VAZHITHARAKAL

ഭാരതീയ സംസ്കാരത്തിന്റെ വേരുകൾ തൊടുമ്പോൾ ; സുരേന്ദ്രൻ നായർ, ജീവിതവും സന്ദേശവും

Blog Image

ഭാരതീയ സംസ്കാരത്തില്‍ ഊന്നിക്കൊണ്ട് ജീവിക്കുക എന്നുള്ളത് ഒരു ഭാരതീയന്‍ അവനോടും അവന്‍റെ സമൂഹത്തോടും ചെയ്യുന്ന ഏറ്റവും വലിയ ധര്‍മ്മമാണ്. നമ്മുടെ കിണറ്റിലുള്ള വെള്ളം നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ദാഹമകറ്റാന്‍കൂടി പകുത്തു നല്‍കുന്ന തരത്തില്‍ ഭാരതത്തിന്‍റെ സംസ്കാരം പഠിപ്പിക്കുമ്പോള്‍ അതിനെ പിന്തുടരുന്ന ജീവിതം ഒരു വലിയ പുണ്യഭൂമിപോലെ തന്നെയാണ്.
ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും ഒരു ഭാരതീയന്‍ ഭാരതീയനായിരിക്കുക, അതിന്‍റെ വൈവിധ്യത്തില്‍ അഭിമാനം കൊണ്ട് ജീവിക്കുക, അതിന്‍റെ ജീവനും യശസ്സിനും  വേണ്ടി ജീവിതകാലം മുഴുവന്‍ മാറ്റിവെക്കുക എന്ന് ചിന്തിക്കുകയും സ്വജീവിതം അങ്ങനെ രൂപപ്പെടുത്തുകയും ചെയ്ത ഒരാളുണ്ട് അമേരിക്കയില്‍ - സുരേന്ദ്രന്‍ നായര്‍.

വേരുകള്‍ തൊടുമ്പോള്‍
തിരുവനന്തപുരം  ജില്ലയിലെ വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്ത് അമ്പനാട് വാസുദേവന്‍ നായരുടെയും സുകുമാരിയമ്മയുടേയും ഏക മകനായിട്ടാണ് സുരേന്ദ്രന്‍ നായര്‍ ജനിക്കുന്നത്. സുരേന്ദ്രന്‍ നായരെക്കൂടാതെ മൂന്ന് സഹോദരിമാരും വാസുദേവന്‍ - സുകുമാരി ദമ്പതികള്‍ക്കുണ്ടായിരുന്നു. തിരുമല സ്കൂളില്‍ ജീവിതത്തിന്‍റെ ആദ്യപാഠങ്ങള്‍ നുണഞ്ഞ് സുരേന്ദ്രന്‍ നായര്‍ വളര്‍ന്നു. തുടര്‍ന്ന് സെന്‍റ് ജോസഫ് ഹൈസ്കൂളില്‍  പത്താം ക്ലാസ് വരെ പഠിച്ചു. ജീവിതത്തില്‍ എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള തുടക്കം ഈ സ്കൂളില്‍ നിന്നായിരുന്നു. സ്കൂള്‍ ലീഡറായി അന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഒരു സ്കൂളിനെ മുഴുവന്‍ നല്ല രീതിയിലേക്ക് നയിക്കാനുള്ള സംഘാടക മികവിനുള്ള തുടക്കമായി. ഈശോസഭ വൈദികര്‍ നടത്തുന്ന സ്കൂള്‍ ആയതിനാല്‍ എല്ലാ വെള്ളിയാഴ്ചയും സമീപത്തുള്ള തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ രോഗികളെ സന്ദര്‍ശിക്കുവാന്‍ വൈദികക്കൊപ്പം പോകുമായിരുന്നു. ആ യാത്ര ചെറിയ പ്രായത്തില്‍ തന്നെ മനസിനെ മറ്റൊരു തരത്തില്‍ പാകപ്പെടുത്തി. അങ്ങനെയാണ് രോഗികളുമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യരുമായും, അവരുടെ പ്രശ്നങ്ങളുമായും  താല്പര്യമുണ്ടാകുന്നത്.


