നീ വാക്കിൽ ചേർത്ത മിശ്രിതം
മസ്തിഷ്ക്കത്തിലൊരു മൂളക്കം ചേർക്കുന്നു.
കളങ്കമില്ലാത്ത
പുഞ്ചിരികൾ
സ്നേഹപര്യായമായി മാറുന്ന
നിമിഷങ്ങളിൽ
ജാഗ്രതയുണ്ടാകണം.
കാര്യവും കാരണവും നുണകളാവുന്നു.
നീ ഞാനെന്നും
ഞാൻ നീയെന്നും
പിരിച്ചെഴുതാൻ കഴിയാതെ
ശ്വാസനിശ്വാസങ്ങളിൽ ചേരുന്ന നുണപർവ്വതങ്ങൾ.
ഓരോ സുഖങ്ങൾക്കുമായി മണ്ണിൽ
നേരുകൾ ചേർക്കാത്ത നുണകൾ പിറന്നുവീഴുന്നു.,
നിശബ്ദമായ പടിയിറക്കങ്ങളിൽ
സഹനങ്ങളനവധി.
ത്യാഗമാണത്രെ മെച്ചമെന്ന്
ഒരു കൂട്ടരും മൊഴിയുന്നു..
സാക്ഷി കൂട്ടിലും
പ്രതി നിരത്തിലും
അതാണീ യുദ്ധതന്ത്രം.
ജയവും തോൽവിയും
ആരുമറിയാത്ത ഇഷ്ടങ്ങളുടെ
പരമ്പരകളിൽ കുടുങ്ങി കിടക്കുന്നു.
സത്യങ്ങളറിയുമ്പോൾ ബന്ധങ്ങളുടെ
വേരുകളറുക്കുന്നു.
സ്നേഹപ്പുഴകൾ ഖരാവസ്ഥയിൽ.
സൗഹൃദവും പ്രണയവും ഒന്നിച്ചിഴയുന്ന കാഴ്ചകൾ.
ഇഷ്ടങ്ങൾ കണ്ടെത്തുമ്പോൾ
പുരാണങ്ങൾ പിറക്കുന്നു.
അപൂർണ്ണലേഖനങ്ങൾ വായിക്കപ്പെടുന്നു.
നീ നനച്ചയധരങ്ങളും
നുണഞ്ഞ ഉമിനീരും നുണകളാകുന്നു.
മറവിയിലേയ്ക്കെടുത്തുവയ്ക്കുന്ന
ദിനരാത്രങ്ങളിൽ
നുണയണിഞ്ഞ സിന്ദൂരവും
ആലിംഗനങ്ങളും
വിയർപ്പുമണികളും
കാവലായി നിലകൊള്ളുന്നു.
നുണകൾ അഭിനയമത്രെ!
സ്നേഹത്തിൻ്റെ മറുപക്കവും!
ദേവി ശങ്കർ