PRAVASI

വികട സരസ്വതി

Blog Image

1980കളുടെ മധ്യകാലം..
അപ്പനോടൊത്ത് പൗരദ്ധ്വനിയിൽ ജോലി ചെയ്യുന്ന കാലം.
കോട്ടയത്തെ സ്വർവ്വ എടങ്ങേറുകളുടെയും മുന്നിൽ
അന്ന് ഞാനുണ്ടായിരുന്നു. കോട്ടയം ചന്ത മുതൽ 
ഉന്നതങ്ങൾ  വരെയുള്ള സൗഹൃദങ്ങൾ..
അതിലൊന്നായിരുന്നു കാഥികൻ വി.ഡി രാജപ്പൻ എന്ന രാജപ്പേട്ടനുമായുള്ള സൗഹൃദം. കോട്ടയത്ത് തിരുനക്കര 
അമ്പലത്തിൻ്റെ വടക്ക് വശത്ത് പടവുകൾ ഇറങ്ങി
ചെല്ലുന്നടത്താണ് അന്ന് രാജപ്പേട്ടൻ്റെ റിഹേസ്യൽ ക്യാമ്പ്.
വികട സരസ്വതി നാവിൽ വിളങ്ങിയിരുന്ന രാജപ്പേട്ടൻ
പുതിയൊരു സിനിമയുടെ പാട്ട് കേട്ടാൽ അതിന്റെ "തെറിപ്പാട്ട്" നിമിഷങ്ങൾക്കുള്ളിൽ സൃഷ്ടിച്ചു പാടും.
ഹർമ്മോണിയവും, തബലയും, കോംഗോ ഡ്രംമ്മും
എല്ലാം കൂടി ട്രൂപ്പ് അംഗങ്ങൾ സംഗതി കളറാക്കും.
അസൂയയോടെയായിരുന്നു അന്ന് രാജപ്പേട്ടനെ ഞാൻ
കണ്ടിരുന്നത്. അസൂയമൂത്ത ഞാനും തെറിപ്പാട്ട്
നിർമ്മാണത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. 
ഏണിപ്പടികൾ എന്ന് സിനിമയിലെ "ഒന്നാം മാനം പൂമാനം,
പിന്നത്തെ മാനം പൊന്മാനം.." എന്ന് പാട്ടിന് ഒത്ത്
തെറിപ്പാട്ട് ഉണ്ടാക്കാൻ ഞാൻ ഒരു രാത്രി മിനക്കെട്ടു.
അൽഭുതം.., രാജപ്പൻ ചേട്ടൻ നിമിഷ  നേരം കൊണ്ട്
വരികൾ ഉണ്ടാക്കി പാടുന്നതു പോലെ എൻ്റെ നാവിൽ
നിന്നും അനർഗളം തെറിപ്പാട്ട് ഒഴുകിക്കൊണ്ടിരുന്നു. 
"ഒന്നാം മാനം പൂമാനം, പിന്നത്തെ മാനം സാമാനം..
പൂമാനത്തിനും സാമാനത്തിനും മീതെ..
മേരിപ്പെണ്ണിൻ്റെ..."
ഇനി ബാക്കി എഴുതിയാൽ ഞാൻ അടി കൊള്ളും..
പാട്ട് കേട്ടിട്ട് രാജപ്പേട്ടൻ തൊഴുതു വണങ്ങിയിട്ട് പറഞ്ഞു
"ഗുരുവേ അനുഗ്രഹിക്കണം.."
രാജപ്പേട്ടൻ്റെ അവസാന നാളുകളിൽ വീട്ടിൽ രാജപ്പേട്ടനെ
കാണാനായി എത്തിയ എന്നെ അങ്ങേര് അന്ന് വരവേറ്റത് ഈ തെറി  പാട്ടും പാടി കൊണ്ടായിരുന്നു. 
ഇന്നും കേരളത്തിലെ ബാച്ചിലർ പാർട്ടികളിൽ ഈ തെറി പാട്ട് പാടി കേൾക്കുമ്പോൾ ഞാൻ തല കുനിച്ചു നിൽക്കും, പശ്ചാത്താപത്താൽ...
