കുവൈറ്റിലുള്ള നായർ യുവതി അശ്വതി 24 വയസ്സ് 5 അടി നാലിഞ്ച് ഉയരം. വധൂ ഗൃഹത്തിൽ ദത്തു നിൽക്കുവാൻ താത്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക ബോക്സ് നമ്പർ 1123
കുവൈറ്റിലുള്ള നായർ യുവതി
അശ്വതി
24 വയസ്സ്
5 അടി നാലിഞ്ച് ഉയരം.
വധൂ ഗൃഹത്തിൽ ദത്തു നിൽക്കുവാൻ താത്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക
ബോക്സ് നമ്പർ 1123
ഞായറാഴ്ച്ച രാവിലെ മനോരമ പത്രത്തിലെ വൈവാഹികപരസ്യക്കോളം അരിച്ചു പെറുക്കുകയായിരുന്ന കുഞ്ഞൂട്ടൻ
പത്രവുമായി അമ്മയുടെ അടുക്കലേക്ക് ചെന്നു.
"അമ്മേ ഈ വധൂ ഗൃഹത്തിൽ ദത്തു നിൽക്കുക എന്ന് പറഞ്ഞാൽ എന്നതാ?"
അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുകയായിരുന്ന ശാന്തമ്മ മകന്റെ ചോദ്യം കേട്ട് തലയുയർത്തി.
"എന്താടാ പുത്യേ സംശ്യം?"
"അല്ലമ്മേ പേപ്പറിലെ വിവാഹാലോചനയിൽ കണ്ടതാ"
കുഞ്ഞൂട്ടൻ അമ്മക്ക് കേൾക്കാനായി പരസ്യം ഉറക്കെ വായിച്ചു.
"എടാ അത് കല്യാണം കഴിഞ്ഞാലും പെൺവീട്ടിൽ തന്നെ ചെറുക്കൻ താമസിക്കണമെന്ന് അവർ ആദ്യമേ സൂചന തന്നതാ."
"എന്നാ പിന്നെ നമ്മക്കൊന്ന് ആലോചിച്ചാലോ അമ്മേ. എനിക്കാണേൽ നല്ല ജോലിയില്ലാത്തത് കാരണം കല്യാണം ഒന്നും ശരിയാവുന്നൂല്ല. ഇതാവുമ്പോ പെണ്ണ് കുവൈറ്റിൽ ആയതോണ്ട് പണം ഒരു പ്രശ്നമില്ല. ആ വീട്ടിൽ എനിക്ക് താമസിക്കുകയും ചെയ്യാം ഈ വീട് അനിയനും കൊടുക്കാം."
"ഭയങ്കര ബുദ്ധി ആണല്ലോടാ.
എന്നാലേ നമുക്കാ ബന്ധം വേണ്ട. പെണ്ണ് അങ്ങ് ഗൾഫിൽ ആയതോണ്ട് അവരുടെ വീട്ടിൽ കാര്യസ്ഥ പണീം ചെയ്ത് കഴിയേണ്ടി വരും."
പറമ്പിലെ പണീം കഴിഞ്ഞ് അകത്തേക്ക് കയറുകയായിരുന്ന നാരായണേട്ടൻ മുരണ്ടു.
"അത് കുഴപ്പം ഒന്നും ഇല്ല അച്ഛാ. എനിക്ക് വിദ്യാഭ്യാസം ഉണ്ടല്ലോ. അവർ വഴി എന്തെങ്കിലും ജോലി തരമാക്കാം.
ഇടക്ക് നിങ്ങളെ വന്നു കാണുകയും ചെയ്യാം."
"എന്തായാലും ഒന്ന് ആലോചിച്ചു നോക്കാന്നെ. എങ്ങാനും ശരിയായാലോ.
വല്യേ കുടുംബക്കാർ ആയിരിക്കും. " ശാന്തമ്മ മകനെ സപ്പോർട്ട് ചെയ്തു.
"ഞാൻ പറയാനുള്ളത് പറഞ്ഞു.
ഇനി നിങ്ങടെ ഇഷ്ടം."
തോർത്ത് കൊണ്ട് ശരീരത്തിലെ വിയർപ്പൊപ്പി നാരായണേട്ടൻ അകത്തേക്ക് കയറി.
കാര്യങ്ങൾ എല്ലാം കുഞ്ഞൂട്ടന്റെ ഇച്ഛ പോലെ നടന്നു.
പെണ്ണ് കാണൽ നടന്നു
ഇരുവർക്കും ഇഷ്ടമായി.
കല്യാണം കഴിഞ്ഞാൽ ചെറുക്കൻ പെൺ വീട്ടിൽ ദത്തു നിൽക്കണമെന്ന ആവശ്യം അവർ ആവർത്തിച്ചു.
കുഞ്ഞൂട്ടനും ശാന്തേടത്തിക്കും എതിരില്ലാത്തത്തിനാൽ നാരായണേട്ടൻ അത് അംഗീകരിച്ചു.
വിവാഹം അടിപൊളിയായി.
നാലാം നാൾ പെണ്ണിനെ കൊണ്ട് പോകാനായി പെൺ വീട്ടിൽ നിന്നും വന്ന വധുവിന്റെ അച്ഛൻ നരായണേട്ടനോടും ശാന്തേടത്തിയോടുമായി പറഞ്ഞു.