പഠനമാണ് ജീവിതത്തിന്‍റെ എല്ലാമെന്ന് തിരിച്ചറിഞ്ഞതോടെ പ്രീഡിഗ്രിക്ക് കാട്ടാക്കടയിലെ ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്ന സുരേന്ദ്രന്‍ നായര്‍ ഡിഗ്രിയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഇക്കണോമിക്സിന് ചേര്‍ന്നു. സംഘപ്രവര്‍ത്തനവും, സാമൂഹിക പ്രവര്‍ത്തനവുമായി കടന്നുപോയ കോളജ് കാലം സുരേന്ദ്രന്‍ നായരുടെ ഓര്‍മ്മകളിലെ ഏറ്റവും ഭംഗിയുള്ള നിമിഷങ്ങളാണ്. അടിയന്തിരാവസ്ഥയുടെ പ്രശ്നങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്ന ഒരു കാലമായിരുന്നു അത്. പോലീസ് അതിക്രമങ്ങളും മറ്റും ഒരുപാട് നേരിടേണ്ടിവന്നു. എങ്കിലും സുരേന്ദ്രന്‍ നായര്‍ ആദര്‍ശം വിട്ട് ഒന്നും ചെയ്തില്ല. സംഘപ്രവര്‍ത്തനം രാജ്യസേവനമാണെന്ന ബോധം അദ്ദേഹത്തെ ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാക്കി മാറ്റി. തുടര്‍ന്ന് എന്‍ഡിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച സുരേന്ദ്രന്‍ എന്‍ഡിവൈഎഫിന്‍റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് ആയിരുന്നു.
ഡിഗ്രി കഴിഞ്ഞതോടെ പഠിക്കാനുള്ള താല്പര്യം മൂലം പി.ജി.ക്ക് ചേര്‍ന്നെങ്കിലും അത് തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാല്‍ അപ്രതീക്ഷിതമായി പി.എസ്.സി ജോലി കിട്ടുകയും ജീവിതം മറ്റൊരു തലത്തിലേക്ക് മാറുകയും ചെയ്തു. രണ്ട് പിഎസ്സി ടെസ്റ്റ് ആണ് അദ്ദേഹം എഴുതിയത്. അതില്‍ ആദ്യത്തേത്  വിളിച്ചെങ്കിലും പോയില്ല. തുടര്‍ന്ന് രണ്ടാമത്തെ ടെസ്റ്റില്‍ സിവില്‍ സപ്ലൈസില്‍ ജോലിയ്ക്ക് കയറി. 21 വര്‍ഷം നീണ്ട ജോലി. അതിനിടയില്‍ സാഹിത്യം, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍  തിരുവനന്തപുരത്ത് സജീവമായി. ഈ  സമയങ്ങളിലാണ് ഒരുപാട് വായിക്കാനും ചിന്തിക്കാനും അദ്ദേഹത്തിന് സമയം കിട്ടിയത്. അവ കൃത്യമായി തന്നെ ഉപയോഗിച്ചു. അന്ന് കിട്ടിയ രാഷ്ട്രീയ ബന്ധങ്ങളും സാമൂഹിക സാംസ്കാരിക ബന്ധങ്ങളും ഇപ്പോഴും അതുപോലെതന്നെ നിലനിര്‍ത്തുകയും ചെയ്തുപോരുന്നു.


