LITERATURE

സുഖപ്രസവം എന്ന വാക്ക് മലയാളത്തിൽ നിരോധിക്കേണ്ട ഒന്നാണ്..

Blog Image
സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്. ഇരുപത്തി രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ മൂത്ത മകൻ ജനിച്ചപ്പോൾ ഇവിടെ ഡെലിവറി റൂമിൽ ഞാനുമുണ്ടായിരുന്നു.

സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്. ഇരുപത്തി രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ മൂത്ത മകൻ ജനിച്ചപ്പോൾ ഇവിടെ ഡെലിവറി റൂമിൽ ഞാനുമുണ്ടായിരുന്നു. ഗർഭാവസ്ഥയിലും  , പ്രസവത്തിനു ശേഷവും സ്ത്രീയുടെ ശരീരം കടന്നു പോകുന്ന മാറ്റങ്ങൾ നേരിട്ട് കണ്ടവർക്കെല്ലാം സ്ത്രീകളോടുള്ള ബഹുമാനവും ആരാധനയും കൂടാതെ വഴിയില്ല. യോനിക്ക് കീഴെ ഒരു മുറിവ് ഉണ്ടാക്കേണ്ടി വന്ന് ഞങ്ങൾക്ക് കുട്ടി പുറത്തേക്ക് വരാൻ. എനിക്ക് എൻ്റെ മാർക്കം ചെയ്ത വേദന ഓർമ വന്നു. 
ഇവിടെ പ്രസവത്തിനു മുൻപ് ഞങ്ങൾ ക്ലാസ്സുകളിൽ പോയി പ്രസവസമയത്ത് എങ്ങിനെ ശ്വാസം എടുക്കണം എന്നും മറ്റും പഠിച്ചിരുന്നു. കുട്ടികളുടെ ഡയപ്പർ മാറ്റാനും, കുളിപ്പിക്കാനും മറ്റുമുള്ള ക്ലാസുകൾ വേറെ. എന്നാൽ ശരിക്കും പ്രസവ സമയത്ത്  എപിഡ്യൂറൽ എടുക്കുന്നവരെ വേദന കൊണ്ട് പുളയുന്ന ഭാര്യയോട്  , ഗർഭകാലത്ത്   ക്ലാസ്സുകളിൽ പോയി  പഠിച്ച ബ്രീത്തിങ് ടെക്‌നിക്കുകൾ ഉപയോഗിക്കാൻ പറഞ്ഞപ്പോൾ കിട്ടിയ ചീത്തയിൽ നിന്നാണ് ഇത് സാധാരണ നിലയിൽ ഉള്ള വേദനയല്ല എന്ന് മനസിലായത്. യഥാർത്ഥത്തിൽ പ്രസവസമയത്ത് ralaxin എന്ന ഹോർമോൺ  സ്ത്രീകളുടെ ഇടുപ്പെല്ല് രണ്ടുവശത്തേക്കും മാറി ബർത്ത് കനാലിനു വലുതാകാൻ അവസരം ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇത് പലപ്പോഴും  പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരാത്ത വിധമുള്ള ഒരു മാറ്റമാണ്. നമ്മുടെ ശരീരത്തിലെ എല്ലുകൾ നുറുങ്ങുന്ന വേദന എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന ഒന്നാണ് പ്രസവം. ആണുങ്ങൾക്ക് ഈ വേദന വിചാരിക്കാവുന്നതിനേക്കാൾ വലുതാണ്. 
പ്രസവശേഷം സ്ത്രീശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളും വളരെ വലുതാണ്. കുട്ടികൾക്ക് പാലുകൊടുക്കുന്നത് വഴി ഇടിയുന്ന മുലകളും, ഗർഭാവസ്ഥയിൽ വലുതായ വയർ പിന്നീട് തിരിച്ച് പൂർവ സ്ഥിതിയിൽ ആകാത്തതും, വയറിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നതുമെല്ലാം കുട്ടികൾ ഉണ്ടാകുന്നതോടെ സ്ത്രീശരീരത്തിൽ സംഭവിക്കുന്ന വലിയ  മാറ്റങ്ങളാണ്. ആലില വയറും ഒതുങ്ങിയ മുലകളും ഉള്ള  പെണ്ണിനെ കല്യാണം കഴിക്കാൻ  നോക്കി നടക്കുന്നവർ ഒന്നോർക്കുക, ഒരു പ്രസവം വരേയുള്ളൂ ആലിലകൾ എല്ലാം.    
