PRAVASI

ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ സാബു ജേക്കബ് 24 ഞായറാഴ്ച 5-മണിക്ക് ഉദ്ഘാടനം ചെയ്യുന്നു

Blog Image

ന്യൂയോർക്ക്:  കേരളാ രാഷ്ട്രീയത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വൻറി-20 പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ 24 ഞായറാഴ്ച  വൈകിട്ട് 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) കൂടുന്ന യോഗത്തിൽ വച്ച്  ട്വൻറി-20 പ്രസിഡൻറ്  സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.  ട്വൻറി-20 സാരഥി സാബുവിന് എൽമോണ്ടിൽ ഞായറാഴ്ച സ്വീകരണം നൽകുന്നതിനുള്ള ക്രമീകരണം സംഘാടകർ ചെയ്യുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ചാപ്റ്റർ ഉദ്ഘാടനം ചെയ്യുന്നതിന് സാബു തീരുമാനിച്ചത്. സാബുവിനുള്ള സ്വീകരണ യോഗം ശനിയാഴ്ച വൈകിട്ട് നടത്തുന്നതിനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും ശനിയാഴ്ച ശക്തമായ മഴക്കുള്ള മുന്നറിപ്പ് ലഭിച്ചതിനാൽ പ്രതികൂല കാലാവസ്ഥ മൂലം  പരിപാടി ഞായറാഴ്ച വൈകിട്ടത്തേക്കു മാറ്റുകയാണ്.  മാതൃ സംസ്ഥാനത്തോടുള്ള അമേരിക്കൻ മലയാളികളുടെ പ്രതിബദ്ധതയും സ്നേഹവും  നാടിന്റെ വികസനത്തിനും നാട്ടിലുള്ളവരുടെ ക്ഷേമത്തിനും അവർ കാണിക്കുന്ന താൽപ്പര്യവും കണക്കിലെടുത്ത്  ട്വൻറി-20-യുടെ ആശയത്തോട് യോജിച്ച് പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ളവർക്ക് അവസരം നൽകുന്നതിന് ഇതുപോലുള്ള ചാപ്റ്റർ രൂപീകരണത്തിലൂടെ സാദ്ധ്യമാകും എന്നാണ് സാബു ജേക്കബ് വിശ്വസിക്കുന്നത്.

ഇടതും വലതും രാഷ്ട്രീയ പാർട്ടികൾ തുടർച്ചയായി ഇത്രയും നാൾ സംസ്ഥാനം ഭരിച്ചിട്ട് നാടിന്റെ സർവ്വതോന്മുഖ വികസനത്തിനോ, ആരോഗ്യ-വിദ്യാഭ്യാസ-വ്യാവസായിക മേഖലയിലോ, തൊഴിൽ മേഖലയിലോ കാര്യമായ പുരോഗമനം നടത്തുന്നതിനോ വേണ്ട രീതിയിലുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. നാടും നാട്ടിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാഭ്യാസ മേഖലയിലെ മുരടിപ്പും തൊഴിൽ അവസരങ്ങളുടെ ലഭ്യതക്കുറവും മൂലം നാട്ടിലെ യുവാക്കൾ നാട് വിട്ട് അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്ന കാഴ്ചയാണ് നാം ദിനം പ്രതി കാണുന്നത്.

