നിങ്ങളിപ്പോൾ നനഞ്ഞ ആകാശത്തിലൂടെ പറക്കുന്ന ഒരു പക്ഷിയെ കാണുന്നില്ലേ ? അത് ഞാനാണ്. അമ്മയെ കാണാനുള്ള യാത്രയാണ്. ദൂരം കുറേയേറെ ഇനിയുമുണ്ട് താണ്ടാൻ. ഉദയ സൂര്യന്റെ ഊഷ്മള സ്പർശമേറ്റ് തുടങ്ങിയ യാത്രയാണ്. അതിപ്പോൾ അസുഖകരമായ വെയിൽ ചൂടിന് വഴി മാറിക്കൊണ്ടിരിക്കുന്നു. വെയിൽ കടുക്കും മുമ്പ് നീലവാനത്തിന്റെ അതിരുകൾ കടന്നേ പറ്റൂ.
നിങ്ങളിപ്പോൾ നനഞ്ഞ ആകാശത്തിലൂടെ പറക്കുന്ന ഒരു പക്ഷിയെ കാണുന്നില്ലേ ? അത് ഞാനാണ്. അമ്മയെ കാണാനുള്ള യാത്രയാണ്. ദൂരം കുറേയേറെ ഇനിയുമുണ്ട് താണ്ടാൻ. ഉദയ സൂര്യന്റെ ഊഷ്മള സ്പർശമേറ്റ് തുടങ്ങിയ യാത്രയാണ്. അതിപ്പോൾ അസുഖകരമായ വെയിൽ ചൂടിന് വഴി മാറിക്കൊണ്ടിരിക്കുന്നു. വെയിൽ കടുക്കും മുമ്പ് നീലവാനത്തിന്റെ അതിരുകൾ കടന്നേ പറ്റൂ.
ഇന്ദ്ര നീലപ്പുതപ്പണിഞ്ഞ പർവ്വത നിരകളുടെ പശ്ചാത്തലത്തിൽ അരുണകിരണങ്ങളേറ്റ് സ്വർണ്ണവർണ്ണമാർന്ന മിനാരങ്ങൾ പിന്നിടുമ്പോഴേ ഉള്ളിലെ കുതിപ്പറിയുന്നുണ്ടായിരുന്നു. രാജവീഥിയോരത്തെ മാമ്പൂ ഗന്ധമുള്ള മുറ്റത്തെത്തി ചിറകൊതുക്കി നോക്കുമ്പോൾ കാണാൻ കൊതിച്ചയാൾ ഉമ്മറത്തു തന്നെയുണ്ട്. അമ്മ ഉമ്മറത്ത് കാൽ നീട്ടിയിരുന്ന് പിടിയില്ലാത്ത ചുറ്റിക കൊണ്ട് ഉമിയിൽ പൂഴ്ത്തിയിട്ടിരുന്ന ഉണങ്ങിയ ചക്കക്കുരു ചതക്കുകയാണ്. തെല്ലായാസത്തോടെ ചുറ്റിക ഉയർത്തുന്ന കൈത്തണ്ടയിലെ ചുളിവ് വീണ ചർമ്മത്തിന് കുഴമ്പ് തേച്ചതിന്റെ മിനുപ്പുണ്ട്. വാസനിച്ചു നോക്കിയാൽ പതിവ് പോലെ കുഴമ്പിന്റേയും "ലൈ ബോയ" സോപ്പിന്റേയും സമ്മിശ്ര ഗന്ധവുമുണ്ടാവും.
"ങ്ങാ നീ വന്നോ. ഞാനേയ് കൂട്ടാൻ വയ്ക്കാൻ അഞ്ചാറ് ചക്കക്കുരു ചതച്ചെടുക്കാന്ന് വിജാരിച്ചു. " എന്റെ വരവ് പ്രതീക്ഷിച്ചിരുന്നത് പോലെ മിഴികളുയർത്താതെ അമ്മ പറഞ്ഞു. മക്കളുടെ സാന്നിദ്ധ്യമുതിർത്തുന്ന നേരീയ ശബ്ദവും ഗന്ധവും പോലും നിമിഷാർദ്ധം കൊണ്ട് ഒപ്പിയെടുക്കുന്ന ആന്റിനകൾ അമ്മമാരുടെയുള്ളിൽ സ്വയം സജ്ജമാകുന്നു.
" മാങ്ങ കിട്ടിയോമ്മേ ? ചതച്ച ചക്കുക്കുരുവിന്റെ പോള അതീവശ്രദ്ധയോടെ അടർത്തിക്കൊണ്ട് ഞാൻ ചോദിച്ചു. പോള തൊണ്ടയിൽ കുരുങ്ങിയാലത്തെ വെപ്രാളം എനിക്കറിയാം.
