ആ വാതിലൊന്നു തുറന്നുകിട്ടാൻ ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ് . എന്റെ അമ്മയുടെ മുഖമൊന്നുകാണാൻ കൊതിയാകുന്നു. അമ്മ അതൊരു സംഭവമായിരിക്കും കേട്ടോ... ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോൾ അതായതു ഒരുപൊട്ടുപോലുള്ളപ്പോൾ മുതൽ എനിക്കറിയാവുന്നതല്ലേ, ആദ്യമാദ്യം എനിക്കൊന്നും അറിയില്ലായിരുന്നു. എനിക്ക് ജീവനുണ്ടോ എന്നുപോലും ഞാൻ അറിയുന്നത് അമ്മയുടെ ആദ്യത്തെ സ്പർശനത്തിലൂടെയായിരുന്നു . അതൊരനുഭവമായിരുന്നു.
ആ വാതിലൊന്നു തുറന്നുകിട്ടാൻ ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ് . എന്റെ അമ്മയുടെ മുഖമൊന്നുകാണാൻ കൊതിയാകുന്നു. അമ്മ അതൊരു സംഭവമായിരിക്കും കേട്ടോ... ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോൾ അതായതു ഒരുപൊട്ടുപോലുള്ളപ്പോൾ മുതൽ എനിക്കറിയാവുന്നതല്ലേ, ആദ്യമാദ്യം എനിക്കൊന്നും അറിയില്ലായിരുന്നു. എനിക്ക് ജീവനുണ്ടോ എന്നുപോലും ഞാൻ അറിയുന്നത് അമ്മയുടെ ആദ്യത്തെ സ്പർശനത്തിലൂടെയായിരുന്നു . അതൊരനുഭവമായിരുന്നു. പെട്ടെന്ന് ഞെട്ടിയുണർന്നപോലെ ഞാൻ എല്ലാം അറിയുന്നവനായി .
എവിടുന്നോ എനിക്ക് വളരാനുള്ള ഭക്ഷണവും വെള്ളവും അടങ്ങുന്ന എന്തോ ഒന്ന് എനിക്ക് കിട്ടികൊണ്ടിരിക്കുന്നു എവിടുന്നാണതെന്ന് അറിയാൻ സാധിക്കുന്നില്ല . ഞാൻ കിടക്കുന്നിടം ആകെ ഇരുട്ടായിരുന്നു. ഒരുപക്ഷേ എന്റെ കണ്ണുകൾ അടഞ്ഞിരിക്കുന്നതുകൊണ്ടാകാം. അല്ല അതിപ്പോഴും അടഞ്ഞുതന്നെയാണ് ഇരിക്കുന്നത്. ഇനി ചെവിക്കും കേഴ്വിയൊന്നുമില്ല മൂക്കും ചെറുതായി രൂപം കൊണ്ട് വരുന്നതേയുള്ളു. പക്ഷെ എന്റെ മനസ്സ് അതിന് എല്ലാം കേൾക്കാനും കാണാനും ഉള്ള ഏതോ ഒരു ശക്തി ഉണ്ടായിരുന്നു. അതിലൂടെയാണ് ഞാൻ അമ്മയെ കേട്ടതും കണ്ടതും ആ സ്പര്ശനം അറിഞ്ഞതും .
കാലക്രമേണ ഞാൻ വളരാൻ തുടങ്ങി എനിക്ക് രൂപവും ഭാവവും വന്നുതുടങ്ങി . എന്റെ വലുപ്പം അനുദിനം കൂടിക്കൊണ്ടിരുന്നു. അതിനനുസരിച്ച് ഞാൻ കിടക്കുന്ന സ്ഥലവും അതായത് എന്റെ അമ്മയുടെ വയറും വളർന്നുകൊണ്ടിരുന്നു. എന്റെ വളർച്ച അമ്മക്കൊരു ഭാരമാകുന്നുണ്ടോ എന്നറിയില്ല. പക്ഷെ പഴയതിലും 'അമ്മ ഉന്മേഷവതിയാണ്. ഒന്നുണ്ട് പഴയപോലെ അമ്മ എന്നെയും കൊണ്ട് അതികം ഓടാറില്ല. ആദ്യം കിട്ടികൊണ്ടിരുന്നതിലും കൂടുതൽ ഭക്ഷണം എനിക്കുകിട്ടുകയും അത് ഞാൻ കഴിക്കുകയും ചെയ്യുന്നുണ്ട്.
അമ്മയെ കൂടാതെ അമ്മയെപോലെയുള്ള പലരും അപ്പുറത്തുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീടത് ശരിയാണെന്നു ബോധ്യമായി. അവരൊക്കെ അടുത്തുവരുമ്പോൾ 'അമ്മ അവരുമായി സംസാരിക്കുമ്പോൾ, അവർ അമ്മയെ സ്പർശിക്കുമ്പോൾ ഒക്കെ എനിക്കത് അനുഭവബദ്യമായിരുന്നു . അതൊരു പ്രത്യേക വികാരമായിരുന്നു. അതിൽ നല്ല വികാരം തരുന്നവരും അത്ര നല്ല വികാരം തരാത്തവരും ഉണ്ടായിരുന്നു . ചിലർ അടുത്തുവരുമ്പോഴേ അറിയാം അവരുടെ സ്നേഹത്തോടെയുള്ള സംസാരവും പെരുമാറ്റവും മറ്റും ഒത്തിരി നല്ലതാണ്. അവരൊക്കെയാണ് എന്നെ എത്രയും വേഗത്തിൽ അവരുടെ ഒക്കെ ഇടയിലേക്ക് എത്തണമെന്ന ആഗ്രഹം എനിക്ക് തരുന്നത്. അവരൊക്കെ എത്ര നല്ലതാ . അമ്മയുടെ ഈ പുക്കിളിലൂടെയല്ലാതെ നേരിട്ടവരെ ഒക്കെ ഒന്നു കാണണം . 'അമ്മ ഇവിടെ പറയുന്ന ചില വാക്കുകൾ ഉണ്ട് . ദൈവം, അച്ഛൻ, 'അമ്മ , ചേച്ചി ചേട്ടൻ വല്യമ്മ അപ്പച്ചൻ . അതിൽ അച്ഛനെയാണ് എനിക്ക് ഏറെ അറിയാവുന്നത് ചേട്ടന്മാരും ചേച്ചിമാരും ഒക്കെ സ്കൂളിൽ നിന്ന് വരാൻ ഞാൻ കൊതിച്ചിരിക്കും അവരുവന്നാലുടൻ അമ്മയുടെ മേലിലേക്കിരച്ചുകയറും. 'അമ്മ അവരെ അൽപ്പം മാറ്റിനിർത്തുന്നതിൽ അവർക്ക് അൽപ്പം പരിഭവമുണ്ട്. എന്നാലും 'അമ്മ അവരെ പറഞ്ഞു മനസ്സിലാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. വയറ്റികിടക്കുന്ന കുഞ്ഞിന് നോവും കുഞ്ഞു വിഷമിക്കും അതുകൊണ്ടോക്കെയല്ലേ എന്ന് പറഞ്ഞു അവരെ സമാധാനിപ്പിക്കും. എന്നാലും അവരൊക്കെ എന്റെ മേത്തോട്ടു ഉരുണ്ടുകയറുന്നത് എനിക്കിഷ്ടമായിരുന്നു. അതിലൂടെ എനിക്കവരുടെ സ്നേഹം അനുഭവിക്കുവാൻ സാധിക്കുമായിരുന്നു. ഇങ്ങനെ ഇരുട്ടത്ത് ഒറ്റക്കെത്രനാളാ കിടക്കുന്നത് . അച്ഛൻ പിന്നെ വൈകിട്ടെന്നും ജോലികഴിഞ്ഞു ഷീണിച്ചായിരിക്കും വരുന്നത്. എങ്കിലും രത്രിയിൽ എനിക്കും അമ്മയ്ക്കും മുത്തം തരുകയും കെട്ടിപ്പിടിക്കുകയും ചെയ്യാതെ ഉറങ്ങാറില്ല . ചിലപ്പോഴൊക്കെ രണ്ടുപേരും തമ്മിൽ തർക്കിക്കുമ്പോൾ എനിക്ക് പേടിയാണ്. എനിക്കിടേണ്ട പേരിനെപ്പറ്റിയും. എന്റെ ഭാവികാര്യങ്ങളെ പറ്റിയും ഒക്കെയാണ്. പറയുന്നത്. അമ്മക്കെല്ലാം എല്ലാം അച്ഛനാണെന്നാണ് എനിക്ക് ഇത്രയും നാളത്തെ അവരുടെ സംഭാഷണത്തിൽ നിന്നും പെരുമാറ്റങ്ങളിൽ നിന്നും മനസ്സലായിട്ടുള്ളത് . ചിലരുടെ ഒക്കെ സംസാരവും പെരുമാറ്റവും എനിക്കത്ര ഇഷ്ടമില്ല. അവർ അടുത്ത് വരുന്നതുതന്നെ എനിക്ക് ഇഷ്ടമില്ല. അമ്മ വേദനയെടുക്കുന്നതും വിഷമിക്കുന്നതും എനിക്ക് ഒട്ടും ഇഷ്ടമില്ല. ആ സമയത്തൊക്കെ എന്റെ മനസ്സ് വല്ലാതെ ഞാൻ അറിയാതെതന്നെ വേദനിക്കുകയും പുറത്തേക്കിറങ്ങാൻ ഉള്ള ആഗ്രഹം ഇല്ലാതാകുകയും ചൈയ്യും.
അമ്മക്ക് ദേഷ്യം എന്ന വികാരം ഉള്ളതായി ചിലപ്പോഴൊക്കെ എനിക്ക് മനസ്സിലായിട്ടുണ്ട്. അതെന്നെയും ബാധിക്കാറുണ്ട്. അതത്ര സുഖമുള്ള കാര്ര്യമല്ല എന്തിനാണ് 'അമ്മ ഇടയ്ക്കിടെ ദേഷ്യപെടുന്നതും കരയുന്നതും ഒന്നുംഎനിക്കറിയില്ല അതൊന്നും 'അമ്മ എന്നോട് പറയാറില്ലല്ലോ എന്നെ വേദനയെടുപ്പിക്കണ്ട എന്ന് കരുതിയാവും . ഒന്ന് പുറത്തേക്കൊന്നിറങ്ങട്ടെ നോക്കാം .
ഞാൻ താഴെ പോകാതിരിക്കാൻ വേണ്ടിയായിരിക്കും 'അമ്മ ഇയ്യിടെയായി എപ്പോഴും ഒരു കയ്യ് വയറിന്റെ അടിഭാഗത്തുതാങ്ങി നടക്കുന്നത്. അപ്പോളോർക്കും ഞാൻ അമ്മക്കൊരു ഭാരമാണെന്ന് . പക്ഷെ അതൊന്നും കൂട്ടാക്കാതെ അമ്മ എന്നോട് കുശലം പറയുകയും തലോടുകയും ഒക്കെ ചെയ്യുമ്പോൾ എന്ത് സുഖമാണെന്നോ.
എന്റെ ഓരോ വളർച്ചയും അനക്കങ്ങളും അമ്മ വീട്ടിലുള്ള എല്ലാവരെയു വിളിച്ചറിയിക്കാറുണ്ട് . അതൊക്കെ കേൾക്കുമ്പോൾ അവരെല്ലാം ആകാംഷയോടെ അമ്മയുടെ വയറിന്റെ പുറത്തു കായി വച്ച് അനക്കം മനസ്സിലാക്കും . ചിലരുപറയും ഞാൻ അവരെ തൊഴിച്ചെന്നും ഇടിച്ചെന്നും ഒക്കെ . ചിലര് പറയും ഞാൻ വലിയ കളിക്കാരനാകും എന്ന്. ചിലർപറയും ഞാൻ ഒരു പോലീസുകാരനാകും എന്നൊക്കെ. ആർക്കറിയാം, ഈ കളിക്കാരൻ ആരാണെന്നും പോലീസുകാരൻ എന്താണെന്നും ഒക്കെ എനിക്കെന്താ അറിയാവുന്നത് .
