PRAVASI

അജാഗളസ്തനന്യായം ( മഞ്ജുളചിന്തകൾ )

Blog Image

അയ്യോ, പറ്റിപ്പോയല്ലോ, തെറ്റുദ്ധരിക്കപെട്ടല്ലോ എന്നൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും പറയാത്തവർ വിരളമായിരിക്കാം. യാഥാർഥ്യങ്ങളെ വെല്ലു ന്ന കൃത്രിമവസ്തുക്കൾ സുലഭമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ആരാണ് കബളിക്കപ്പെടാതിരിക്കുന്നതു? ഏതു വേഷവും കെട്ടിയിറങ്ങി ആരേയും വഞ്ചിക്കുവാൻ പ്രാവീണ്യം നേടിയ "വക്ര ഗതിയുള്ള നക്ഷത്രങ്ങൾ" ഒളിഞ്ഞും തിരിഞ്ഞും അരംഗത്തും അടുക്കളയിലും ഒരുപോലെ സ്വാധീനം പുലർ ത്തുന്നതിനാൽ മാനഹാനിയും ധനനഷ്ടവും അനുഭവിച്ച് മറവിൽ മറഞ്ഞിരിക്കുന്നവരെപോലെ കഴിഞ്ഞുകൂടുന്ന പലരേയും നമുക്ക് നമ്മുടെ ചുറ്റുപാ ടിൽ കാണാം കഴിയുന്നുണ്ടല്ലോ. അവരുടെ വേദന എത്ര പേർ മനസിലാക്കുന്നു? എന്നാൽ അനുഭവങ്ങളിൽ കൂടിയും പാഠം പഠിക്കാത്ത പലരേയും കാണുമ്പോഴാണ് മൂക്കത്ത് വിരൽ വച്ച് പോകുന്നത്. കാരണം വീണ്ടും വീണ്ടും അവർ കെണിയിൽ കുരുങ്ങുന്ന്.

ആകൃതിയിൽ ആകർഷിക്കപ്പെട്ട അനേകരും യാഥാർഥ്യങ്ങളെ കുറിച്ച് വിലയിരുത്താതെ സ്വീകരിക്കുമ്പോഴാണ് അബദ്ധം പറ്റുന്നത്. തിരിച്ചറിവ് വന്ന് കഴിയുമ്പോഴേക്കും കാത്തുസൂക്ഷിച്ചതിൽ പലതും അപഹരിക്കപ്പെട്ടിട്ടുണ്ടായിരിക്കും. ബാഹ്യരൂപത്തിൽ കൂടി മാത്രം നമുക്ക് ഇന്ന് ഒരാളെ വിലമതി ക്കുവാൻ കഴിയുകയില്ല. കാരണം ഭക്തന്റെ പുറംചട്ടപോലും ഇന്ന് വിപണിയിൽ സുലഭമാണ്. ചതിവ് പലരുടേയും "ലോഗോ" ആണ്. പാതിവില വ്യാപാരത്തിൽ തുടങ്ങി പതിരിമാരിൽ പോലും ഈ ലോഗോ ദർശിക്കുവാൻ കഴിയും. ജനപ്രതിനിധികൾ അടുത്തകാലം വരെ ജനത്തിന് ഒര് നിധി പോലെയായിരുന്നു. ഇന്നാകട്ടെ പലരും പിൻവലിക്കപ്പെട്ട "രൂപയുടെ" സ്ഥാനത്തുപോലും വരുന്നില്ല. അവരുടെ ഏകാന്തതയിലെ സംഭാഷണങ്ങൾ  ഏതെങ്കിലും കാരണത്താൽ വെളിയിൽ വന്നുപോയാൽ അവകൾ കേൾക്കണമെങ്കിൽ "ഹെഡ്‍ഫോൺ" ഉപയോഗിക്കണമെന്നുള്ള മുന്നറിയിപ്പ് നമുക്ക് നിരാകരിക്കുവാനും കഴിയുന്നില്ല.