ഇനി തെറിക്കഥ...
ഒരിക്കൽ എൻ്റെ അനിയൻ്റെ ഇന്ത് സുസുക്കി ബൈക്കിൽ,
കോട്ടയം ആസ്ഥാനമായുള്ള ഒരു ക്രിസ്ത്യൻ സഭയുടെ പരമാധ്യക്ഷൻ തിരുമേനിയുടെ മകൻ്റെ കാറിന്റെ ഡോളർ
തുറന്നപ്പോൾ ഇടിച്ച് ബൈക്കിന്റെ പെട്രോൾ ടാങ്ക് ചളുങ്ങി.
പ്രശ്നമായി, തിരുമേനിയുടെ മകൻ്റെ അഹങ്കാരം അതിര് കടന്നതായിരുന്നു. 'ഠ' വട്ടത്തിലുള്ള കോട്ടയം പട്ടണത്തിന്റെ ഭൂരിഭാഗ സ്ഥലവും കൈവശത്തിലുള്ള തിരുമേനിയുടെ സഭയുടെ സ്കൂൾ അങ്കണത്തിലാണ് സംഭവം.
ചെക്കന്റെ അഹങ്കാരത്തിന് ഒരു പണി കൊടുക്കാൻ
ഞാൻ തീരുമാനിച്ചു. അങ്ങിനെയാണ് ഞാൻ ആ "തെറിക്കഥ" രചിച്ചത്. സർവ്വ കാല റെക്കോർഡ് ഇട്ട് ആ കഥ അന്ന് ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്ക് പടർന്നു.
കഥ ഇതാണ്..
മേൽ സഭയുടെ പരമാധ്യക്ഷനായ എഴുപത്തി എട്ടു വയസ്സുള്ള തിരുമേനിയും  അന്നത്തെ കോട്ടയം  മുനിസിപ്പൽ ചെയർമാനും ചെറുപ്പക്കാരനും ആയിരുന്ന പ്രമുഖനും കൂടി റഷ്യ സന്ദർശിക്കാൻ തീരുമാനിക്കുന്നു. 
കോട്ടയത്തെ ആഢ്യകുടുംബത്തിലെ അംഗമാണ് മുനിസിപ്പൽ ചെയർമാൻ. മുണ്ടും വെള്ള ഷർട്ടും വേഷം.
റഷ്യയിലെ സഭയുടെ ആൾക്കാരും, റഷ്യയിലുള്ള കോട്ടയംകാരും ചേർന്നാണ് തിരുമേനിയുടേയും പ്രമുഖൻ്റെയും റഷ്യൻ സന്ദർശനം സംഘടിപ്പിച്ചത്.
തിരുമേനിയും പ്രമുഖനും കൊച്ചിയിൽ നിന്നും
യാത്ര ആരംഭിച്ചു. എയർ ഇന്ത്യയുടെ വിമാനമാണ്.
ഡെൽഹിയിൽ എത്തി വിമാനം മാറിക്കയറണം.
നിർ ഭാഗ്യവശാൽ ഡൽഹിയിൽ നിന്നുള്ള കണക്ഷൻ
ഫ്ലൈറ്റ് ഇരുപത്തിനാല് മണിക്കൂറിലധികം വൈകി.
മോസ്കോയിലെ വനുക്കോവോ ഇന്റർനാഷനൽ
എയർപോർട്ടിൽ കാത്തു നിന്നിരുന്ന സ്വീകരണ കമ്മിറ്റി
ആൾക്കാർ വിശിഷ്ട അതിഥികളെ കാത്ത് നിന്ന് മടുത്ത് 
നിരാശരായി മടങ്ങി.
ഏറെ വൈകി ഒരു വെളുപ്പാൻ കാലത്ത് വനുക്കോവോ
എയർ പോർട്ടിൽ വിമാനം ഇറങ്ങി തിരുമേനിയും, 
പ്രമുഖനും.  താമസിയാതെ രണ്ട് പേരും വന്ന്
പെട്ടിരിക്കുന്ന ഊരാക്കുടുക്കിൻ്റെ വ്യാപ്തി മനസ്സിലാക്കി.