എനിക്കെപ്പോഴും സമയം ഒരുപോലെയല്ലേ പകലും രാത്രിയും ഒന്നും എനിക്ക് പ്രശ്നമല്ലല്ലോ. രാത്രിയിലും ഞാൻ കയ്യും കാലും നിവർക്കുകയും ഞെളിയുകയും പിരിയുകയും ഒക്കെ ചെയ്യും. നേരം വെളുക്കുമ്പോൾ അമ്മ പരിഭവം പറയുന്നത് കേൾക്കാം കൊച്ചെന്നെ ഒരുപോള കണ്ണടക്കാൻ അനുവദിച്ചിട്ടില്ല എന്നൊക്കെ.
അങ്ങനെ ദിവസ്സങ്ങൾ കടന്നുപോയ്യി. അവരൊക്കെപറയുന്ന ആ ദിവസ്സത്തിനായിട്ടു ഞാനും അക്ഷമനായി കാത്തിരിക്കുകയായിരുന്നു. പെട്ടെന്നൊരുദിവസ്സം ഞാൻ കിടന്നിരുന്ന കൂടാരം പൊട്ടി. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കൊരുപിടിയും കിട്ടുന്നില്ല. എന്റെ അമ്മയാണെങ്കിൽ നിലവിളിയോട് നിലവിളി . 'അമ്മ ഇത്രയധികം നിലവിളിച്ചു ഞാൻ കേട്ടിട്ടേയില്ല. വീട്ടിലാകെ ബഹളമായി . അതെനിക്ക് അത്ഭുതവും ഉത്ഖണ്ഠയും ഉണ്ടാക്കി. . ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. . ആരൊക്കെയോ കരയണ്ട കരയണ്ട എല്ലാം ശരിയാകും എന്നുപറഞ്ഞ് അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്. അതിനിടയിൽ ഏതൊക്കെയോ പരിചയമില്ലാത്ത മറ്റു പെണ്ണുങ്ങളുടെ ശബ്ദവും കേൾക്കാം .
അമ്മയ്ക്കും കൂടെ എനിക്കും എന്തോ സംഭവിക്കാൻ പോകുന്നു എന്ന് എന്ന് മനസ്സിലായി. അമ്മയുടെ വയറ്റിൽ എന്തൊക്കെയോ സംഭവവികാസങ്ങൾ നടക്കുന്നുണ്ട് . ഇത്രയും നാൾ എന്നെ പൊതിഞ്ഞിരുന്ന ആ കുഴമ്പുപോലുള്ള കവചം പൊട്ടി ഒഴുകി കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുന്നതായി എനിക്ക് തോന്നി. അതൊഴുകുന്ന ദിശയിലേക്കു ഞാനും ഒഴുകാൻ തുടങ്ങി . എന്നാൽ ആ വാതിൽ അത്ര വിസ്താരമുള്ളതായിരുന്നില്ല. എന്റെ കിടപ്പനുസരിച്ച് എന്റെ തലയാണാദ്യം ആ വാതായനത്തിലേക്കെത്തിയത് എന്റെ തല ആ വാതിലിൽ മുട്ടിയപ്പോൾ അത് മെല്ലെ മെല്ലെ തുറക്കപ്പെട്ടു എങ്കിലും അത് ഇടുങ്ങിയതായിരുന്നു. ഈ സമയത്ത് 'അമ്മ വല്ലാതെ പുളയുകയും ഒച്ചവയ്ക്കുകയും ഉച്ചത്തിൽ ഉച്ചത്തിൽ കരയുകയും ചെയ്തുകൊണ്ടിരുന്നു. ആരൊക്കെയോ ചേർന്ന് അമ്മയുടെ വയറിനു പുറത്തു കൈവച്ചുതിരുമി തിരുമ്മി എന്നെ തള്ളി പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്കാണെങ്കിൽ ശ്വാസം മുട്ടാനും തുടങ്ങുന്നുണ്ട്. എത്രയും വേഗം ഈ അവസ്ഥയിൽ നിന്നൊന്നു രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് തോന്നിപോയി . അവസാനം ഞാൻ ഒരു കുതിപ്പായിരുന്നു.
