്റെ കുഞ്ഞുങ്ങളോടുള്ള വാത്സല്യം എത്രമാത്രമാണ് എന്നുള്ളത് ആ വീഡിയോ ദര്‍ശിച്ചിട്ടുള്ള ഏവര്‍ക്കും അറിയാന്‍ സാധിക്കും. ഇത് എല്ലാ വിഭാഗങ്ങള്‍ക്കും ആ പ്രമാണം തന്നെയാണ്. ആധുനിക ലോകത്തില്‍ മനുഷ്യന്‍ മാത്രം സ്വന്തം കുഞ്ഞുങ്ങളെ കൊലചെയ്യുന്നത് വിചിത്രമായി തോന്നാം. ഇത് വളരെ വിരളമായി മാത്രമേ കാണുന്നുള്ളൂ. അതാണ് ദൈവവചനത്തില്‍ പറയുന്നത് അമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കയില്ല എന്ന്. ഭൂരിഭാഗം മാതാക്കള്‍ തങ്ങള്‍ ജന്മം നല്‍കിയ കുഞ്ഞുങ്ങളെ വളരെ സൂക്ഷ്മതയോടെ തന്നെയാണ് വളര്‍ത്തിക്കൊണ്ടു വരുന്നത്. അവര്‍ അനുഭവിച്ച കഷ്ടസങ്കടങ്ങള്‍ തങ്ങളുടെ മക്കള്‍ അനുഭവിക്കരുത് എന്നുള്ള ചിന്തയില്‍ അവരെ അല്ലലില്ലാതെ വളര്‍ത്തും. ഇന്നത്തെ തലമുറയ്ക്ക് വിശപ്പ് എന്തെന്ന് അറികയില്ല. ആഹാരത്തിന് മുട്ടില്ല, വസ്ത്രങ്ങള്‍ക്കു കുറവില്ല. യാത്രാ സൗകര്യങ്ങള്‍ അങ്ങനെയെല്ലാം സുഭിക്ഷിതരാണ്. മാതാപിതാക്കള്‍ കഷ്ടപ്പെട്ട് പണിയെടുത്ത് മക്കളെ പഠിപ്പിച്ചു വലുതാക്കി ഉന്നതനിലവാരത്തിലെത്തി കഴിയുമ്പോള്‍ പലരും അവരുടെ മാതാപിതാക്കള്‍ എന്ന് മറ്റുള്ളവരോട് പരിചയപ്പെടുത്തുവാന്‍ വരെ മടികാണിക്കാറുണ്ട്. മാതാപിതാക്കള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കു അവരല്ല ഉത്തരവാദികള്‍ എന്നാണ് അവരുടെ നിഗമനം.
2022 ഡിസംബര്‍ 10ന് പ്രസിദ്ധീകരിച്ച മലയാള മനോരമയുടെ പ്രധാനവാര്‍ത്തയായി കണ്ടത് സ്വന്തക്കാര്‍ ഉപേക്ഷിച്ച 42 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്നതാണ്. ചികിത്സയ്ക്കു എത്തിച്ച 42 പേരെ പരിചരിക്കുവാനോ തിരിച്ച് ഭവനത്തിലേക്ക് കൊണ്ടുപോകുവാനോ മക്കളോ ബന്ധുക്കളോ എത്താതിരിക്കുന്നതുമൂലം അവരെ അഗതിമന്ദിരങ്ങളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് നിവൃത്തിയില്ലാതെ ഇരിക്കുന്ന ഉപേക്ഷിക്കപ്പെട്ട ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നുത് ഇവിടുത്തെ ഡോക്ടര്‍മാരും നേഴ്‌സുമാരുമാണ്. വീട്ടിലേക്ക് കൊണ്ടുപോകുവാന്‍ മക്കള്‍ വരുമെന്നുള്ള പ്രതീക്ഷയില്‍ കഴിയുന്ന ഇവരുടെ പ്രതീക്ഷകള്‍ മങ്ങി. ഈ 42 പേരില്‍ അനാഥരായി കഴിയുന്ന പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ അഭിഭാഷകരും മുതല്‍ കൂലി തൊഴിലാളികള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ശരീരം തളര്‍ന്ന് ശയ്യാവലംബരായവരും, പ്രായാധിക്യം പാടേ തളര്‍ത്തിയ എണ്‍പതുകാരും വരെ ഈ കൂട്ടത്തിലുണ്ട്. മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് അവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടു പറഞ്ഞത് : ''ഞങ്ങള്‍ക്ക് ആരുമില്ല, ഞങ്ങളെ ആര്‍ക്കും വേണ്ട.''
