വർഷങ്ങൾക്കു ശേഷം ഒന്നിച്ച് വീണ്ടും. ഈ യാത്ര ഞങ്ങളിൽ നിറയ്ക്കുന്ന ഗുരുസാന്നിദ്ധ്യം അതീവ ഹൃദ്യം. വർഷങ്ങളായി അമേരിക്കയിൽ വന്നു പോകുന്ന അദ്ദേഹം പോകുന്നിടത്തെല്ലാം എന്നോടു കാണിക്കുന്ന സ്നേഹവും കരുതലും എല്ലാവരോടും പരിചയപ്പെടുത്തുമ്പോൾ പ്രകടിപ്പിക്കുന്ന ആഹ്ലാദവും പകരുന്ന ഒരു സത്യമുണ്ട്. ആത്മസഹോദരൻ എന്നത് വെറുമൊരു വാക്കല്ല. അത് നിത്യസത്യമായിരിക്കുന്ന അനുഭവമാണ്.
കോളേജിൽ പഠിക്കുന്ന കാലത്താണ് ഏങ്ങണ്ടിയൂർ ഗുരുകുലത്തിൽ പോകുന്നത്. അവിടെ വെച്ചാണ് രമേശ്, സുനിൽ, ഗിരീശൻ, ഗിരി തുടങ്ങിയ സുഹൃത്തുക്കളെ പരിചയപ്പെടുന്നത്. എല്ലാ ആഴ്ചയും വീട്ടിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ അകലെയുള്ള ഗുരുകുലത്തിലും സുഹൃത്തുക്കളുടെ അടുത്തും പോകൽ പതിവായി. അവർക്കൊപ്പം ആകാശത്തിനു കീഴെയുള്ള സകലമാന വിഷയങ്ങളും ചർച്ച ചെയ്യും.
ആയിടെ അവരുടെ കൂട്ടത്തിൽ നിന്നും ഗുരുകുലത്തിലേക്ക് പോയ സുധിയെ കുറിച്ച് അവർ എപ്പോഴും പറയുമായിരുന്നു. സുധി പോയ ഇടത്തേക്കാണ് ഷൗക്കത്ത് കയറി വന്നതത്രെ. ഇതവർ സുധിയോടും പറയും. അങ്ങനെ ഞങ്ങൾ തമ്മിൽ കാണാതെയും മിണ്ടാതെയും തന്നെ സുഹൃത്തുക്കളായി.
പിന്നീട് ഞാൻ ഫേൺഹിൽ ഗുരുകുലത്തിലെത്തി. വർക്കലയിലും തൃപ്പൂണിത്തറയിലും ഉള്ള ഗുരുകുലത്തിൽ നിന്ന് സുധിയും ഫേൺഹില്ലിലെത്തി. അങ്ങനെ ഞങ്ങൾ ഗുരു നിത്യയുടെ സവിധത്തിൽ ഒന്നിച്ചു കഴിഞ്ഞു.
ഗുരു നിത്യയുടെ സമാധിക്കു ശേഷം ഞങ്ങൾ രണ്ടു വഴിക്കു പിരിഞ്ഞു. സുധി സന്യാസിയായി. സ്വാമി മുക്താനന്ദ യതി."നിത്യനികേതനം : സ്കൂൾ ഓഫ് വേദാന്ത" എന്ന ആശ്രമം സ്ഥാപിച്ച് കാഞ്ഞിരമറ്റത്ത് ചെത്തിക്കോട് താമസം.
ഗുരുവിൽ നിന്നും പകർന്നു കിട്ടിയ സ്നേഹവും സൗഹൃദവും ഞങ്ങളുടേതായ രീതിയിൽ ജീവിച്ച് കഴിയുന്ന ഞങ്ങൾ വല്ലപ്പോഴും എവിടെയെങ്കിലും വെച്ച് കണ്ടു. ചില പരിപാടികളിൽ ഒന്നിച്ചു പങ്കെടുത്തു.
ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. അമേരിക്കയിലേക്ക് FSSONA എന്ന സംഘടന നാരായണഗുരു കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കാൻ ക്ഷണിച്ചപ്പോൾ കഴിഞ്ഞ രണ്ട് കൺവെൻഷനിലും പങ്കെടുത്ത സ്വാമി മുക്താനന്ദ യതിയും കൂടെയുണ്ടെന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായി.
വർഷങ്ങൾക്കു ശേഷം ഒന്നിച്ച് വീണ്ടും. ഈ യാത്ര ഞങ്ങളിൽ നിറയ്ക്കുന്ന ഗുരുസാന്നിദ്ധ്യം അതീവ ഹൃദ്യം. വർഷങ്ങളായി അമേരിക്കയിൽ വന്നു പോകുന്ന അദ്ദേഹം പോകുന്നിടത്തെല്ലാം എന്നോടു കാണിക്കുന്ന സ്നേഹവും കരുതലും എല്ലാവരോടും പരിചയപ്പെടുത്തുമ്പോൾ പ്രകടിപ്പിക്കുന്ന ആഹ്ലാദവും പകരുന്ന ഒരു സത്യമുണ്ട്. ആത്മസഹോദരൻ എന്നത് വെറുമൊരു വാക്കല്ല. അത് നിത്യസത്യമായിരിക്കുന്ന അനുഭവമാണ്.
ഷൗക്കത്ത്
സ്വാമി മുക്താനന്ദ യതി,ഷൗക്കത്ത്