തിരുവനന്തപുരം: ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി ശശി തരൂര്‍. റിപ്പോർട്ടർ ചാനൽ അശ്വമേധം പരിപാടിയിലായിരുന്നു ശശി തരൂരിന്‍റെ വെളിപ്പെടുത്തല്‍. 2014 ൽ ആണ് ബിജെപി ഇത് സംബന്ധിച്ച് സംസാരിച്ചത്. ബിജെപിയുമായി സഹകരിക്കാൻ ആവശ്യപ്പെട്ടു. വർഗീയത അംഗീകരിക്കാൻ കഴിയില്ല എന്നും വികസനത്തിന് കൂടെ നിൽക്കാം എന്നുമാണ് അന്ന് മറുപടി നല്‍കിയതെന്നും ശശി തരൂര്‍ പറഞ്ഞു. ആരുമായി ആയിരുന്നു ചർച്ച എന്ന് പറയാനാവില്ലെന്നും അടച്ചിട്ട മുറിയിലെ ചർച്ചകളെല്ലാം പുറത്ത് പറയാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഇഡിയെ തനിക്ക് പേടിയില്ലെന്നും ബിജെപിയില്‍ പോകണമെന്നുണ്ടായിരുന്നെങ്കില്‍ 2014 ൽ ആകാമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തിരുവനന്തപുരം മണ്ഡലത്തില്‍ വിജയം നൂറ് ശതമാനം ഉറപ്പാണെന്നും ശശി തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 15 വർഷവും താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖറും പന്ന്യന്‍ രവീന്ദ്രനും ജനങ്ങളുടെ മുന്നിൽ ചോയിസ് നല്‍കട്ടെ. പാർലമെൻ്റിൽ ധൈര്യത്തോടെ ആര് ശബ്ദം ഉയർത്തും എന്നാണ് ജനങ്ങൾ നോക്കേണ്ടത്. എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കണം, എല്ലാ മതത്തെയും ഒരുപോലെ കാണണം. എല്ലാ മതവും ഒരേ സന്ദേശമാണ് നൽകുന്നത്. മറ്റുള്ളവരുടെ വിശ്വാസം കൂടി സംരക്ഷിക്കണമെന്നും ശശി തരൂർ പറഞ്ഞു.
ഇഡി അവരുടെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂർ ആരോപിച്ചു. ഈ രാജ്യത്ത് മനുഷ്യത്വമാണ് ആവശ്യം. മണിപ്പൂരിൽ ക്രിസ്ത്യാനികളെ ആക്രമിച്ചു. മനുഷ്യനെ കെട്ടിയിട്ട് അടിച്ച് കൊല്ലുന്നത് എന്ത് ധർമ്മമാണ്? ബിജെപിയുടെ കൂടെ നടക്കുന്നവരാണ് ആൾക്കൂട്ട ആക്രമണം നടത്തുന്നതെന്നും തരൂര്‍ പറഞ്ഞു.
തന്നെ മുസ്ലീം വിരുദ്ധനാക്കാൻ എന്തിനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു. ഇതൊരു അടിസ്ഥാനമില്ലാത്ത ആരോപണം ആണ്. സിപിഐഎം ഉയർത്തിപ്പിടിക്കുന്ന കാഴ്ചപ്പാടല്ലേ താനും പാർലമെൻ്റിൽ ഉന്നയിക്കുന്നത്. പിന്നെ എന്തിനാണ് തന്നെ മുസ്ലീം വിരുദ്ധനാക്കാൻ എൽഡിഎഫ് ബോധപൂർവ പ്രചാരണം നടത്തുന്നത്. താൻ എന്നും പലസ്തീനൊപ്പമാണ്. ഇസ്രയേലിന് ഒപ്പമല്ല. ജനങ്ങൾക്കവിടെ ജീവിക്കാൻ കഴിയണം. യുഎന്നിൽ പ്രവർത്തിക്കുമ്പോഴും തൻ്റെ നിലപാട് അതായിരുന്നുവെന്നും തൻ്റെ നിലപാടിൽ തെറ്റിദ്ധാരണ പരത്തരുത് എന്നും ശശി തരൂർ ആവശ്യപ്പെട്ടു.
ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് ആക്കാന്‍ മൂന്ന് തവണ ശ്രമിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ജഡ്ജിമാരെ പലതവണ കണ്ടു. അവിടെ ഏകാഭിപ്രായമില്ല. സ്വകാര്യ ബില്ല് കൊണ്ടുവന്നു പാർലമെൻ്റിൽ ബിജെപി സർക്കാരിനോട് ചോദിച്ചു. അവരും സഹായിച്ചില്ല. കേന്ദ്രഭരണം മാറിയാൽ ഹൈക്കോടതി ബഞ്ച് വരുമെന്നും ശശി തരൂര്‍ പറഞ്ഞു.
അയോധ്യ ക്ഷേത്രത്തില്‍ പ്രധാനമന്ത്രിക്ക് എന്താണ് റോൾ എന്നു ചോദിച്ച തരൂര്‍ ക്ഷേത്രത്തിന് അകത്തല്ല രാഷ്ട്രീയമെന്നും പറഞ്ഞു. പ്രാണപ്രതിഷ്ഠ നേതാക്കളല്ല ചെയ്യേണ്ടത്. താന്‍ വിശ്വാസിയാണെന്നും എന്നാല്‍ രാഷ്ട്രീയത്തിന് വേണ്ടി ക്ഷേത്രത്തില്‍ പോകില്ല എന്നും ശശി തരൂര്‍ കൂട്ടി ചേര്‍ത്തു.