ഇന്നലെയും ഓർത്തു നീ പറഞ്ഞത്, വെറുതെ ഒന്നാലോചിക്കണമെന്ന് ... എന്നിട്ട് ഉള്ളിയരിഞ്ഞപ്പോൾ കരഞ്ഞെന്നേയുള്ളു....
ഇന്നലെയും ഓർത്തു
നീ പറഞ്ഞത്,
വെറുതെ
ഒന്നാലോചിക്കണമെന്ന് ...
എന്നിട്ട്
ഉള്ളിയരിഞ്ഞപ്പോൾ
കരഞ്ഞെന്നേയുള്ളു....
ഒന്നുമോർത്തിട്ടല്ല.
വെണ്ടയ്ക്ക നുറുക്കിയപ്പോൾ
സാമ്പാറിനെപ്പറ്റിയാണോർത്തത്.
വറുത്തരച്ചാലോയെന്ന്.
മുറ്റം തൂത്തപ്പോൾ
ദോശമാവ് പുളിച്ചയോർമ്മ
തികട്ടിവന്നു.
ചന്തയിൽ പോയപ്പോളോർത്തത്
കാലു വെടിച്ചിൽ
മരുന്ന്
അരി
മഴ
ചെളി
അങ്ങനെ....
പാട്ടുകേട്ട് ബസിലിരുന്നപ്പോൾ
കണ്ണിന് കനം വച്ചു.
മറ്റൊന്നുമോർത്തില്ല.
മഴ വന്നനേരം
ഒന്നിരുന്നെങ്കിലോർത്തേനെ.
നാലുമണിച്ചായ
കടുപ്പം
മധുരം...
മഴ തോർന്നു പോയി.
സന്ധ്യകൾ റൊമാന്റിക്കല്ലേയെന്ന്
നീയോർത്തേക്കും
മക്കൾ
ഗൃഹപാഠം
അപ്പോൾ ഞാനോർത്തെടുത്തത്
പെരുക്കപ്പട്ടിക.
നാളേക്ക് പുട്ടിന്
കടല കുതിർക്കുന്നു.
രാനീളം കുറയ്ക്കുന്നു;
ഇരുട്ട് തൊലിച്ചിട്ട്
പകൽനീളം കൂട്ടുന്നു.
നീയെന്നെയറിയിച്ച ക്രഷിന്
പേരിട്ടു ഞാൻ.
സ്വാദേറിയേക്കാമെങ്കിലും
പാചകപ്പെടാത്ത
പലഹാരക്കൂട്ടെന്ന്....!
ശ്രീദേവി മധു