റഷ്യയിൽ ആരും ഇംഗ്ലീഷ് സംസാരിക്കില്ല, ബോർഡുകളെല്ലാം റഷ്യൻ ഭാഷയിലാണ്. ഒന്നും മനസ്സിലാകെ രണ്ട് പേരും ഇമിഗ്രേഷൻ വിഭാഗത്തിൽ നിന്നും പുറത്തേക്ക് കടന്നു. നല്ല വിശപ്പുണ്ട് രണ്ട്
പേർക്കും. എയർ പോർട്ടിൻ്റെ വിശാലമായ ഹാളിൽ
റെസ്റ്റോറന്റുകൾ കണ്ട് ഒന്നിലേക്ക് രണ്ട് പേരും കയറി ഇരുന്നു. ബെയറർ മെനു കാർഡ് നൽകി റഷ്യൻ ഭാഷയിൽ എന്തൊക്കോ സംസാരിച്ചു. ഒന്നും മനസ്സിലാവാതെ മെനു കാർഡിലേക്ക് നോക്കിയ അവർ ഞെട്ടി. അതും റഷ്യൻ ഭാഷയിൽ. 
ഈ സമയം തിരുമേനി വാഷ് റൂമിലേക്ക് നടന്നു.  കുറച്ചു സമയത്തിനു ശേഷം തിരികെ വന്ന തിരുമേനി പ്രമുഖൻ്റെ മുന്നിൽ നീളവും വണ്ണവുമുള്ള ഒരു വാഴപ്പഴവും രണ്ട് പുഴുങ്ങിയ മുട്ടയും കണ്ട് ഞെട്ടി. പ്രമുഖൻ അത് ആർത്തിയോടെ കഴിക്കുകയാണ്.
"നീ ഇത് എങ്ങിനെ സംഘടിപ്പിച്ചടാ..?" തിരുമേനി
ആശ്ചര്യത്തോടെ തിരക്കി.
"ഓ.. അത് തിരുമേനി ടോയ്‌ലറ്റിൽ പോയ സമയം ഒരു
വെയ്റ്റർ ഇവിടെ വന്നിരുന്നു. അവൻ ഏതാണ്ടൊക്കെ
എന്നോട് പറഞ്ഞു, എനിക്കൊന്നും മനസ്സിലായില്ല. അവസാനം ദ്വേഷ്യം വന്നപ്പോൾ ഞാൻ ഉടുമുണ്ട് പൊക്കിക്കാട്ടിയിട്ട് തെറി വിളിച്ചു..., അപ്പോൾ എന്തോ മനസ്സിലായതു പോലെ ബെയറർ തിരികെ പോയി എടുത്തോണ്ട് വന്നതാണ് ഈ പഴവും മുട്ടകളും. പ്രമുഖൻ  കിട്ടിയത് കഴിച്ചു തീർത്ത് വാഷ് റൂമിലേക്ക് നടന്നു.
ഈ സമയം ബെയറർ വീണ്ടും വന്നു. തിരുമേനി ഒട്ടും
കുറച്ചില്ല. പ്രമുഖൻ ചെയ്തതു പോലെ കുപ്പായം പൊക്കി
കാട്ടി. എല്ലാം മനസ്സിലായതുപോലെ ബെയറർ തിരികെ നടന്നു. താമസിയാതെ അയാൾ പ്ലേറ്റുമായി തിരികെ വന്നു. മൂടി വെച്ച പ്ലേറ്റ് ഭവ്യതയോടെ ടേബിളിൽ തിരുമേനിയുടെ മുന്നിൽ വെച്ചിട്ട് അയാൾ തിരികെ നടന്നു.
വിശന്നു വലഞ്ഞ തിരുമേനി ആർത്തിയോടെ മൂടി മാറ്റി,
അതിനുള്ളിൽ ഉണ്ടായിരുന്നത് കണ്ട്  ഞെട്ടി.
ഒരു നീണ്ട ഉണക്ക മുളകും രണ്ട് ചുവന്നുള്ളിയും..

ജിജോ ശാമുവേൽ അനിയൻ  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.