" ഒരുപുറം വാടീടെ മൂന്നാലെണ്ണം കിട്ടി. ആ സുകു എറിഞ്ഞു വീഴ്ത്തിയതാ. നിന്റത്രേം പറ്റില്ല. നീയ് മത്തായി മാപ്ളേടെ എത്ര മാങ്ങ്യാ കൊഴുകൊണ്ടെറിഞ്ഞു വീഴ്ത്താറ്"
ശരിയാണ്. അമ്മക്ക് മുമ്പേ പോയവനാണ് സുകു . വെറുംകല്ല് കൊണ്ട് മാങ്ങയെറിഞ്ഞു വീഴ്ത്തുന്നതിൽ അഗ്രഗണ്യൻ . എനിക്കൊപ്പം അമ്മയുടെ ഉരുള വാങ്ങിത്തിന്നാറുള്ള അവൻ അമ്മയെ വിട്ടെവിടെ പോകാൻ !
"അപ്പൂനെക്കണ്ടാൽ നിക്കെന്റെ സുകൂനെ കാണണ പോല്യായി " എന്ന് പറഞ്ഞ് എക്ഷുങ്കുട്ടിയമ്മ ദുർബലകരങ്ങളാൽ എന്നെ ചുറ്റിപ്പിടിച്ച് ചേർത്തിരുത്തി ശിരസ്സും ദേഹവും തലോടിയത് ഈയിടെയാണ്. എന്റെ പുറം കയ്യിൽ വീണ ആയമ്മയുടെ മിഴിനീർത്തുള്ളികളുടെ പൊള്ളിക്കുന്ന ചൂടോർമ്മയുണ്ട്.
" പുളി പോരാമ്മേ . ഒരു കഷ്ണം ചെനച്ച മാങ്ങ ചെത്തിയെടുത്ത് ചെന ഉള്ളം കയ്യാൽ തുടച്ച് ചവച്ചു കൊണ്ട് ഞാൻ പറഞ്ഞു.
" അച്ഛന് ഈ പുളി മതി. " ലേശം മൊരൊഴിച്ച് വയ്ക്കാം. മുരിങ്ങാക്കോലിണ്ടാർന്നെങ്കിൽ നന്നായേനെ. "
"ലേശം പരിപ്പിട്ട് വച്ചാമതിയമ്മേ, തൈര് കൂട്ടിയുണ്ണാം " ഞാൻ കൊതിയോടെ പറഞ്ഞു.
" ചേനേടെ അഞ്ചാറ് കണക്ക്ണ്ട്. പിന്നെ രണ്ടു നേത്രക്കായേം. ഒരു മെഴുക്കെരട്ട്യൂടി വയ്ക്കാം. "
"കടുമാങ്ങേണ്ടോ മ്മേ ? ഞാൻ ചോദിച്ചു.
" കൊതിയൻ പഠാണി " അമ്മ വാത്സല്യം ചാലിച്ച ചിരിയോടെ പറഞ്ഞു. "കഴിഞ്ഞാണ്ടത്ത്യാണ്. മാങ്ങക്ക് മുങ്ങിത്തപ്പണ്ട്‌യേരും. ന്നാലും വെള്ളോണ്ടാവും "
കടുമാങ്ങയും തൈരും കൊണ്ടാട്ടം മുളകും മെഴുക്കുപുരട്ടിയും കുട്ടി രണ്ടാമത് വിളമ്പിയത് ഉണ്ണുന്നതോർത്തപ്പോൾ എന്റെ വായിൽ വഞ്ചിയിറക്കാമെന്നായി.
" ഇവടെ വെശ്പ്പും ദാ ഹോന്നൂല്ലെങ്കിലും യ്ക്ക് ഒന്നും കാലാക്കാണ്ട് വയ്യ. "
അമ്മ ചക്കക്കുരുവിന്റെ പോളയുടെ പൊട്ടും പൊടിയും തൂർത്തു കൂട്ടി ദൂരെക്കെറിഞ്ഞ്, നന്നാക്കിയ മാങ്ങയും കുരുവും കൊണ്ട് അകത്തേക്ക് പോയി. പാതയോരത്തെ നിരനിരയായ വൃക്ഷത്തലപ്പുകൾക്കപ്പുറം കാണാവുന്ന വെൺമിനാരങ്ങളിൽ ദൃഷ്ടിയൂന്നി ചിന്തയിൽ സ്വയം മറന്ന് ഞാനിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പരിപ്പും മാങ്ങയും വെന്ത സുഗന്ധം കാറ്റിന്റെ കൈപിടിച്ചെത്തി.
" ന്നാ ഞാൻ പോട്ടേമ്മേ? കൈ കുത്തി ആയാസപ്പെട്ട് എഴുന്നേറ്റ് ഞാൻ ചോദിച്ചു. പണ്ടും വിളമ്പാൻ കാലമായാൽ ഒരു ധൃതി കൂട്ടലെന്റെ പതിവാണ്. അമ്മയുടെ കപടഗൗരവവും നിർബ്ബന്ധവും കാണുക തന്നെ ഒരു രസമാണ്.
