എഴുപതു വർഷങ്ങൾക്കിപ്പുറം എൺപതിനാലാമത്തെ വയസ്സിൽ ഉമ ദാസ് ഗുപ്ത മരണപ്പെട്ടു . പതിനാലാമത്തെ വയസ്സിൽ ദുർഗ്ഗയായി ജീവിക്കുമ്പോൾ തന്നെ അവർ മരണത്തെ തോൽപ്പിച്ചു കളഞ്ഞതാണ്. അത്രയും മധുരതരമായൊരു പാട്ട് പാതിയിൽ നിലച്ചു പോകുന്നതുപോലെ ദുർഗ്ഗ മരിച്ചുപോകുന്നുണ്ട് പഥേർ പാഞ്ചാലിയിൽ. മഴ ഒരു കരച്ചിൽ ആണെന്നു ആദ്യമായി തോന്നിയത് അപ്പോഴാണ്. മാമ്പഴങ്ങൾക്ക് കായ്ക്കാൻ മാത്രമല്ല കയ്ക്കാനും കഴിയുമെന്നും.
ഒരു പെൺകുട്ടിക്കാലം എത്രമേൽ അൻപ് നിറഞ്ഞതാണെന്ന ഓർമയാണ് ദുർഗ്ഗ. അപുവിനെ അരുമയോടെ കൊണ്ടുനടന്ന, അവനു നേർക്ക് കരിമ്പിൻ തുണ്ട് നീട്ടിയെറിഞ്ഞ, അവനു കൂകിപ്പായുന്ന കൽക്കരി വണ്ടിയുടെ ചൂളംവിളിയായ, അവനെ ചീകിയൊതുക്കിയ, അത്രയും നീണ്ട നടത്തമായ, അൻപ് മാത്രമായ, ദുർഗ്ഗ.
ഒരൊറ്റ സിനിമയിൽ അഭിനയിക്കാൻ മാത്രം നടിയായ, ജീവിച്ചിരിക്കാൻ മറ്റൊരു കഥാപാത്രം ആവശ്യമില്ലാത്തവിധം മരണത്തെ മരണംകൊണ്ട് തോൽപ്പിച്ചു കളഞ്ഞ ഉമ ദാസ്ഗുപ്ത.
ഇപ്പോൾ പുൽപ്പാടങ്ങൾക്കിടയിലൂടെ കരിമ്പുകയുമായി പായുന്ന ഒരു കൽക്കരി വണ്ടിയിൽ അപുവുമൊത്ത് കയറി ഇരിക്കുകയാവും, അല്ലേ?