PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

Blog Image

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം അതി ഗംഭീരമായി ആഘോഷിച്ചു . 2025 മാർച്ച് 8 ശനിയാഴ്ച വൈകിട്ട് 6 ന് ബെൽവുഡിലുള്ള സിറോ മലബാർ ചർച്ചിന്റെ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട ആഘോഷ പരിപാടികളിൽ ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള ധാരാളം വനിതകൾ പങ്കെടുത്തു.
ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി യോഗത്തിൽ ആധ്യക്ഷം വഹിച്ചു.നോർത്ത് അമേരിക്കയിൽ ആദ്യമായി ഒരു മലയാളി അസോസിയേഷൻ എന്ന നിലയിൽ വനിതാ ദിനം സംഘടിപ്പിച്ചത് ചിക്കാഗോ മലയാളി അസോസിയേഷൻ ആണെന്ന വസ്തുത ഓർമിപ്പിച്ചു കൊണ്ട് ആരംഭിച്ച തന്റെ അധ്യക്ഷ പ്രസംഗത്തിൽ കേരളത്തിലെ വനിതകളുടെ ഉന്നമനം ലക്‌ഷ്യം വെച്ച് അസോസിയേഷൻ നടത്തുന്ന പ്രവർത്തന പരിപാടികളെക്കുറിച്ച് ശ്രീമതി ജെസ്സി വിശദീകരിച്ചു .സൗജന്യ ഫാഷൻ ഡിസൈനിങ് ,തയ്യൽ പരിശീലനം ,പുതു തലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ, ചിക്കാഗോയിലെ വനിതകളെ ഉൾപ്പെടെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രവർത്തനങ്ങൾ ആണ് ചിക്കാഗോ മലയാളി അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്നത് .മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകക്രമത്തിൽ നമ്മുടെ ചിന്തകളെ നാം എത്ര മാത്രം സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത് എന്ന് നമ്മൾ ആത്മ പരിശോധന നടത്തേണ്ടതുണ്ട് എന്ന് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ശ്രീമതി ജെസ്സി ഊന്നിപ്പറഞ്ഞു .
പ്രശസ്ത ചെറുകഥാകാരി പ്രിയ ജോസഫ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു.നമുക്ക് എല്ലാം പങ്കുവെയ്ക്കാൻ കഴിയുന്ന എത്ര നല്ല സൗഹൃദങ്ങൾ ഉണ്ട് എന്ന ചോദ്യം ചോദിച്ചു കൊണ്ട് ആരംഭിച്ച തന്റെ പ്രഭാഷണത്തിൽ ഈ സൂപ്പർ കമ്പ്യൂട്ടർ യുഗത്തിൽ സൗഹൃദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഉദ്‌ഘാടക സദസ്സിനെ ഓർമിപ്പിച്ചു.ഒരു നല്ല സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കപ്പെടാമായിരുന്ന പല കാര്യങ്ങളും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത് നല്ല സൗഹൃദങ്ങളുടെ അഭാവം കൊണ്ടാണെന്നും ശ്രീമതി പ്രിയ അഭിപ്രായപ്പെട്ടു. എങ്കിലും നല്ല സൗഹൃദങ്ങളെ കണ്ടെത്തി ആത്മധൈര്യത്തോടെ മുന്നേറാൻ എല്ലാ വനിതകൾക്കും കഴിയട്ടെ എന്ന് പ്രിയ ജോസഫ് ആശംസിച്ചു .
തുടർന്ന് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ച ഡോ:ഷിജി അലക്സ് ,നിങ്ങൾക്ക് നിങ്ങളായിരിക്കാൻ കഴിയണം എന്ന് വനിതകളോട് ആഹ്വാനം ചെയ്തു. വ്യാജ ഭാവങ്ങളോ നാട്യങ്ങളോ ഇല്ലാതെ നമ്മൾ നമ്മളെ,നമ്മളായിത്തന്നെ സ്വയം പ്രദർശിപ്പിക്കണം , എങ്കിൽ മാത്രമേ സ്വയം സൃഷ്ടിക്കുന്ന മാനസിക സമ്മർദങ്ങളിൽ നിന്ന് പുറത്തു കടക്കാൻ നമുക്ക് കഴിയു എന്ന് ഷിജി അലക്സ് പറഞ്ഞു.13-ആം വയസ്സിൽ തന്റെ ഇരട്ടി പ്രായമുള്ള പുരുഷനെ വിവാഹം കഴിക്കേണ്ടി വരികയും തുടർന്ന് ക്രൂര പീഡനങ്ങളെ തുടർന്ന് ദില്ലിയിലേക്ക് തീവണ്ടി കയറി ,അവിടെ പ്രബോധ്കുമാർ എന്നൊരു നല്ല മനുഷ്യന്റെ വീട്ടിൽ വീട്ടു ജോലിക്കാരിയായി ,ആ നല്ല മനുഷ്യന്റെ പ്രേരണയാൽ പിൽക്കാലത്തു നല്ലൊരു എഴുത്തുകാരിയാവുകയും ചെയ്ത ബേബി ഹാൽഡർ എന്ന ബംഗാളി യുവതിയെ ഓർമിപ്പിച്ചു കൊണ്ട് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഷിജി അലക്സ് നടത്തിയ പ്രഭാഷണം ഹൃദയസ്പർശിയായി. 
തുടർന്ന് സാറ അനിലിന്റെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഷോ അതിഗംഭീരമായി.തുടർന്ന് സിനിൽ ഫിലിപ്പ് നേതൃത്വം നൽകിയ ഫിറ്റ്നസ് പരിശീലനത്തിൽ പ്രായഭേദമെന്യേ എല്ലാ വനിതകളും ആവേശപൂർവം പങ്കെടുത്തു.
ആഘോഷങ്ങൾക്ക് ഷന മോഹൻ ,ഡോ:സിബിൽ ഫിലിപ്പ് എന്നിവർ അവതാരകരായിരുന്നു .ഷൈനി ഹരിദാസ്, ഡോ:സൂസൻ ചാക്കോ ,സാറ അനിൽ എന്നിവർ സംഘാടകരായിരുന്ന പരിപാടിയിൽ ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ ജോൺസൻ കണ്ണൂക്കാടൻ,ബെന്നി വാച്ചാച്ചിറ ,സണ്ണി വള്ളിക്കളം ,സ്റ്റാൻലി കളരിക്കമുറി ,സി എം എ ട്രെഷറർ മനോജ് അച്ചേട്ട് .സി .എം .എ പി .ആർ. ഓ ബിജു മുണ്ടക്കൽ ,ബോർഡ് മെമ്പർമാരായ വർഗീസ് തോമസ് ,ജോസ് മണക്കാട്ട്,സജി തോമസ് എന്നിവരുൾപ്പെടെ നിരവധി ആളുകൾ സന്നിഹിതരായിരുന്നു.
വനിതാദിനാഘോഷ പരിപാടികൾ ഒരു വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും ,പ്രത്യേകിച്ച് പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്ന ശ്രീമതി സാറ മിർസ ഉൾപ്പെടെ എല്ലാ സ്പോൺസർമാർക്കും പ്രസിഡന്റ് ജെസ്സി റിൻസി,ഷൈനി ഹരിദാസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.