നാദമില്ലെങ്കിലും മണിയൊരുക്കിയ ഭാതമെന്തു സുന്ദരം!
വീർപ്പുമുട്ടുന്നുണ്ടേതോ
വിപ്ലവമണി മുഴങ്ങുമ്പോഴതിന്റെ
വീർപ്പൊടുക്കാൻ മണിയുടെ
നാവടർത്താൻ
പിഴുതെടുക്കാൻ
പ്രതിധ്വനിയടങ്ങും മുന്നേ
മണിയിലിരുമ്പുകൂടത്താലാഞ്ഞടിച്ചു,
തകർക്കാൻ, സ്വരമൊതുക്കാൻ
കഷണങ്ങളുരുക്കി
വാളാക്കിമാറ്റാനതിൻ
ഝണഝണധ്വാനത്തിലൂറ്റം കൊള്ളാൻ
ശ്രമിക്കുന്നുണ്ടാരോ...
ണാം ണാം ണാമെന്ന
നാദം മരവിച്ച വേളയിൽ
വേദിയിലാരോ ചിരിച്ചു
മണിയിലിടിനാദം,
ഏങ്ങൽ, നീണ്ടമൗനം
നേർത്ത വിള്ളൽ...
വിള്ളൽ മാത്രം!
തകർന്നില്ല,
പഞ്ചലോഹമഗ്നിയിൽ
നീറ്റിയെടുത്തൊരുക്കിയ മണിയിലൊരു
ചെറു വിള്ളൽ മാത്രം
നെഞ്ചുകീറിയ പാടുമാത്രം,
തകർക്കാൻ കഴിഞ്ഞില്ല.
ഇരുളിനെ വകഞ്ഞുമാറ്റിയൊരു
സൂര്യനുദിക്കുന്നു കീഴേക്കുന്നിൽ
പിറ്റേന്ന്,
മണിയുടെ വിളളലിലൂടെ
നൂണ്ടിറങ്ങുന്നുണ്ടിത്തിരി വെട്ടം
മൗനവെട്ടം
അതെമ്പാടും പടർത്തുന്നുണ്ടൊരു
പുലരി, പ്രതീക്ഷ, തൂചിരി
അതുകണ്ടാവാമൊരു കവി മൂളി,
കാലമേ, നീയേ ഗതി
ഭാതമേ, നീയേ തുണ.
നാദമില്ലെങ്കിലും
മണിയൊരുക്കിയ
ഭാതമെന്തു സുന്ദരം!
ഡോ. അജയ് നാരായണൻ