എന്റെ തല മെല്ലെ ഒരു പുതിയ ലോകത്തിലേക്കു ഇറങ്ങിവന്നു . ആരൊക്കെയാണെന്നറിയില്ല എന്തൊക്കെയോ ഉപകരണങ്ങൾ കൊണ്ടേ എന്നെ വലിച്ചു പുറത്തേക്കിട്ടു. എന്തൊരു ബഹളം എന്തൊരുവെട്ടം. അതിനിടയിൽ ഞാൻ ആണാണോ പെണ്ണാണോ എന്നറിയാനായിരുന്നു ചിലർക്ക് തിടുക്കം. അതുവരെ എനിക്ക് ഭക്ഷണവും പാനീയങ്ങളും ശ്വാസവും തന്നിരുന്ന അമ്മയുമായുള്ള ബന്ധം ആരോ ഒരാൾ മുറിച്ചുമാറ്റി. ഞാൻ ആദ്യമായി സ്വന്തമായി ശ്വാസം വലിച്ചുതുടങ്ങി. അത് വേണ്ടവണ്ണം കിട്ടാതായപ്പോൾ ഞാൻ കരഞ്ഞു . എന്റെ കരച്ചിൽ പുറത്തു നിന്നവരെ വിഷമിപ്പിക്കുന്നതിനുപകരം സന്തോഷിപ്പിക്കുകയായിരുന്നു. കാരണം എന്റെ കരച്ചിൽ കേട്ടപ്പോൾ അവരെല്ലാം നെടുവീര്പെടുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. എനിക്ക് ജീവനുണ്ടല്ലോ ഭാഗ്യം അവരും പറഞ്ഞു ഞാനും.
ആ മല്ലയുദ്ധത്തി ഞാൻ ആകെ തളർന്നുപോയി. മയങ്ങിയപോലെ ഞാൻ കിടന്നു. ഞാൻ പുറത്തു വന്നതോടെ അമ്മ കരച്ചിൽ നിർത്തി. അമ്മയും ആകെ തളർന്നുപോയിരുന്നു. ആ തളർച്ചയൊന്നും വകവയ്ക്കാതെ 'അമ്മ ഇടതു കൈകൊണ്ട് എന്നെ തിരഞ്ഞു. ആദ്യമായുള്ള അമ്മയുടെ നേരിട്ടുള്ള ആ സ്പര്ശനം അതെനിക്ക് മറക്കാനവുന്നില്ല. കുറച്ചു കഴിഞ്ഞെന്റെ കണ്ണുകളെ ഞാൻ തുറക്കാൻ ശ്രമിച്ചു . അതുകാണാനും എല്ലാവരും ആകാംഷയോടെ കാത്തിരുന്നു ആ വെട്ടം എനിക്ക് താങ്ങാവുന്നതിലും ശക്തമായിരുന്നു. മിന്നായം പോലെ എന്തൊക്കെയോ കണ്ടു . ഞാൻ കണ്ണുകൾ പെട്ടെന്നടച്ചു എങ്കിലും ആ കാഴ്ചകൾ എന്നെ വല്ലാതെ ആകർഷിച്ചു. അത് വീണ്ടും വീണ്ടും കാണാൻ വീണ്ടും വീണ്ടും അടക്കുകയും തുറക്കുകയും ചെയ്തു . അവസാനം എനിക്കത് നന്നായി തുറക്കുവാനും അടക്കുവാനും പറ്റുമെന്നായി. ഞാനാണെങ്കിൽ പൂർണ്ണ നഗ്നയായിട്ടായിരുന്നു കിടപ്പ് . അധികം താമസിയാതെ അവരെന്റെ തലയൊഴിച്ചുള്ള ഭാഗം തുണിയിട്ടുപുതപ്പിച്ചു.