വിദ്യാഭ്യാസത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ഉച്ചകോടിയിലെന്ന് അഭിമാനിക്കുന്നവരും കൊട്ടിഘോഷിക്കുന്നവരും ഈ സംഭവം മൂലം കേരളത്തെ നാണിപ്പിക്കും തലതാഴ്ത്തിപ്പിക്കും. ലോകമനുഷ്യാവകാശ ദിനത്തില്‍ ഞെട്ടലോടെ കേള്‍ക്കാന്‍ ഈ സംഭവങ്ങള്‍ ഇടയാക്കും. ഒരു എഴുപത്തിയാറുകാരന്‍ പറഞ്ഞത് ഇപ്രകരമാണ്. മക്കള്‍ 3 പേരുണ്ട്. വളര്‍ത്തുമക്കളെ കൂടി ചേര്‍ത്താല്‍ നാലായി. തുടയെല്ല് ഒടിഞ്ഞ് ആശുപത്രിയില്‍ ആയിരിക്കുന്ന ഈ ഹതഭാഗ്യന്‍ പറയുന്നത് എന്നെ തിരിഞ്ഞുനോക്കുവാന്‍ ഒരാള്‍പോലും ഉണ്ടായിരുന്നില്ല. ആശുപത്രി വിട്ടാല്‍ ഇനി എവിടേക്കു എന്ന് നിറകണ്ണുകളോട് പറയുന്നു. തന്റെ വിലാസം പരസ്യപ്പെടുത്തരുത് എന്ന് മാത്രമാണ് തന്റെ അഭ്യര്‍ത്ഥന. കാരണം അതുമൂലം മക്കള്‍ക്ക് അപമാനം ഉണ്ടാകരുത് എന്നുള്ള കരുതല്‍ ഈ അച്ഛനുള്ളതുകൊണ്ടാണ്. തങ്ങള്‍ക്ക് ഉണ്ടായിരുന്ന സ്വത്തുക്കള്‍ മക്കള്‍ക്ക് വീതിച്ചുനല്‍കി അവരെ സംതൃപ്തരാക്കിയ പലരും ഈ 42 പേരുടെ കൂട്ടത്തിലുണ്ട്. സ്വത്തുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നു പേരക്കുട്ടിയുടെ ഭര്‍ത്താവ് കാല് തല്ലിയൊടിച്ച് വേദന അനുഭവിക്കുമ്പോഴും താന്‍ പറയുന്നത് ഞാന്‍ മൂലം ആര്‍ക്കും അപമാനം ഉണ്ടാകരുത് എന്നാണ്. അപകടം സംഭവിച്ച് പരിക്കേറ്റവരെ സഹപ്രവര്‍ത്തകര്‍ കൊണ്ടുവന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുണ്ട്. അങ്ങനെയുള്ളവരുടെ വിലാസം കണ്ടുപിടിച്ചു ആശുപത്രി അധികൃതര്‍ വിവരം അറിയിചെങ്കിലും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. മെഡിക്കല്‍ കോളേജിന്റെ വരാന്തയില്‍ പോലും രോഗികള്‍ നിറഞ്ഞ് കഷ്ടപ്പെടുമ്പോള്‍ ബന്ധുക്കള്‍ക്കു വേണ്ടാത്തവരെ എത്രനാള്‍ സംരക്ഷിക്കാന്‍ സാധിക്കും. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇവരെ സുരക്ഷിതരായി മറ്റ് അഭയ കേന്ദ്രങ്ങളിലെത്തിക്കുവാന്‍ വേണ്ട നടപടികള്‍ നടത്തിവരുന്നു. കൊട്ടാരക്കരയിലെ ആശ്രയ ട്രസ്റ്റ് 18 പേര്‍ക്ക് അഭയം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ദൈവം മോശെ മൂലം കല്പന കൊടുക്കുമ്പോള്‍ പറഞ്ഞ ഒരു വിഷയം ''നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നിനക്ക് ദീര്‍ഘായുസ്സുണ്ടാകേണ്ടതിന് നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക'' (പുറപ്പാട് 20:12). ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ തന്റെ സദൃശ്യവാക്യങ്ങളില്‍ കൂടെ അനേക ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ചിലത് ഇവിടെ കുറിക്കുകയാണ്. ''മക്കളേ, അപ്പന്റെ പ്രബോധനം കേട്ട് വിവേകം പ്രാപിപ്പാന്‍ ശ്രദ്ധിപ്പിന്‍'' (സദൃ.4:1). ''ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാല്‍ അവന്റെ വിളക്ക് കൂരിരുളില്‍ കെട്ടുപോകും (സദൃ.20:20) ''അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കാതെയിരിക്കുകയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും കഴുകന്‍ കുഞ്ഞുങ്ങള്‍ തിന്നുകയും ചെയ്യുന്നു (സദൃ.30:17). ഇന്നത്തെ തലമുറയ്ക്ക് മാതാപിതാക്കളോടുള്ള സമീപനം വളരെ ലജ്ജാകരമാണ്. ഇത് മുഴുവന്‍ ആള്‍ക്കാരെ ഉദ്ദേശിച്ചല്ല. നല്ലൊരു ശതമാനം കുഞ്ഞുങ്ങളുടെയും ജീവിതം കണ്ടാല്‍ വളരെ പ്രയാസം തോന്നും.
