നയന വർണ്ണ മനോഹരിയാം മാമലനാട് വയനാട് സഹ്യപർവ്വത താഴ്വരകളിൽ തിലകമായ വയനാട് ഇന്നവിടെ വിങ്ങി തേങ്ങി നുറുങ്ങിയ മനസ്സുകൾ ഹൃദയംപൊട്ടി അലമുറയിട്ടു കരയുന്ന മാനസങ്ങൾ
നയന വർണ്ണ മനോഹരിയാം മാമലനാട് വയനാട്
സഹ്യപർവ്വത താഴ്വരകളിൽ തിലകമായ വയനാട്
ഇന്നവിടെ വിങ്ങി തേങ്ങി നുറുങ്ങിയ മനസ്സുകൾ
ഹൃദയംപൊട്ടി അലമുറയിട്ടു കരയുന്ന മാനസങ്ങൾ
തോരാത്ത ഈ കണ്ണീർ പ്രളയത്തെ കാണുന്നോർക്കും
ഹൃത്തടത്തിൽ മനസ്സാക്ഷിയിൽ ഒരു നിലക്കാത്ത നീറ്റൽ
വാവിട്ടു കരയും വയനാടിൻ കണ്ണീർ നാടിനാകെ കണ്ണീർ
അന്ന് പ്രകൃതിദേവി രൗദ്രഭാവത്തിലായി ഷുഭിതയായി
ആകാശത്തിൽ തീക്കനൽ മിന്നൽപിണർ കൊടിയ മുഴക്കങ്ങൾ
ഇടിവെട്ടി കാറ്റുതി കുലംകുത്തി പേമാരി പെയ്തിറങ്ങി
നദിയുടെ കൊടിയ പെരും കുത്തൊഴുക്ക്പോൽ
വയനാടൻ ആകാശഗംഗയിൽ ജലം കീഴോട്ടു കുത്തിയൊഴുകി
എല്ലാം തകർത്തെറിഞ്ഞു രാക്ഷസീയ സംഹാരതാണ്ഡവമാടി
വൃക്ഷങ്ങൾ വേരോടെ നിലംപൊത്തി വീണു
മലയിടിഞ്ഞു മണ്ണിടിഞ്ഞു കുത്തിയൊഴുകി ചെളിവെള്ളം
പൈശാചിക രൗദ്രഭാവമായി എല്ലാം തകർത്താടി
ഉരുൾ പൊട്ടി ഭൂമി പിളർന്നു പാറക്കെട്ടുകളും..
വീടുകൾ വിദ്യാലയങ്ങൾ ആരാധനാലയങ്ങൾ
വകഭേദമില്ലാതെ കൂപ്പുകുത്തി ഒഴുക്കിൽ ആയി
ജാതിമതലിംഗ ഭേദമന്യേ വലിപ്പച്ചെറുപ്പ ഭേദമന്യേ
മനുഷ്യജന്മങ്ങളോടൊപ്പം വളർത്തു മൃഗങ്ങളും
തകർന്നടിഞ്ഞു മണ്ണിനടിയിൽ പാറക്കെട്ടുകൾക്കിടയിൽ
കുടുങ്ങി മൂടപ്പെട്ടന്ത്യശ്വാസം വലിച്ചീധരണിയിൽ
അവരുടെ മരണമൊഴി ആർത്തനാദം ആരും കേൾക്കാതെ
നിലച്ചു നിശ്ചലമായി അന്തരീക്ഷത്തിൽ അലിഞ്ഞു
ഉറ്റവർ ഉടയവർ നഷ്ടപ്പെട്ട അനാഥരായവർ തൻ ആർത്തനാദം
പിളർക്കുന്നെൻ ലോലമാം ഹൃദയാന്തരാളങ്ങൾ
പ്രജ്ഞയറ്റ ശവശരീരങ്ങൾ ചതഞ്ഞരഞ്ഞ കഷണം കഷണമായി
നുറുക്കപ്പെട്ട ശരീര ഭാഗങ്ങൾ എങ്ങും കുത്തൊഴുക്കിലായി
തിരിച്ചറിയപ്പെടാത്ത പ്രജ്ഞയറ്റ ദേഹിദേഹങ്ങൾ പൊതുശ്മശാനത്തിൽ
കൂട്ടംകൂട്ടമായി അന്ത്യവിശ്രമത്തിലായി ജാതി മതഭേദമില്ലാതെ
മനുഷ്യരെ തമ്മിലടിപ്പിച്ച് വേർതിരിക്കുന്ന മതാന്ധരെ രാഷ്ട്രീയ
കോമരങ്ങളെ എവിടെ നിങ്ങൾ അക്രോശിക്കും വിഘടിത ചിന്താധാരകൾ
തകർന്നടിഞ്ഞ ഭവനങ്ങൾ കെട്ടിടങ്ങൾ അതിജീവന സ്വപ്നങ്ങൾ ആശയ
അഭിലാഷങ്ങൾ ഒറ്റ നിമിഷം കൊണ്ട് ജീവിതങ്ങളെ ശൂന്യമാക്കും
പ്രകൃതിദുരന്തങ്ങൾ ആപത്തുകൾ അപകടങ്ങൾ നേരിടും നമ്മൾ
ഒറ്റക്കെട്ടായി ഇക്കാലവും തരണം ചെയ്യും നേരിടും നമ്മൾ
പാഠങ്ങൾ പഠിച്ചിടും തിരുത്തേണ്ടത് തിരുത്തും നമ്മൾ
ഉയരും നമ്മൾ നാടാകെ വയനാടിന് സഹായ ഹസ്തങ്ങളായി
തുറന്നിട്ട ഹൃദയ കവാടങ്ങളാൽ ഉയർത്തും ഉദ്ധരിക്കും
വയനാടിനെ നെഞ്ചോട് ചേർക്കാൻ പ്രതിജ്ഞാബദ്ധരാണ് നമ്മൾ.
എ.സി.ജോർജ്