PRAVASI

ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വർഷമാകട്ടെ 2025

Blog Image

രണ്ടായിരത്തി ഇരുപത്തിനാല്   മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ അതി ഭയങ്കര ദുരന്തങ്ങള്‍ക്കു നാം സാക്ഷിയാകേണ്ടി വന്നു.പശ്ചിമേഷ്യയിലും യുക്രൈനിലും ദീർഘ നാളുകളായി തുടരുന്ന യുദ്ധങ്ങൾ ആഭ്യന്തര,വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗണ്‍ വയലന്‍സ് പ്രക്രതി ദുരന്തങ്ങൾ   എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

പിന്നിട്ട ഓരോ വര്‍ഷവും ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോള്‍ അന്ധകാരശക്തികളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടു അന്ധത ബാധിച്ചവര്‍ പ്രയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഭീകര കഥകള്‍ പുതു വര്‍ഷത്തിലും ചരിത്ര താളുകളില്‍ നൂതന അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്നതില്‍ സംശയമില്ല. ഇതോടൊപ്പം 2024ൽ ഫ്രാൻസിലെ പാരീസ് സമ്മർ ഒളിമ്പിക്സ് ,. ദേശീയ രാഷ്ട്രീയത്തിലും ആഗോള രാഷ്ട്രീയത്തിലും കാര്യമായ സ്വാധീനം ചെലുത്തിയ  യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ ഫലം ,സാങ്കേതികവിദ്യയിൽ നിരവധി വലിയ മുന്നേറ്റങ്ങൾ,പ്രത്യേകിച്ച് കൃത്രിമബുദ്ധി, ബഹിരാകാശ പര്യവേക്ഷണം, പുനരുപയോഗിക്കാവുന്ന ഊർജ്ജം ,കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ സംഘട്ടനങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ തുടർച്ചയായ വെല്ലുവിളികൾ ലോകം അഭിമുഖീകരിച്ചു. ഇതെല്ലം  പിന്നിട്ട വർഷത്തിൻ്റെ ഗതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചു .

അധികാരം നിലനിർത്തുന്നതിനും പിടിച്ചെടുക്കുന്നതിനും സ്ഥാനമോഹികൾ  പാടുപെടുന്നത് കാണുമ്പോൾ അവരുടെ  അല്പത്വത്തിൽ സഹതപിക്കുകയല്ലാതെ വേറെ എന്താണ് കരണീയമായിട്ടുള്ളത്. അധികാരവും അവകാശങ്ങളും ദൈവീക ദാനമാണെന്നു വിശ്വസിക്കുന്നവരുടെ എണ്ണം ഇന്ന് അംഗുലീപരിമിതമായിരിക്കുന്നു.

പുതു വർഷത്തിലേക്കു നാം പ്രവേശിക്കുമ്പോൾ അധികാരവും അവകാശങ്ങളും എന്ന വിഷയത്തെ കുറിച്ച് ക്രിസ്തീയകാഴ്ചപ്പാടിൽ  ചിന്തിക്കുന്നത് അവസരോചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു. അധികാരവും അവകാശങ്ങളും ദൈവീക ദാനമാണ്. ഇതിന് നിയോഗിക്കപ്പെടുന്നവര്‍ ദൈവത്തിന്റെ പ്രതിനിധികളും,നന്മയുടെ പ്രതീകവുമായി മാറണം . ഇത് സംഭവിക്കുന്നില്ലെങ്കില്‍ സ്‌നേഹമെന്ന ആ മൂര്‍ത്ത ഭാവം അവരിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നുവെന്നു മാത്രമല്ല. അവർ തിന്മയുടെ സ്വാധീനത്തില്‍ പകയുടേയും വിദ്വേഷത്തിന്റേയും വക്താക്കളായി മാറുന്നവെന്നുവേണമെന്ന് കരുതാൻ .

നീ കോപിക്കുന്നതെന്തിന്, നിന്റെ മുഖം വാടുന്നത് എന്ത് ? നീ നന്മ ചെയ്യുന്നുവെങ്കില്‍ പ്രസാദം ഉണ്ടാകയില്ലയോ ? നീ നന്മചെയ്യുന്നില്ലെങ്കിലോ പാപം വാതുക്കല്‍ കിടക്കുന്നു (ഉല്പത്തി :4-6,7) ഹാബേലിന്റെ യാഗത്തില്‍ പ്രസാദിക്കുകയും കയീനിലും അവന്റെ വഴിപാടിലും പ്രസാദിക്കാതിരിക്കുകയും ചെയ്ത ദൈവത്തിന്റെ പ്രവര്‍ത്തിയില്‍ കോപിഷ്ഠനായ കയീനോട് ദൈവം അരുളി ചെയ്ത വാക്കുകളാണ് മേലുദ്ധരിച്ചത്. നന്മ ചെയ്യുവാന്‍ സ്‌നേഹത്തിന്റെ പ്രചോദനം കൊണ്ട് മാത്രമേ കഴിയൂ ഇല്ലെങ്കില്‍ കോപിഷ്ഠനായി നാശത്തിന്റെ വിഷവിത്തു വിതയ്ക്കുന്നവരായി തീരുമെന്നാണ് ഈ സംഭവം വിളിച്ചോതുന്നത്.

