പാട്ടിനുമപ്പുറത്തേക്ക് പ്രിയം തോന്നിയ മനുഷ്യനാണ് ജാസ്സി. പാടുന്ന പലരും പറഞ്ഞു തുടങ്ങിയാൽ ഉടഞ്ഞുപോകും. ചില്ലുപോലെ ചിതറിപ്പോകും. പാട്ടിന്റെ പേരിൽ മറ്റെല്ലാ കൊള്ളരുതായ്മകളും പൊറുക്കേണ്ടി വരും.
അവർക്കിടയിൽ ഒരിക്കൽപോലും നിരാശപ്പെടുത്തിയിട്ടില്ലാത്ത പാട്ടും പറച്ചിലുമാണ് ജാസ്സി. ഞാൻ ആരെങ്കിലും ആണെന്നതിന്റെ ഏറ്റവും മന്ത്രസ്ഥായിയിലുള്ള സ്വരം പോലും ഒഴിവാക്കിയാണ് സംസാരിക്കുക. ഞാൻ ആരുമല്ലെന്ന സ്വരം അതിന്റെ ഉച്ചസ്ഥായിയിൽ മുഴങ്ങി നിൽക്കും. അവകാശവാദങ്ങൾ ഇല്ല, അവസരങ്ങൾ കിട്ടാത്തതിൽ പരിഭവമില്ല, ആരോടുമുള്ള കാലുഷ്യത്തിന്റെ അപസ്വരങ്ങൾ ഇല്ല, എല്ലാത്തിനോടും അപാരമായൊരു കൃതജ്ഞത ശ്രുതിമീട്ടി നിൽക്കും.
പാടാൻ തുടങ്ങിയാൽ ഒരു തലമുറയെ ഒന്നാകെ തുള്ളിച്ച മനുഷ്യനാണെന്ന് തോന്നുകയോ തോന്നിപ്പിക്കുകയോ ഇല്ല. കാതിൽ നിന്നും കരളിലേക്ക് ഒരു മധുരമഴ അടർന്നു വീഴുന്നതുപോലെ പാടിത്തോരും.
ഒരു കോളേജ് പ്രിൻസിപ്പൽ ആത്മാവിലെ ദാരിദ്ര്യം കൊണ്ട് മൈക്ക് പിടിച്ചുവാങ്ങിയാൽ മുറിഞ്ഞുപോകുന്ന പാട്ടല്ല ജാസ്സി. ഈ സംഭവത്തെ കുറിച്ചു പറയുന്ന വീഡിയോ പോലും ജാസ്സിയുടെ വലിപ്പത്തെ പിന്നെയും വലുതാക്കുകയാണ്.