ജനക്ഷേമത്തിന് യാതൊരു പരിഗണയും നൽകാത്ത ഭരണകൂടങ്ങളോടുള്ള വെറുപ്പും വിയോജിപ്പും സാധാരണ ജനങ്ങളുടെ ഇടയിൽ വർധിച്ചു വരുന്നു. ഈ അവസരത്തിൽ മനം മടുത്ത ജനം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു. അപ്പോഴാണ് നഷ്ടത്തിലായിരുന്ന കിഴക്കമ്പലം എന്ന ചെറിയ ഗ്രാമത്തിൽ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുന്തൂക്കം നൽകി അഴിമതി ഒഴിവാക്കി പ്രവർത്തിച്ച് ഒരു ദേശത്തെ തന്നെ പുരോഗതിയിലേക്ക് കൊണ്ടുവരാമെന്ന് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ട്വൻറി-20 എന്ന പ്രസ്ഥാനം തെളിയിച്ച് കാണിച്ചത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് നഷ്ടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൻറെ ഭരണച്ചുമതല ട്വൻറി-20 എന്ന പ്രസ്ഥാനം ഏറ്റെടുത്തു.  ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി അവശ്യ സാധനങ്ങളുടെ വിലകൾ നിയന്ത്രിച്ച്  ഭവന രഹിതർക്കു പാർപ്പിട സൗകര്യം ഒരുക്കി കൊടുത്ത് റോഡ് സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൊണ്ടാണ് ട്വൻറി-20 സാധാരണക്കാരുടെ  ആശയവും ആവേശവുമായി മാറിയത്. പത്തു വർഷത്തെ തുടർച്ചയായ പ്രവർത്തനത്തിന് ശേഷം നഷ്ടത്തിൽ കിടന്നിരുന്ന പഞ്ചായത്തിൽ ഇരുപത് കോടിയിലധികം മിച്ചം വരുത്തുവാൻ സാധിച്ചു. ഇത് പ്രാവർത്തികമാക്കി കാണിച്ചതിനാൽ ഈ രീതിയിലും ഗവെണ്മെന്റിന്‌ പ്രവർത്തിക്കുവാൻ സാധിക്കും എന്ന് ജനങ്ങൾ മനസ്സിലാക്കി. അതിനാലാണ്  ട്വൻറി-20 എന്ന പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ പാർട്ടിയായി ഉയർത്തി ജനങ്ങൾ നെഞ്ചിലേറ്റിയത്. ട്വൻറി-20 എന്ന രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം നൽകുന്ന സാബു എം. ജേക്കബിനെ കിഴക്കമ്പലത്തെ സാധാരണക്കാരിൽ സാധാരണക്കാരായ  ജനങ്ങൾ ഒരു ദൈവത്തെപ്പോലെ കണ്ടു തങ്ങളുടെ രക്ഷകനാണ് എന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. അടുത്ത പത്തു വർഷം ട്വൻറി-20-യെ കേരളാ സംസ്ഥാനത്തിന്റെ ഭരണം ഏൽപ്പിച്ചാൽ സംസ്ഥാനത്തെ പുരോഗതിയുടെ കൊടുമുടിയിൽ എത്തിക്കാമെന്നാണ് ട്വൻറി-20-യുടെ വാഗ്ദാനം. ഇത് തെളിയിച്ചു കാണിച്ച അനുഭവത്തിൽ നിന്നും പറയുന്നതുമാണ്.

ട്വൻറി-20-ക്കും സാബുവിനും ന്യൂയോർക്കിലെ മലയാളി സമൂഹവും അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ്  എൽമോണ്ടിൽ ഞായറാഴ്ച (നാളെ) വൈകിട്ട്  5-മണിക്ക് സ്വീകരണം നൽകുന്നത്. സംഘാടക സമിതി അംഗങ്ങളായ ഫിലിപ്പ് മഠത്തിൽ (917-459-7819), അലക്സ് എസ്തപ്പാൻ (516-503-9387), മാത്യുക്കുട്ടി ഈശോ (516-455-8596), വി. എം. ചാക്കോ, റെജി  കുര്യൻ,  സിബി ഡേവിഡ്, റെജി കടമ്പേലിൽ, ഡെൻസിൽ ജോർജ്, ജെയിംസ് എബ്രഹാം, രാജു എബ്രഹാം, മാത്യു തോമസ് തുടങ്ങിയ സാമൂഹിക നേതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ കേരളാ സംസ്ഥാനത്തിന്റെ ശോഭനമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ നല്ലവരായ മലയാളികളും ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രസ്തുത സമ്മേളനത്തിൽ വച്ച് 2023-ലെ  ന്യൂയോർക്ക് കർഷകശ്രീ - പുഷ്പശ്രീ അവാർഡ് ജേതാക്കൾക്ക് ട്രോഫികളും സമ്മാനിക്കുന്നതാണ്. കർഷകശ്രീ ജേതാവ് ജോസഫ് കുരിയൻ (രാജു), കർഷകശ്രീ  രണ്ടാം സ്ഥാനം പ്രസന്ന കുമാർ, മൂന്നാം സ്ഥാനം ജസ്റ്റിൻ ജോൺ വട്ടക്കളം, പുഷ്‌പശ്രീ ജേതാവ് ഡോ. ഗീതാ മേനോൻ,  പുഷ്‌പശ്രീ രണ്ടാം സ്ഥാനം ഡോ. അന്നാ ജോർജ്, മൂന്നാം സ്ഥാനം ഏലിയാമ്മ ജോൺസൻ എന്നീ ജേതാക്കൾ സാബു ജേക്കബിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങുന്നതാണ്. കർഷകശ്രീയ്ക്കുള്ള ഒന്നാം സമ്മാനമായ എവർ റോളിംഗ് ട്രോഫി പ്രമുഖ വ്യവസായിയും എറിക് ഷൂസ്, ഹാനോവർ ബാങ്ക് എന്നിവയുടെ സാരഥിയുമായ വർക്കി എബ്രഹാമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. പുഷ്‌പശ്രീയുടെ ഒന്നാം സമ്മാനമായി എവർ റോളിങ്ങ് ട്രോഫി ഡാള്ളസിലുള്ള  പ്രമുഖ വ്യവസായിയും യാക്കോബായ സഭാ കമ്മാൻഡറുമായ വർഗ്ഗീസ് ചാമത്തിലാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. പ്രസ്തുത യോഗത്തിലേക്ക് ഏവർക്കും സ്വാഗതം.

 

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.