മനുഷ്യര്‍ തങ്ങള്‍ക്കു ലഭിക്കുന്ന അധികാരങ്ങളും അവസരങ്ങളും സ്വന്തം സുഖത്തിനുവേണ്ടി മാത്രം വിനിയോഗിക്കുമ്പോള്‍ നിഷേധിക്കപ്പെടുന്നത് മറ്റുളളവരുടെ സുഖവും, നീതിയും സ്വാതന്ത്ര്യവുമാണ്. . ഇത്തരത്തില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കുന്നവര്‍ ഒരുപക്ഷേ പ്രതികാരത്തിന്റേയും പകയുടേയും ഭാവങ്ങള്‍ സ്വീകരിച്ചാല്‍ അതിലവരെ കുറ്റപ്പെടുത്താനാവില്ല. ആയിരക്കണക്കിന് മനുഷ്യ ജീവനുകളെയാണ് തിന്മയുടെ പൈശാചിക ശക്തികള്‍  അപാഹരിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തശക്തിയില്‍ അമിതമായി ഊറ്റം കൊളളുകയും അധികാരം നില നിര്‍ത്തുന്നതിന് എന്ത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കുന്ന ചിലരുടെയെങ്കിലും കറുത്ത കൈകളാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നത്. ആധുനികരെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ പാപത്തിലാണ് ഇന്ന് ആനന്ദം കണ്ടെത്തുന്നത്.

മനുഷ്യന്‍ ചെയ്യുവാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്ക് അസാധ്യമായി തീരുകയില്ല. (ഉല്പത്തി 11-6) എന്ന ദൈവ വചനത്തിലെ മുന്നറിയിപ്പ് അനുദിനം വഷളായി കൊണ്ടിരിക്കുന്നു. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാന്‍ അത്യദ്ധ്വാനം ചെയ്യുന്ന മനുഷ്യന്റെപ്രയത്‌നത്തെ നോക്കി ദൈവം അരുളി ചെയ്ത വചനമാണിത്. മനുഷ്യന്റെ സമ്പത്തും പ്രതാപവും  ദൈവത്തെ വെല്ലുവിളിക്കുന്ന തലത്തിലേക്ക്ഉയരുമ്പോള്‍ ഗോപുരം പണിയുവാന്‍ ശ്രമിച്ചവര്‍ക്കുണ്ടായ അനുഭവം മനുഷ്യന്‍ വിസ്മരിക്കരുത്.

സൊദോം  ഗോമോറയെപോലും ലജ്ജിപ്പിക്കുന്ന മ്ലേച്ഛതകള്‍ ലോകത്തില്‍ അതിവേഗമാണ് വര്‍ദ്ധിച്ചുവരുന്നത്. ദൈവിക അടിസ്ഥാനപ്രമാണങ്ങള്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തികൊണ്ടു സ്വവര്‍ഗ്ഗാനുരാഗം, മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും അമിതസ്വാധീനം, വിവാഹബന്ധങ്ങളുടെ വ്യാപകമായ തകര്‍ച്ച പുനര്‍വിവാഹത്തിനുളള വ്യഗ്രത തുടങ്ങിയവയ്‌ക്കെതിരെ ശക്തമായിപ്രതികരിക്കുന്നതിന് ലോക പ്രകാരം അധികാരവും അവകാശങ്ങളും പ്രയോജനപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ടവര്‍ പരാജയപ്പെടുന്നു. മാത്രമല്ല ഒരു പരിധിവരെ ഇതിനെല്ലാം മൗനാനുവാദം നല്‍കുന്നതിനും ഇക്കൂട്ടര്‍ തയ്യാറാക്കുന്നു എന്നുളളതാണ്ദുഃഖകരമായ വസ്തുത.