അവര്‍ ആഗ്രഹിക്കുന്ന വഴിയില്‍ അവരെ വിടുവാന്‍ തടസ്സം സൃഷ്ടിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഒരു മാതാവും പിതാവും അവര്‍ക്കുവേണ്ടി സഹിച്ച ത്യാഗങ്ങള്‍ ഓര്‍ത്താല്‍ എങ്ങനെ അവരോട് പെരുമാറാന്‍ തോന്നും. പ്രായപൂര്‍ത്തിയായാല്‍ പിന്നെ അവരുടെ ലോകത്തിലേക്ക് പറന്നുയരുവാന്‍ തടസ്സമായി ആര് നിന്നാലും അവരോട് പ്രതികാര ചിന്തയായിരിക്കും. ഞങ്ങള്‍ നിങ്ങളെ കഷ്ടപ്പെട്ടാണ് ഇത്രയും വളര്‍ത്തിയതെന്ന് പറഞ്ഞാല്‍ അവര്‍ പറയുന്നത് നിങ്ങളുടെ കടപ്പാട് നിങ്ങള്‍ ചെയ്തു. അതിന് ഞങ്ങള്‍ എന്ത് ചെയ്യണം. എന്നാല്‍ അവര്‍ക്കു മാതാപിതാക്കളോട് ചില കടപ്പാടുകളുണ്ട് എന്നുള്ള സത്യം അവര്‍ പാടേ മറന്നുപോകയാണ്. കേരളത്തില്‍ അനേകം വൃദ്ധസദനങ്ങള്‍ ഉണ്ടാകുന്നതിന്റെ ഏക കാരണം മക്കള്‍ അവരുടെ കടമകള്‍ മറക്കുന്നു എന്നുള്ളതാണ്. മക്കള്‍ ഒരു കുടുംബമായി കഴിയുമ്പോള്‍ അവര്‍ക്കു തലമുറകള്‍ ഉണ്ടാകുമ്പോള്‍ മാതാപിതാക്കളെ അന്വേഷിക്കുന്നത് മക്കളുടെ ബേബിസിറ്റേഴ്‌സ് (കുഞ്ഞുങ്ങളെ നോക്കുന്നവര്‍) ആയിട്ടാണ്. മാതാപിതാക്കളുടെ സമ്പാദ്യങ്ങള്‍ എന്തെല്ലാം ഉണ്ടോ അത് കരസ്ഥമാക്കുന്നതു വരെ ഒരു പരിധി അവരോടൊപ്പം ഉണ്ടാകും. അതിനുശേഷം പലരും തിരിഞ്ഞുനോക്കാറില്ല. പത്തും പന്ത്രണ്ടും മക്കളെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തി. വേണ്ടതെല്ലാം നല്‍കി വലുതാക്കി. അവര്‍ ആരോടും കണക്ക് പറയുകയോ വേര്‍തിരിച്ച് കാണുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഈ പന്ത്രണ്ട് മക്കള്‍ക്ക് മാതാപിതാക്കളെ സംരക്ഷിപ്പാന്‍ സാധിക്കുന്നില്ല. അവര്‍ വീതം വെയ്ക്കുന്നു. അപ്പനെ ഒരാള്‍ നോക്ക്. അമ്മയെ മറ്റൊരാള്‍ നോക്ക് വാര്‍ദ്ധക്യത്തില്‍ മുഖത്തോടു മുഖം നോക്കിയിരിക്കുവാനോ അന്യോന്യം ആശയങ്ങള്‍ പങ്കുവെയ്ക്കുവാനോ സാധ്യമല്ലാതെ അവര്‍ വിവിധയിടങ്ങളില്‍ ഏകാന്തത അനുഭവിക്കയാണ്. അതിനും സാധിക്കാതെ വരുമ്പോള്‍ എവിടെയെങ്കിലും വൃദ്ധസദനത്തില്‍ കൊണ്ടുചെന്ന് വിടും. പെറ്റ് വളര്‍ത്തിയ മക്കളോടൊപ്പം ശിഷ്ടായുസ്സ് കഴിയാന്‍ സാധിക്കാതെ നിരാശരായി മരണത്തെ കാത്ത് കഴിയുന്ന ആയിരക്കണക്കിന് ജീവിതങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലുണ്ട് എന്നുള്ളതാണ് വേദനാജനകം.
പാസ്റ്റര്‍ പി.പി. കുര്യന്‍