പ്രസവം ഇത്ര വേദനാജനകമാകാൻ കാരണം മനുഷ്യന്റെ വളരുന്ന തലച്ചോറും, മനുഷ്യൻ നിവർന്നു നില്ക്കാൻ തുടങ്ങിയതുമാണ്. തലച്ചോർ വലുതാവുകയും, എന്നാൽ നിവർന്ന് നിൽക്കുന്നത് കൊണ്ട് ബർത്ത് കനാൽ ചെറുതാവുകയും ചെയ്തത് കൊണ്ട് എല്ലാ മനുഷ്യ പ്രസവങ്ങളും ഒരർത്ഥത്തിൽ പാകമെത്താത്ത പ്രസവങ്ങളാണ്, കുട്ടി ജനിച്ച് പിന്നെയോ വർഷങ്ങൾ കഴിഞ്ഞാണ് മനുഷ്യൻ തനിയെ ജീവിക്കാൻ പഠിക്കുന്നത്. പക്ഷെ ഇത്ര നേരത്തെ പ്രസവം നടന്നിട്ടും, സ്ത്രീയുടെ ബർത്ത് കനാൽ ഒരു കുട്ടിയെ പുറത്തേക്ക് എത്തിക്കാൻ മാത്രം വലുതല്ല. അത്തരം സന്ദർഭങ്ങളിൽ ഡോക്ട്ടർമാർ സ്ത്രീകളുടെ യോനിക്കും മലദ്വാരത്തിനും ഇടയിൽ (perineum) ഒരു മുറിവുണ്ടാക്കാറുണ്ട്. episiotomy എന്നാണിതിനെ പറയുന്നത്. മിക്കവാറും, പ്രസവവേദനയുടെ കൂടെ ഇതുകൂടി സഹിക്കണം എന്ന് മാത്രമല്ല, പ്രസവശേഷം ഈ മുറിവുണങ്ങാനും കുറെ സമയമെടുക്കും. ഈ സ്റ്റിച്ച് ഒക്കെയിട്ട് വാഷ് ചെയ്യാനായി  ചെറു ചൂട് വെള്ളത്തിൽ ഇരിക്കുന്ന കാര്യമൊക്കെ എനിക്കോർക്കാനേ കഴിയുന്നില്ല. മാത്രമല്ല പ്രസവത്തിനു ശേഷം മിക്ക സ്ത്രീകൾക്കും മലബന്ധം പോലുള്ള മറ്റു പ്രശനങ്ങളുമുണ്ടാവും. ഒരു മാസമാണെകിലും എടുക്കും കുറച്ചെങ്കിലും സ്ത്രീകൾക്ക് പൂർവസ്ഥിതീയിലേക്ക് വരാൻ. 
പക്ഷെ മലയാളി പുരുഷന് ലോട്ടറിയാണ്. കാരണം പ്രസവരക്ഷ  എന്നൊക്കെ പറഞ്ഞ് അവർ സ്ത്രീകളെ ഒന്നുകിൽ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കും, അല്ലെങ്കിൽ വീട്ടിൽ ആണെകിൽ നോക്കാൻ ഏതെങ്കിലും പെണ്ണുങ്ങളെ വയ്ക്കും. ആണുങ്ങൾ ഏറ്റവും കൂടുതൽ സ്ത്രീകളുടെ കൂടെ നിൽക്കേണ്ട ഒരു സമയമാണ് പ്രസവം. അവരോടുള്ള നമ്മുടെ ബഹുമാനവും സ്നേഹവും പ്രേമവും എല്ലാം ആകാശം വരെ ഉയരുന്ന ഒരു സമയം, നഷ്ടപ്പെടുത്തരുത്.
ഇടിഞ്ഞ മുലകളും, തൂങ്ങിയ വയറും, സ്‌ട്രെച് മാർക്കുകളും അവളുടെ ഒരു യുദ്ധം കഴിഞ്ഞതിന്റെ അടയാളമാണ്, അത് ഒറ്റക്കുള്ള ഒരു യുദ്ധം ആക്കി മാറ്റരുത്, രണ്ടുപേരും കൂടി ചെയ്ത ഒരു യുദ്ധത്തിന്റെ സ്നേഹസ്മാരകങ്ങളാകണം..
സുഖപ്രസവം എന്ന വാക്ക് മലയാളത്തിൽ നിരോധിക്കേണ്ട ഒന്നാണ്...

നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂജേഴ്‌സി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.