ഈ ലക്കം മഞ്ജുളചിന്തയുടെ ശീർഷകം ഒര് പക്ഷെ ചിലർക്കെങ്കിലും അഗ്രാഹ്യമായിരിക്കും. ആകയാൽ തനി നാടൻ ഭാഷയിൽ ഞാൻ അതിനെ ഒന്ന് അപഗ്രഥനം നടത്തട്ടെ. അജാ=പെണ്ണാട്, ഗളസ്തനം= കഴുത്തിലെ സ്തനം. ഇതു വായിക്കുമ്പോൾ തന്നെ ചിലരുടെ പുരികങ്ങൾ  ഉയരുന്നുണ്ട്! കഴുത്തിൽ സ്തനങ്ങളോ? സാരമില്ല,അൽപ്പം കഴിയുമ്പോൾ പുരികങ്ങൾ പൂർവ്വസ്ഥിയെ പ്രാപിച്ചോളും. ഒറ്റനോട്ടത്തിൽ "അത് തന്നെ ഇത്" എന്ന് പലർക്കും തോന്നാറുണ്ട്. ഇവിടേയും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. അത് കൊണ്ടത്രെ മുൻകൂട്ടി ഓർപ്പിച്ചത് ആകൃതി കണ്ട് മാത്രം നാം ഒന്നിനേയും സ്വീകരിക്കരുതേയെന്നു.

സാധുവായ ഒര് സ്ത്രീ ഒരു ആട്ടിൻകുട്ടിയെ വാങ്ങി അതിന് വേണ്ടിയതെല്ലാം കൊടുത്ത് വളർത്തി. വളർച്ചയിലെത്തിയ ആടിന്റെ കഴുത്തിൽ ചില മുഴകൾ പ്രത്യക്ഷപ്പെട്ട്‌. ഇത് കണ്ട ഉടമസ്ഥക്ക് അളവറ്റ സന്തോഷവുമായി. സ്തനാകൃതിയിൽ ആടിന്റെ കഴുത്തിൽ കണ്ട മുഴകൾ ഈശ്വരാനുഗ്രഹ ത്താൽ തനിക്ക് ലഭിച്ചതാണെന്ന് പോലും ആ സ്ത്രീ ഇതിനോടകം വിശ്വസിച്ചുകഴിഞ്ഞിരുന്ന്. അകിടിൽ നിന്നുമാത്രമല്ല കഴുത്തിൽനിന്ന് പോലും  പാൽ കിട്ടുമല്ലോ എന്ന ചിന്തയായിരുന്നു ആ സ്ത്രീയുടെ അളവറ്റ സന്തോഷത്തിന് കാരണം. എന്നാൽ സ്ത്രീ അറിയുന്നുണ്ടോ ഈ കാണുന്ന മുഴകൾ സ്തനങ്ങളല്ലായെന്നും സ്തനങ്ങളുടെ ധർമ്മങ്ങൾ ഇല്ലായെന്നും. മാത്രമല്ല ഇവകൾ കൊണ്ട് ഒര് പ്രയോജനവും ഇല്ലന്നേ.     

പലരേയും തെറ്റിദ്ധരിപ്പിക്കുന്ന അനേകം "മുഴകൾ" ഇന്ന് സമൂഹത്തിൽ വളർന്നുവരുന്നുണ്ട്. കണ്ടാൽ പാസ്റ്ററെ പോലെയും പാതിരിയെ പോലെയും പ്രവാചകനെപ്പോലെയും ജനപ്രധിനിതികളെപ്പോലെയുമൊക്കെ തോന്നിപ്പോകും. വഞ്ചിതരാകരുതേ അതുകേവലം മുഴകളാണ്. ഈ മുഴകളിൽ നിന്നും ഒരു നന്മയും പ്രതീക്ഷിക്കേണ്ട, പകരം വേദനകൾ വരുത്തിവെക്കുവാൻ ഏറെയും സാധ്യതെയുമുണ്ട്. ആകയാൽ തിരിച്ചറിവിന്റെ ജ്ഞാനം ഇനിയും നാം പ്രാപിച്ചേ മതിയാകു. അസ്ഥാനത്ത് കാണുന്ന മുഴകൾ നല്ലതല്ലന്നേ ഒരു പക്ഷേ ക്യാൻസർ ആകാം?.

 പാസ്റ്റർ ജോൺസൺ സഖറിയ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.