അവളുടെയുള്ളിലെ ആദ്യാനുരാഗത്തിൻ്റെ മുഷിപ്പ് അവളിലെ കപടസന്യാസിനി ഒറ്റനോട്ടത്തിൻ്റെ വാൾമുനയിൽ അവന്റെ കണ്ണിലേക്ക് ഇറക്കിവയ്ക്കാനൊരുങ്ങും!..
എപ്പോ കണ്ടാലും അവൻ്റെ
കണ്ണിൽ നിന്നൊരു നീലമത്സ്യം
അവളുടെ കണ്ണുകളിലേക്ക് നീന്തിയെത്തും..
നിർവ്വചിക്കാനറിയാത്ത
വാദ്യമേളങ്ങളുടെ അകമ്പടിയോടെ
അവളുടെയുള്ളിലെ ആദ്യാനുരാഗത്തിൻ്റെ
മുഷിപ്പ് അവളിലെ കപടസന്യാസിനി
ഒറ്റനോട്ടത്തിൻ്റെ വാൾമുനയിൽ
അവന്റെ കണ്ണിലേക്ക്
ഇറക്കിവയ്ക്കാനൊരുങ്ങും!..
ഒരു പരാജിതയുടെ നോക്ക് വീണ്ടുമാ,
നീലമത്സ്യങ്ങളുടെ ഇണകളെയേറ്റുവാങ്ങും.
യമുനാതീരത്തേക്ക് അവനവളെ
കൂട്ടിക്കൊണ്ടു പോകും
അവൻ്റെ അഗാധപ്രണയത്തിൻ്റെ
വെണ്ണക്കല്ലുകളിൽ അവളെചേർത്തുവയ്ക്കും.
പ്രണയ സൂക്തങ്ങളവളിലേയ്ക്കൊഴുക്കും..
പിന്നീടവളവനോടൊപ്പം
വെറോണയിലേക്ക് പറക്കും..
സൈപ്രസ് മരങ്ങൾക്കും
ഓലിയണ്ടറുകൾക്കുമിടയിലെ തണലിൽ
അവനിലെ റോമിയോ അവളെ തേടിയെത്തും..
ഏറെആരാധനയോടെ അവളുടെ
ബാൽക്കണിയിൽ അവർ
ആലിംഗനബദ്ധരായി ചുബിച്ചുലയും..
പ്രണയ സംഗീതത്തിന്റെ
ഒറ്റ തംബുരുവിൽ അവർ ശ്രുതി മീട്ടും...
ഇരുവശങ്ങളിലുമായി
ചുവപ്പും വെള്ളയും റോസാപ്പൂക്കൾ
തഴച്ചു വളർന്നു നിൽക്കുന്ന
ഓർമ്മകളുടെ ശ്മശാനത്തിൽ
വീണവൾ പൊട്ടിപ്പൊട്ടികരയും.
ഉറക്കം കെടുന്ന ചിലയാമങ്ങളിൽ
അവളുടെ രമണൻ്റെ തണുത്ത ശരീരം
അവളെ തേജോവധം ചെയ്യും..
കുന്നിൻ ചരിവുകളിൽ നിന്നൊഴുകിയെത്തുന്ന
ആ വിലാപ കാവ്യം അവളെ തളർത്തും..
ചിലപ്പോഴൊക്കെയവൾ
രാജകൊട്ടാരങ്ങളിലെ
അഴകിന്റെ നർത്തകിയാകും
ഒരു മാതളനാരക പൂവിൽ
അവളുടെ രാജകുമാരനെ
മയക്കി കിടത്തിയ യാത്രാമൊഴിയിൽ
ഒരു രാത്രിക്കും സൂര്യോദയത്തിനുമിടയിലുള്ള പ്രണയസാക്ഷാത്ക്കാരത്തിൻ്റെ
മധുരനൊമ്പരാനുഭൂതികളെ ജീവനോടെ
കല്ലറയിലേക്ക് ബലിയർപ്പിച്ച
അനാർക്കലിയാകും..
ഏറ്റവുമൊടുവിലായവൾ
ജലം കൊണ്ട് മുറിവേറ്റ
മുക്കത്തെ പെണ്ണാകും..
അപ്പോഴുമവളുടെ കണ്ണുകളിൽ നിറയെ
പ്രണയത്തിന്റെ നീലമത്സ്യങ്ങൾ
നീന്തിത്തുടിക്കും.
ജസിയഷാജഹാൻ