റോമന്‍ നുകത്തിന്‍റെ കീഴില്‍ പട്ടാളഭരണവും അതിന്‍റെ അടിമത്വവും അനുഭവിച്ച്, വേദനയില്‍ നീറിക്കഴിഞ്ഞിരുന്ന ഒരു ജനത രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജെറുസലേമില്‍ പാര്‍ത്തിരുന്നു. തങ്ങളെ ഈ കരാള ഹസ്തങ്ങളില്‍ നിന്നും ആരു രക്ഷിക്കാന്‍ വരും എന്ന ഒരു സ്വപ്നം കണ്ടു കഴിയുകയായിരുന്നു അവര്‍. നീതിയേയും ന്യായത്തേയും തടവറകളില്‍ തളച്ചിട്ടിരുന്ന കാലം.
തങ്ങളുടെ സ്വപ്നസാക്ഷാത്കാരം യേശുവിലൂടെ പൂര്‍ത്തീകരിക്കാമെന്ന ചിന്താധാരയില്‍ യോഹന്നാന്‍ സ്നാപകന്‍ തന്‍റെ ശിഷ്യന്മാരെ അയച്ച് യേശുവിനോട് ചോദിക്കുകയാണ്- "വരുവാനുള്ളവന്‍ നീയോ, അതോ ഞങ്ങള്‍ മറ്റൊരുവനു വേണ്ടി കാത്തിരിക്കണമോ" എന്ന്. എന്നാല്‍, ഒരു രാഷ്ട്രീയ വിമോചകനായിട്ടായിരുന്നില്ല ദൈവപുത്രന്‍ ഈ ഭൂമിയില്‍ ജാതം ചെയ്തത് എന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഈ വിമോചകന്‍ ജനത്തെ അവരുടെ പാപത്തെപ്പറ്റി ഉദ്ബോധിപ്പിച്ച് അതില്‍നിന്നും മോചിതരാക്കി. അവരുടെ രോഗങ്ങളില്‍ നിന്നും അവര്‍ക്ക് സൗഖ്യം നല്കി. അവന്‍ ദരിദ്രരെ നല്ല വര്‍ത്തമാനം അറിയിച്ചു. അവര്‍ക്ക് ഭക്ഷണവും ആത്മീയജ്ഞാനവും നല്കി പഠിപ്പിച്ചു, പരിപോഷിപ്പിച്ചു. അവരുടെ തെറ്റുകളില്‍ നിന്നും മാറിനടക്കാന്‍ അവരെ ഉപദേശിച്ചു. അധികാരികളോട് അവന്‍ ആക്രോശിച്ചു, അനീതിയെ അപലപിച്ചു. ആയതിനാല്‍ അവരാല്‍ കുറ്റാരോപിതനായി അവര്‍ അവനെ ശിക്ഷയ്ക്ക് വിധിച്ചു. അതിക്രൂരമായ ശിക്ഷ. മണിക്കൂറുകള്‍ നീണ്ട പീഡനങ്ങളും കുരിശില്‍ ഇരുമ്പാണികളാല്‍ ശരീരം ചേര്‍ത്തുവെച്ച് അടിച്ചു തറച്ചപ്പോള്‍, രക്തം ചിന്തിയൊഴുകി, അതിവേദനയാല്‍ പുളഞ്ഞുകൊണ്ട് "ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ" എന്നു അദ്ദേഹം തന്‍റെ പിതാവിനോട് പ്രാര്‍ത്ഥിച്ചു.
നന്മകള്‍ മാത്രം ചെയ്തവന്‍, സ്നേഹിക്കാന്‍ പഠിപ്പിച്ചവന്‍, തന്നെ ഉപദ്രവിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചവന്‍, പാപത്തില്‍ നിന്ന് മാറി നടന്നവന്‍, ഗോല്‍ഗുത്തായില്‍ വെച്ച് തന്‍റെ പ്രാണനെ പിതാവിന് ഏല്പിച്ചു.
എന്നാല്‍, സത്യത്തെ കുഴിച്ചുമൂടാന്‍ സാധിക്കില്ല എന്നു ലോകത്തെ അറിയിച്ചുകൊണ്ട് മൂന്നാം ദിവസം തന്‍റെ അനുയായികള്‍ക്കും ശിഷ്യഗണങ്ങള്‍ക്കും അവന്‍ പ്രത്യക്ഷനായി അവരോട് പറഞ്ഞു: "നിങ്ങള്‍ക്ക് സമാധാനം."
ലോകജനതയ്ക്ക് പ്രത്യാശയും ജനഹൃദയങ്ങള്‍ക്ക് ശാന്തതയും സമാധാനവും നല്കുന്നതാണ് ഈ ഉയിര്‍പ്പ്. മനുഷ്യന്‍ തന്‍റെ സ്വാര്‍ത്ഥതയില്‍ നിന്ന് കാരുണ്യത്തിലേക്കും അനുകമ്പയിലേക്കും ഔദാര്യത്തിലേക്കും മാറുമ്പോള്‍ മാത്രമേ ലോകത്തില്‍ നന്മയുടെ ചൈതന്യം നിലനിര്‍ത്താനാവൂ എന്ന് ഈ ഉയിര്‍പ്പിലൂടെ നമുക്ക് പാഠമാകണം. ഉയിര്‍പ്പിന്‍റെ തേജസ് ലഭിച്ച ശിഷ്യന്മാര്‍ ആ ആത്മചൈതന്യത്തിലൂടെ ജീവിതം നയിച്ച് ലോകം മുഴുവന്‍ ഗുരുവിന്‍റെ സന്ദേശം പകര്‍ന്നു നല്കി. യേശുക്രിസ്തുവിന്‍റെ സമാധാനമാര്‍ഗ്ഗമാണ് കരണീയമായിട്ടുള്ളത് എന്ന് ലോകരാഷ്ട്ര നേതാക്കള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. നിങ്ങള്‍ക്ക് സമാധാനം!
ജോര്‍ജ് പണിക്കര്‍, ചിക്കാഗോ