തെക്കിലു പുകയുയരുമ്പോൾ
ഉള്ളിലൊരാന്തലുമായി ശിവനാ ഉമ്മറപ്പടിയിലിരിപ്പുണ്ട്.. ആളൊഴിഞ്ഞ പന്തലും, വിളക്ക് കത്തിക്കാത്ത ഇളം തിണ്ണയും, ശിവനൊരു ഭാരമായി തോന്നി..
തിരിച്ചു കിട്ടാനാകാത്ത എന്തോ ഒന്ന് അവിടെ ആ ചിതയിലമരുന്നുണ്ടായിരുന്നു..
ശിവാ.., നീയെവിടെയാ?
അമ്മക്ക് മരുന്നിനു സമയമായി അറിയില്ലേ നിനക്ക്?? എങ്ങനെ അറിയാനാ അവളുണ്ടായിരുന്നപ്പോ ഒന്നും അറിയണ്ടായിരുന്നു.. എന്റെ കുഞ്ഞ് എല്ലാം നോക്കുമായിരുന്നു..അമ്മയുടെ അടഞ്ഞ സ്വരത്തിലെ വിങ്ങുന്ന നൊമ്പരം ശിവനറിയുന്നുണ്ടായിരുന്നു..
ഒന്നും പറയാതെ അടുക്കളയിലെ അകത്തളത്തിലേക്കു നടന്നടുക്കുമ്പോൾ അതിനുള്ളിലെ മൂകത ശിവന് താങ്ങാനാകുന്നില്ലായിരുന്നു... അവളിന്നലെ കഴുകാനിട്ടിരുന്ന കരിക്കലവും, അലുമിനിയം പാത്രങ്ങളും തന്നെ വെറുപ്പോടെ നോക്കുന്നപോലെ തോന്നി...
ഉപ്പില്ല,പുളിയില്ല എന്നും പറഞ്ഞു താൻ വലിച്ചെറിഞ്ഞ ആ തകർന്ന ചട്ടിക്കഷ്നങ്ങളും ശിവനെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു...
അവളുടെ സാമ്രാജ്യത്തിലെ പ്രജകളൊരോരുത്തരും തന്നെ ദുഷിച്ചു പറയുന്നപോലെ തോന്നി....
അവരുടെ യജമാനത്തിയുടെ വിയോഗം അവർക്കും താങ്ങാനാകുന്നില്ലായിരുന്നു...
തിരിഞ്ഞു നടന്നാകട്ടിലിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു കുറ്റബോധം ശിവനെ അലട്ടുന്നുണ്ടായിരുന്നു....
ഭിത്തിയിൽ തറഞ്ഞിരിക്കുന്ന ആ കല്യാണ ഫോട്ടോ നോക്കിയപ്പോൾ അറിയാതെ ആ കണ്ണു നിറയുന്നുണ്ടായിരുന്നു...
"ആശുപത്രിൽ കൊണ്ടുപോ ശിവേട്ടാ എന്നവൾ ഒരു നൂറുതവണ പറഞ്ഞതാ.. കുടിക്കാനുള്ള കാശു തികയുന്നില്ല അപ്പോളാ അവളുടെ ഒരു ആശുപത്രി" എന്നും പറഞ്ഞു താൻ അവളെ കഷ്ടപ്പെടുത്തിയപ്പോളും ക്യാൻസർ ഒരു വില്ലൻ വേഷം കെട്ടി അവളെ സ്വന്തമാക്കൂന്ന് കരുതിയതേ ഇല്ല..
ഒന്നിരിക്കാൻ പോലും നേരമില്ലാതെ ഓടിനടന്നു പണിയെടുത്ത പെണ്ണാ ഇന്ന് വെള്ളപ്പുതച്ചു അനങ്ങാതെ കിടന്നത്.. മാപ്പുപറച്ചിലിനുപോലും അവസരം തരാതെ അവളുപോയപ്പോ, പ്രകടിപ്പിക്കാൻ മറന്ന സ്നേഹത്തിന്റെ വീർപ്പുമുട്ടലുകൾ അയാളെ കൂടുതൽ വിഷാദനാക്കി...
പരാതിയും പരിഭവവും പറയാൻ അവളിനി ഇല്ല......
വേദനകളില്ലാത്ത പുതിയ ലോകത്തിൽ നീ ഇനി എന്നെ നോക്കിയിരിപ്പുണ്ടാകും അല്ലെ ദേവി?....
അധികാര കൈമാറ്റം കിട്ടിയ ശിവന് നാളെ അവളുടെ സാമ്രാജ്യത്തില് പുതിയ ഉത്തരവാദിത്തങ്ങളും കടമകളും.....
ജൂലിയറ്റ് ജോർജ്