രാഷ്ട്രീയ ബോധവും ഭാരതീയ സംസ്കാരവും
തിരുവനന്തപുരം നാഷണല്‍ ക്ലബ്, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകസമിതി, മന്നം ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നിവകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു സുരേന്ദ്രന്‍ നായര്‍. പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനും തുഞ്ചന്‍ സ്മാരകസമിതിയുടെ സഹയാത്രികനും  ആയിരുന്ന ശൂരനാട് കുഞ്ഞന്‍പിള്ള സാറിന്‍റെ കൂടെയുള്ള നല്ല അനുഭവങ്ങളും, സംസാരങ്ങളും പുതിയ ഒരുവഴി തന്നെ ജീവിതത്തില്‍ സമ്മാനിച്ചു. എന്‍.ജി.ഒ. അസ്സോസിയേഷനിലും സജീവമായിരുന്ന സുരേന്ദ്രന്‍, കോണ്‍ഗ്രസ് അനുഭാവി ആയിരുന്നു. ജി. കാര്‍ത്തികേയനുമായി വളരെ നല്ല ഒരു സൗഹൃദം പുലര്‍ത്തി. അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി പരിചയ പര്യടനങ്ങളില്‍ ഒപ്പം സുരേന്ദ്രന്‍ നായരും ഉണ്ടായിരുന്നു. ഓരോ തെരഞ്ഞെടുപ്പ് പോയിന്‍റുകളില്‍ പ്രസംഗിക്കുന്ന ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു. സര്‍ക്കാര്‍ജോലി കിട്ടിയ ശേഷമാണ് സുരേന്ദ്രന്‍ നായര്‍ രാഷ്ട്രീയ പ്രവര്‍ത്തനം കുറച്ചത്. സിവില്‍ സപ്ലൈ  ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയും തപസ്യ  കലാ സാഹിത്യ വേദിയിലും സജീവമായി. തന്‍റെ സംഘപ്രവര്‍ത്തനത്തെ രാഷ്ട്രീയമായി കാണാന്‍ ശ്രമിച്ച വ്യക്തിയായിരുന്നില്ല അദ്ദേഹം. അത് ഭാരതീയമാണ്, രാജ്യസ്നേഹമാണ് എന്നായിരുന്നു അന്നും ഇന്നും അദ്ദേഹത്തിന്‍റെ പക്ഷം. രാഷ്ട്രീയവും കലയും, സാഹിത്യപ്രവര്‍ത്തനങ്ങളും  എല്ലാം അദ്ദേഹം ഒന്നിച്ച് കൊണ്ടുനടന്നു. ഒന്നിനെയും ഉപേക്ഷിച്ചില്ല. ഒന്നും കൂട്ടിക്കുഴച്ചതുമില്ല. നിലപാടില്ലായ്മയാണ് ഒരു വ്യക്തിയുടെ പ്രശ്നം എന്ന്  അദ്ദേഹത്തിന് മനസ്സിലായിരുന്നു.കാരണം താന്‍ ഉറച്ചുനില്‍ക്കുന്ന നിലപാടുകള്‍ അത്രത്തോളം ശക്തമായതുകൊണ്ടാണ് തനിക്ക് ശത്രുക്കളോ അല്ലെങ്കില്‍ മറ്റു പ്രശ്നങ്ങളോ നേരിടേണ്ടി വരാതിരുന്നത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സുരേന്ദ്രന്‍ നായരെ ഇന്ന് സമൂഹം തിരിച്ചറിയുന്നതിന്‍റെ അളവുകോലും ഈ ഉറച്ച  നിലപാടുകള്‍ തന്നെയാണ്.


ഒരു വിഷയം അദ്ദേഹത്തെ എങ്ങനെ ബാധിക്കും എന്നതിലല്ല, സമൂഹത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഭാരതീയ സംസ്കാരത്തിന് സാധിക്കും എന്നദ്ദേഹത്തിന് മനസ്സിലായി. തുടര്‍ന്ന് ആ സംസ്കാരത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും, ഭാരതീയ സംസ്കാരത്തെ ഭൗതികതയുമായി ബന്ധപ്പെടുത്തി ചിന്തിക്കാനും തുടങ്ങി. അങ്ങനെ ചിന്തിച്ചാല്‍ നന്നായി ജീവിതത്തെ കൊണ്ട് പോകാം എന്ന തിരിച്ചറിവാണ് ജീവിതത്തില്‍ അദ്ദേഹത്തിന്‍റെ സമ്പാദ്യം. ഭാരതീയതയുടെ നന്മകള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ ജീവിത വിജയം കൈവരിക്കാം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അമേരിക്കയില്‍ ജീവിക്കുന്ന പുതുതലമുറയ്ക്ക് നല്‍കുന്ന ഉപദേശവും ഇതാണ്. ജീവിതത്തിന്‍റെ മനോഹാരിതയ്ക്ക് ഭാരതം നല്‍കുന്ന നിര്‍വ്വചനത്തോളം മഹത്തായ ഒന്ന് ലോകത്ത് ഒരു രാജ്യത്തിനും നല്‍കാന്‍ കഴിയില്ല എന്ന ചിന്താഗതിയാണ് അദ്ദേഹത്തിനുള്ളത്.


