"ഇപ്രാവശ്യം വെള്ളരിക്ക നമ്മളെ പറ്റിക്കുമെന്ന് തോന്നുന്നു ചിരുതേയീ" എന്ന് പറഞ്ഞ് കൊണ്ട് അമ്മാളു ഏടത്തി വയലിലെ പരന്നുകിടക്കുന്ന പച്ചക്കറി കൃഷിയെ ദീർഘനിശ്വാസത്തോടെ നോക്കി നിന്നു. "വെള്ളരി മാത്രമല്ല കയ്പയും പയറും നിക്കുന്നത് കണ്ടിറ്റ് എൻ്റെ നെഞ്ച് കത്തിക്കരിയുന്ന്ണ്ട്
അമ്മാൾക്കാ" എന്ന മറുപടിയോടെ ചിരുതേയി കണ്ണു നിറച്ചു.
വിഷുക്കാലത്ത് അവരിരുവരും വയലിൽ പച്ചക്കറി നടും.
അവരുടെ വയലിലെ സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന കണിവെള്ളരിക്കക്ക് നാട്ടിൽ നല്ല ഡിമാൻ്റ് ആണ്. ഉച്ചാറിൻ്റന്ന് ഉച്ചയോടെ മുത്തപ്പന് പയംകുറ്റിയും നേർന്നിട്ടാണ് ഇത്ത വണയും വെള്ളരി വിത്ത് നട്ടത്. കുഞ്ഞീട്ടൻ മാഷുടെ വെള്ളരിക്കുണ്ടിൽ നിന്ന് വെള്ളം കോരിയൊഴിച്ചതിനും കണക്കില്ല. എന്നിട്ടും വിചാരിച്ചത്ര വിളവ് ഉണ്ടായില്ല എന്നതാണ് അവരുടെ സങ്കടം. നേന്ത്രവാഴയും വെള്ളരിയുമാണ് അവരുടെ പ്രധാന കൃഷി. ഇടവിളയായി ചീരയും പയറും പൊട്ടിക്കയുമാക്കെ ഉണ്ടാവും. വിഷുവിനാണ് കാര്യമായ വിളവെടുപ്പ് . അതാണ് ഒരു വർഷത്തേക്കുള്ള അവരുടെ സ്വകാര്യ സമ്പാദ്യവും. സ്വന്തം അദ്ധ്വാനത്തിൽ നിന്നുണ്ടാക്കുന്ന ഇത്തരം ചില്ലറപൈസകൾ തിരിച്ചൊഴുകുന്നത് കുടുംബത്തിലേക്ക് തന്നെയാണ് താനും.
ചിരുതേയിയുടെ സങ്കടം മറ്റൊന്നുമല്ല.
ഈ പ്രാവശ്യം രണ്ടാമത്തെ പെണ്ണിൻ്റെ മങ്ങലം കയിഞ്ഞിറ്റ് കോടി വിഷുവല്ലേ ഇത്, നാട്ട് നടപ്പ് നമ്മളും നോക്കണ്ടെ ! ഓൻ്റെ വീട്ടിലേക്ക് കൊറച്ച് അപ്പം കെട്ടണം. ഒരു വിഷൂന് അവരെ ഇങ്ങോട്ട് ക്ഷണിക്കണം, കോടി കൊടുക്കണം, പൊട്ടാസ് വാങ്ങണം. ചിലവിന് അന്തവും കണക്കും ഇല്ല, ഇപ്രാവശ്യത്തെ വെള്ളരിയായിരുന്നു ഈ
ചിലവിനിടയിൽ എൻ്റെ ആക്കം.
