കാലിഫോർണിയ : 2024 - 2026 കാലയളവിലെ ഫോമായുടെ വെസ്റ്റേൺ റീജിയന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി പതിനഞ്ചാം തീയതി വൈകിട്ട് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ,
റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലയ്ക്കലോടി, ജോയിൻ സെക്രട്ടറി പോൾ ജോസ്, അഡ്വൈസറി ബോർഡ് ചെയർ സ്റ്റാൻലി കളത്തിൽ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. നിറഞ്ഞ സദസ്സിന് സ്വാഗതമേകി റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ് റീജിയനിൽ നടപ്പിലാക്കാനിരിക്കുന്ന പദ്ധതികൾ ഒന്നൊന്നായി വിശദീകരിച്ചു . ദീർഘവീക്ഷണമുള്ള നേതാക്കളുടെ കാഴ്ചപ്പാടുകൾ ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും ചുരുങ്ങിയ ഒരു കാലയളവിനുള്ളിൽ ഫോമാ എന്ന നമ്മുടെ സംഘടനയെ ആഗോളതലത്തിൽ തന്നെ ജനപ്രീയമാക്കുവാൻ കഴിഞ്ഞതെന്ന് അദ്ദേഹം സ്വാഗതപ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഈ പരിപാടി ഇത്രയധികം വിജയകരമാക്കുവാൻ മറ്റു റീജിയനുകളിൽ നിന്നും പങ്കെടുക്കാനെത്തിയ അസോസിയേഷൻ ഭാരവാഹികളെയും, നിർലോഭം സഹായസഹകരണം ലഭ്യമാക്കിയ സ്പോൺസർമാരെയും അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി .
അമേരിക്കൻ ഐക്യനാടുകളിലായി പടർന്ന് കിടക്കുന്ന എൺപത്തേഴ് മലയാളി അസോസിയേഷനുകളാണ് ഫോമായുടെ നട്ടെല്ല്. സാമ്പത്തിക ഭാരമുള്ള വലിയ വലിയ പദ്ധതികൾ ഏറ്റെടുത്ത് നടത്തുവാൻ ഫോമായ്ക്ക് പ്രചോദനം നൽകുന്നത് നിങ്ങൾ ഓരോരുത്തരും അംഗങ്ങളായ അസോസിയേഷനുകളുടെ സഹായം കൊണ്ടാണെന്നു ഉദ്‌ഘാടന പ്രസംഗത്തിൽ സിജിൽ പാലയ്ക്കലോടി അറിയിച്ചു . നാഷണൽ തലത്തിൽ നടത്തുന്ന ഫോമാ പദ്ധതികളെ കുറിച്ച് ബൈജു വർഗീസ് വിശദീകരിച്ചു. ഫോമാ ഇപ്പോൾ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഹെൽത്ത്കാർഡ് സംബന്ധമായ ഗൈഡ്‌ലൈനുകൾ ഫോമാ ജോയിന്റ് സെക്രെട്ടറി പോൾ ജോസ് വിശദീകരിച്ചു. ഫോമായുടെ നിലവിലെ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മറ്റി അംഗങ്ങളായ സാജൻ മൂലേപ്ലാക്കിൽ , ജോർജ് കുട്ടി പുല്ലാപ്പള്ളി , സുജ ഔസോ, ഡോക്ടർ മഞ്ജു പിള്ള, എന്നിവരും, ജുഡീഷ്യൽ കൗൺസിൽ മെമ്പറും റീജിയണൽ വൈസ് ചെയർമാനുമായ ജോസഫ് ഔസോ, എന്നിവരും എല്ലാ റീജിയണൽ ഭാരവാഹികളും, അസോസിയേഷൻ പ്രസിഡന്റന്മാരും റീജിയന്റെ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു. റീജിയണൽ ബിസിനസ് ചെയർ ആയ ബിജു സ്കറിയ വരുന്ന നവംബറിലും മാർച്ചിലും ലാസ് വെഗാസിലും സിയാറ്റിലുമായി നടത്തുന്ന ബിസിനസ് മീറ്റിംഗുകളെ കുറിച്ച് വിശദീകരിച്ചു. മറ്റു റീജിയൻ ഭാരവാഹികളായ സെക്രട്ടറി സജിത്ത് തൈവളപ്പിൽ, ട്രഷറർ മാത്യു ചാക്കോ കൊച്ചുപുരയ്ക്കൽ , രാജൻ ജോർജ്, ജാക്‌സൺ പൂയപ്പാടം, ജാസ്മിൻ പരോൾ, ഷോണാ സാജൻ, ഷോൺ പരോൾ, സർഗം പ്രസിഡണ്ട് വിൽസൺ നെച്ചിക്കാട്ട്, ഇന്‍ലാൻഡ് എംപെയർ മലയാളി അസോസിയേഷൻ പ്രസിഡൻറ് ബൈജു വിതയത്തിൽ , വാലി മലയാളി അസോസിയേഷൻ പ്രസിഡൻറ് ലോജ ലോണ, കേരള അസോസിയേഷൻ ഓഫ് ലോസ് ഏഞ്ചൽസ് സെക്രട്ടറി സണ്ണി നാടുവിലേക്കൂട്ട്, ഒരുമ മലയാളി അസോസിയേഷൻ സെക്രട്ടറി സിജു എബ്രഹാം എന്നിവരും ഈ പരിപാടിയുടെ വിജയത്തിനായി നേതൃത്oവം വഹിച്ചു . മറ്റു നേതാക്കളായ മാത്യു തോമസ്, രാജു ഏബ്രഹാം, റോയ് മണ്ണിക്കരോട്ട്, മനു തുരുത്തിക്കാടൻ, മർഫി കുര്യാക്കോസ്, ജോസഫ് സ്കറിയ, ടോയ് ആൻ്റണി, ജോൺസൺ ചീക്കംപാറയിൽ, ബിജു പി.ജോർജ്, സജി കപ്പാട്ടിൽ, ബാലകൃഷ്ണൻ മുല്ലച്ചേരി, എന്നിവരുടെ സജീവ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു. മിലി, ജയൻ നായർ & ഫാമിലി, ജീവൻ നായർ & ഫാമിലി, അനീഷ് & ഫാമിലി, മഹേഷ് നായർ, നിർമ്മൽ പള്ളിച്ചാടത്ത്, ജോബി പൗലോസ്, സിറിൽ ജോൺ, ജോർജ് പുളിച്ചമാക്കിൽ, ബൈജു ആൻ്റണി, അബിൻ വർഗീസ്, ലിൻസൺ വർഗീസ്, എന്നിവരെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. കാലിഫോർണിയയിലെ മിസ്സ് കാന്യൻ ഹിൽസ് കിരീടം ജേതാവായ എലൈൻ സജിയെ സദസിൽ ഫോമാ ആദരിച്ചു . വർണ്ണശോഭയോടെ ആരംഭിച്ച ഉദ്‌ഘാടന പരിപാടികൾ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഹാളിലേക്ക് ഹർഷാരവത്തോടെ പ്രവേശിച്ചത് പുതുമയുള്ള അനുഭവമായി . കേരളത്തനിമ വിളിച്ചോതുന്ന വർണ്ണവിതാനങ്ങൾ മനസിന് കുളിർമയേകി . തുടർന്ന് നടന്ന കുടുംബസംഗമത്തിൽ നയനാന്ദകരമായ വിവിധതരം കലാപരിപാടികൾ അരങ്ങേറി . ആര്യയുടെ സാക്സഫോണിൽ നിന്നൊഴുകിവന്ന ശ്രീതിമധുരമായ മ്യൂസിക്കും , ബിജുവും എലൈനും ചേർന്നൊരുക്കിയ സംഗീത നിശയും പരിപാടികൾക്ക് കൊഴുപ്പേകി . മിനി ബൈജു, ആഗ്നസ് ബിജു, ഡോക്ടർ രശ്മി സജി , സെൽബി കുര്യാക്കോസ് എന്നിവർ ചടങ്ങിന്റെ മാസ്‌റ്റേഴ്‌സ് ഓഫ് സെറിമണിയായി (MCs) പരിപാടികൾ ഭംഗിയായി നിയന്ത്രിച്ചു . ജനപങ്കാളിത്തം കൊണ്ട് വന്പിച്ച വിജയമായ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സുഭക്ഷമായ വിരുന്നുമൊരുക്കിയിരുന്നു . വെസ്റ്റേൺ റീജിയന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തതായി റീജിയൻ ചെയർ റെനി പൗലോസ് നന്ദി പ്രമേയത്തിൽ അറിയിച്ചു. വെസ്റ്റേൺ റീജിയണിലെ നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും റീജിയണൽ കമ്മിറ്റി അംഗങ്ങളുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ട് മാത്രമാണ് ഉദ്ഘാടന ചടങ്ങ് വൻ വിജയകരമാക്കിയതെന്ന് റീജിയണൽ വൈസ് പ്രസിഡൻ്റ് ജോൺസൺ ജോസഫ് സമാപനയോഗത്തിൽ വ്യക്തമാക്കി.
വാർത്ത : ബിജു പന്തളം.