"നമ്മൾ തമ്മിലുള്ള തീരുമാനം അനുസരിച്ച് കുഞ്ഞൂട്ടൻ ഇന്ന് മുതൽ അവടെ നിൽക്കട്ടേ.
അവിടെ പറമ്പിലും വയലിലുമായി ഒരുപാട് പണിക്കാർ ഉണ്ട്. എല്ലായിടത്തും ഒരു നോട്ടം വേണം.നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വന്ന് കാണാമല്ലോ."
നാരായണേട്ടന്റെ മുഖം കടന്നൽ കുത്തിയത് പോലെ ആയെങ്കിലും ശാന്തേടത്തിക്ക് വല്യേ കുലുക്കമൊന്നും ഉണ്ടായില്ല.
രണ്ട്
******
ഒരു മാസം പെട്ടെന്നാണ് കഴിഞ്ഞു പോയത്.
അതിനിടയിൽ ശാന്തേടത്തി മകനെ കാണാൻ വധൂ ഗൃഹത്തിലേക്ക് ഒന്ന് രണ്ടു തവണ പോകാൻ ഇറങ്ങിയെങ്കിലും നരായണേട്ടൻ അവരെ നിരുത്സാഹപ്പെടുത്തി.
"അവനവടെ ജന്മിയെ പോലെ കഴിയുകയായിരിക്കും. നമ്മൾ പോയി ശല്ല്യപ്പെടുത്തെണ്ട. നമ്മളെ കാണണമെന്ന് തോന്നുമ്പോൾ ഇങ്ങട് വരട്ടെ."
അന്ന് രാത്രി ജോലിയൊക്കെ ഒതുക്കി പാതിരയോടെ ശാന്തേടത്തി തലചായ്ക്കാൻ ഒരുങ്ങുമ്പോഴാണ് വാതിലിൽ ഒരു മുട്ടൽ.
ആരായിരിക്കും ഈ പാതി രാത്രി എന്ന ആധിയോടെ വാതിൽ തുറന്നപ്പോൾ ദാണ്ടേ നിൽക്കുന്നു പുന്നാരമാകാൻ കുഞ്ഞൂട്ടൻ.അതും തലയിൽ മുണ്ടുമിട്ട്.
"നീയെന്താടാ ഈ അസമയത്ത് "
കിതപ്പോടെ അകത്തു കയറിയ പൊന്മകനെ അടിമുടി ഉഴിഞ്ഞു കൊണ്ട് ശാന്തേടത്തി തിരക്കി.
"ഞാൻ അവടെ നിന്നും രക്ഷപ്പെട്ടു വന്നതാണമ്മേ. അച്ഛൻ എവിടെ?"
"അങ്ങേര് കിടന്നു. നീയെന്തിനാ അവടെ നിന്നും ഒളിച്ചോടിയേ . നിന്റെ പെമ്പിറന്നോത്തി കുവൈറ്റിലേക്ക് പോയോ?"
"അവൾ കുവൈറ്റിലൊന്നും അല്ലമ്മേ.
ഓൾക്ക് മൂന്നു മാസം ഗർഭം ഉണ്ട്. കുട്ടി വയറ്റിൽ ഉണ്ടെന്നുള്ളതിന്റെ ഷോർട് ഫോം ആയിട്ടാ കുവൈറ്റിൽ ഉള്ള എന്ന് പറഞ്ഞത്. അവർക്കാവശ്യം അവളുടെ വയറ്റിൽ ഉള്ള കുട്ടിക്ക് ഒരു തന്ത ആയിരുന്നു.
ഓരോ തവണയും ഞാൻ ഫോൺ ചെയ്യുമ്പോ ഒന്നും പുറത്ത് പറയാതിരിക്കാൻ
അവര് ചുറ്റും കൂടും.
ഞാൻ കഴിഞ്ഞ അഴ്ച്ച അവിടെ നിന്നും ചാടാൻ നോക്കീതാ. ഓൾടെ അമ്മാവന്മാർ അന്നെന്നെ ചവിട്ടിക്കൂട്ടി.മൊബൈലും വാങ്ങി വച്ചു.ഇന്ന് ഓളേം കൊണ്ട് അവർ ആശൂത്രീ പോയ നേരം ചാടി പോന്നതാ.ഇനി ഞാൻ അങ്ങോട്ടേക്കില്ലമ്മേ.എനിക്ക് പേടിയാ."
കുഞ്ഞൂട്ടൻ വാവിട്ട് കരഞ്ഞു.
എന്ത് മറുപടി പറയേണ്ടു എന്ന് ശാന്തേച്ചി ശങ്കിച്ചു നിൽക്കുമ്പോൾ മുറിയിൽ നിന്നും നാരായണേട്ടന്റെ ശബ്ദമുയർന്നു.
"കുവൈറ്റിലുള്ള പെണ്ണും പെൺവീട്ടിൽ ഒരു ദത്തു നിൽക്കലും. ഞാനന്നേ എതിർത്തതാ.
നീ ഇനി എങ്ങോട്ടും പോണ്ട. ഇബടെ നിന്നാ മതി."
കുഞ്ഞൂട്ടൻ ആശ്വാസത്തോടെ സോഫയിലേക്കിരുന്നു.
രാജീവ് രാധാകൃഷ്ണപണിക്കർ