ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പുതുഞായർ തിരുനാൾ ആഘോഷിക്കുന്നു. പുതുഞായർ ദിവസം ചിക്കാഗോയിലെ കല്ലറ പഴയ പള്ളി ഇടവകാംഗങ്ങൾ എല്ലാവരുടെയും നേതൃത്വത്തിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി.തോമശ്ലിഹായുടെ തിരുനാൾ പ്രത്യേകം ആഘോഷിക്കുന്നു. രാവിലെ 10 am ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് നേർച്ച സമർപ്പണവും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. ജോബി ഓളിയിൽ, അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പ്രസുദേന്തി കോർഡിനേറ്റർമാരായി കല്ലറ പഴയപള്ളി ഇടവകാംഗങ്ങളെ ഒരുമിച്ചു കൂട്ടിയാണ് തിരുനാൾ സംഘടിപ്പിക്കുന്നത്. നാട്ടിൽ ഇതേ ദിവസം ഇടവക ദേവാലയ തിരുനാൾ ആഘോഷിക്കുമ്പോൾ ചിക്കാഗോയിലെ കല്ലറ ഇടവക ജനം ബെൻസൻവിൽ ദേവാലയത്തിൽ ഒരുമിച്ചുകൂടി നാട്ടിൽ ആഘോഷിച്ചിരുന്ന തിരുനാൾ ഓർമ്മകളെ വീണ്ടും സജീവമാക്കുകയും പുതിയ തലമുറയിലേയ്ക്ക് പകരുകയും ചെയ്യുന്നത് എല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് വികാരി ഫാ. തോമസ് മുളവനാൽ ആശംസിച്ചു. തിരുനാൾ ആഘോഷക്രമീകരണങ്ങൾക്ക് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും. ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.