നിരവധി ദേശീയ – അന്തർദേശീയ ബഹുമതികൾ വാരിക്കൂട്ടുമെന്ന് ചലച്ചിത്ര ലോകവും മാധ്യമ പ്രവർത്തകരും വിലയിരുത്തുന്ന സിനിമയാണ് ആട് ജീവിതം.ഏതെങ്കിലും ഒരു താരത്തിൻ്റെ കേവലം അഭിനയം മാത്രമല്ല , സ്വയം സമർപ്പിതമായ ജീവിതം കൂടിയാണ് വെള്ളിത്തിരയിലൂടെ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2018ൽ ആരംഭിച്ച ആടു ജീവിതത്തിന്റെ ചിത്രീകരണം എട്ട് വർഷത്തോളമാണ് നീണ്ടു നിന്നിരിക്കുന്നത്.
നിരവധി ദേശീയ – അന്തർദേശീയ ബഹുമതികൾ വാരിക്കൂട്ടുമെന്ന് ചലച്ചിത്ര ലോകവും മാധ്യമ പ്രവർത്തകരും വിലയിരുത്തുന്ന സിനിമയാണ് ആട് ജീവിതം.ഏതെങ്കിലും ഒരു താരത്തിൻ്റെ കേവലം അഭിനയം മാത്രമല്ല , സ്വയം സമർപ്പിതമായ ജീവിതം കൂടിയാണ് വെള്ളിത്തിരയിലൂടെ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2018ൽ ആരംഭിച്ച ആടു ജീവിതത്തിന്റെ ചിത്രീകരണം എട്ട് വർഷത്തോളമാണ് നീണ്ടു നിന്നിരിക്കുന്നത്. കഴിഞ്ഞ ജൂലായ് 14നാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്ന നജീബ് ആകുന്നതിന് നടൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ , ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ചിത്രത്തിൽ ഉടനീളം നജീബായി നിറഞ്ഞാടുകയാണ് പൃഥ്വിരാജ് എന്നത് ട്രെയിലർ കണ്ടാൽ തന്നെ ഏതൊരാൾക്കും മനസ്സിലാകും.
ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്നതായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. മാർച്ച് 28 നാണ് റിലീസ്.
അറേബ്യൻ ദേശങ്ങളിൽ ജീവിക്കുന്ന പാവപ്പെട്ട മലയാളിയുടെ അടിമജീവിതമാണ് ആടുജീവിതത്തിന്റെ ഇതിവൃത്തം. മരുഭൂമിയിൽ ദാഹിച്ചുമരിച്ച എല്ലാ ആത്മാക്കൾക്കുമായാണ് ബെന്യാമിൻ തൻ്റെ പുസ്തകം സമർപ്പിച്ചിരുന്നത്. സാധാരണക്കാരായ വായനക്കാരും അക്കാദമിക് അലങ്കാരങ്ങളേറെയുള്ളവരും വരികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിേപ്പാകുന്നവരും നജീബിന്റെ(നോവലിലെ പ്രധാനകഥാപാത്രം) ജീവിതം നെഞ്ചോടു ചേർത്തുപിടിച്ചിട്ടുണ്ട്.
വ്യത്യസ്തമേഖലയിൽപ്പെട്ട വായനക്കാരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് ആടുജീവിതമെന്ന നോവലിന്റെ വിജയം. ഒട്ടേറെ ഭാഷകളിലേക്ക് തർജമചെയ്യപ്പെട്ട, ലക്ഷക്കണക്കിനുപേർ വായിച്ച നോവൽ മുൻനിർത്തി സിനിമയൊരുക്കുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്ന വലിയ വെല്ലുവിളിയാണ് സംവിധായകൻ ബ്ലെസി നേരിട്ടിരിക്കുന്നത്.
അഞ്ചുഭാഷകളിലായി ‘ദി ഗോട്ട് ലൈഫ്’ എന്ന പേരിലാണ് ആടുജീവിതം പ്രദർശനത്തിനെത്തുന്നത്. 2016-ലാണ് നോവൽ മുൻനിർത്തിയുള്ള തിരക്കഥ സംവിധായകൻ ബ്ലെസി പൂർത്തിയാക്കിയത്. 2018 മാർച്ച് ഒന്നിന് കോഴഞ്ചേരി അയിരൂർ ചെറുകോൽപ്പുഴ പരിസരത്തെ പമ്പയുടെ തീരത്ത് ചിത്രീകരണവും ആരംഭിച്ചു. പുഴയിൽനിന്ന് മണൽവാരി ജീവിക്കുന്ന നജീബിന്റെ നാട്ടുവിശേഷങ്ങളും കുടുംബരംഗങ്ങളുമെല്ലാം രണ്ടാഴ്ചകൊണ്ട് ചിത്രീകരിച്ചു. സിനിമയുടെ അടുത്ത ഘട്ടം രാജസ്ഥാൻ മരുഭൂമിയിൽ ചിത്രീകരിക്കാനായിരുന്നു തീരുമാനം. മുന്നൊരുക്കങ്ങൾക്കായി വലിയൊരു സംഘത്തെ അവിടേക്ക് അയക്കുകയും ചെയ്തു. സെറ്റ് പൂർത്തിയാകുമ്പോഴേക്കും ദുബായിൽനിന്ന് അറുപത് ആടുകളെ എത്തിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ, പിന്നീട് ഈ ശ്രമങ്ങളെല്ലാം പാടേ ഉപേക്ഷിക്കുകയായിരുന്നു. വിദേശമരുഭൂമിയെക്കുറിച്ചുള്ള വിശാലമായ പരാമർശങ്ങൾ നോവലിൽ ധാരാളമായി ഉള്ളതിനാൽ ഇന്ത്യയിൽവെച്ച് അവ ചിത്രീകരിക്കുന്നത് കഥയോടുചെയ്യുന്ന അപരാധമാകുമെന്ന അഭിപ്രായം ഉയർന്നതോടെ ചിത്രീകരണം കടലിനപ്പുറത്തേക്ക് പറച്ചു നടാൻ തീരുമാനിക്കുകയായിരുന്നു.