അമേരിക്കന്‍ ജീവിതവും സാമൂഹിക
പ്രവര്‍ത്തനങ്ങളും

രാജ്ഭവനില്‍ നേഴ്സായിരുന്ന ഭാര്യ ജയ സുരേന്ദ്രന്‍ ഓണ്‍ലൈന്‍ അഭിമുഖം പാസായി അമേരിക്കയില്‍ എത്തിയതോടെ സുരേന്ദ്രന്‍ നായരുടെ ജീവിതത്തില്‍ പുതിയ സാധ്യതകള്‍ രൂപപ്പെടുന്നത്. തുടര്‍ന്ന് 2006-ല്‍ ഫാമിലി ഗ്രീന്‍ കാര്‍ഡില്‍  അമേരിക്കയിലെത്തി. ഭാര്യ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ജോലി കിട്ടിയതോടെ പുതിയ ഒരു ലോകം അദ്ദേഹത്തിന്‍റെ  ജീവിതത്തില്‍ തുറന്നു കിട്ടി. അവിടെ പേഷ്യന്‍റ് കെയറില്‍ പതിനാറ് വര്‍ഷത്തോളം ജോലി ചെയ്തു. നാട്ടിലേത് പോലെതന്നെ ജോലിയും സാമൂഹിക പ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോയി. ഡിട്രോയിറ്റ് മലയാളി അസോസിയേഷനില്‍ വിവിധ പദവികള്‍ അലങ്കരിച്ച സുരേന്ദ്രന്‍ നായര്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍റെ (മിലന്‍) പ്രസിഡന്‍റായി ആറ് വര്‍ഷത്തോളം ഉണ്ടായിരുന്നു. ഇതിനിടയില്‍ ധാരാളം എഴുത്തുകാരെ അദ്ദേഹം അമേരിക്കയിലേക്ക് കൊണ്ടുവന്നു. കെ.പി. രാമനുണ്ണി, ജോര്‍ജ് ഓണക്കൂര്‍, വി. മധുസൂദനന്‍ നായര്‍, സക്കറിയ, എം.എന്‍. കാരശ്ശേരി മാഷ് എന്നിവരെല്ലാം അവരില്‍ പ്രമുഖരായിരുന്നു. കോവിഡ് കാലത്ത് കേരളാ സാഹിത്യ അക്കാദമി പ്രസിഡന്‍റായിരുന്ന വൈശാഖന്‍ മാഷ്, കെ.വി. മോഹന്‍ കുമാര്‍, ടി.ഡി. രാമകൃഷ്ണന്‍, മുരളി തുമ്മാരുകുടി, ഡോ. ഉദയകല, ബി. മുരളി എന്നിവരെ ഉള്‍പ്പെടുത്തി മിലന്‍റെ ഇരുപതാം വാര്‍ഷികം വിപുലമായി ഓണ്‍ലൈനിലൂടെ ആഘോഷിക്കുവാനും സാധിച്ചു. കൂടാതെ അമേരിക്കയിലെ സാഹിത്യ സംഘടനയായ ലാനയുടെ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍ കൊണ്ടുവന്നതോടെ നാട്ടില്‍ ചെയ്യാന്‍ കഴിയാത്ത പല പരിപാടികളും അമേരിക്കയില്‍ സംഘടിപ്പിക്കുവാന്‍ സുരേന്ദ്രന്‍ നായര്‍ക്ക് കഴിഞ്ഞു.