" നെന്റെ മുട്ടുവേദന കൊറവില്ലാല്ലേ? അതെങ്ങ്ന്യാ ? കാല് വെന്ത നായേപ്പോലെ സദാ ഓട്ടല്ലേ?
സ്നേഹാർദ്ര മിഴികളിൽ നിന്നുതിർന്ന ഒരു തുള്ളി കണ്ണീർ ചുളിവോടിയ കവിൾ ചാലിൽ തെല്ലിട വഴിമുട്ടി നിൽക്കുന്നു. ആഴങ്ങളിൽ തിരയടിച്ചുയരുന്ന സങ്കടത്തിരകളെ ഒരിറ്റ് കണ്ണീരിലേക്ക് കുറുക്കുന്ന ജാലവിദ്യ അമ്മ പണ്ടേ ശീലിച്ചതാണ്.
"ഒരുരുള കഴിച്ചിട്ട് പൊക്കോ. വയറ് കായണ്ട " അമ്മ കൂട്ടാന്റെ അടിയും കടുമാങ്ങയും കൂട്ടി ഉരുട്ടി ഒരുരുള എന്റെ വായിലേക്ക് നീട്ടി. വായിൽ കൊള്ളാവുന്നതിലും വലിയ ഉരുള. പണ്ട് സ്ക്കൂൾ വിട്ട് വരുമ്പോൾ ഉച്ചക്കലത്തെ കൂട്ടാന്റെ അടിയും മെഴുക്കു പുരട്ടി അടീൽ പിടിച്ചതും കടുമാങ്ങ ത്തുള്ളികളും രണ്ടിറ്റ് വെളിച്ചെണ്ണ ഇറ്റിച്ചതും ചേർത്ത് കുഴച്ചുരുട്ടിയ ഉരുളകൾ . കവടിക്കിണ്ണത്തിൽ വാഴയിലക്കീറിന്റെ മേലാപ്പിനടിയിൽ കാത്തിരിക്കാറുള്ള രസമുകുളങ്ങളെ വിരുന്നൂട്ടുന്ന അമൃത്. അതും കഴിച്ച് കുലുക്കുഴിഞ്ഞ് അമ്മയുടെ മുണ്ടിന്റെ കോന്തല കൊണ്ട് മുഖവും നിറഞ്ഞ മിഴികളും ഒപ്പിയെടുക്കുമ്പോൾ അമ്മ പറഞ്ഞു.
" ആ പുൽപ്പായേടുത്ത് വിരിച്ച് ഇത്തിരി കെടന്നോ ! ന്റെ കുട്ടി പരവശായി "
അമ്മയുടെ മടിയിൽ തലവച്ച് ഇത്തിരി കിടക്കാനൊരു മോഹം തോന്നി. മുടിയിഴകളിൽ ഇഴയുന്ന വിരൽ സ്പർശമേറ്റ് അമ്മയുടെ പയ്യാരം പറച്ചിൽ കേൾക്കാനും. പക്ഷെ വെയിൽ ചാഞ്ഞു തുടങ്ങി. കാതങ്ങൾ പറന്ന് നീലവാനത്തിന്റെ അതിരുകൾ താണ്ടി വന്യമായ കാടുകളും ഇടനാടും തീരപ്രദേശങ്ങളും കടന്ന് എനിക്കെന്റെ കൊച്ചു കൂട്ടിലെത്തണം. ചിറകൊതുക്കി ഇത്തിരി ഇരുന്ന് അമ്മ രുചിയെ കുറിച്ച് കുട്ടികളോട് പറയണം!
ഞാൻ ചിറകുകൾ സജ്ജമാക്കി ആയമെടുത്ത് ഉയർന്ന് പൊങ്ങുമ്പോൾ തിണ്ണയിൽ കൈകളൂന്നി അമ്മ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ദുഃഖസാഗരം കുറുക്കിയെടുത്ത ഒരു മിഴിനീർത്തുള്ളി കൂടി കാണാനാകാതെ ഞാൻ ചിറകുകൾ പാതിവിടർത്തി അനന്ത വിഹായസ്സിലേക്കു പറന്നുയർന്നു. അതെ, എനിക്ക് യോജനകൾ താണ്ടേണ്ടതുണ്ട്.
തിരിഞ്ഞൊന്നു നോക്കാതെ ഉയരങ്ങളെ ചിറകിൽ കീഴിലാക്കി കുതിക്കുമ്പോഴും തിടം വച്ച് ഭാരമേറിയ മനസ്സ് തേങ്ങുന്നത് ഞാനറിയുന്നുണ്ട്.
നാരായണൻ രാമൻ