PRAVASI

കേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലപാതകത്തിന് പിന്നിലെന്ത്?

Blog Image


തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ 23കാരന്‍ അഫാന്‍ കൂട്ടക്കൊല നടത്തിയതിന് പിന്നിൽ ദുരൂഹത തുടരുന്നു. പ്രണയം വീട്ടുകാർ അംഗീകരിക്കാത്തതിന്റെ വൈരാഗ്യമാണോ? സാമ്പത്തിക ബാധ്യതയാണോ കൂട്ടക്കുരുതിക്ക് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാൽ, കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. അമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട സഹോദരൻ അഫ്സാന്‍. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. പ്രതിയുടെ പിതൃസഹോദരനാണ്. അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.സഹോദരന്‍ 13 വയസുകാരനായ അഫ്സാന്‍, അമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ അമ്മ സല്‍മാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഇയാളുടെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാന്‍ ആക്രമിച്ചത്. ഇവരില്‍ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് വിവരം. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനില്‍ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് അഫാന്‍ കടന്നുവന്നത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. കൃത്യമായി കൊല നടത്തിയ സ്ഥലങ്ങളും യുവാവ് പൊലീസിനെ അറിയിച്ചു. പൊലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.