സംഘടനകളും സാംസ്കാരിക മുന്നേറ്റങ്ങളും
ഭാരതീയ മൂല്യങ്ങള്‍ ഏതു ഭൗതിക സാഹചര്യങ്ങളിലും കൂട്ടിച്ചേര്‍ത്താല്‍ അവിടെ വലിയ വിജയം ഉണ്ടാകുമെന്ന് കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ പ്രചോദനം നല്‍കിയത് കെ. എച്ച്.എന്‍.എ ആണ്. 2015-2017-ല്‍ കെ.എച്ച്. എന്‍.എയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച കാലം ഈ സംഘടനയുടെ സുവര്‍ണ്ണ കാലം ആയിരുന്നു. തന്‍റെ ആദര്‍ശങ്ങളെ മതം, ജാതി എന്നിവയിലൂടെ കാണാന്‍ ശ്രമിക്കരുതെന്ന് സുരേന്ദ്രന്‍ നായര്‍ എപ്പോഴും പറയും. എല്ലാ മൂല്യങ്ങളേയും ഉള്‍ക്കൊള്ളണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. ഭാരതീയത നമ്മെ പഠിപ്പിക്കുന്നതും അതാണ്. ഒരു ജാതിയെയും മതത്തേയും ഇല്ലാതാക്കി ഭാരതത്തിനു മുന്നോട്ടു പോകാനാവില്ല. ആര്‍ഷ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് എല്ലാം ഉള്‍ക്കൊള്ളുക എന്ന വലിയ തത്വമാണ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന കാലത്താണ് കെ. എച്ച്.എന്‍.എ. ആര്‍ഷദര്‍ശന പുരസ്കാരം ഏര്‍പ്പെടുത്തിയത്. ആദ്യ പുരസ്കാരം മഹാകവി അക്കിത്തത്തിന് നല്‍കി. എം. ലീലാവതി ടീച്ചര്‍, ശ്രീകുമാരന്‍ തമ്പി, മാടമ്പ് കുഞ്ഞുകുട്ടന്‍, വി. മധുസൂദനന്‍ നായര്‍, ചിദാനന്ദപുരി സ്വാമി തുടങ്ങി നിരവധി പ്രഗത്ഭര്‍ അണിനിരന്ന മഹത്തായ വേദികൂടി ആയിരുന്നു അക്കിത്തത്തിനു പുരസ്കാരം നല്‍കിയ ചടങ്ങ്. 2015-17-ല്‍ ആര്‍ഷദര്‍ശന പുരസ്കാരം കൊണ്ടുവന്ന സുരേന്ദ്രന്‍ നായര്‍  സാഹിത്യത്തെ സംരക്ഷിക്കാനുള്ള ഒരു വലിയ ശ്രമം നടത്തുകയായിരുന്നു. സാഹിത്യത്തില്‍ ഭാരതീയ മൂല്യങ്ങള്‍ തിരിച്ചു പിടിക്കുക എന്ന ഉദേശ്യത്തോടെയാണ് ഈ പുരസ്കാരം സംഘടിപ്പിച്ചത്. സി. രാധാകൃഷ്ണനായിരുന്നു പുരസ്കാര നിര്‍ണ്ണയസമിതി ചെയര്‍മാന്‍. ആശയപരമായ അടിത്തറയായിരുന്നു ഈ പ്രവര്‍ത്തനങ്ങളെ ഭംഗിയുള്ളതാക്കിയത്. ആഷാ മേനോന്‍, പി. നാരായണക്കുറുപ്പ് എന്നിവരടങ്ങുന്ന കമ്മിറ്റി ആയിരുന്നു അന്ന് ഉണ്ടായിരുന്നത്.


2009 മുതല്‍ കെ.എച്ച്.എന്‍.എയുടെ  ബോര്‍ഡ് മെമ്പറായിരുന്നു സുരേന്ദ്രന്‍ നായര്‍. യുവജനങ്ങളില്‍ ഭാരതീയ മൂല്യങ്ങള്‍ പുലര്‍ത്തുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. അക്കാലത്ത് 100 ഹിന്ദു സംഘടനകള്‍ ഉണ്ടാക്കാന്‍ തുടക്കം കുറിച്ച സുരേന്ദ്രന്‍ നായര്‍ക്ക് ഇരുപതോളം സംഘടനകള്‍  രൂപീകരിക്കാന്‍ കഴിഞ്ഞു.  ഇതിനിടയിലാണ് അട്ടപ്പാടിയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കെ.എച്ച്.എന്‍.എയുടെ ആഭിമുഖ്യത്തില്‍ നടത്തുവാന്‍  സുരേന്ദ്രന്‍ നായര്‍ക്ക്  കഴിഞ്ഞത്. തൃശൂരില്‍ അന്ധരായ തൊഴില്‍രഹിതര്‍ക്കായി കുടനിര്‍മ്മാണ യൂണിറ്റിന് ധനസഹായവും, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളായ 135  പേര്‍ക്ക്  സ്കോളര്‍ഷിപ്പ് നല്‍കുകയും ചെയ്ത കെ. എച്ച്.എന്‍.എ ജനങ്ങള്‍ക്കിടയില്‍ വലിയ അഭിമാനം നിലനിര്‍ത്തിപ്പോന്നു.
അമേരിക്കയില്‍ തന്‍റെ നേതൃത്വത്തില്‍ നടന്ന കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ ഇതര മതസ്ഥരായ ആളുകളും പങ്കെടുത്തത് ചരിത്രമായിരുന്നു. ഭാരതീയത എന്താണ് എന്നറിയാനുള്ള ഒരു ശ്രമമായിരുന്നു അത്. ആധുനിക മത സങ്കല്പങ്ങള്‍ക്ക് അതീതമായി മനുഷ്യനെ അറിയുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിത്തറ. 2017- ജൂലൈ 2, 3, 4 ദിവസങ്ങളില്‍ നടന്ന കണ്‍വന്‍ഷന്‍ വലിയ വിജയമായിരുന്നു. 2015-17 വരെ 36 സിറ്റിയില്‍  ചെറിയ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ച് 37-ാമത്തെ കൂട്ടായ്മ കെഎച്ച്എന്‍എ നാഷണല്‍ കണ്‍വന്‍ഷനായി നടത്തുവാന്‍ സംഘടനയ്ക്ക് കഴിഞ്ഞു.


