ഏഴര വെളുപ്പിന് കരക്കമ്പിവഴി കിട്ടി, രാമന് ഒരു ഇണ്ടാസ്സ്.
കമ്പി വന്ന വഴി നാട്ടാര് ചെവികൂർത്തു. വേലിക്കല് കൂട്ടംകൂടി. കൂട്ടത്തില് നാരായണേടത്തീം മൂന്നാലു കാക്കോളും വാലില്ലാത്ത ഒരു കില്ലപ്പട്ടിയും.
കമ്പി കിട്ട്യാൽ ഞെട്ടണം. കൂട്ടക്കരച്ചിലിന് എല്ലാരും തയ്യാറായി.
തെക്കേടത്തമ്മയ്ക്കുള്ള ശ്ലോകങ്ങളില് ക്‌ളീഷേ ഉണ്ടെന്ന അപഖ്യാതി പരത്തണ പാറൂനെ പ്രാകി രാമൻ മൊബീലില് ഒറ്റ വിരലോണ്ട് അക്ഷരങ്ങളെ വിളിച്ചുവരുത്തി ശ്ലോകം കുറിക്കുമ്പോഴാണ് നീലക്കുറിയണിഞ്ഞൊരു സന്ദേശം വാട്ട്‌സാപ്പില് കണ്ടത്. കണ്ട നെലയ്ക്ക് വായിക്കാതെ വിടുന്നതിലെ അനൗചിത്യം ഓർത്താണ് രാമൻ ചെപ്പിനുള്ളിൽ വിരലിട്ടത്. അങ്ങനെയാണ് കമ്പി കണ്ടത്.
വാർത്ത നാടനല്ല. ഇംഗരീസോ പരന്ത്രീസോ മറ്റോ ആണെന്നറിഞ്ഞപ്പോൾ, വായിക്കണമാതിരി വെറുതേ നടിച്ചു നിലകൊണ്ടു തേ ന്ന് കാളിദാസനായി ഗൌരവം പൂണ്ടാൻ രാമൻ.
എന്നിട്ട് വേലിമ്മെ ചാരിക്കെടന്ന ഏതോ ചെക്കനെ കൈകാട്ടി വിളിച്ചു. അയലോക്കത്തെ ആരടെയോ ചെക്കനാ, കണ്ടാല് പഠിപ്പ് ജാസ്തി ഉള്ള കൂട്ടത്തിലെന്നും തോന്നും. പരിഭാഷയിലാണ് ചെക്കൻന്റെ മെയിൻ. അതിന്റെ ഗമ തെല്ലും കുറയ്ക്കാതെ ഓതിരം കടകം മറുകടകം ചൊല്ലി വേലി ചാടി ചെക്കൻ കവിയുടെ മുന്നിൽ ബഹുമാനം തെല്ലും കാട്ടാതെ നിന്നു.
കവിയും മറുത്തൊന്നും കാട്ടിയില്ല. കാര്യം എങ്ങനേലും കാണണം. അത്രേ വേണ്ടൂ.
വാർത്ത ആംഗലേയത്തിൽ വായിച്ച ചെക്കന്റെ കണ്ണുതള്ളി. രാമേട്ടനെ നോക്കി ഒന്നൂടി മൊബീല് നോക്കി. ബഹുമാനം ചെക്കന്റെ മേലാകെ വിരിഞ്ഞു. വേലിയ്ക്കപ്പുറമുള്ള പുരുഷാരം കാത്തുനിന്നു മുഷിഞ്ഞു.
“തൊള്ള തൊറന്ന് പറയടാ ചെക്കാ“ന്നായി നാരായണ്യേടത്തി. അതങ്ങനെത്തന്നെ ”കാക്കാ“ ന്ന് പരിഭാഷപ്പെടുത്തി കാക്കോള്. എത്ര നേരം ന്ന് വച്ചാ വേലിമ്മേ ഇരുന്ന് കാഷ്ഠിക്കണേ. ഒരുപാട് തലകൾ കാണാം. വാർത്ത വായിച്ചിട്ടുവേണം പറക്കാൻ, പറക്കുമ്പോ ഏതേലും തലേല് കാഷ്ഠിക്കാൻ.
വാർത്ത മറുഭാഷയിലായോണ്ട് അയലോക്കത്തെ ചെക്കൻ ഗമേല് ഭാഷാപരിഭാഷയിൽ വായിച്ചു, “ഇന്ന് തൊഴാൻ പോകുമ്പം തെക്കേടംകാവിലേക്ക് വരമ്പത്തൂടെ നടന്നുവന്നു തന്നെ ഞാൻ കണ്ടിരിക്കും. കാണാൻ വരുമ്പം കൂടെ ഒരു ശ്രീ ണ്ടാവും”.
ആഹാന്നായി അയലോക്കാര്. അതുകേട്ടിട്ട് കവിക്ക് കൂസലില്ല തെല്ലും. വല്യോര് എത്ര വട്ടം കടന്നുവന്ന തറവാടാണ്. പണ്ട് ഗാന്ധി വന്നൂന്ന് കേട്ടിട്ടുണ്ട്. അന്ന് മുറ്റം നെറയേ ആനകളെ മുട്ടീട്ട് നടക്കാൻ വയ്യാർന്നു. പശുക്കളെ തൊഴുത്തിൽ കെട്ടുമ്പോലെ കൊട്ടില് നെറച്ചും ആനകൾ!
പറഞ്ഞിട്ട് കാര്യം ല്യ. കാലം മാറി. എന്നാലും തറവാടിത്തം മാറൂല. രാമൻ ഡിക്ട്ടേട്ട് ചെയ്തു.
കേട്ടപാടെ പരിഭാഷകച്ചെക്കൻ മോബീല് വഴി മറുകൂക് കൂകി.
“വേണ്ട തമ്പ്രാ, അടിയൻ അബടെ വന്ന് കണ്ടോളാം. ശ്രീ വേണ്ട, തെക്കേടത്തമ്മേടെ കണ്ണീപ്പെട്ടാല് ആയമ്മ കുന്തത്തില് കോർക്കും. ഒള്ള ശ്രീയും പോകും”.
മറുകമ്പി കണ്ട് നേർച്ചവിദ്വാൻ നേതാവ് വേറൊരു നേർച്ച വെർതേ നേർന്നു. പിമ്പേ കൂടിയ പത്രക്കാര് അത് വള്ളീം പുള്ളീം കൂട്ടി ലൈവാക്കി. ചുട്ട കോയീനെ വരെ മാനം പറപ്പിക്കണ അവറ്റോൾടാ കളി.
കാവിലിരുന്നു ലൈവ് കണ്ടോണ്ടിരുന്ന പാറു ആഞ്ഞൊന്നു മൂളി, “മുണ്ടെങ്കില് മുണ്ട്, കിട്ടീതാവട്ടേ. കീറാണ്ടേ കിട്ട്യാ മതി“.
“കൂടെ ഒരു നേര്യതും കിട്ട്യാല് നന്നായി. ചെല ആണുങ്ങടെ നോട്ടം കണ്ടാല് സഹിക്കില്യ“ ന്നായി കുന്തം കൊണ്ട് പൊറം ചൊറിഞ്ഞോണ്ട് തെക്കേടത്തമ്മ.