വിഷുപ്പക്ഷീ, വരുമോ നീ
വിതയ്ക്കാറായി...
പുതുനെല്ലിൻ നിറം ചാർത്താൻ വയലൊരുങ്ങി...
വയലിന്റെ കരയിലെ
മരം തളിർത്തു...
മരത്തിലെ കൊമ്പിൽ
നീ വിരുന്നിനെത്തൂ...
വിരുന്നൂട്ടാൻ വയൽപ്പൂക്കൾ
വരിയായ് നില്‌പൂ...
വരിനെല്ലിൻ സുഗന്ധം നീ
കവർന്നെടുക്കു
വിഷുപ്പാട്ടു പാടി ഞാൻ
നിലമൊരുക്കാം.
നിലതെറ്റാതെന്നും ഞാൻ
കാത്തിരിക്കാം
കുളിർക്കാറ്റായ് പകലോളം
കൂട്ടിരിക്കാം
വിളയുമ്പോൾ പുന്നെല്ലു
പകുത്തെടുക്കാം
പകരം നീ നൽകേണ്ട-
തൊന്നുമാത്രം
പാടുക, വിത്തും-
കൈക്കോട്ടും മന്ത്രം..!
വിഷുപ്പക്ഷീ വരുമോ നീ
വിതയ്ക്കാറായി...
പുതുനെല്ലിൻ നിറം ചാർത്താൻ വയലൊരുങ്ങീ...!
ഉണ്ണിക്കൃഷ്ണൻ മുതുകുളം