അയ്യന് വേണ്ടി അമേരിക്കയില്‍
ശബരിമല പ്രശ്നം വന്ന സമയത്ത് അമേരിക്കയില്‍ സേവ് ശബരിമല മൂവ്മെന്‍റിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു. ശബരിമല ആചാരങ്ങളെക്കുറിച്ച് അമേരിക്കയിലെ പുതുതലമുറയെ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം, 50 ലക്ഷത്തോളം രൂപ  അമേരിക്കന്‍ മലയാളികളില്‍നിന്ന് ശേഖരിച്ചു ശബരിമല കേസ് നടത്താന്‍ കേരളത്തിലെ വിവിധ ഹിന്ദു സംഘടനകള്‍ക്ക്  നല്‍കുകയും ചെയ്തു. തുടര്‍ന്ന് ശബരി ശരണാശ്രമത്തിന് ധനസഹായം 15 ലക്ഷത്തോളം രൂപ സംഘടന നല്‍കി. ആകെ  65 ലക്ഷം രൂപയാണ് ശബരിമലയ്ക്ക് വേണ്ടി അമേരിക്കയില്‍ നിന്ന് മാത്രം പിരിഞ്ഞു കിട്ടിയത്. രാജു നാരായണ സ്വാമി, ഡോ. എന്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭരെ അമേരിക്കയില്‍ എത്തിച്ചു മലയാളി സമൂഹത്തിനു ബോധവല്‍ക്കരണം നടത്താന്‍ മുന്‍കൈ എടുത്തു. ശബരിമല ആചാര സംരക്ഷണത്തിന്‍റെ സന്ദേശം  അമേരിക്കന്‍ സമൂഹത്തിന് പ്രഗത്ഭ വ്യക്തിത്വങ്ങള്‍  വഴി നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രൈബല്‍ കുട്ടികളെ ദത്തെടുത്ത് താമസിപ്പിച്ചു പഠിപ്പിക്കുന്ന ശബരി ശരണാശ്രമത്തിന് ധനസഹായം നല്‍കി അവര്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍ ശ്രമിച്ചുപോരുന്നു. നിര്‍ദ്ധനരായ 18 കുട്ടികള്‍ ഇപ്പോള്‍ അവിടെ പഠിച്ചു വളരുന്നു. അവര്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ ആയി വളരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.


