കണക്ടികട്ട് ,അമേരിക്ക,ജൂലൈ 9, 10 അമേരിക്കയിലെത്തി രണ്ടാം ദിവസമായപ്പോഴേക്കും ശരീരത്തിന് ഒരു കാര്യം പിടികിട്ടിത്തുടങ്ങിയിട്ടുണ്ട്. നാട്ടിലെ രാത്രിയല്ല ഇവിടുത്തെ രാത്രി. അതുകൊണ്ട് പകലിനി അധികം ഉറക്കം തൂങ്ങേണ്ടതില്ല. രാത്രിയാകുമ്പോൾ ഉറക്കം മതി. സ്ഥലകാലങ്ങൾ മാറുമ്പോൾ ബുദ്ധിയ്ക്കത് പിടികിട്ടുന്നുണ്ടെങ്കിലും ശരീരത്തിനത് മനസ്സിലാകാൻ ഇത്തിരി സമയമെടുക്കും.
കണക്ടികട്ട് ,അമേരിക്ക,ജൂലൈ 9, 10
അമേരിക്കയിലെത്തി രണ്ടാം ദിവസമായപ്പോഴേക്കും ശരീരത്തിന് ഒരു കാര്യം പിടികിട്ടിത്തുടങ്ങിയിട്ടുണ്ട്. നാട്ടിലെ രാത്രിയല്ല ഇവിടുത്തെ രാത്രി. അതുകൊണ്ട് പകലിനി അധികം ഉറക്കം തൂങ്ങേണ്ടതില്ല. രാത്രിയാകുമ്പോൾ ഉറക്കം മതി. സ്ഥലകാലങ്ങൾ മാറുമ്പോൾ ബുദ്ധിയ്ക്കത് പിടികിട്ടുന്നുണ്ടെങ്കിലും ശരീരത്തിനത് മനസ്സിലാകാൻ ഇത്തിരി സമയമെടുക്കും. കാര്യങ്ങളൊക്കെ കൃത്യമായി അറിയാവുന്നവരായിരുന്നിട്ടും നേരേ ചൊവ്വെ ജീവിക്കാനാവാതെ കഷ്ടപ്പെടുന്ന നമ്മുടെ സ്ഥിതിപോലെതന്നെയാണ് ഇതും. നന്നാവാൻ നല്ല സമയമെടുക്കും.
ചിന്ത നന്നായതുകൊണ്ടുമാത്രം കാര്യമില്ലല്ലോ. മനസ്സ് അതോടൊപ്പമെത്താൻ, നമ്മുടെ പ്രതികരണങ്ങൾ ചിന്തയോട് ചേർന്നു വരാൻ എത്രയാണ് നാം പ്രയാസപ്പെടുന്നത്! ജെറ്റ് ലാഗ് ശരീരത്തിനെന്നപോലെ മനസ്സിനും സംസ്ക്കാരത്തിനുമുണ്ടെന്നത് എത്ര സത്യം.
വന്നിട്ട് ഇതുവരെ നടക്കാനിറങ്ങിയില്ല. ഇന്നലെ മുതൽ വീട്ടിൽ തന്നെയാണ്. ഇവിടെ രാവിലെ അഞ്ചു മണിക്ക് നേരം പുലരും. വൈകീട്ട് ഒൻപതു മണി കഴിയും രാത്രിയാകാൻ. സമ്മറിൽ അങ്ങനെയാണത്രെ.
വന്നതുമുതൽ പ്രധാന പണി ബീനയുടെ അന്ന സ്നേഹത്തിൽ കഴിയലാണ്. ഇനിയും നടപ്പ് തുടങ്ങിയില്ലെങ്കിൽ കാര്യം കഷ്ടത്തിലായതു തന്നെ.
വൈകീട്ട് ഏഴരയായപ്പോൾ സ്വാമിയും ബീനയും ഞാനും നടക്കാനിറങ്ങി. സജീവ് കൺവെൻഷൻ്റെ തിരക്കുകളുമായി യാത്രയിലാണ്. വീടിനടുത്തുതന്നെയുള്ള ട്വിൻബ്രൂക്ക് പാർക്കിലാണ് നടക്കാനായി പോയത്. എൺപത്തിനാലോളം ഏക്കറിൽ മനോഹരമായ പാർക്ക്. നിറയെ മരങ്ങൾ, തടാകങ്ങൾ, പുൽത്തകിടികൾ, കിളികൾ, അണ്ണാറക്കണ്ണന്മാർ, മുയലുകൾ, പക്ഷികൾ... എല്ലാം വഴിയിലങ്ങനെ ഉലാത്തുന്നുണ്ട്. നടക്കാനായി മനുഷ്യരായി ഞങ്ങളല്ലാതെ ആരുമില്ല. അതീവശാന്തവും പ്രശാന്തവുമായ അന്തരീക്ഷം. ചുമ്മാ അടിയാടിയങ്ങനെ അലസമായി നടന്നു.
പെട്ടെന്നാണ് ചെറുതായി ഇരുട്ടു വീഴാൻ തുടങ്ങിയത്. പച്ചപ്പുൽമൈതാനിയിൽ നിറയേ മിന്നാമിനുങ്ങുകൾ നൃത്തം ചെയ്യുന്നു. എങ്ങു നോക്കിയാലും നക്ഷത്രങ്ങൾപോലെ മിന്നിമറയുന്ന വെളിച്ചത്തിന്റെ ആരവം. ഞങ്ങളതുനോക്കി അങ്ങനെ നിശ്ചലരായി കുറേനേരം നിന്നു.
കുറച്ചുകൂടി നടന്നപ്പോഴേക്കും രാത്രിയായിത്തുടങ്ങി. ഒൻപതുമണിക്ക് പാർക്കടയ്ക്കുന്ന സമയമാണ്. പോലീസ് വണ്ടി ഹോണടിച്ച് അടുത്തെത്തി. പുഞ്ചിരിച്ചുകൊണ്ട് പോലീസുകാരൻ പറഞ്ഞു: സമയമായി. തിരിച്ചു നടന്നാൽ സന്തോഷം.
എത്ര മര്യാദയോടെയാണ് പെരുമാറ്റം. വല്യ സന്തോഷമായി. അടുത്തദിവസം രാവിലെ നടക്കണമെന്ന തീരുമാനത്തോടെ വീട്ടിലേക്കു നടന്നു.
രാവിലെ നേരത്തേ എഴുന്നേറ്റ് പാർക്കിലേക്കു നടക്കുന്നതിനു പകരം വീടിനു പരിസരത്തുള്ള വഴികളിലൂടെയാണ് നടന്നത്. തനിയെയായിരുന്നു നടത്തം. അല്ലെങ്കിലും ഒറ്റയ്ക്ക് നടക്കാനാണ് ഏറെയിഷ്ടം. വർത്തമാനം പറയാതെ നടക്കുമ്പോഴാണ് പ്രകൃതിയുമായി ഏറെ സല്ലപിക്കാനാകുക.
പ്രഭാതവെളിച്ചത്തിന്റെ പ്രസരിപ്പ് എത്ര പ്രശാന്തിയാണ് മനസ്സിന് പകരുന്നത്. ഇവിടുത്തെ ആകാശത്തിനൊക്കെ സമ്മറിൽ നല്ല തെളിമയാണ്. വഴിയിൽ എല്ലാ സുഹൃത്തുക്കളേയും കണ്ടു. അണ്ണാറക്കണനും മുയലും പക്ഷിയും സ്നേഹം പകർന്നു. വലിയൊരു ട്രക്കിൽ ഒരച്ഛനും കുഞ്ഞുമകനും എന്നെ കടന്നുപോയി. അടുത്തെത്തിയപ്പോൾ വണ്ടി വേഗത കുറച്ച് തല പുറത്തേക്കിട്ട് അദ്ദേഹം ഗുഡ്മോണിംഗ് പറഞ്ഞു. പത്തു വയസ്സു പ്രായമുള്ള ആ മകനും കൈവീശി സ്നേഹം പകർന്നു. രാവിലെതന്നെ പുഞ്ചിരിയോടെ സ്നേഹം പകർന്നു കിട്ടുമ്പോൾ അനുഭവമാകുന്ന മനസ്സിന്റെ അയവ് എത്ര ഹൃദ്യമാണ്.