പ്രണയത്തിലകപ്പെട്ടു കൊണ്ടിരിക്കുമ്പോൾ മനസ്സു കൈമാറാൻ ഭാഷയുടെ ആവശ്യമെന്തിന്! എനിക്ക് നിന്നോടും നിനക്കെന്നോടും തോന്നുന്നത് വാക്കുകൾ കൊണ്ടു പറയാതെ കണ്ണുകൾ പറഞ്ഞു .. പിന്നെയാ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോളൊക്കെ കവിത ജനിച്ചു . ചേർന്നു നടക്കുമ്പോൾ മുട്ടിയുരുമ്മിപ്പോയ കാറ്റു പോലും കഥകൾ പറഞ്ഞു .
പ്രണയത്തിലകപ്പെട്ടു കൊണ്ടിരിക്കുമ്പോൾ മനസ്സു കൈമാറാൻ ഭാഷയുടെ ആവശ്യമെന്തിന്! എനിക്ക് നിന്നോടും നിനക്കെന്നോടും തോന്നുന്നത് വാക്കുകൾ കൊണ്ടു പറയാതെ കണ്ണുകൾ പറഞ്ഞു .. പിന്നെയാ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോളൊക്കെ കവിത ജനിച്ചു . ചേർന്നു നടക്കുമ്പോൾ മുട്ടിയുരുമ്മിപ്പോയ കാറ്റു പോലും കഥകൾ പറഞ്ഞു . കാണാതിരുന്നപ്പോൾ സാന്ധ്യമേഘങ്ങൾ സന്ദേശമെത്തിച്ചു . ഹൃദയങ്ങൾ പൂത്തുലഞ്ഞു. ഉപാധികളില്ലാതെ സ്നേഹിക്കപ്പെടുക എന്നതാണ് ഏറ്റവും വലിയ ആനന്ദം എന്നറിഞ്ഞു .
ഈ ആനന്ദത്തിൽ നിറഞ്ഞ് അനായാസമായി ചിറകുകളടിച്ച് ഇതുപോലെ ഇനിയെത്ര ശലഭദൂരം നമ്മൾ ഒരുമിച്ചു താണ്ടും? പിൻവാങ്ങൽ എന്നെങ്കിലുമൊരിക്കൽ ഒരു അനിവാര്യതയാകുമെന്ന് ഉള്ള് പരിഭ്രമപ്പെടുന്നു.
ഞാനോ? അതോ നീയോ? ആരാകും അത് ആദ്യം ആവശ്യപ്പെടുക?
കാലാന്തരങ്ങളിൽ നമ്മുടെ
വാക്കുകൾ കുറയുകയും കേൾക്കാവുന്ന അകലം കൂടിവരികയും ചെയ്യാം .
മൂടിക്കെട്ടിയിട്ടും പെയ്യാത്ത മഴമേഘങ്ങൾ ഉണ്ടാകാം. ചാരവും പുകയും തീയും കൊണ്ട് ഉള്ളം പൊള്ളിക്കുമെങ്കിലും പൊട്ടിത്തെറിക്കാത്ത നിർജീവമായ അഗ്നിപർവതങ്ങൾ രൂപം കൊള്ളാം . പറയുവാനും കേൾക്കുവാനും ഇല്ലാതെ,വാക്കുകൾ മനസ്സിന്റെ തമോഗർത്തങ്ങളിലേക്കു വലിച്ചെറിയപ്പെടാം .. നീയില്ലായ്മയുടെ അസഹ്യമായ മൗനം മാത്രം അവശേഷിക്കു
മ്പോളും ഞാൻ സന്തോഷവതിയായിരിക്കും- ഒരിട നേരമെങ്കിലും
നീ എന്നെയും ഞാൻ നിന്നെയും അറിഞ്ഞിരുന്നു എന്നോർക്കുമ്പോൾ.
6.45 pm ന്റെ ട്രെന്റൺ എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽ ഒരു ചൂളം വിളിയോടെ വന്നു നിന്നപ്പോൾ ചിന്തകൾ മുറിഞ്ഞു.
പതുക്കെ ചാരുബെഞ്ചിൽ നിന്നും എഴുന്നേറ്റ് exit ലേക്ക് നടന്നു. വീട്ടിൽ എത്തി ഡിന്നർ നു എന്തുണ്ടാക്കണമെന്നും മകന്റെ ബാസ്കറ്റ് ബോൾ പ്രാക്ടീസ് സെഷനുകൾക്കു രജിസ്റ്റർ ചെയ്യാൻ ഉള്ള ലാസ്റ്റ് ഡേ നാളെയാണെന്നും ഓഫീസിൽ പെർഫോമൻസ് റിവ്യൂ സബ്‌മിഷൻ പെന്റിങ് ൽ ആണെന്നും മനസ്സിനെ ഓർമ്മപ്പെടുത്തി.
നാളെ കാണുമ്പോൾ അവനു ഗിഫ്റ്റ് കൊടുക്കാനായി വാങ്ങിയ പെർഫ്യൂം ന്റെ ബോക്സ് ഹാൻഡ്‌ബാഗ് ൽ തന്നെയുണ്ടെന്നു ഒന്നൂടെ ഉറപ്പിച്ചു.
ട്രെയിൻ ഇറങ്ങി park &go യിലേക്ക് നടക്കുന്ന ആൾക്കൂട്ടം ഒരു നദി പോലെ ഒഴുകി ഒഴുകി നീങ്ങി . പക്ഷെ നദി എത്ര ദൂരം ഒഴുകിയാലും അതിനൊരു വിധിയുണ്ട്.ചില നദികൾ കടലിനോടു ചേർന്ന് തങ്ങളുടെ നിയോഗം പൂർണ്ണമാക്കുന്നു . കടലിനോട് ചേരാനാവാതെ ചിലത് ഒറ്റത്തുരുത്തുകളിൽ കുടുങ്ങി പിടയുന്നു .. മറ്റുചിലത് തടാകങ്ങളിൽ പതിച്ചു ചുറ്റും പരിപോഷിപ്പിച്ചു സ്വയം ശോഷിക്കുന്നു.ഈ നദിയുടെ നിയോഗമെന്താണാവോ!
രാധിക വേദ ,കാനഡ