സാംസ്കാരിക സംഘടനാ പ്രവര്‍ത്തനങ്ങള്‍
സംഘടനാ പ്രവര്‍ത്തനങ്ങള്‍ ജീവവായുപോലെ സുരേന്ദ്രന്‍ നായര്‍ക്ക് ഒപ്പമുണ്ട്. അമേരിക്കയില്‍ എത്തിയപ്പോഴും നിരവധി സംഘനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെങ്കിലും  അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കഴിഞ്ഞ ഭരണഘടനാ കമ്മറ്റിയില്‍ അംഗമായിരുന്നു. കോടതിയില്‍ പോകാതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരു ഭരണഘടനയുണ്ടാക്കാന്‍  കമ്മിറ്റിക്ക് കഴിഞ്ഞു. ഇപ്പോള്‍ ഫോമയുടെ മെമ്പര്‍ റിലേഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. സംഘടനകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ബന്ധങ്ങള്‍ ഊഷ്മളമാക്കുവാനും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തനം
വായന, എഴുത്ത്, മാധ്യമ പ്രവര്‍ത്തനം എന്നിവയില്‍  സജീവമായ സുരേന്ദ്രന്‍ നായര്‍ക്ക്   നല്ല പുസ്തകശേഖരം സ്വന്തമായുണ്ട്. എല്ലാ തവണയും നാട്ടില്‍ വരുമ്പോള്‍ നിരവധി പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല്‍കും. 800 പുസ്തകങ്ങളോളം അമേരിക്കയിലെ സ്വന്തം ലൈബ്രറിയിലുണ്ട്. വായിച്ചു തീര്‍ത്തവ പുനര്‍വായന നടത്തുവാനും പുതിയ എഴുത്തുകാരുടെ ശൈലി മനസിലാക്കുവാനും, അവരെ അറിയുവാനും അദ്ദേഹം ഇപ്പോഴും ശ്രമിക്കും. മാതൃഭൂമി സ്ഥിരമായി വായിക്കുന്നു. ഭാഷയോടുള്ള അഭിനിവേശം മലയാളത്തോട് ഉള്ള സ്നേഹമാണ്. വായന, എഴുത്ത് എന്നിവ ജീവശ്വാസം പോലെയാണ്.
കുടുംബത്തിന്‍റെ കാവ്യഭംഗി
സുരേന്ദ്രന്‍ നായരുടെ  ജീവിതത്തില്‍ നിഴലുപോലെ ഭാര്യയും രണ്ട് മക്കളുമുണ്ട്. മകള്‍ നീതു സുരേന്ദ്രന്‍ ഇന്‍ഫോമാറ്റിക് നേഴ്സിംഗ് മാസ്റ്റേഴ്സില്‍ ഡാളസില്‍ ജോലി ചെയ്യുന്നു. മകന്‍ ശബരി സുരേന്ദ്രന്‍ ഫാര്‍മസി പിഎച്ച്.ഡിക്ക് ശേഷം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണില്‍ ജോലി ചെയ്യുന്നു. എഴുത്തിനോട്  താല്പര്യമുള്ള ശബരി സുരേന്ദ്രന്‍റെ കുഞ്ഞിക്കിനാവുകള്‍ എന്ന പുസ്തകം സ്കൂള്‍ പഠനകാലത്ത് കേരളാ ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തോട് എന്നും സ്നേഹം പുലര്‍ത്തുന്ന സുരേന്ദ്രന്‍ നായര്‍  മന്ത്രി ആര്‍. രാമചന്ദ്രന്‍ നായരുടെ പി.എ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തിന്‍റെ ഭംഗിയുള്ള നിമിഷങ്ങളുമായി അമേരിക്കന്‍ മണ്ണില്‍ സുരേന്ദ്രന്‍ ജീവിതം തുടരുമ്പോഴും തനി ഭാരതീയനായി നൂറുശതമാനവും ജീവിക്കുവാന്‍ സാധിക്കുന്നതിന്‍റെ കാരണം സനാതന ധര്‍മ്മവും ആര്‍ഷസംസ്കാരവും ഒരു വ്യക്തിക്ക് നല്‍കുന്ന സുരക്ഷിതത്വവും നന്മയും ജീവിതത്തില്‍ സത്യസന്ധമായി തുടരുവാന്‍ സാധിക്കുന്നതുകൊണ്ടാണ്.
സുരേന്ദ്രന്‍ നായര്‍ മലയാളി സമൂഹത്തിന് ഒരു മാതൃകയാണ്. ഏതൊരു യുവ സമൂഹത്തിനും നന്മയൊടെ ചൂണ്ടിക്കാണിക്കാവുന്ന ഒരു കറകളഞ്ഞ വ്യക്തിത്വം. അദ്ദേഹം ഈ പാതയില്‍ തുടരട്ടെ. പ്രാര്‍ത്ഥനകളും ആശംസകളും. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.