അടൂർ: അമേരിക്കൻ മലയാളി എഴുത്തുകാരനും ഫൊക്കാന നേതാവുമായ ശ്രീകുമാർ ഉണ്ണിത്താൻ്റെ " നൊമ്പരങ്ങളുടെ പുസ്തകം " വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് നൽകി നിർവ്വഹിച്ചു. ശ്രീകുമാർ ഉണ്ണിത്താൻ തൻ്റെ ജീവിതാനുഭവങ്ങളുടേയും, വേർപാടിൻ്റെ ദുഃഖങ്ങളുടേയും ആകെ തുകയായി എഴുത്തിനെ ഏറ്റെടുത്ത കാഴ്ച കൂടിയാണ് ഈ പുസ്തകമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അകാലത്തിൽ പൊലിഞ്ഞു പോയ ഭാര്യ ഉഷ ഉണ്ണിത്താൻ്റെ ഓർമ്മകൾ പങ്കുവെയ്ക്കുന്ന പുസ്തകമാണ് നൊമ്പരങ്ങളുടെ പുസ്തകം.അടൂർ ന്യൂ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീമതി ഉഷാ ഉണ്ണിത്താൻ്റെ നനുത്ത ഓർമ്മകൾ തങ്ങി നിന്നു. തികച്ചും വൈകാരികമായ ചടങ്ങു കൂടിയായി മാറിയ ചടങ്ങിൽ ശ്രീകുമാർ ഉണ്ണിത്താൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നൂറിലധികം ആളുകൾ പങ്കെടുത്തു.ശ്രീകുമാർ ഉണ്ണിത്താൻ എഴുത്തുകാരൻ കൂടി ആണെന്ന് അറിയുന്നത് അമേരിക്കയിൽ എത്തുമ്പോഴാണ് എന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. അന്ന് അദ്ദേഹത്തിൻ്റെ ആതിഥേയത്വം സ്വീകരിച്ച് ന്യൂയോക്കോർക്കിലെ വീട്ടിൽ കഴിയുമ്പോൾ ഉഷ ഉണ്ണിത്താൻ നൽകിയ കരുതലുകൾ മറക്കാനാവില്ല. പക്ഷെ നിർഭാഗ്യവശാൽ ആ വ്യക്തിത്വത്തെക്കുറിച്ചുള്ള പുസ്തകം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഈ പുസ്തകം ഒരു അനുഭവം കൂടിയാണ്. എങ്ങനെയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത് എന്ന പാഠം നമുക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജന്മ ഭൂമി ചീഫ് എഡിറ്റർ പി. ശ്രീകുമാർ, ഡോ. മണക്കാല ഗോപാലകൃഷ്ണൻ, ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പറും മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. സജിമോൻ ആൻ്റണി, കെ. എസ്. രവി തുടങ്ങിയവർ ആശംസകൾ നേർന്നു.വേണുഗോപാൽ സ്വാഗതവും ശ്രീകുമാർ ഉണ്ണിത്താൻ മറുപടി പ്രസംഗവും നടത്തുകയും ചെയ്തു .