എന്റെ അടുത്ത് കിടക്കുന്ന ആൾ എന്റെ അമ്മയാണെന്ന് ആരും എന്നോട് പറഞ്ഞു തരാതെ തന്നെ എനിക്കറിയാമായിരുന്നു. അബോധാവസത്തയിൽ വേദനയാൽ പുളഞ്ഞു കിടന്ന 'അമ്മ തലപൊക്കി എന്നെനോക്കുന്നതു ഞാൻ കണ്ടു . ആദ്യമായി ഞാനും ആ മുഖം നേരിൽ കണ്ടു. ആ കൈകൾ കൊണ്ടെന്നെ ചേർത്തുപിടിച്ചു എന്നിട്ടെന്റെ നേരെ തിരിഞ്ഞുകിടക്കുബോഴും അമ്മക്ക് എന്തൊക്കെയോ വേദനകൾ ഉള്ളപോലെ എനിക്കുതോന്നി. അമ്മയുടേത് എന്ന് സ്പര്ശനത്തിലൂടെയും ഗന്ധത്തിലൂടെയും മനസ്സിലാകുന്ന ഒന്ന് എന്റെ വായിൽ 'അമ്മ തിരുകിത്തന്നു. ഞാനാദ്യമായി എന്റെ ചുണ്ടുകൾ ചലിപ്പിച്ച് അതിനെ നുണയാൻ തുടങ്ങി . അതിനുള്ളിൽ നിന്നും അതി മധുരരുചിയുള്ള ഒന്നെന്റെ വായിലേക്ക് ഒഴുകിവന്നു . അതെന്റെ വിശപ്പും ദാഹവും തീർത്തു. എന്റെ ഓരോ നുണയലും വലിയും അമ്മക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു എന്നാൽ അതൊന്നും മുഖത്ത് കാണിക്കാതെ പുഞ്ചിരിയോടെ മനോഹരമായ ആ മുഖം എന്റെ നെറ്റിയിലേക്കടുപ്പിച്ചു എന്റെ തിരുനെറ്റിയിൽ തന്നെ മുത്തം വച്ചു. ഈലോകത്തെ ആദ്യത്തെ മുത്തം. അതും അമ്മയുടെമുത്തം അതുവരെ ഞാൻ അനുഭവിച്ച പ്രയാസങ്ങളും തടസ്സങ്ങളും എന്നുവേണ്ട പഴയതെല്ലാം തന്നെ ഞാൻ ആ നിമിഷം മറന്നുപോയി. അമ്മയും കഴിഞ്ഞതെല്ലാം മറന്ന് വീണ്ടും വീണ്ടും എന്നെ ഉമ്മവച്ചോണ്ടിരുന്നു.
ഞാൻ എത്ര ഭാഗ്യമുള്ള കുഞ്ഞാണ് ഈലോകത്തു പിറക്കാൻ യോഗ്യതയുണ്ടായിട്ടും പിറക്കാൻ പറ്റാത്ത, പിറക്കാൻ അനുവാദം കിട്ടാതെ തിരിച്ചുപോയ എത്രയോ കുഞ്ഞുങ്ങൾ ഉണ്ട് അവർക്കെല്ലാംവേണ്ടി ഞാൻ എന്റെ ഈ കഥ സമർപ്പിക്കുന്നു . ആകസ്മികമായിട്ടാണെങ്കിലും വച്ചുനീട്ടുന്ന കുഞ്ഞിനെ ആണോ പെണ്ണോ എന്നുനോക്കാതെ തിരിച്ചയക്കാതെ സസന്തോഷം സ്വീകരിച്ചു ചേർത്ത്പിടിക്കുന്ന നല്ല മാതാപിതാക്കന്മാർക്ക് എന്റെ കുഞ്ഞു വിരലുകൾ കൊണ്ടുള്ള കൂപ്പുകൈ .
മാത്യു ചെറുശ്ശേരി