നമ്മൾ പോലും അറിയാതെ നമ്മിൽ നിന്ന് മാഞ്ഞു പോയ ഒരു കാലത്തെ അതേപടി പറിച്ചെടുത്തു കൊണ്ടു വച്ചിട്ടുണ്ട് സ്ക്രീനിൽ .. കുടുകുടെ ചിരിച്ചും, മനസ്സറിയാതെ കരഞ്ഞും, കൈയ്യടിച്ചും ആഘോഷമാക്കാൻ പറ്റിയ അതിഗംഭീര പടം.
നമ്മൾ പോലും അറിയാതെ നമ്മിൽ നിന്ന് മാഞ്ഞു പോയ ഒരു കാലത്തെ അതേപടി പറിച്ചെടുത്തു കൊണ്ടു വച്ചിട്ടുണ്ട് സ്ക്രീനിൽ ..
കുടുകുടെ ചിരിച്ചും, മനസ്സറിയാതെ കരഞ്ഞും, കൈയ്യടിച്ചും ആഘോഷമാക്കാൻ പറ്റിയ അതിഗംഭീര പടം.
നമ്മെക്കാൾ ഒന്നോ രണ്ടോ വയസ്സു മാത്രം മൂപ്പുള്ളവർ പോലും നമ്മുടെ ഹീറോയും രക്ഷിതാവും സുഹൃത്തും ഒക്കെയായി മാറിയിരുന്ന ഒരു കാലം.
നമ്മുടെ അയൽപക്കത്തെ വീട്ടിൽ നമ്മുടെ സ്വന്തം വീടു പോലെ ഓടിക്കേറി ചെല്ലാൻ പറ്റുമായിരുന്നൊരു കാലം.
ഇല്ലായ്മകൾക്കിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങളൊക്കെയും വലിയ സന്തോഷങ്ങളായി മാറിയിരുന്ന കാലം.
കണ്ണൻ ചേട്ടനായി വന്ന ഡാവിഞ്ചി സന്തോഷും, ബാലു വർഗീസും,ഉണ്ണി ദാമോദരനായി വന്ന ആ കൊച്ചു മിടുക്കനും, അർജ്ജുൻ അശോകനും ,രമയും, പാത്തുമ്മയും, സൈജു കുറുപ്പിൻ്റെ മഞ്ജുളൻ ചേട്ടനും, ചേട്ടൻ്റെ അമ്മയും,സുധി കോപ്പയും, ടീച്ചറും, കണ്ണൻ ചേട്ടൻ്റെ അമ്മയും, അമ്മുമ്മയും, ഉണ്ണിയുടെ അച്ഛനും അമ്മയും.. എന്തിന്, പുഴയിലെ വള്ളത്തിൽ കടന്നു വരുന്ന ഭൂതമടക്കം സകലരും സൂപ്പറായിരുന്നു. '
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല, കണ്ണൊക്കെ കലങ്ങിയിങ്ങനെ ഇരിക്കുമ്പൊഴാണ് end credits കയറി വന്ന് ലൈറ്റ് തെളിഞ്ഞത്.
തീയറ്റർ ഫുൾ കൈയ്യടി.കരഞ്ഞോ ഇല്ലയോ എന്നറിയാൻ ഞാനാരെയും തിരിഞ്ഞു നോക്കാനൊന്നും പോയില്ല.
പിന്നെ ഞാനും കൈയ്യടിച്ചിങ്ങ് ഇറങ്ങിപ്പോന്നു.. ഒറ്റ പരിഭവം മാത്രമേ ഉള്ളൂ: വേണമെങ്കിൽ ഒരു രണ്ടു മണിക്കൂർ കൂടി പറയാനുള്ള വകുപ്പുണ്ടായിരുന്നു.
അങ്ങനെ തീർന്നു പോവരുതേ എന്ന് മനസ്സു കൊണ്ടാഗ്രഹിച്ചു പോകുന്ന അപൂർവ്വം സിനിമകളേ നമുക്ക് കിട്ടാറുള്ളൂ.
അത്തരത്തിലൊന്നാണ് പല്ലൊട്ടി.അതു കൊണ്ട് തീയറ്ററിൽ തന്നെ പോയി കാണുക.
കുഞ്ഞു മക്കളൊക്കെ ഉള്ളവർ അവരെയും ഒന്നു കൊണ്ടു പോയി കാണിക്കുക.
അവർക്ക് എന്തൊക്കെയാണ് നഷ്ടമാവുന്നതെന്ന് അവർ കൂടി ഒന്ന് അറിയട്ടെ.
പഴയ കാലത്തിൻ്റെ ആ ഒരു ഫീലിൽ രണ്ടു മണിക്കൂറിങ്ങനെ ലയിച്ചിരുന്നു കാണാം.
മഹേഷ് ഗോപാൽ