ആരോട് പറയാനാ ചിരുതേയീ,
"എൻ്റെ ജീവിതത്തിനിടയിൽ ഇമ്മാതിരി ഒരു വേനല് കണ്ടിറ്റില്ല. കുണ്ടും കൊളോം എല്ലാം അടിപറ്റി. കിണറ്റിലെ വെള്ളമെങ്കിലും വറ്റാതിരുന്നാ മതിയായിരുന്നു, നമ്മൾ പാരുന്ന വെള്ളം മുഴുവൻ കുടിച്ചിറ്റും മണ്ണ് വരണ്ട് പോവുന്നത് കണ്ടില്ലേ, ഇത്രയെങ്കിലും കിട്ടിയത് തന്നെ ഭാഗ്യം. ഏതായാലും ഈ പ്രാവശ്യം ഉള്ളത് മുഴുവൻ നീയെടുത്തോ" , നേന്ത്രവാഴ പറ്റിച്ചില്ലെങ്കിൽ നമ്മൾക്ക് തിരിച്ച് പിടിക്കാം എന്ന് പറഞ്ഞ് അമ്മാളു ഏടത്തി തൻ്റെ മുണ്ടിൻ്റെ കോന്തല വിടർത്തി നീളൻ പയർ പറിച്ച് തുടങ്ങി.
"കുംഭത്തില് മഴ പെയ്താ കുപ്പയില് വരെ ചോറാ"ന്നാണ് പഴംചൊല്ല്. ഇത്തവണ കുംഭത്തില് മഴ ചാറിയപ്പോൾ ഞാൻ സന്തോഷിച്ചതാണ്. ഇത് വല്ലാത്തൊരു ചതിയായിപ്പോയി എൻ്റെ മുത്തപ്പാ എന്നവർ ഇരുവരും ഒരുമിച്ച് പതം പറഞ്ഞു.
ഇത്തവണ കൊന്നപ്പൂ വരെ പറ്റിച്ചുകളഞ്ഞു. മീനത്തിലേ പൂത്തുലഞ്ഞ് മേടമാവുമ്പോഴേക്ക് എല്ലാം തീർന്നു. വെള്ളരിയും കൊന്നപ്പൂവും പുന്നെല്ലിൻ്റെ പായസവും ഇല്ലെങ്കിൽ എന്ത് വിഷു ? കൊന്നപ്പൂ വരെ ഇപ്പോൾ വാങ്ങാൻ കിട്ടും, അതിനൊക്കെ പൈസയാ വേണ്ടത് ! ഏതായാലും നാളെത്തന്നെ നമ്മൾക്ക് വെള്ളരി പറിക്കാം. ചുരുങ്ങിയത് ഒരു പത്തിരുനൂറ് കായയെങ്കിലും കിട്ടാതിരിക്കില്ല.
വെള്ളരിക്കാര്യത്തിൽ ഒരു തീരുമാനമായതിന് ശേഷം അവരിരുവരും വീട്ടിലെ വിഷുക്കാര്യങ്ങൾ ചർച്ച ചെയ്ത് തുടങ്ങി. കണി വെക്കണം. ഇത്തവണ നിന്നെപ്പോലെ വിരുന്നുകാരില്ല എനിക്ക്. അമ്മാളു ഏടത്തി സങ്കടത്തോടെ കൂട്ടിച്ചേർത്തു, മക്കളൊക്കെ ടൂറ് പോവുകയാണത്രെ ! ഒറ്റക്ക് സദ്യവട്ടത്തിനൊന്നും എനിക്ക് പറ്റില്ല. ഒരു സാമ്പാർ വെച്ചാൽ അത് തന്നെ സദ്യ !
"മോളുടെ കോടി വിഷുവല്ലേ, ഞാനെന്തായാലും സദ്യ വെക്കും. അതിലൊരു ഇല ഞാൻ ആടെയും ഇടും ". ചിരുതേയി ആവേശത്തോടെ അമ്മാളു ഏടത്തിയെ സമാധാനിപ്പിച്ചു. ഒറ്റക്കുണ്ടാക്കി തിന്നലല്ലല്ലോ വിഷു , എല്ലാർക്കും കൊടുക്കലല്ലേ !
ശരിക്കും വിഷു സമൃദ്ധിയുടെ ആഘോഷമാവുന്നത് ഇത്തരം നല്ല മനസ്സുകൾ കാരണമാണ്. സമ്പത്തും സമൃദ്ധിയും മനസ്സിലാണ്. കൊടുക്കാനും കൊള്ളാനുമുള്ള ഹൃദയത്തിലാണ് കൊന്നപ്പൂവിൻ്റെ വെളിച്ചം പടരുന്നത് !
മിനി വിശ്വനാഥൻ