PRAVASI

വെറോനിക്കയുടെ വെള്ളത്തൂവാല

Blog Image

ആ തൂവാല സ്വന്തം വിയർപൊപ്പാൻ  വേണ്ടി എളിയിൽ കരുതിയിരുന്നതല്ല.  താൻ ജീവനേക്കാൾ  സ്നേഹിക്കുന്ന  തന്റെ രക്ഷകന്  സമ്മാനമായി കൊടുക്കാൻ സ്വന്തം കൈകൊണ്ടു തുന്നിയുണ്ടാക്കിയ തന്റെ ഹൃദയം  തന്നെയായിരുന്നു. ആർക്കും തന്നെ വേണ്ടാതിരുന്ന ആരാലും രക്ഷിക്കപെടാൻ പറ്റാത്ത ഒരു കാലം  തനിക്കുണ്ടായിരുന്നു.  ഒന്നുമില്ലാതിരുന്ന കാലത്തു അവിടുന്ന് തന്നെ ചേർത്തുനിർത്തി. 
        അന്ന് അഴുകിയ  ജീവിതത്തിൽ ശപിക്കപ്പെട്ട് സമൂഹത്തിലെ സദാചാര കപടഭക്തരാൽ വെറുക്കപ്പെട്ട്  മരണം മാത്രം മുന്നിൽ ഒരുവഴിയായി കണ്ട് ജീവിച്ച നിമിഷങ്ങൾ . താൻ ദൈവപുത്രനാണ് എന്ന് അവകാശപ്പെട്ട്   നാടുനീളെ അത്ഭുതങ്ങൾ  നടത്തിയിരുന്ന അവിടുത്തെ ഒന്ന് കാണണമെന്ന് അവളും  ആഗ്രഹിച്ചിരുന്നു. . 
   പ്രായം അറിയിച്ച കാലംമുതൽ നിലക്കാത്ത രക്തസ്രാവത്തിൽ അശുദ്ധ എന്ന്  അവളും   അതുപോലെ ലോകവും മുദ്രകുത്തിയിരുന്ന ഒരുകാലം . സമൂഹത്തിൽ എല്ലായിടത്തും വിലക്ക്. പകൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ. രാത്രിയാകാൻ കാത്തിരിക്കണം പുറത്തിറങ്ങാൻ . രാത്രിയിൽ ഇറങ്ങിയാലോ അതിനു മറ്റു വ്യാഖ്യാനങ്ങളും. പിന്നെ സാമൂഹ്യവിരുദ്ധരുടെ ശല്യങ്ങളും സഹിക്കാവുന്നതിനൊരളവില്ലേ. ആത്മഹത്യക്കു   ചിന്തിക്കാത്ത ദിവസങ്ങളില്ല, ഇങ്ങനെ നാട്ടുകാർക്കും വീട്ടുകാർക്കും സ്വന്തക്കാർക്കും വേണ്ടാത്ത  ഒരു ജീവിതം  അതും എത്ര നാളത്തേക്ക് . ആർക്കും ചികിൽസിച്ചു സുഖപ്പെടുത്താൻ  പറ്റാത്ത രോഗം. 
   അപ്പോഴാണ് നസ്രായനായ യേശു അടുത്ത ഗ്രാമത്തിൽ എത്തി എന്നറിയുന്നത്    അത്ഭുത സിദ്ധിയുള്ള യേശു   അനേക രോഗികളെ സുഖപ്പെടുത്തിയതായി പലരും പറഞ്ഞറിഞ്ഞു. എന്നാൽ തന്റെ ഈ വൃത്തികെട്ട അവസ്ഥയിൽ, ആൾക്കൂട്ടത്തിനിടയിലേക്ക് കടന്നുചെല്ലാൻ പറ്റില്ലല്ലോ. അതിനാൽ ദൂരെമാറിനിന്ന് മാത്രമാണ് പലപ്പോഴും അവിടുത്തെ വചനങ്ങൾ കേട്ടിരുന്നത് .  അങ്ങനെ എന്തോ അവിടുത്തോടു തനിക്കു വല്ലാത്ത വിശ്വാസവും  അവിത്തേക്കു തന്നെ സുഖപ്പെടുത്തുവാൻ കഴിയും എന്ന ഒരുൾവിളിയും അവൾക്കുണ്ടായി . 
