PRAVASI

ഒരു മണിക്കൂറിൽ പെയ്തത് 91.2 മില്ലീമീറ്റർ മഴ! വെള്ളത്തിനടിയിലായി തിരുവനന്തപുരം; ശുചീകരണ വീഴ്ചയിൽ കോർപ്പറേഷനെതിരെ വിമർശനം

Blog Image

തിരുവനന്തപുരം: ശക്തമായ മഴയിൽ തലസ്ഥാന നഗരം വെള്ളക്കെട്ടിലായതിന് പിന്നാലെ കോർപ്പറേഷന്റെ ശുചീകരണ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക വിമർശനം. പ്രധാന തോടുകളും ഓടകളും സമയബന്ധിതമായി വൃത്തിയാക്കാത്തതും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതുമാണ് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് ഉയരുന്ന ആരോപണം. ഓവുചാലുകളിൽ മാലിന്യം അടിഞ്ഞുകൂടിയതും ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നവും സ്ഥിതി വഷളാക്കി. തമ്പാനൂരിൽ വെള്ളക്കെട്ടുണ്ടായപ്പോൾ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓട വൃത്തിയാക്കിയത്. നഗരത്തിൽ ഒരുമണിക്കൂറിനിടെ 91.2 മില്ലീമീറ്റർ മഴ ലഭിച്ചതായാണ് കണക്ക്. കനത്ത മഴയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും വെള്ളം കയറി.

അതേസമയം, സ്മാർട്ട് സിറ്റി റോഡുകളിലെ നടപ്പാതകളിൽ ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച ഗ്രില്ലുകളുടെ അഴികൾ ചെറുതായതിനാലാണ് വെള്ളക്കെട്ടുണ്ടായതെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം. എസ്.എസ്. കോവിൽ റോഡ്, കിഴക്കേക്കോട്ട, പാറ്റൂർ, വഞ്ചിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ മഴവെള്ളം കൃത്യമായി ഓടകളിലേക്ക് എത്തുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ മാലിന്യനീക്കം അവതാളത്തിലായെന്ന് കോർപ്പറേഷൻ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് ആരോപിച്ചു. നഗരത്തിലെ വെള്ളക്കെട്ട് നേരിടുന്നതിൽ ഭരണസമിതി പരാജയപ്പെട്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും വിമർശിച്ചു. അതേസമയം, അപ്രതീക്ഷിതമായി കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി സി.പി. ജോൺ പ്രതികരിച്ചു.

ശുചീകരണ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിൽനിന്ന് വെള്ളമെത്തുമ്പോൾ സുഗമമായി ഒഴുകിപ്പോകാൻ ആവശ്യമായ വലുപ്പമുള്ള ഓടകൾ നഗരത്തിലില്ലെന്നും ചെറിയ ഗ്രില്ലുകളിൽ മാലിന്യം അടിഞ്ഞാൽ ഒഴുക്ക് തടസ്സപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. സ്മാർട്ട് സിറ്റി, കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ കീഴിലുള്ള ഓടകളും തോടുകളും വൃത്തിയാക്കാത്തതാണ് മാലിന്യം അടിയാൻ കാരണമെന്നും മേയർ ആരോപിച്ചു. നഗരത്തിലെ കുടിവെള്ള, വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിസംബർ 15ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, തമ്പാനൂരിലെ വെള്ളക്കെട്ടിൽ അടിയന്തരമായി ഇടപെട്ട പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അഭിനന്ദിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.