പാലക്കാട് ഒരു യാത്രയിൽ ആണ് ഞാനും ലക്ഷ്മിയും പിന്നെ സുനിലും ഉണ്ട്. നാട്ടിൽ എത്തിയാൽ സുനിൽ ആയിരിക്കും ഡ്രൈവർ. വീട്ടീന്ന് അടുത്ത്, ട്രാവൽ ഏജൻസിയുണ്ട് സുനിലിന്. ഞാൻ പോകേണ്ട സ്ഥലം പറഞ്ഞു "പനങ്ങാട്ടിരി , കൊല്ലംകോടിനു അടുത്താണത്രെ"
പാലക്കാട് ഒരു യാത്രയിൽ ആണ് ഞാനും ലക്ഷ്മിയും പിന്നെ സുനിലും ഉണ്ട്. നാട്ടിൽ എത്തിയാൽ സുനിൽ ആയിരിക്കും ഡ്രൈവർ. വീട്ടീന്ന് അടുത്ത്, ട്രാവൽ ഏജൻസിയുണ്ട് സുനിലിന്. ഞാൻ പോകേണ്ട സ്ഥലം പറഞ്ഞു "പനങ്ങാട്ടിരി , കൊല്ലംകോടിനു അടുത്താണത്രെ". ഇത്തവണ ബാംഗ്ലൂരിൽ നിന്ന് വരുമ്പോ തന്നെ പാലക്കാട് ട്രിപ്പിൽ പോകാനുള്ള ഈ സ്ഥലം ഉറപ്പിച്ചിരുന്നു. സ്ഥലപ്പേര് പറഞ്ഞു കേട്ട ഉടനെ സുനിലിന്റെ സംശയം “ചേച്ചി ‘കാച്ചാംകുറിശ്ശി’ കാവ് കഴിഞ്ഞായിരിക്യോ?" എനിക്ക് അവിടെ ഒന്നും അത്ര പരിചയം ഇല്ലാത്തോണ്ട് ഞാൻ പറഞ്ഞു "അഡ്രസ് ഉണ്ട് കുട്ടി . സ്ഥലം നമുക്ക് ചോദിച്ചു കണ്ടുപിടിക്കാം". ടീച്ചർടെ വീടായതു കൊണ്ട് കണ്ടുപിടിക്കാൻ പ്രയാസമില്ലെന്നു എനിക്കുതോന്നി. ഞങ്ങൾ ‘ഞാനും സന്ധ്യയും’ വെറും മൂന്നു കൊല്ലാതെ സുഹൃത് ബന്ധമേ യുള്ളൂ. അതിൽ രണ്ടുവർഷം മാത്‍സ് ഗ്രൂപ്പിൽ പ്രീഡിഗ്രിക്കു ഒരേ ബെഞ്ചിൽ തൊട്ടു തൊട്ടു ഇരുന്ന എല്ലാം ഷെയർ ചെയ്യുന്ന ഒരു ഗാഢമായ സൗഹൃദം. രണ്ടുപേരും മോയൻ ഗേൾസു സ്കൂളിൽ പത്താം ക്ലാസ് ഡി , ഈ എന്നി ഡിവിഷനുകളിൽ 'ക്ലാസ് ഫസ്റ്റ്കൾ ' ആണെങ്കിലും മേഴ്‌സി കോളേജിൽ പെട്ടെന്നുള്ള മീഡിയം മാറ്റം കൊണ്ട് തുല്യ ദുഖിതർ . അവിടെ വന്നപ്പോ പഠിപ്പിസ്റ്റ് ഭാവം ഒക്കെ തകർന്നു. കൂടെ ബെഞ്ചിൽ കാണിക്കമാതാ കോൺവെന്റിൽ നിന്നും വന്ന നല്ല രണ്ടു ചങ്ങാതിമാർ സറീനയും, സീതയും. അവർ ഞങ്ങളുടെ ദുഃഖം മാറ്റാൻ അത്യാവശ്യം സഹായിച്ചിരുന്നു. രണ്ടാം വർഷം ആയപ്പോഴേക്കും ഒരു വിധം ശരിയായി. പ്രഡിഗ്രി കഴിഞ്ഞു ഞങ്ങൾ മൂന്നു പേരും ഡിഗ്രിക്കു പാലക്കാടുള്ള എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു. സന്ധ്യ വിക്ടോറിയയിൽ 'ബിസ് സി മാത്‍സ്' ആണ് പഠിച്ചത്. മറ്റൊരു കോളേജ് അന്തരീക്ഷം. അതുപോലെ പുതിയ കുറെ സുഹൃത്തുക്കളും . അവിടുന്ന് പിന്നീട് സന്ധ്യയുമായുള്ള സൗഹൃദം മുറിഞ്ഞു. പഠിത്തം, തൊഴിലില്ലായ്മ, ജോലി, കല്യാണം, മക്കൾ അങ്ങിനെ ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് പോകുമ്പോഴും ചില സ്നേഹബന്ധങ്ങൾ പുറത്തു പ്രകടമാവാതെ ഉള്ളിൽ തറച്ചു നിന്നു. അങ്ങിനെ ഒരു ബന്ധം എനിക്ക് എന്നും സന്ധ്യയോടു ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഒരാവശ്യത്തിന് പാലക്കാട് ഹെഡ് പോസ്റ്റാഫിൽ പോയപ്പോൾ ഒരു പഴയ ക്ലാസ്സ്‌മേറ്റ് മുഖേന സന്ധ്യയുടെ ഫോൺ നമ്പർ സംഘടിപ്പിച്ചത്. എന്നെ പോലെ തന്നെ അവൾക്കും മനസ്സിന്റെ ഒരു കോണിൽ ഞാൻ കാണുമെന്നു ഉറപ്പായിരുന്നു. ഒന്ന് വിളിച്ചു നോക്കി. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം രണ്ടുപേർക്കും. അടുത്ത് പാലക്കാട് വരുമ്പോൾ കാണാമെന്നു വാക്ക് കൊടുത്തു. അതിന്നിടയിൽ ഇടയ്ക്കിടെ സംസാരിച്ചു. പല വിവരങ്ങളും അന്യോന്യം കൈമാറി. സുനിൽ പറയുന്നു. "ചേച്ചി ‘കാച്ചാംകുറുശ്ശി കാവ്’ എത്താറായി ട്ടോ. അവരോടു ഒന്ന് വഴി ചോദിച്ചാലോ" ചിന്തയിൽ നിന്നും ഉണർന്നു ഫോൺ വിളിച്ച് സുനിലിന് കൊടുത്തു. "കാവിന്റെ വഴിയ്ക്കു കേറാതെ നേരെ വന്നോളുട്ടോ. സ്കൂൾ കഴിഞു നേരെ ഇടതുഭാഗം തിരിഞ്ഞാൽ എന്നെ വിളിക്കു. ഞാൻ പുറത്തു തന്നെ നിക്കാം".അവിടുന്ന് മറുപടി വന്നു. "ചേച്ചിക്ക് കാവൊന്നു കാണണംത്രെ . അപ്പൊ ഒരഞ്ചു മിനിട്ടു സമയം എടുക്കും. ഞാൻ അവിടെ എത്തുമ്പോ വിളിക്കാം". സുനിൽ പറഞ്ഞു. ഫോൺ തിരിച്ചു തരുമ്പോൾ ഒരു കമെന്റും "ഫ്രണ്ട്, ടീച്ചർ ആണല്ലേ? നല്ല ക്ലിയർ ആയ വർത്താനം കേക്കുമ്പോ തന്നെ അറിയിണ്ട്". പഴയ സന്ധ്യയുടെ നിർത്തി നിർത്തി, പരത്തി സ്നേഹത്തോടെ ഉള്ള സംസാരം എനിക്ക് ഇപ്പോഴും ചെവിയിൽ ഉണ്ടല്ലോ. ഞാൻ ഒന്ന് പുഞ്ചിരിച്ചു. നേരെ കാവിന്റെ മുൻപിൽ വണ്ടി നിർത്തി. ആദ്യമായി അടച്ച കാവിന്റെ പുറത്തു നിന്നു തൊഴുതു. മുമ്പൊക്കെ ഞങ്ങടെ കാവിൽ ഉത്സവത്തിന്നു വന്നിരുന്ന ‘കാച്ചാംകുറുശ്ശി ആന’ യുടെ പേരിൽ ആണ് ഈ കാവ് എന്റെ ഓർമയിൽ ഉള്ളത്. നല്ല വലിയ അമ്പലം. മുൻപിൽ വിശാലമായ കുളം. അതിനപ്പുറം നീണ്ട മല നിരകൾ. മനോഹരമായ ദൃശ്യം." ആ സൈഡ് നെല്ലിയാമ്പതി ആണ് ചേച്ചി". മലകളിലേക്കു ചൂണ്ടി സുനിൽ ഒരു ടുറിസ്റ് ഗൈഡിന്റെ പാടവത്തോടെ പറഞ്ഞു. പാലക്കാടിന്റെ ഭംഗി കണ്ടു ലക്ഷ്മിയും അന്തം വിട്ടു ." സോ… ബ്യൂട്ടിഫുൾ" മൊബൈൽ ക്യാമറയിൽ ഭംഗി പകർത്തുന്നതിനിടയിൽ ലക്ഷ്മി. ശരിയാണ് ഉൾനാടൻ പാലക്കാട് നല്ല സുന്ദരമാണ്. 'പച്ചപ്പും ഹരിതാഭായും' സിനിമ സ്റ്റൈലിൽ. സ്കൂൾ കഴിഞു ജംഗ്ഷൻ എത്തിയതും അടുത്ത് കണ്ട ആളോട് സുനിൽ " സന്ധ്യ ടീച്ചർടെ വീട് ഇടത്തോട്ട് തിരിഞ്ഞാൽ അല്ലെ?” അയാൾ പറഞ്ഞു " അതെ. നേരെ പൊക്കൊളു". തിരിഞ്ഞ ഉടനെ സുനിൽ പറഞ്ഞു" ചേച്ചി ഫ്രണ്ട് പറഞ്ഞ പോലെ വീട്ടുമുറ്റത്തു തന്നെണ്ട്. ഇനി ഫോൺ ഒന്നും ചെയ്യണ്ട" ശരിയാണ് സാരി ഉടുത്തു ദൂരെ നിന്നും കാണുന്ന ആ സ്ത്രീ സന്ധ്യ തന്ന ആയിരുന്നു. കാറിൽ നിന്നും ഇറങ്ങിയ എന്നെ പിടിച്ചു സന്ധ്യ പറഞ്ഞു " എന്താ കുട്ടീത്…. മുപ്പത്തെട്ട് കൊല്ലം ഓടിപ്പോയില്ലേ?" കേറിയ ഉടനെ തന്നെ ആദ്യം കണ്ണിൽ പെട്ടത് മാലയിട്ട ഫോട്ടോയിൽ കാണുന്ന സന്ധ്യയുടെ പ്രിയപ്പെട്ട മാഷേ ആയിരുന്നു. ഫോൺ വിളികളിൽ കൂടെ മാഷുടെ വിയോഗം എനിക്ക് അറിയാമായിരുന്നു. കുറച്ചുനേരം ഞങ്ങൾ പലതും സംസാരിച്ചു കൊണ്ടിരുന്നു . കുറെ കാലത്തേ ഉണ്ടല്ലോ ഒന്നും പൂര്ണമാകുന്നില്ല. ഊണ് കഴിക്കാൻ അടുക്കള ഭാഗത്തേക്ക് പോയപ്പോഴാണ് പുറകു വശത്തു കുറെ പൂചെടികളും മരങ്ങളും ശ്രദ്ധയിൽ പെട്ടത്. പ്രതേകിച്ചു നിറയെ പൂത്തുനിൽക്കുന്ന അശോക മരം. സന്ധ്യ പറയുന്നു. "കുട്ടി .... മാഷ് വളരെ നല്ല സ്‌നേഹമുള്ള ആളായിരുന്നു. ഞങ്ങൾ കൊടുത്തു വച്ചില്ല എന്ന് പറഞ്ഞ മതിയല്ലോ". ശാലീന സുന്ദരിയായ സന്ധ്യ. 