വർഷം കാലത്തിനേക്കാൾ വേഗത്തിലാണിപ്പോൾ
ചിലപ്പോൾ ഒരു നനുത്ത വെയിലിൽ കുളിരായ് പെയ്തൊഴിയും
വരണ്ട മനസുകളിലെ വേദനകൾക്ക് വേണ്ടി
ചിലപ്പോൾ വളരെ നിശബ്ദമായി പെയ്തുകൊണ്ടേയിരിക്കും
വാടി തുടങ്ങിയതിനെയൊക്കെ ചുംബിച്ചുകൊണ്ട്
തോരാതെയങ്ങനെ മുറ്റത്തും തൊടിയിലും
ചിലപ്പോൾ ബാക്കി വച്ചതൊക്കെ ഓർത്തെടുത്ത്
ഇരുട്ടിനെ പ്രണയിച്ച് വെളിച്ചമറിയും വരെ പെയ്ത് തോരും
ഓരോ ജനാലകൾക്കുമപ്പുറം തൻ്റെ ഹൃദയത്തെ
കീറിമുറിക്കുന്ന ആത്മാക്കൾക്ക് വേണ്ടി
ചിലതൊക്കെ ബാക്കി നിർത്തി
ചിലപ്പോൾ വേദനയോടെ പ്രതികാരം തീർക്കും
മുറ്റത്തും മനസിലും മഴത്തുള്ളികൾ കലഹിക്കും
അടുത്ത വർഷകാലം വരും വരെയുള്ള തർപ്പണത്തിനായ്
ഓർമ്മകളുടെ ചിതകൂട്ടി സ്വയം സമർപ്പിക്കും
സോഫി എൻ.പി ന്യൂയോർക്ക്