   പിന്നെ അവൾ ഒന്നും  നോക്കാനില്ല ആരെയും വകവച്ചുമില്ല  തന്റെ മനസ്സിൽ അവിടുത്തെ ആ രൂപം മാത്രം . എന്നാൽ നേരിട്ട് മുൻപിലെത്തി സങ്കടമറിയിക്കാൻ പേടി. എങ്കിലും അവൾ ഓടി ആ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും ഒന്ന് തൊട്ടാൽ മതി തനിക്കു രക്ഷയുണ്ടാകും എന്നുള്ള ബോധ്യം , അതവളെ നിര്ഭയയാക്കി. ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചവൾ കയറി. എത്തിവലിഞ്   കൈ നീട്ടി   ആ വസ്ത്രത്തിന്റ ഒരു വിളുമ്പിലാണ് തൊടാൻ കഴിഞ്ഞത്.     ഉടൻ  തന്നെ താൻ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു ശക്തി  അവളുടെ  ദേഹത്തേക്ക് പ്രവേശിക്കുന്നതായി അനുഭവപ്പെട്ടത്,  അവൾ തരിച്ചു നിന്നുപോയി . 
     പെട്ടെന്ന് ആരുമറിയാതെ തിരിഞ്ഞോടാൻശ്രമിച്ച അവൾ ഉച്ചത്തിലുള്ള അവിടുത്തെ ശബ്ദം കേട്ട് നിന്നുപോയി . ആരാണ് എന്നെ സ്പർശിച്ചത്  . അതിനുള്ള മറുപടി അവിടുത്തെ തന്നെ ശിഷ്യന്മാരിലൊരാൾ പറയുകയും ചെയ്തു. ഇത്ര അധികം തിക്കലിനിടെ പലരും അവിടുത്തെ സ്പർശിക്കുക സ്വാഭാവികം മാത്രം . പക്ഷെ അതിനിടെ അവിടുത്തെ ശരീരത്തിൽ നിന്നും ശക്തി പുറപെട്ടതാണ് അവിടുന്ന് തിരിഞ്ഞു നില്ക്കാൻ കാരണം. അവിടുന്നുപോലും അറിയാതെ ആ ശക്തി അത്  തന്നിലേക്ക് വന്നു എന്നത് അവൾക്കു  വ്യക്തമായിട്ടറിയാം. താൻ  തൊട്ടവിവരം  അവിടുത്തേക്ക്  മനസ്സിലായിട്ടുണ്ട് തീർച്ച.   . ഇനി ഒന്നും ഒളിച്ചുവച്ചിട്ടു കാര്യമില്ല.  അവൾ ലജ്ജയോടെ പരിഭ്രമത്തോടെ തല താഴ്ത്തി നിന്നു  
   ഒരു വലിയ  ശകാരമോ ജനത്തിന്റെ പ്രഹരമോ പ്രതീക്ഷിച്ച്   കണ്ണടച്ചുനിന്ന അവളെ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുവന്ന അവിടുന്ന് കെട്ടിപിടിച്ചു ചുംബിക്കുകയായിരുന്നു. താൻ  അശുദ്ധയാണ്  എന്ന്  പറഞ്ഞിട്ടും, കൂടിനിന്നവർ തടഞ്ഞിട്ടും അവിടുത്തെ സ്നേഹ ചുംബനം തനിക്കു സമ്മാനമായി തരുകയും തന്റെ വിശ്വാസത്തെ പുകഴ്തിപറയുകയും ചെയ്ത്  അവിടുന്ന്  അവളെ വിട്ടയച്ചു. പിന്നീട്  അവൾക്ക്  അവിടുത്തെ വിട്ടകലാൻ  സാധിച്ചില്ല. തന്റെ ജീവിതം മുഴുവനായി അവിടുത്തേക്ക്  അന്നവൾ   സമർപ്പിച്ചു . 
  അവിടുന്ന് എത്രയോ പേരെ, അവരറിഞ്ഞും അറിയാതെയും സൗഖ്യപ്പെടുത്തിയിരിക്കുന്നു. മരിച്ച എത്രയോ ആൾക്കാരെ ഉയർപ്പിച്ചിരിക്കുന്നു. അവരാരും ഇന്നവിടുത്തെ കൂടെയില്ല. ഒറ്റികൊടുത്തവനും, ഈമനുഷ്യനെ അറിയില്ല  എന്നുപോലും പറഞ്ഞു  തള്ളിക്കളഞ്ഞ ശിഷ്യൻമാർവരെ ആക്കൂട്ടത്തിലുണ്ട്. എന്നാൽ അവരെപ്പോലെ അവിടുത്തെ തള്ളിക്കളയാൻ  തനിക്കാകുന്നില്ല,  കാരണം അവിടുന്നില്ലായിരുന്നെങ്കിൽ താൻ  ഇന്ന് ഈ ഭൂമിയിൽ കാണില്ലായിരുന്നു.   ഈ വെള്ളത്തൂവാല എന്റെ ഹൃദയമാണ് എനിക്കവിടുത്തോടുള്ള സ്നേഹമാണ് അതിൽ ഒട്ടും തന്നെ കളങ്കമില്ല . എന്റെ ജീവന്റെ വിലയായ  ആ ശരീരം തളർന്നു മരിക്കാറായിരിക്കുന്നു. ആ മുഖം രക്തത്തിനാലും വിയർപ്പിനാലും മലിനമാക്കപ്പെട്ടിരിക്കുന്നു. തന്റെ  രക്ഷക്കുവേണ്ടി  അവിടുന്ന് ഏറ്റെടുത്തിരിക്കുന്ന സഹനത്തിന്റെ ഈ യാത്രയിൽ ഒരു കാഴ്ചക്കാരിയെപ്പോലെ നില്ക്കാൻ അവൾക്കായില്ല  . അവൾക്കവളുടെ ജീവൻ   ഇന്ന്  പ്രശ്നമല്ല. അവൾക്ക്  പരിമിതികൾ ഉണ്ട്. പട്ടാളക്കാരാൽ വളയപ്പെട്ടിരിക്കുന്നു. എങ്കിലും ആ മുഖംഒന്നടുത്തു കാണണം ഒന്ന് സാന്ത്വനപ്പെടുത്തണം   കഴിയുമെങ്കിൽ ഒന്നുമുത്തണം. 
