പ്രണയിക്കുമ്പോഴാണ് ജീവിതത്തിന് താളമുണ്ടാകുന്നത്, മൗനത്തിന് സംഗീതമുണ്ടാകുന്നത്!
പ്രണയിക്കുമ്പോഴാണ്
ജീവിതത്തിന് താളമുണ്ടാകുന്നത്,
മൗനത്തിന്
സംഗീതമുണ്ടാകുന്നത്!
പ്രണയം
പൊതിഞ്ഞു പ്പിടിക്കുമ്പോഴാണ് ഇരുട്ടിലും
വെളിച്ചം നിറയുന്നത്!
ഓർമ്മകൾക്ക്
സുഗന്ധമുണ്ടാകുന്നത്!
പ്രണയിക്കുമ്പോഴാണ്
ഇളങ്കാറ്റ് പോലും
നൃത്തം വെയ്ച്ചു നമ്മെ ചുറ്റിപ്പിടിക്കുന്നത്!
പ്രണയമത്ര
തീഷ്ണമാകുമ്പോഴാണ്
വെണ്ണിലാവു
നീലിമയിലേക്കു
കുടമാറ്റം
നടത്തുന്നത്!
പ്രണയമങ്ങനെ
നുണഞ്ഞിറക്കുമ്പോഴാണ്
ഏകാന്തതയിലും
ഹൃദയം
കോർക്കപ്പെടുന്നത്,
മനസുകളാഴത്തിൽ
സംവദിക്കുന്നതും!
പ്രണയിക്കുമ്പോഴാണ്
തീരാത്ത വിശേഷങ്ങളുടെ
ഒരാകാശം
ജനിക്കുന്നത് !
പ്രണയമത്രമേൽ
ഉമ്മ വെച്ചുണർത്തുമ്പോഴാണ്
വാക്കുകൾ വറ്റാതെ വരികളിലേക്കു
നമ്മൾ ഊളിയിടുന്നതും
ഇഷ്ടസ്വരങ്ങളുടെ
തേൻ മഴക്ക്
കാതോർത്തിരിക്കുന്നതും..
പ്രണയത്തിൻ്റെ
മാധുര്യത്തിലാണ്
ചുണ്ടൊളിപ്പിക്കുന്ന
പുഞ്ചിരികൾ
നാമറിയാതെ
വിടർന്നു വരുന്നത്!
പ്രണയലോലമാകുന്ന നിമിഷങ്ങളിൽ
ശ്യൂന്യതയിൽ നിന്നു പോലും
ഞാനെൻ്റെ
പ്രണയത്തെ കോരിയെടുത്തു ഇറുക്കെപ്പുണരുന്നു !
സിന്ദു കൃഷ്ണ