'ബിഎഡ്' കഴിഞ ഉടനെ യാണ് മാഷ് മായുള്ള അവളുടെ വിവാഹം നടന്നത്. സന്ധ്യയും അവുടുത്തെ സ്കൂളിൽ ചേർന്ന് അങ്ങിനെ "സന്ധ്യ ടീച്ചർ" ആയി . സുന്ദരനും കാര്യപ്രാപ്തിയുള്ളവനും ആയ മാഷ് .സന്ധ്യക്ക് ഒന്നും അറിയണ്ട. എല്ലാം കാര്യങ്ങളും മാഷ് നോക്കിക്കോളും . നാട്ടുകാർക്കും വീട്ടുകാർക്കും കണ്ണിലുണ്ണിയായ മാഷ്. ആ സന്തുഷ്ടമായ ജീവിതത്തിൽ ഒരു മകനും ഉണ്ടായി. ആയിടക്ക് വീട്ടിൽ വന്ന ഒരു കൂട്ടുകാരിക്ക്, അവളുടെ സഹചാരികളായ ചെടികളെയും പൂക്കളെയും പരിചയപ്പെടുത്തുക ആയിരുന്നു സന്ധ്യ. പുതുതായി മുളച്ച അശോക ചെടി കണ്ട കൂട്ടുകാരി ഒന്ന് സംശയിച്ചു പറഞ്ഞു. " ഞങ്ങടെ വീട്ടിൽ ഈ ചെടി വെയ്ക്കാൻ സമ്മതിക്കില്ല. നിനക്കറിയോ ഇതിന്റെ ചുവട്ടിൽ ആണത്രേ ലങ്കയിൽ, ശ്രീരാമനിൽ നിന്ന് വേർപെട്ട സീതദേവി ദു:ഖിതയായി ഇരുന്നത്". ഒട്ടും തന്നെ അന്ധവിശ്വാസം ഇല്യാത്തതുകൊണ്ടാവാം സന്ധ്യ തമാശ പോലെ പറഞ്ഞു. "ഏയ് ഇവിടെ മാഷ് എന്നെയോ ഞാൻ മാഷെയോ പിരിയുന്ന പ്രശ്നം ഉണ്ടാവില്ലട്ടോ" അങ്ങിനെ കുറച്ചു വർഷങ്ങൾ കൂടെ കടന്നുപോയി.
പെട്ടെന്നായിരുന്നു മാഷിന് ശ്വാസകോശസംബന്ധമായ അസുഖം വന്നത്. ‘പൾമിനറി ഫൈബ്രോസിസ്’ നുള്ള വിദഗ്ധ ചികിത്സക്കു വെല്ലൂരിലേക്കു പോകാൻ തർച്ചയാക്കിയ ദിവസം തന്നെ അപ്രതീക്ഷിതമായി മാഷ് എന്നന്നേക്കുമായി യാത്രയായി. ആ ആഘാതം സന്ധ്യക്കു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഒരുമാസത്തോളം ആരോടും മിണ്ടാതെ മുറിക്കു പുറത്തുപോലും ഇറങ്ങാതെ ഒരു പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നു അവൾ. പിന്നീട് ഒരുനാൾ ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങി അടുക്കള വരാന്തയിൽ വന്നിരുന്നു . കിണറ്റിന്റെ അരികെ അവിടെമാകെ സുഗന്ധം പരത്തി പൂത്തുലഞ്ഞു നിൽക്കുന്ന 'അശോകം'. ആ കൊല്ലമാണ് ആദ്യമായി അവിടെ അശോകം പൂത്തത്. അത് അവളെ നോക്കി ചിരിച്ചു. പെട്ടെന്ന് മനസ്സിൽ വന്നത് അന്ന് കൂട്ടുകാരി അശോകത്തെ കുറിച്ച് പറഞ്ഞതായിരുന്നു. "ഞാനും മറ്റൊരു സീതയായി മാറിയോ" അതായിരുന്നു അവളുടെ അന്നത്തെ അവസ്ഥ. പിന്നീട് കാലം കുറെ കഴിഞ്ഞു. സന്ധ്യയും വിധിയോട് പൊരുത്തപ്പെട്ടു . അവളുടെ ഫ്ലാഷ്ബാക് കേട്ട് ഞാൻ പതുക്കെ ചോദിച്ചു ." അപ്പൊ അശോകത്തിന്റെ കാര്യത്തിൽ മനസ്സിൽ ചെറിയൊരു കനൽ ഇപ്പോഴും ഉണ്ടോ ? " "ഏയ്, ഞാൻ ഇടയ്ക്കു ഓർക്കും കുട്ടീ .അല്ലാതെ അതിൽ വലിയ വിശ്വാസം ഇല്യാട്ടോ". സന്ധ്യ പറഞ്ഞു. "അശോകം, അതിന്റെ അർഥം തന്നെ നോക്കു. ശോകം ഇല്ലാതാക്കുന്നത് . ഇത്രയും അധികം പൂത്തു സുഗന്ധം പരത്തുന്ന ചെടിയാണ് സീതയുടെ ശോകത്തിന്റെ കാഠിന്യം കുറച്ചതു എന്നാണ് എനിക്ക് പറയാനുള്ളത്". സന്ധ്യക്ക് വന്ന ശോകത്തിന്റെ കാഠിന്യം കുറച്ചു പൂത്തുലഞ്ഞു നിൽക്കുന്ന അശോകത്തെ നോക്കി ഞാൻ കാര്യമായിത്തന്നെ പറഞ്ഞു. സന്ധ്യക്ക് ബോധിച്ചുവോ എന്നറിയില്ല.
അന്ന് ഞാൻ കണ്ട സന്ധ്യ സന്തോഷവതി തന്നെയാണ്, മാഷ് കൂടെ ഇല്ല എന്ന ഒരു ദുഃഖം മാത്രം. മാഷേ പ്പോലെ തന്നെ സ്നേഹനിധിയായ മകനും, മരുമകളും. അവളുടെ ശോകം അകറ്റി കാത്തു കൊണ്ട് അശോകവും. സ്കൂളിൽ നിന്നും പിരിയുന്നതിനു ഒരു വര്ഷം മുൻപേ വളണ്ടറി റീടൈർമെൻറ് എടുത്തു. പെൻഷൻ പേപ്പർ എല്ലാം ശരിയായി കഴിഞ്ഞു. ഇനി ദുബായിൽ മകന്റെ ഭാര്യയുടെ പ്രസവത്തിനു പോകാനുള്ള തെയ്യാറെടുപ്പിൽ ആണ്. അന്ന് സന്ധ്യ, സ്നേഹത്തോടെ ലക്ഷ്മിക്ക് സമ്മാനിച്ച ‘അമ്മയും കുഞ്ഞും’ എന്ന പ്രതിമയും , കുറെ നാടൻ കൊണ്ടാട്ടവിഭവങ്ങളും, ‘മാഹാളി’ ക്കിഴങ് അച്ചാറും ഒക്കെയായി തിരുച്ചു മടങ്ങുമ്പോൾ ഞാൻ ഓർത്തത് നിറയെ പൂക്കളുമായി അടി മുടി ഔഷധഗുണവും പേറി നിന്ന എന്റെ വീട്ടിലെ അശോകമരത്തെ 'ഭാഗ്യദോഷം' പറഞ്ഞു പണ്ട് വെട്ടിക്കളഞ്ഞതിനെ കുറിച്ചായിരുന്നു. ഏതായാലും ചെറുപ്പത്തിൽ അച്ഛൻ മരിച്ചു ശോകത്തൊടെ മുപ്പത്താറാം വയസ്സിൽ അമ്മ വീട്ടിൽ സ്ഥിരമാവുന്നതിനു മുൻപേതന്നെ അശോകം പോയിക്കഴിഞ്ഞിരുന്നു.
രതി നായർ