     ആൾക്കൂട്ടത്തിനിടയിലൂടെ അവൾ ഓടി. പട്ടാളക്കാരെ ഒന്നും അവൾ കാര്ര്യമാക്കിയില്ല. അവളുടെ മനസ്സിൽ അവിടുത്തെ മുഖം മാത്രമായിരുന്നു. തന്റെ ഹൃദയത്തിലെ വൃത്തികേടുകൾപോലെ ആ മുഖം   വികൃതമാക്കപ്പെട്ടിരിക്കുന്നു. അതൊന്നു വൃത്തിയാക്കി അതിലൊരു മുത്തം  കൊടുക്കുന്നതിനു തുല്യമായി അവൾ തന്റെ എളിയിൽ തിരുകിയിരുന്ന അവിടുത്തേക്ക് മാത്രമായി   തന്റെ കയ്യാൽ തുന്നിയെടുത്ത ആ വെള്ള തൂവാലയെടുത്ത്   ആ മുഖത്തെ മുറിവുകളിലൂടെ ഒഴുകിക്കൊണ്ടിരുന്ന  രക്തവും  വിയർപ്പും ഒപ്പിയെടുത്തു. അത്രയുമായപ്പോളേക്കും ഓടിവന്ന  പട്ടാളക്കാർ അവളെ പിടിച്ച് വഴിവക്കിലെ ജനക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു. തന്റെ രക്ഷകനും  താനും തമ്മിലുള്ള ആ ഒരുനിമിഷം ഒരു തൂവാലയുടെ നേർത്ത അകലത്തിൽ ആണെങ്കിൽ . അന്ന് വസ്ത്രത്തിന്റെ ചെറിയ ഒരു വിളുമ്പായിരുന്നു.  ആവേദനയിലും അവിടുന്ന് തൻറെ മുഖത്തിന്റെ യഥാർത്ഥ രൂപം  അവൾക്കു സമ്മാനിച്ചതവൾ അപ്പോൾ അറിഞ്ഞില്ല. ഹൃദയം പൊട്ടുന്ന വേദനയോടെ ഒറ്റക്കിരുന്ന് ആ വിയർപ്പും ചോരയും ഒപ്പിയ തൂവാല യാദർശികമായി  നോക്കി. അതിലവൾ കണ്ടു തന്റെ പ്രാണനാഥന്റെ സ്നേഹം, ആ കരുതൽ, ആ സഹനം, ആ രക്ഷ,  നീ എനിക്ക് പ്രിയങ്കരിയും അമൂല്യയുമാണ് എന്ന് അതിലൂടെ അവിടുന്ന് പറയുന്നതായി അവൾക്കു തോന്നി. 
    അവൾ ഓടി അവിടുത്തെ വീണ്ടും ഒന്ന്കാണാൻ ആ മലയിലേക്ക്. അവിടെ അവൾ കണ്ടു കുരിശിൽ കിടന്നു പിടയുന്ന തന്റെ ദൈവത്തെ  . അതാ തന്റെ രക്ഷകൻ ആ കുരിശിൽ. തന്റെയും ലോകത്തിന്റെയും  മുഴുവൻ പാപവും  പേറി  പിടയുന്നു. മുറിവേറ്റ ആ ശരീരം മുഴുവനായി ഒന്ന്  ഒപ്പാൻ തക്ക വലുപ്പമുള്ള ഒരു വെള്ളത്തൂവാല   താൻ കരുതിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു. എന്തെന്നാൽ ആ ശരീരം മുഴുവൻ തന്നെ കുറിച്ചുള്ള സഹനമാണെന്നവൾ മനസ്സിലാക്കിയിരുന്നു. 

മാത്യു ചെറുശ്ശേരി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.