തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൊലപാതക പരമ്പര. ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി പറയുകയായിരുന്നു. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്. ബന്ധുക്കളായ 5 പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ആറാമത്തയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ 88 വയസ്സുള്ള വയോധിക തലയ്ക്കടിയേറ്റാണ് മരിച്ചത്. ഇത് യുവാവിന്റെ പിതാവിന്റെ സഹോദരിയാണ്. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്തിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.എസ് എൻ പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.