PRAVASI

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷം: സംസ്ഥാന-നഗര പ്രതിനിധികളെയും ഫസ്റ്റ് റെസ്‌പോണ്ടർമാരെയും ആദരിച്ച് പമ്പ യുടെ വിപുലമായ ആഘോഷം

Blog Image

ഫിലഡൽഫിയ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (PAMPA Philadelphia)യുടെ ആഭിമുഖ്യത്തിൽ ജൂൺ 27, 2026 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഫിലഡൽഫിയയിലെ ഗാലറിയ ബാൻക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

അമേരിക്കൻ ജനാധിപത്യത്തിന്റെ 250 വർഷത്തെ മഹത്തായ പാരമ്പര്യത്തെയും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെയും അനുസ്മരിക്കുന്ന ഈ ആഘോഷം സമൂഹ ഐക്യം, സാംസ്കാരിക വൈവിധ്യം, ദേശസ്നേഹം എന്നിവ ഉയർത്തിക്കാട്ടുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും. വിവിധ സംസ്ഥാന, നഗര ഭരണപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഈ വർഷത്തെ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി, സമൂഹത്തിനും രാജ്യത്തിനും മാതൃകാപരമായ സേവനം കാഴ്ചവെച്ച സംസ്ഥാന, നഗര പ്രതിനിധികളെയും പൊതുസുരക്ഷയ്ക്കായി അഹോരാത്രം പ്രവർത്തിക്കുന്ന ഫസ്റ്റ് റെസ്‌പോണ്ടിംഗ് ഓഫീസർമാരെയും പമ്പ പ്രത്യേകമായി ആദരിക്കും. സമൂഹസേവനത്തിലും പൊതുനന്മയ്ക്കുമായി നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനായാണ് ഈ ആദരവ് സംഘടിപ്പിക്കുന്നത്.

കൂടാതെ, അമേരിക്കൻ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി പ്രവർത്തിച്ചുവരുന്ന ഭരണതന്ത്രജ്ഞർ, സാമൂഹിക നേതാക്കൾ, കമ്മ്യൂണിറ്റി പ്രവർത്തകർ എന്നിവർക്കും ചടങ്ങിൽ പ്രത്യേക അംഗീകാരം നൽകും. അമേരിക്കൻ സമൂഹത്തിൽ മലയാളികളുടെ സാന്നിധ്യവും സംഭാവനകളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്ന് സംഘാടകർ അറിയിച്ചു.

കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികൾ, സംഗീത-നൃത്താവതരണങ്ങൾ, ദേശഭക്തിഗാനങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. തുടർന്ന് എല്ലാ അതിഥികൾക്കും വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്.

പമ്പ പ്രസിഡന്റ് അലക്‌സ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ സംഘാടക സമിതിയിൽ വൈസ് പ്രസിഡന്റുമാരായ ജോർജ് ഓലിക്കൽ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലികാല, അസോസിയേറ്റ് സെക്രട്ടറി അഭിലാഷ് ജോൺ, ട്രഷറർ ജോയ് തട്ടാർക്കുന്നേൽ, തോമസ് പോൾ എന്നിവർ ഉൾപ്പെടെ വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഫിലഡൽഫിയയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങളെയും വിവിധ സമൂഹങ്ങളിലെ അംഗങ്ങളെയും ഈ ചരിത്രപരമായ ആഘോഷത്തിൽ പങ്കുചേരാൻ സംഘാടകർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പമ്പ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.