“ആടുജീവിതം പറയാൻ അനുയോജ്യമായ മരുഭൂമിതേടി ഒട്ടേറെ വിദേശനാടുകളിൽ അണിയറസംഘം അലഞ്ഞു നടന്നിട്ടുണ്ട്. ഒടുവിൽ 2019-ൽ ജോർദാനിലാണ് പിന്നീട് ചിത്രീകരണം തുടങ്ങുന്നത്. കുവൈത്ത് – സൗദി അതിർത്തിയിലൂടെ എളുപ്പം സഞ്ചരിച്ചുചെല്ലാവുന്ന ജോർദാൻപ്രദേശം, കഥയുടെ ഭൂമികയ്ക്ക് അനുയോജ്യമായിരുന്നു.
ജനുവരിയിലെ കൊടുംശൈത്യത്തിലാണ് സംഘം ജോർദാനിലെത്തുന്നത്. നജീബും ഹക്കീമും മണലാര്യണ്യങ്ങളിലേക്ക് എത്തിപ്പെടുന്നതും അവിടത്തെ കാഴ്ചകളുമെല്ലാമാണ് ആദ്യഘട്ടത്തിൽ ചിത്രീകരിച്ചത്. ഒറ്റ ഷെഡ്യൂളിൽ സിനിമ ചിത്രീകരിക്കാൻ കഴിയില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കാരണം കഥയുടെ മറ്റൊരുഘട്ടത്തിൽ കേന്ദ്രകഥാപാത്രം അവശനും ക്ഷീണിതനും ശരീരഭാരം കുറഞ്ഞവനുമായി മാറണമെന്ന് ആദ്യമേ പറഞ്ഞുറപ്പിച്ചിരുന്നു. തുടർ ചിത്രീകരണത്തിനായി 2020-ൽ ജോർദാനിൽ എത്തുമ്പോൾ പൃഥ്വിരാജ് താടിയും മുടിയും നീട്ടി ശരീരഭാരം മുപ്പത്തിയഞ്ചുകിലോ വരെ കുറച്ചിരുന്നു. 2020 മാർച്ച് 16-ന് ജോർദ്ദാൻ മരുഭൂമിയിൽ വീണ്ടും ചിത്രീകരണം തുടങ്ങി. ഈ ഘട്ടത്തിലാണ് ലോകം മുഴുവൻ ഭീതിപരത്തിക്കൊണ്ടുള്ള കോവിഡ് വ്യാപനം ഉണ്ടായത്. കോവിഡ് ഭീതിയിൽ ലോകം വിറങ്ങലിച്ച കാലത്ത്, ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകർ ജോർദാനിൽ കുടുങ്ങിയ വാർത്ത ഇന്ത്യയിലെ മാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു.
മാസങ്ങളുടെ കാത്തിരിപ്പിൽ കോവിഡ് ഭീതി താഴ്ന്നെങ്കിലും വിദേശയാത്രകൾക്കുള്ള അനുമതി ലഭിക്കാത്തത് സിനിമയെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് 2021-ൽ ആടുജീവിതത്തിന്റെ ചിത്രീകരണം പൂർണമായി തടസ്സപ്പെടുകയായിരുന്നു.
പിന്നീട് 2022 മാർച്ചിൽ സഹാറ മരുഭൂമിയിലാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരുന്നത്. ചൂടിൽ സഹാറ ഉരുകിയൊലിക്കുന്ന സമയത്തായിരുന്നു സിനിമാസംഘം അവിടേക്കെത്തുന്നത്. ആദ്യമായാണ് അൾജീരിയയിൽ സഹാറ മരുഭൂമിയിലെ ടിമിമൗൺ എന്ന സ്ഥലത്ത് ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വിശാലവും ഭയപ്പെടുത്തുന്നതുമായിരുന്നു സഹാറയിലെ മണലാരണ്യമെന്ന് വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ , അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മുപ്പത്തിയഞ്ചുദിവസം നീണ്ട സഹാറയിലെ ചിത്രീകരണം പൂർത്തിയാക്കി സംഘം വീണ്ടും ജോർദാനിലേക്കാണ് പോയത്. ഒടുവിൽ കഷ്ടപ്പാടുകൾക്ക് വിരാമമിട്ട് 2022 ജൂലായിലാണ് ആട് ജീവിതത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരുന്നത്.
പാൻ ഇന്ത്യൻ സിനിമയായി എത്തുന്ന ആട് ജീവിതത്തിൽ പൃഥ്വിരാജിനുപുറമേ വിദേശതാരങ്ങളും അണിനിരക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റൊരു താരവും എടുക്കാത്ത റിസ്ക്ക് എടുത്താണ് പൃഥിരാജ് ഈ സിനിമയിൽ ‘ജീവിച്ചിരിക്കുന്നത്’ അതുകൊണ്ടു തന്നെ , ദേശീയ അവാർഡിനും അപ്പുറം ഒരു ഓസ്കാർ അവാർഡു തന്നെ സിനിമാ നിരീക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ഇത്തരം വിലയിരുത്തലുകൾ നടക്കുന്നതു തന്നെ അപൂർവ്വ സംഭവമാണ്.