ഇവിടെയാണ്  സാധാരണ ജനങ്ങള്‍ കല്ലുകള്‍ ആയിട്ടാണെങ്കിലും ഉണര്‍ന്നെഴുന്നേലേക്കണ്ടത്. ജെറുസലേം ദേവാലയത്തിലേക്കുളള ക്രിസ്തു ദേവന്റെ രാജകീയ എഴുന്നളളത്തില്‍ കൂടെ സഞ്ചരിച്ചിരുന്നവര്‍ ഹോശന്നാ എന്ന്ആര്‍പ്പ് വിളിക്കുന്നത് തടയുവാന്‍ ശ്രമിച്ച മഹാപുരോഹിതന്മാരോടും ശാസ്ത്രിമാരോടും പരീശന്മാരോടും ക്രിസ്തു പറഞ്ഞത് ഇപ്രകാരമായിരുന്നു.ഇവര്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും.ക്രിസ്തീയ ശുശ്രൂഷ നിര്‍വ്വഹിക്കപ്പെടുവാന്‍ അധികാരവും, അവകാശവും ലഭിച്ചവര്‍ ക്രിസ്തുവിനെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നത് അന്നത്തെ പോലെ ഇന്നും അഭംഗൂരം തുടങ്ങുന്നു.

അധികാരവും അവകാശങ്ങളും ലഭിച്ചിരിക്കുന്നത് ചില പ്രത്യേക വിഭാഗത്തിൽ  പെട്ടവർകാണെന്നുള്ള  ധാരണ ചിലരിലെങ്കിലും രൂഢമൂലമായിട്ടുണ്ട്. ഇതു തിരുത്തപ്പെടേണ്ടതാണ്. മെത്രാച്ചനെയോ, പട്ടക്കാരനെയോ അത്മായനെയോ ഒരു വേര്‍തിരിവും ദൈവമുമ്പാകെ ഇല്ല തന്നെ !! സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ഏവരും പിതാവെന്ന ദൈവത്തിന്റെ മക്കളും അവകാശികളുമാണ്. ഈ ദൈവിക വാഗ്ദത്തം ഓരോരുത്തരിലുമുളള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു .

 ഹൃദ്യമായി ഒന്നു ചിരിക്കുവാന്‍ പോലുംകഴിയാതെ ബന്ധങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍  ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പിന്‍എന്ന പരസ്പര സ്‌നേഹത്തിന്റെ സന്ദേശം പ്രായോഗീക തലത്തിൽ  എത്തിക്കുവാനുളള ധാര്‍മ്മിക ഉത്തരവാദിത്വമാണ് നമ്മില്‍ അര്‍പ്പിതമായിട്ടുളളത്.  ബന്ധങ്ങളെ ബന്ധനങ്ങളായി  വ്യാഖ്യാനിക്കുവാനുളള പ്രവണത നാം ഉപേക്ഷിക്കണം. മറ്റുളളവരെആദരിക്കുന്നതിനും, കരുതുന്നതിനും ഉതകുന്ന ഒരു സാംസ്‌കാരിക ബോധം നാം വളര്‍ത്തിയെടുക്കണം.

ഒരു ഗോതമ്പു ചെടി ഫലവത്തായി തീരും തോറും തങ്കനിറത്തിലുളള അതിന്റെ പുഷ്ടിയുളള മണികളുടെ ഭാരം കൊണ്ട് കുനിഞ്ഞുപോകുന്നു. എന്നാല്‍ തഴച്ചു വളരുന്ന ഭാവം കാണിക്കുന്ന കളയാകട്ടെ അത്. അതിന്റെ തല ഉയര്‍ത്തി പിടിക്കുന്നു. കൊയ്തുവരുമ്പോള്‍ അവ വെറും കള മാത്രമാണെന്ന് തെളിയിക്കുകയും ചെയ്യും. കളയാകട്ടെ യജമാനന്‍ വെട്ടി തീയിലിട്ട് ദഹിപ്പിക്കുന്നു. അധികാരങ്ങളും അവകാശങ്ങളും ദൈവീക ദാനമാണെന്ന് വിശ്വസിക്കുന്നവര്‍ പുഷ്ടിയുളള ഗോതമ്പു മണി വിളയിക്കുന്ന ചെടിയുടെ അവസ്ഥയിലേക്ക് മാറുമ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്നത്.  ശേഷിക്കുന്ന മനുഷ്യായുസിന്റെ ഓരോനിമിഷവും ഒരു വെല്ലുവിളിയായി  സ്വീകരിക്കുന്നുവെന്ന്  പുതുവർഷത്തിൽ   പ്രതിജ്ഞ ഏറ്റെടുക്കാം,   വരദാതാവിൽ പൂര്‍ണ്ണമായി ജീവിതം  സമര്‍പ്പിക്കുകയും ചെയ്യാം.സമ്പൽ സമൃദ്ധമായ പുതുവത്സര ആശംസകൾ  നേരുന്നു

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.